TopTop
Begin typing your search above and press return to search.

ഐസക്ക് ബജറ്റിലെ സാംസ്കാരിക ഇടപെടൽ

ഐസക്ക് ബജറ്റിലെ സാംസ്കാരിക ഇടപെടൽ

നിതിന്‍ അംബുജന്‍

എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ കലാ സാംസ്കാരിക മേഖലയിൽ മികച്ച പരിഗണനയാണ്

നൽകിയിരിക്കുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കും എന്ന പ്രഖ്യാപനമാണ് അതില്‍ പ്രധാനപ്പെട്ടത്. സംഗീതശാല, ഗ്യാലറി, നാടകശാല, സിനിമ തിയറ്റർ, കരകൗശല വിദ്യക്കാര്‍ക്കുള്ള പണിശാല, പുസ്തകകടകള്‍, സെമിനാർ ഹാൾ അടങ്ങുന്നതായിരിക്കും സാംസ്കാരിക സമുച്ചയങ്ങള്‍. ഓരോ കേന്ദ്രത്തിനും 40 കോടി രൂപ ചെലവ് വരും. നവോത്ഥാന-സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരുടെ പേരിലായിരിക്കും ഈ കേന്ദ്രങ്ങള്‍ അറിയപ്പെടുക.

1. തിരുവനന്തപുരം - അയ്യങ്കാളി, 2. കൊല്ലം-ശ്രീനാരായണഗുരു,3. ആലപ്പുഴ-പി.കൃഷ്ണപിള്ള, 4. പത്തനംതിട്ട-ചട്ടമ്പിസ്വാമി,5. ഇടുക്കി-അക്കാമ്മ ചെറിയാൻ, 6. കോട്ടയം- ലളിതാംബിക അന്തർജനം, 7. എറണാകുളം-സഹോദരൻ അയ്യപ്പൻ, 8. തൃശ്ശൂർ-വള്ളത്തോൾ നാരായണമേനോൻ, 9. പാലക്കാട്-വി.ടി.ഭട്ടതിരിപ്പാട്, 10. മലപ്പുറം-അബ്‌ദുറഹ്‌മാൻ സാഹിബ്, 11. കോഴിക്കോട്-വൈക്കം മുഹമ്മദ് ബഷീർ, 12. വയനാട്-എടച്ചേന കുങ്കൻ, 13. കണ്ണൂർ-വാഗ്‌ഭടാനന്ദ,

14. കാസർഗോഡ്- സുബ്രമണ്യൻ തിരുമുമ്പ്

ബജറ്റിൽ സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയ്ക്ക് 18 കോടി രൂപയാണ് മാറ്റിവെച്ചത്. 2 കോടി രൂപ സംസ്ഥാന ഡിജിറ്റലൈസേഷൻ ഹബ്ബിനും, സാഹിത്യ അക്കാദമിക്ക് മലയാളം റിസോഴ്സ് സെന്ററിനുമായി മാറ്റിവെച്ചു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിന് തിരുവനന്തപുരത്തു സ്ഥിരം വേദി പണിയാനായി 50 കോടി രൂപ പ്രത്യേക നിക്ഷേപക പദ്ധതിയിൽ നീക്കിവെച്ചു. തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിൽ കലാകാരന്മാർക്ക് അല്പം ആശ്വാസമായി പെൻഷൻ പ്രതിമാസം 1,500 രൂപയായി ഉയർത്തുന്നു.പടയണി,തെയ്യം,മേള പ്രമാണിമാർ തുടങ്ങിയ കലാകാരന്മാർക്കും പെൻഷൻ അനുവദിക്കും. ചാലക്കുടിയിൽ കലാഭവൻ മണി സ്‌മാരകം, വൈക്കം സത്യാഗ്രഹത്തെ കുറിച്ചുള്ള ചരിത്ര മ്യൂസിയം, കയ്യൂർ സ്മാരകം, ഭരത്‌ മുരളി ഡ്രാമ അക്കാദമി അടക്കമുള്ള 37 സാംസ്കാരിക സ്ഥാപനങ്ങൾക്ക് 11,35,00,000 കോടി രൂപ നീക്കി വെച്ചു


ഗ്രാന്റ് അനുവദിച്ച സ്ഥാപനങ്ങൾ

1. വക്കം മൗലവി ഫൗണ്ടേഷനും സ്വദേശാഭിമാനി മാധ്യമ പ്രവർത്തങ്ങൾക്ക് വാർഷിക ഗ്രാന്റ് 15 ലക്ഷത്തിൽ നിന്ന് 25 ലക്ഷത്തിലേക്ക് ഉയർത്തി.

