TopTop
Begin typing your search above and press return to search.

കൊന്നതാണ് ആ കുഞ്ഞിനെ... 'നൂറു ശതമാനം' വിദ്യാഭ്യാസ കച്ചവടക്കാരുടെ ആര്‍ത്തിയില്‍ പൊലിഞ്ഞ ബിന്റോ

കൊന്നതാണ് ആ കുഞ്ഞിനെ...
"ആ കുഞ്ഞ് സ്വയം അത് ചെയ്തതല്ല, അതിനെ അവരെല്ലാം ചേര്‍ന്ന് മാനസികമായി കൊന്നതാണ്. പിള്ളേരടേം അച്ഛനമ്മമാരുടേം കണ്ണീരും വേദനയും മനസിലാക്കാത്ത അധ്യാപകരും മാനേജ്‌മെന്റും സ്‌കൂളിന് നൂറുശതമാനം വിജയം വേണമെന്ന് വാശി പിടിച്ചാണ് ആ കുഞ്ഞിനെ കൊന്നത്...." കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ എന്ന 14-കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് അതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് പറഞ്ഞ വാക്കുകളാണ്.

സംസ്ഥാനത്തെ സിബിഎസ്ഇ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കുന്ന, കച്ചവടസമാനമായ വിദ്യാഭ്യാസ രീതികളുടെ ഒടുവിലത്തെ ഇരയാണ് ബിന്റോയും എന്ന് ആവര്‍ത്തിച്ച രക്ഷകര്‍ത്താക്കള്‍ വേറെയും ഉണ്ട്. ആവര്‍ത്തിക്കുന്ന ഇത്തരം അത്യാഹിതങ്ങള്‍ അവസാനിപ്പിക്കാന്‍ സ്‌കൂള്‍ മനേജ്‌മെന്റുകള്‍ക്കെതിരേയും കുട്ടികളോട്‌ ശത്രുക്കളോടെന്നപോലെ പെരുമാറുന്ന അധ്യാപകര്‍ക്കെതിരേയും ശക്തവും പരിഹാരപൂര്‍ണവുമായ നടപടികള്‍ എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവുകയാണെങ്കില്‍ മാത്രമേ, ബിന്റോ ഈപ്പന്‍ എന്ന 14 കാരനില്‍ ഈ ദുരന്തം അവസാനിക്കുകയുള്ളൂ എന്നും ഓര്‍മപ്പെടുത്തുന്നുണ്ട് പലരും.

തോറ്റുപോയ ബിന്റോ


കഴിഞ്ഞ ശനിയാഴ്ചയാണ് വാഴൂര്‍ 14-ആം മൈല്‍ പൊടിപാറയില്‍ ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോ വൈകിട്ട് മൂന്നേമുക്കാലോടെ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നത്. അഴ കെട്ടിയ ചണത്തിന്റെ കയര്‍ കുരുക്കാക്കിയായിരുന്നു ബിന്റോ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ വീടിന്റെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ ഡോക്ടര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് കൊടുങ്ങൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു.

14 വയസ് പ്രായം, മാതാപിതാക്കള്‍ക്ക് ഒറ്റ മകന്‍. അവനെ അടുത്തറിയുന്നവര്‍ക്കെല്ലാം പറയാനുള്ളത് നല്ല കാര്യങ്ങള്‍, പലതരം കഴിവുള്ള കുട്ടി. ബിന്റോയുടെ മരണം, അവന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം അവനെ അറിയുന്ന ഓരോരുത്തര്‍ക്കും തീരാവേദനയാണ് നല്‍കിയത്. ബിന്റോ എന്തിന് ഇങ്ങനെ ചെയ്തു എന്നു ചോദിക്കുമ്പോള്‍, അതുകൊണ്ടാണവര്‍ പറയുന്നത്; ആ കുഞ്ഞ് സ്വയം അത് ചെയ്തതല്ല, അതിനെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്ന്.

ഒമ്പതാം ക്ലാസിലെ പരീക്ഷയില്‍ കണക്കിനും സോഷ്യല്‍ സ്റ്റഡീസിനും തോറ്റുപോയ ബിന്റോയോട് ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കെറ്റ് വാങ്ങി മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറണമെന്നും അതല്ലെങ്കില്‍ ഒമ്പതില്‍ വീണ്ടും ഒരു വര്‍ഷം കൂടി പഠിക്കേണ്ടി വരുമെന്നും അധ്യാപകര്‍ അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ബിന്റോ ആത്മഹത്യ ചെയ്തത്. എന്നാല്‍ പരീക്ഷയ്ക്ക് തോറ്റുപോയ വിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ ഒതുങ്ങിപ്പോകേണ്ട ഒരു സംഭവമല്ല ഇതെന്നാണ് ബിന്റോയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ആ വിദ്യഭ്യാസ രീതിയാണ് ബിന്റോയെ ഇല്ലാതാക്കിയത്


