TopTop
Begin typing your search above and press return to search.

ചാനല്‍ മുറികളിലെ സിപിഎമ്മിന്റെ ശബ്ദം; എംബി രാജേഷിന്റെ രാഷ്ട്രീയ വഴികള്‍

ചാനല്‍ മുറികളിലെ സിപിഎമ്മിന്റെ ശബ്ദം; എംബി രാജേഷിന്റെ രാഷ്ട്രീയ വഴികള്‍
2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് ജയിച്ച നാല് ഇടതുപക്ഷ എംപിമാരില്‍ (നാല് പേരും സിപിഎമ്മില്‍ നിന്ന്) ഒരാള്‍ എംബി രാജേഷ് ആയിരുന്നു. അവരില്‍ എറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചയാളും. സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി നിന്നിരുന്ന സമയമായിരുന്നു അത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലും പരിസരപ്രദേശങ്ങളിലും കോഴിക്കോട്ടെ ഒഞ്ചിയം, വടകര മേഖലകളിലും തൃശൂരിലെ തളിക്കുളത്തുമുള്‍പ്പടെ 2008 കാലത്ത് വിഭാഗീയത പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങി. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിഭാഗം റെവലൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചും ഷൊര്‍ണൂരില്‍ എംആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള വിഭാഗം ജനകീയ വികസന സമിതി രൂപീകരിച്ചും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. ഈ ഘട്ടത്തിലാണ് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം രൂപപ്പെട്ട പുതിയ പാലക്കാട് മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവായിരുന്ന എംബി രാജേഷിനെ സിപിഎം മത്സരിപ്പിക്കുന്നത്.

പഴയ പാലക്കാട് മണ്ഡലത്തില്‍ നാല് തവണ എംപിയായ എന്‍എന്‍ കൃഷ്ണദാസിന് ശേഷമാണ് സിപിഎം രാജേഷിനെ കൊണ്ടുവന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് ഇടതുപക്ഷ ഏകോപന സമിതിയുടെ സ്ഥാനാര്‍ത്ഥിയായി എംആര്‍ മുരളി രംഗത്തെത്തി. ലീഡ് നിലയില്‍ ഏറെ നേരം മുന്നില്‍ വന്ന് സതീശന്‍ പാച്ചേനി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. 91ന് ശേഷം പാലക്കാട് മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനഘട്ടത്തില്‍ മുന്നിലെത്തിയ എംബി രാജേഷ് 1820 വോട്ടിന് ജയിച്ചു. രാജേഷിന് 42.89 ശതമാനം വോട്ട് (3,38,070). സതീശന്‍ പാച്ചേനിക്ക് 42.66 ശതമാനം (3,36,250). എംആര്‍ മുരളി പിടിച്ചത് 20,896 വോട്ട്. അതേസമയം വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടിക്കകത്തുള്ളവര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയതായി ആരോപിച്ച് രാജേഷ് ജില്ല, സംസ്ഥാന നേതൃത്വങ്ങള്‍ക്ക്‌ പരാതി നല്‍കി.

എംപിയായിരിക്കെ രാജേഷ്, വിഎസ് പക്ഷത്തെ പ്രധാന നേതാവായി അറിയപ്പെട്ടിരുന്ന കൃഷ്ണദാസുമായി തനിക്കുള്ള അഭിപ്രായഭിന്നത പ്രകടമാക്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് എംപി എന്ന നിലയില്‍ രാജേഷ് നടത്തിയ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് കൃഷ്ണദാസ് പരസ്യപ്രസ്താവന നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കോച്ച് ഫാക്ടറിക്കായി രാജേഷ് ഇടപെട്ട് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയെക്കൊണ്ട് പദ്ധതി സമര്‍പ്പിച്ചത് മണ്ടത്തരമാണ് എന്നായിരുന്നു കൃഷ്ണദാസിന്റെ അഭിപ്രായം. രാജേഷിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പരസ്യപ്രസ്താവനയുടെ പേരില്‍ 2014ല്‍ ജില്ലാകമ്മിറ്റി കൃഷ്ണദാസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാകമ്മറ്റി തീരുമാനിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസ്താവന രാജേഷിനെ പ്രതിരോധത്തിലാക്കിയെന്നും കോണ്‍ഗ്രസ് കൃഷ്ണദാസിന്റെ പ്രസ്താവന പ്രചാരണായുധമാക്കിയെന്നും ജില്ലാകമ്മിറ്റി ആരോപിച്ചിരുന്നു.

