TopTop

ബജറ്റ് കൊള്ളാം; പക്ഷേ, കിഫ്ബി വഴി ഇതെല്ലാം നടക്കുമോ?

ബജറ്റ് കൊള്ളാം; പക്ഷേ, കിഫ്ബി വഴി ഇതെല്ലാം നടക്കുമോ?
പശ്ചാത്തല സൗകര്യ സേവനമേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ 16,043 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്നു. പട്ടികജാതി, പട്ടിക വര്‍ഗ വികസനത്തിനായി റെക്കോഡ് തുക മാറ്റിവെച്ചതാണ് ബജറ്റിലെ മുഖ്യആകര്‍ഷണം. പട്ടികജാതി വിഭാഗങ്ങള്‍ക്കായി 2,600 കോടി രൂപയും പട്ടികവര്‍ഗ ക്ഷേമത്തിനായി 751 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും സ്‌കൂള്‍ വിദ്യാഭ്യാസം നവീകരിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയുടെ അടങ്കല്‍ തുക 2106 കോടി രൂപയായി ഉയര്‍ത്തി. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന തരത്തില്‍ വിലസ്ഥിരത പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐടി മേഖലയുടെ വികസനമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്ന മറ്റൊരു മേഖല. ഇതിനായി 549 കോടി രൂപ വകയിരുത്തി. സംസ്ഥാന ഐടി മിഷന് 100 കോടി രൂപ നല്‍കും. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡുനവീകരണ പദ്ധതികള്‍ക്കാണ് ബജറ്റ് ലക്ഷ്യമിടുന്നത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി ഈ വര്‍ഷം 1,351 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശ, മലയോര ഹൈവേകള്‍ക്കായി 10,000 കോടി രൂപ കിഫ്ബി വഴി സമാഹരിക്കാനാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറയുന്നു. കെഎസ്ആര്‍ടിസി മനേജ്‌മെന്റ് സമൂലമായി അഴിച്ചുപണിഞ്ഞ് പ്രൊഫഷണല്‍ വിദഗ്ധരെ നിയമിക്കുമെന്ന് ഐസക് പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയായി വര്‍ദ്ധിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റ ബേസ് തയ്യാറാക്കാനും രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട നിക്ഷേപങ്ങളും സര്‍ക്കാര്‍ ചിലവുകളും കിഫ്ബി വഴിയായിരിക്കും എന്ന് പറയുമ്പോഴും അത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കിഫ്ബിയുടെ രൂപം എന്തായിരിക്കും എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ലാതിരിക്കെയാണ് മിക്ക നിക്ഷേപങ്ങള്‍ക്കും ഉള്ള തുക കിഫ്ബി വഴി കണ്ടെത്തുമെന്ന് പ്രഖ്യാപനങ്ങള്‍ വരുന്നത്. കിഫ്ബി വഴി ധനസമാഹരണം നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന പദ്ധതികള്‍ താഴെ പറയുന്നു.

1. ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 500 കോടി രൂപ.
2. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള ആദ്യ ഘട്ടമായി കിഫ്ബി വഴി 400 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്നു.
3. കിഫ്ബിയില്‍ നിന്നും ജില്ല, താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ.
4. കെ-ഫോണ്‍ എന്ന പേരില്‍ കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക് ഫൈബര്‍ പാതവഴിയുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് 1000 കോടി രൂപ.
5. നിലവിലുള്ള തീരദേശ റോഡ് ശൃംഖലയെ സംയോജിപ്പിച്ച് 630 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി കിഫ്ബി വഴി 6,500 കോടി രൂപ.
6. മറ്റ് 182 റോഡുകള്‍ക്കായി 5,628 കോടി രൂപ കിഫ്ബി വഴി.
7. കുടിവെള്ളത്തിനായി 1,696 കോടി രൂപയുടെ കിഫ്ബി നിക്ഷേപം.
8. കൊച്ചി സര്‍വകലാശാലയ്ക്ക് 240 കോടി രൂപയുടെ കിഫ്ബി പദ്ധതി.
9. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാംസ്‌കാരിക സമുച്ചയമാക്കുന്നതിന് 100 കോടി രൂപ.

ഏകദേശം 25,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഈ ധനം സമാഹരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനെ അടിസ്ഥാനമാക്കിയാവും കേരളത്തിന്റെ വികസനം നിലനില്‍ക്കുന്നത്.


Next Story

Related Stories