TopTop
Begin typing your search above and press return to search.

പകല്‍ പുറത്തിറങ്ങാറില്ല, ആരുമായും സമ്പര്‍ക്കമില്ല; നന്തന്‍കോട് കൊലപാതകി എന്നു സംശയിക്കുന്ന കേദലിന്റെ വിചിത്രസ്വഭാവങ്ങള്‍

പകല്‍ പുറത്തിറങ്ങാറില്ല, ആരുമായും സമ്പര്‍ക്കമില്ല; നന്തന്‍കോട് കൊലപാതകി എന്നു സംശയിക്കുന്ന കേദലിന്റെ വിചിത്രസ്വഭാവങ്ങള്‍

തിരുവനന്തപുറം നന്തന്‍കോട് കൂട്ടക്കൊല നടത്തിയെന്ന് സംശയിക്കുന്ന കേദല്‍ ജീന്‍സന്‍ രാജ, ബെയിന്‍സ് കോമ്പൌണ്ട് റസിഡന്‍സ് അസോസിയേഷനിലെ നിവാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപരിചിതനായ ഒരാളാണ്. അയാള്‍ എങ്ങനെയുള്ള ആളാണെന്നോ അയാളുടെ താത്പര്യങ്ങള്‍ എന്താണെന്നോ ആര്‍ക്കുമറിയില്ല. കേദലിന്റെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് പോലും അയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

“കേദല്‍ പകല്‍ സമയത്ത് പുറത്തിറങ്ങാറില്ല. ആരോടും ഇടപഴകാറില്ല. കേദലിന് സുഹൃത്തുക്കളും ഇല്ല. പ്രത്യേക നിറങ്ങളിലുള്ള വേഷവിധാനവും നീട്ടി വളര്‍ത്തിയ മുടിയും കണ്ടാല്‍ ആകെയൊരു വശക്കേട് തോന്നും.” നന്ദന്‍കോട് വാര്‍ഡ് കൌണ്‍സിലര്‍ പാളയം രാജന്‍ പറയുന്നു.

“വല്ലപ്പോഴും അച്ഛന് പോകാന്‍ ഓട്ടോറിക്ഷ പിടിക്കാനോ അല്ലെങ്കില്‍ പള്ളിയില്‍ പോകാനോ ആണ് അയാള്‍ പുറത്തിറങ്ങുന്നത് കാണാറ്. വിദേശത്തു പഠനം കഴിഞ്ഞെത്തിയ ഇയാള്‍ കുറച്ചു നാളായി വീട്ടിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.” രാജന്‍ പറഞ്ഞു.

കുട്ടന്‍ എന്നു വിളിപ്പേരുള്ള കേദല്‍ സുഖലോലുപതയിലുള്ള ജീവിതമാണ് നയിച്ചിരുന്നത് എന്നു ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ കേദലിനെ എംബിബിഎസ് പഠിക്കാന്‍ ഫിലിപ്പൈന്‍സിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് ഉപേക്ഷിക്കുകയും നാട്ടിലേക്കു തിരിച്ചുവരികയും ചെയ്തു. പിന്നീട് എഞ്ചിനിയറിംഗ് പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് അയച്ചു. എന്നാല്‍ അതും പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സാണ് ഇയാളുടെ ഇഷ്ടമേഖല. കേദല്‍ നാട്ടില്‍ എത്തിയ സമയത്താണ് ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം നടന്നത്. അങ്ങനെ നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് കുടുംബസുഹൃത്തുക്കള്‍ പറയുന്നു. കേദല്‍ തയ്യാറാക്കിയ ഗെയിം സെര്‍ച്ച് എഞ്ചിന്‍ ഒരു ഓസ്‌ട്രേലിയന്‍ കമ്പനി വാങ്ങിക്കുകയും അതിന് നല്ല റോയല്‍റ്റി വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഓസ്‌ട്രേലിയയില്‍ പോകാനിരുന്നതായിരുന്നു കേദല്‍. ഇയാള്‍ ഒരു ഓസ്ട്രേലിയന്‍ കമ്പനിയുടെ സിഇഒ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം കൊല നടത്താന്‍ ഇയാള്‍ വ്യക്തമായ ആസൂത്രണം നടത്തിയിരുന്നു എന്നാണ് വേലക്കാരിയായ രഞ്ജിത നല്‍കുന്ന മൊഴി സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്നുവന്ന സുഹൃത്തുക്കളുടെ ഒപ്പം അച്ഛനും അമ്മയും സഹോദരിയും കന്യാകുമാരിയിലേക്ക് പോയി എന്നാണ് കേദല്‍ അവരോട് പറഞ്ഞത്. എപ്പോഴും മുകളിലെ മുറിയില്‍ തന്നെ കഴിയുന്ന സ്വഭാവക്കാരനാണ് ഇയാളെന്നും വേലക്കാരി പറയുന്നു. ഈ കാര്യങ്ങള്‍ പറയുമ്പോള്‍ കേദലിന് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല എന്നും രഞ്ജിത ഓര്‍ക്കുന്നു.

കൊലയ്ക്ക് ശേഷം അപ്രത്യക്ഷനായ കേദലിന് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ സംഭവത്തിന് ശേഷം പുലര്‍ച്ചെ രണ്ട് മണിക്ക് തമ്പാനൂര്‍ എത്തിയിട്ടിട്ടുണ്ട് എന്നു മനസിലായി. എന്നാല്‍ അവിടെ നിന്നു എങ്ങോട്ട് പോയി എന്നു വ്യക്തമല്ല. ഇവരുടെ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന അതിര്‍ത്തി ഗ്രാമമായ പത്തുകാണി, മാര്‍ത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിലും പോകാന്‍ സാധ്യതയുണ്ട് എന്നു മനസിലാക്കി ആ വഴിക്കും പോലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് മഴു, മൂന്ന് വെട്ടുകത്തി എന്നിവ സംഭവ സ്ഥലത്തു നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏഴു മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും കംപ്യൂട്ടറും അയാളുടെ മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.


Next Story

Related Stories