എന്നാല്‍ 2014ലെത്തുമ്പോളേക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി. എംപിയെന്ന നിലയിലുള്ള ഭേദപ്പെട്ട പ്രകടനവും സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഒരുവിധം അവസാനിച്ചതും രാജേഷിന് വലിയ വിജയം ഉറപ്പാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് വീട്ടുകൊടുത്ത്, എംപി വീരേന്ദ്ര കുമാര്‍ സ്ഥാനാര്‍ത്ഥിയായതോടെ രാജേഷിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. 1,05,300 വോട്ടിനായിരുന്നു കഴിഞ്ഞ തവണ രാജേഷിന്റെ വിജയം. 2009ല്‍ രാജേഷിന്റെ എതിരാളിയായിരുന്ന എംആര്‍ മുരളി സിപിഎമ്മിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. 2015ല്‍ മുരളി പാലക്കാട് ജില്ല കമ്മിറ്റിയില്‍ തിരിച്ചെത്തി. വിഎസ് പക്ഷത്തെ ശക്തനായ നേതാവായി അറിയപ്പെട്ടിരുന്ന എന്‍എന്‍ കൃഷ്ണദാസ് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തി. ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയും ഇത് വിഭാഗീയതയുടെ പുതിയ വരവാണെന്നുമുള്ള വിലയിരുത്തലുകള്‍ ഒഴിച്ചാല്‍ നിലവില്‍ ജില്ലയിലെ സിപിഎമ്മില്‍ തല്‍ക്കാലത്തേയ്ക്ക് വലിയ പ്രശന്ങ്ങളില്ല.

പാലക്കാട് ജില്ലയിലെ ചളവറ സ്വദേശിയാണ് എംബി രാജേഷ്. 1971 മാര്‍ച്ച് 12ന് ആര്‍മി ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരുടേയും എംകെ രമണിയുടേയും മകനായി പഞ്ചാബിലെ ജലന്ധറിലാണ് രാജേഷിന്റെ ജനനം. ചളവറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഠന കാലത്ത് (രാജേഷ് പഠിക്കുമ്പോള്‍ ഹൈസ്‌കൂള്‍) തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ സജീവമായി. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലും തിരുവനന്തപുരം കേരള ലോ അക്കാഡമിയിലുമുള്‍പ്പടെ ഉന്നത വിദ്യാഭ്യാസം. എംഎ എക്കണോമിക്‌സ്, എല്‍എല്‍ബി ബിരുദങ്ങള്‍ നേടി. 90കളിലെ വിദ്യാഭ്യാസ കച്ചവടത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ എംബി രാജേഷ് മുന്‍ നിരയിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ടു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ദേശീയ ജോയിന്റ് സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥി, യുവജന സംഘടനാ സമ്മേളനങ്ങളുടേയും പരിപാടികളുടേയും ഭാഗമായി ക്യൂബ, ഫ്രാന്‍സ്, റഷ്യ, അള്‍ജീരിയ തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നിരവധി പുസ്‌കതങ്ങളുടെ രചയിതാവാണ്. ചരിത്രം അവരെ കുറ്റക്കാരെന്ന് വിധിക്കും, ആഗോളവത്കരണത്തിന്റെ വിരുദ്ധലോകങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മാനങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 2015ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. അധ്യാപികയും എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ നിനിത കണിച്ചേരിയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളുണ്ട്. നിലവില്‍ പാലക്കാട് നഗരത്തിലാണ് താമസം.

എംപിയെന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കിയ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് പ്രചാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് രാജേഷ് പുറത്തിറക്കിയിട്ടുണ്ട്. പാര്‍ലമെന്റിലെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ് തന്നെയാണ് ഇത് തുടങ്ങുന്നത്. പാര്‍ലമെന്റിലെ ഹാജര്‍ 84 ശതമാനം, ചോദ്യങ്ങള്‍ 576, 238 ചര്‍ച്ചകള്‍.

അട്ടപ്പാടിയിലെ ശിശു മരണനിരക്ക് നാലിലൊന്നായി കുറക്കാന്‍ കഴിഞ്ഞതായി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2013-16ലെ കണക്കാണിത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ 31 ശിശുമരണങ്ങളുണ്ടായിരുന്നു. 2016ല്‍ ഇത് മൂന്നായി. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംബി രാജേഷ് നിരാഹര സമരം നടത്തി. 15 ഇന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

