കേരളം

അവതരിപ്പിക്കപ്പെട്ട ബജറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വി ഡി സതീശന്‍

കിഫ്ബിയില്ലെങ്കില്‍ ഈ ബജറ്റില്‍ ഒന്നുമില്ലെന്നും വി ഡി സതീശന്‍

കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ക്കുള്ള ഫണ്ട് കിഫ്ബിയില്‍ വകയിരുത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബജറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത്.

കിഫ്ബിയില്ലെങ്കില്‍ ഈ ബജറ്റില്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയാണ് ഈ ബജറ്റില്‍ എല്ലാം. എല്ലാ പാരഗ്രാഫിലും എല്ലാ സ്ഥലങ്ങളിലും കിഫ്ബിയുണ്ട്. ബജറ്റിലെ പദ്ധതി 26,500 കോടിയുടേതാണ്. കിഫ്ബിയ്ക്ക് ഇപ്രാവശ്യം 15,000 കോടിയും അടുത്ത പ്രാവശ്യം 25,000 കോടിയും ചേര്‍ന്ന് 40,000 കോടി രൂപ. പദ്ധതിയുടെ അടങ്കലിനേക്കാള്‍ വലിയ തുക കിഫ്ബിയില്‍ വകയിരുത്തി ഇതിനെയൊരു സമാന്തര സംവിധാനമായി വച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഭരണഘടനയുടെ 266-ാം വകുപ്പില്‍ മൂന്ന് തരം ഫണ്ടുകളെക്കുറിച്ചാണ് പറയുന്നത്. ഒന്ന് കണ്‍സോളിഡേറ്റഡ് ഫണ്ട്, രണ്ട് പബ്ലിക് അക്കൗണ്ട്‌സ്, മൂന്ന് കണ്ടീജന്‍സി ഫണ്ട്. ഇതില്‍ ഏതിലാണ് കിഫ്ബി വരുന്നത്. നമ്മുടെ ഭരണഘടനയുടെയും എഫ്ആര്‍ബിഎം നിയമത്തിന്റെയും ചട്ടക്കൂടിന് പുറത്താണ് കിഫ്ബി നില്‍ക്കുന്നത്. അതായത് സഭയില്‍ പാസാക്കുകയും സര്‍ക്കാര്‍ ഉറപ്പുകൊടുക്കുകയും ചെയ്ത ഈ വലിയ തുക നില്‍ക്കുന്നത് ഭരണഘടനയുടെയും പാര്‍ലമെന്റ് ലോക്‌സഭയില്‍ പാസാക്കുകയും ചെയ്ത എഫ്ആര്‍ബിഎം നിയമത്തിന്റെയും ചട്ടക്കൂടിന് പുറത്താണ്. എന്നാല്‍ കിഫ്ബിയ്ക്ക് ഈ തുക തിരിച്ചു നല്‍കുമ്പോള്‍ ഇത് ഭരണഘടനയുടെയും എഫ്ആര്‍ബിഎം നിയമത്തിന്റെയും ചട്ടക്കൂടിന് ഉള്ളിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. കാരണം തുക തിരിച്ചുകൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും അതിന്റെ ബാധ്യത ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. നാല്‍പ്പതിനായിരം കോടി രൂപ ഈ വര്‍ഷം തന്നെ വരുമ്പോള്‍ സര്‍ക്കാരിന് ഈ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്.

ഇപ്പോള്‍ റവന്യുകമ്മി കണക്കാക്കിയിരിക്കുന്നത് 16,043 കോടി രൂപയാണ്. അതായത് 2.14 ശതമാനം. ധനകമ്മി കണക്കാക്കിയിരുന്നത് 25,756 കോടി രൂപയാണ്. അതായത് 3.44 ശതമാനം. കിഫ്ബിയ്ക്ക് വരുന്ന നാല്‍പ്പതിനായിരം കോടി രൂപയുടെ അധിക ബാധ്യത കൂടി വരുമ്പോള്‍ ഈ ധനകമ്മിയും റവന്യുകമ്മിയും എവിടെ പോയി നില്‍ക്കും. പദ്ധതികളെ ദുര്‍ബലമാക്കി കിഫ്ബിയെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ. പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകര്‍ത്ത് അണ്‍എയ്ഡഡ് സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ് ഇത്.

ഇത് ഭരണഘടനയെ കബളിപ്പിക്കുകയും നമ്മുടെ നിയമനിര്‍മ്മാണത്തെ കബളിപ്പിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. കെഎസ്എഫ്ഇ ചിട്ടിയിലൂടെ പണം സമാഹരിക്കുന്നതിനെക്കുറിച്ച് പറയുന്നു. പക്ഷെ, ചിട്ടി തുക എന്നത് തിരിച്ചുകൊടുക്കേണ്ട തുകയാണ്. അത് എന്‍ആര്‍ഐയ്ക്കാണെങ്കിലും സാധാരണക്കാര്‍ക്കാണെങ്കിലും. എന്തെങ്കിലും ഒരു ആവശ്യം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് 90 ശതമാനം ആളുകളും ചിട്ടിയില്‍ ചേരുന്നത്.

നരേന്ദ്ര മോദി റിസര്‍വ് ബാങ്കിനെയും സമാനതകളില്ലാത്ത ഒരു സ്ഥാപനത്തെയും തകര്‍ത്തു. കേരളത്തില്‍ കിഫ്ബി വരുന്നതോടെ ഏതെല്ലാം സ്ഥാപനങ്ങളാണ് തകര്‍ക്കപ്പെടുന്നത്. റിസര്‍വ് ബാങ്ക്, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍, ട്രഷറി വകുപ്പ് എന്ന ട്രയാംഗിള്‍ ആണ് ഇവിടുത്തെ സാമ്പത്തിക രംഗത്തുള്ളത്. ഇവ തമ്മിലുള്ള ഉടമ്പടിയുണ്ട്. ട്രഷറിയിലെ ഓരോ ദിവസത്തെ ഇടപാടുകളും റിസര്‍വ് ബാങ്ക് അറിയുകയും അത് സിഎജിയിലേക്ക് എത്തുകയും ചെയ്യുന്നതാണ് ആ ഉടമ്പടി. ഈ ട്രയാംഗിളിന് പുറത്തു നിന്ന് ഫണ്ട് എടുക്കാനാണ് കിഫ്ബി എന്ന ആശയം പറയുന്നത്. മോദി റിസര്‍വ് ബാങ്കെന്ന സംവിധാനത്തെ തകര്‍ത്തത് പോലെ തോമസ് ഐസക് നിലവിലിരിക്കുന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