2. എം.ടി വാസുദേവൻ നായരുടെ നേതൃത്വത്തിൽ തിരൂരിൽ പ്രവർത്തിക്കുന്ന തുഞ്ചൻ സ്മാരക ട്രസ്റ്റിന് ഗ്രാന്റ് 30 ലക്ഷം രൂപയായി വർധിപ്പിക്കുന്നു.

3. പൂജപ്പുരയിലെ സി അച്യുതമേനോൻ സ്റ്റഡി സെന്റർ ആൻഡ് ലൈബ്രറിക്ക് 10 ലക്ഷം രൂപ.

4. വെഞ്ഞാറമൂടിൽ പ്രവർത്തിക്കുന്ന രംഗപ്രഭാത്‌ ചിൽഡ്രൻസ് തീയേറ്ററിനു 10 ലക്ഷം രൂപ.

5. മഹാകവി ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ടിന് 5 ലക്ഷം രൂപ.

6. ഉണ്ണായി വാര്യർ കലാനിലയത്തിന്റെ ഗ്രാന്റ് 25 ലക്ഷത്തിൽ നിന്നു 50 ലക്ഷം രൂപയായി ഉയർത്തി.

7. തൃപ്പുണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാർഷിക ഗ്രാന്റ് ലക്ഷം 50,000 രൂപയായി ഉയർത്തി.

8. തിരുവനന്തപുരം അഭയയക്ക് വാർഷിക ഗ്രാന്റ് 15 ലക്ഷം രൂപയായി അനുവദിക്കുന്നു.

ശിവഗിരിയിൽ ജാതിയില്ല വിളംബരം ശതാബ്‌ദി മ്യൂസിയം സ്ഥാപിക്കുന്നതിന് 5 കോടി രൂപ, ലാറി ബേക്കർ സെന്റററിനു 2 കോടി രൂപ, കെൽട്രോൺ സ്ഥാപക ചെയർമാനായ കെ.പി.പി.നമ്പ്യാരുടെ സ്മാരക മ്യൂസിയം ആരംഭിക്കുന്നതിനു 1 കോടി രൂപ എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.


'ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നു. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി പണിയാൻ 50 കോടി രൂപ അനുവദിച്ചത് വളരെ നല്ല തീരുമാനമാണ്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം എന്നു പറയുന്നത് കൾച്ചറൽ ഫോക്കസുള്ള സ്റ്റേറ്റാണ്. വളരെ ദീർഘ വീക്ഷണത്തോടെയുള്ള ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്. എന്റർടൈൻമെന്റിന് ടാക്സ് കൊടുക്കുക എന്നു പറയുന്നത് ശരിയായ ഒരു കാര്യമല്ല. ലോകത്ത് ഇന്ത്യ ഒഴിച്ചു മറ്റൊരിടത്തും സിനിമയ്ക് എന്റർടൈൻമെന്റ് ടാക്സ് ഈടാക്കുന്നില്ല. അതുകൊണ്ട് അത്തരം തീരുമാനങ്ങൾ നല്ല തുടക്കമാണ് എന്നാണ് അഭിപ്രായം' പ്രശസ്ത സംവിധായകൻ ഷാജി.എൻ. കരുണ്‍ പറഞ്ഞു.

'കേരളത്തിന്റെ നവോത്ഥാനത്തെ തിരിച്ചു പിടിക്കുന്ന ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ ദർശനമാണ് ബജറ്റിൽ നിറഞ്ഞു നിന്നത്. ഇത്രയും സാംസ്കാരിക ഉള്ളടക്കം ഉള്ള ബജറ്റ് ഈ അടുത്തകാലത്ത് ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. എല്ലാ ജില്ലകളിലും ഓരോ സാംസ്കാരിക സമുച്ചയം ആരംഭിക്കും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതുതന്നെ കേരളത്തിന്റെ മർമ്മത്ത് തൊടുന്ന കാര്യമാണ്. പുതിയ മനുഷ്യന് വേണ്ടിയുള്ള സങ്കൽപ്പം, പുതിയ മലയാളികൾ വേണ്ടിയുള്ള ചുവടുവെയ്പ്പാണ് ഇത്. പരിമിതിക്ക് അകത്ത് നിന്നുകൊണ്ട് ഉണ്ടായ ബജറ്റാണെങ്കിലും അത് സ്വപ്നങ്ങൾ കൊണ്ട് വളരെ സമൃദ്ധമാണ്. വളരെ പ്രതീക്ഷയുണ്ട് ' നാടക പ്രവര്‍ത്തകനും കവിയുമായ കരിവെള്ളൂര്‍ മുരളി അഭിപ്രായപ്പെട്ടു.


Next Story

Related Stories