കോച്ച് ഫാക്ടറിക്കായി കേന്ദ്ര പൊതുമേഖലാ ആസ്ഥാപനമായ സെയിലുമായി (സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നും) പിന്നീട് ബിഇഎംഎല്ലുമായി (ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ചേര്‍ന്നുമുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ വച്ചതായി രാജേഷ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ പരിപാടിയില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയമായ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിക്ക് തുരങ്കം വച്ചതായി രാജേഷ് ആരോപിക്കുന്നു. പൊതുമേഖല സ്ഥാപനമായ ബിഇഎംഎല്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തില്‍ നിന്ന് തന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയതായി രാജേഷ് ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് ഐഐടി, സര്‍ക്കാര്‍ ആശുപത്രികളെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞത്, ഒറ്റപ്പാലത്തെ കാന്‍സര്‍ രോഗനിര്‍ണയ കേന്ദ്രമടക്കമുള്ളവ, റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസപദ്ധതികള്‍, സൗജന്യ ഡയാലിസിസ് കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത്, അട്ടപ്പാടി മേഖലകളിലെ വികസന പദ്ധതികള്‍, കായിക മേഖലയുടെ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, എംപി ഫണ്ടിന്റെ കൃത്യമായ വിനിയോഗം (99.06 ശതമാനം) തുടങ്ങിയവ രാജേഷ് നേട്ടങ്ങളായി അവകാശപ്പെടുന്നു. 2014-15 ബജറ്റില്‍ രാജ്യത്ത് പ്രഖ്യാപിച്ച അഞ്ച് ഐഐടികളിലൊന്നില്‍ പാലക്കാട് ആയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ 'അപ്‌നാ ഘര്‍' എന്ന പേരില്‍ അപ്പാര്‍ട്ട്‌മെന്റ്‌ കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. അതേസമയം റോഡ് വികസനം, കുടിവെള്ള പ്രശ്‌നം, അടിസ്ഥാന സൗകര്യവികസനത്തിലെ കുറവുകള്‍ തുടങ്ങി പാലക്കാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങള്‍ വലിയ പിന്നോക്കാവസ്ഥ നേരിടുന്നുണ്ട് എന്ന കാര്യം അവഗണിക്കാനുമാവില്ല.

മറു ഭാഗത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര് എന്ന കാര്യം വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരരംഗത്ത് എന്ന കാര്യം ഉറപ്പാണ്. ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍, വിഎസ് അച്യുതാനന്ദനെതിരെ 2011ല്‍ മലമ്പുഴയില്‍ മത്സരിച്ച ലതിക സുഭാഷ് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ പേര് ഇടയ്ക്ക് ഉയര്‍ന്നിരുന്നെങ്കിലും ഷാഫിയുടെ പേര് സാധ്യത പട്ടികയിലില്ല. ഷാഫി പറമ്പിലിന് എംബി രാജേഷിനെതിരെ ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. പാലക്കാട്, മലമ്പുഴ, മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് പാലക്കാട് ലോക്‌സഭ മണ്ഡലത്തിലുള്ളത്. പാലക്കാടും മണ്ണാര്‍ക്കാടും ഒഴികെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാരാണ് ഉള്ളത്.ഓരോ തിരഞ്ഞെടുപ്പിലും വോട്ട് വര്‍ദ്ധിപ്പിക്കാവന്‍ കഴിയുന്നതും കഴിഞ്ഞ തവണ പാലക്കാട്, മലമ്പുഴ നിയമസഭ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതും പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭരണവുമെല്ലാമാണ് ബിജെപിയുടെ ആത്മവിശ്വാസം. 2009ല്‍ സികെ പദ്മനാഭന്‍ 68,804 വോട്ടാണ് ബിജെപിക്ക് വേണ്ടി നേടിയത് എങ്കില്‍ 2014ല്‍ ഇത് 1,36,541 ആയി. വോട്ട് വിഹിതത്തില്‍ 6.29 ശതമാനം വര്‍ദ്ധന. ഏറ്റവുമധികം വോട്ട് വിഹിതം കഴിഞ്ഞ തവണ വര്‍ദ്ധിച്ചതും ബിജെപിക്കാണ്.

പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിലൂടേയും മണ്ഡലത്തിലെ ഇടപെടലുകളിലൂടെയും ടിവി ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെ പക്വമായി പ്രതിനിധീകരിച്ചും ശക്തമായ വാദങ്ങള്‍ അവതരിപ്പിച്ചും എംബി രാജേഷ് കൂടുതല്‍ ജനപിന്തുണ നേടി. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കാനും കാര്യങ്ങള്‍ പൊതുവേദിയിലും ചര്‍ച്ചകളിലും ഫലപ്രമായി അവതരിപ്പിക്കാനുമുള്ള മികവ് രാജേഷ് പ്രകടിപ്പിച്ചു. ദേശീയ മാധ്യമങ്ങളുടെ കേരളവുമായും കേരള സിപിഎമ്മുമായും ബന്ധപ്പെട്ട ചര്‍ച്ചകളില്‍ രാജേഷ് ആണ് പലപ്പോഴും പങ്കെടുക്കാറുള്ളത്. പൊതുജീവിതത്തില്‍ കറ പതിപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങളൊന്നും തന്നെ രാജേഷിനെതിരെ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. വിവാദ പ്രസ്താവനകള്‍ കൊണ്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതുമില്ല. 2019ലെ തിരഞ്ഞെടുപ്പിലെത്തുമ്പോള്‍ എംബി രാജേഷിനെ സംബന്ധിച്ച് മണ്ഡലത്തില്‍ അത്ര വലിയ വെല്ലുവിളികളും ഭീഷണികളൊന്നുമില്ല എന്നതാണ് വസ്തുത.

Next Story

Related Stories