ഈപ്പന്‍ വര്‍ഗീസും കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് അഡ്വ. ബൈജു കെ ചെറിയാന്‍. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ബൈജുവിന്റെ മകനും ബിന്റോയും ഒരേ ക്ലാസിലായിരുന്നു. പ്ലേ സ്‌കൂള്‍ മുതലുള്ള സൗഹൃദമായിരുന്നു ഇരുവര്‍ക്കും ഇടയില്‍. തന്റെ മകനെ പോലെ ബിന്റോയുടെ കൂട്ടുകാര്‍ക്കെല്ലാം ഇപ്പോഴും അവന്റെ മരണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നു പറയുന്ന ബൈജു, തനിക്ക് ഈ വിഷയത്തില്‍ പറയാനുള്ള വിവരങ്ങള്‍ അഴിമുഖവുമായി പങ്കുവയ്ക്കുകയാണ്;

"സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ നല്ല തിരക്കില്‍ ബാങ്കില്‍ നില്‍ക്കുമ്പോഴായിരുന്നു ഈപ്പന്‍ വര്‍ഗീസിന്റെ സഹോദരന്‍ എന്നെ വിളിക്കുന്നതും കൊച്ച് ഇങ്ങനെയൊരു അബദ്ധം കാണിച്ചെന്ന് പറയുന്നതും. ആദ്യം വീടിനടുത്തുള്ള ഒരു ആശുപത്രിയിലാണ് കൊണ്ടു ചെന്നത്. വിവരം പള്ളിക്കത്തോട് സ്‌റ്റേഷനില്‍ അറിയിച്ചതനുസരിച്ച്‌ എസ് ഐ ആശുപത്രിയില്‍ എത്തി. അവിടുത്തെ സ്ഥിതി അറിഞ്ഞ എസ് ഐ പറഞ്ഞത്, ഞാന്‍ വീട്ടില്‍ ചെന്ന് പരിശോധന നടത്തട്ടെ, നിങ്ങള്‍ ഒരു ബന്ധുവിനേയും കൂട്ടി സ്‌റ്റേഷനില്‍ ചെന്ന് മൊഴി കൊടുക്കൂ എന്നായിരുന്നു. ബിന്റോയുടെ പിതാവിന്റെ സഹോദരനാണ് സ്‌റ്റേഷനില്‍ പോയത്. വീട്ടില്‍ അഴ കെട്ടിയ ചണത്തിന്റെ കയറിലായിരുന്നു അവന്‍ തൂങ്ങിയത്. വെപ്രാളത്തില്‍ കുഞ്ഞ് മലമൂത്രവിസ്സര്‍ജനം നടത്തിയിരുന്നു. അവന്‍ തൂങ്ങിയതിനു താഴെ മൂത്രം കിടന്നിരുന്നു, അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയവരുടെ ദേഹത്ത് മലവും പറ്റിയിരുന്നു. പിന്നീട് എസ് ഐ ബിന്റോയുടെ പിതാവില്‍ നിന്നു തന്നെ വിശദമായ മൊഴി എടുക്കുകയും ചെയ്തു. കുഞ്ഞ് ഇങ്ങനെ ചെയ്യാന്‍ കാരണം, സ്‌കൂള്‍ അഅധികൃതരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മാനസിക പീഢനമാണെന്ന് വിശദമായി തന്നെ മൊഴിയില്‍ പറയുന്നുണ്ട്. പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. (
അഴിമുഖം പള്ളിക്കത്തോട് സബ് ഇന്‍സ്‌പെക്ടറെ ബനധപ്പെട്ടപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് കിട്ടിയത്).

സ്‌കൂള്‍ അധികൃതരുടെ പീഡനം തന്നെയാണ് ബിന്റോയുടെ മരണത്തിനു പിന്നിലെന്ന ആരോപണം തീര്‍ത്തും വസ്തുതാപരമാണെന്ന് എനിക്കും പറയാന്‍ കഴിയും. തെറ്റായ ഒരു വിദ്യാഭ്യാസ രീതിയുടെ ഇരയായാണ് ആ കൊച്ചു കുട്ടി മരണത്തിലേക്ക് തള്ളിയിടപ്പെട്ടത്".

ഒമ്പതിലെ അധ്യായനവര്‍ഷം തീരും മുന്നേ തുടങ്ങുന്ന പത്താംക്ലാസ് പഠനം


"കഴിഞ്ഞ രണ്ടു മാസത്തിനടുത്തായി പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ബിന്റോ. ഒമ്പതിലെ വാര്‍ഷിക പരീക്ഷ നടക്കുന്നതിനും മുന്നേ പത്താം ക്ലാസില്‍ എങ്ങനെ കുട്ടികള്‍ എത്തുമെന്ന് ചോദിച്ചാല്‍, എത്തും എന്നുമാത്രമെ നമുക്ക് പറയാന്‍ കഴിയുള്ളൂ, ബാക്കി വിശദീകരണം ചോദിക്കേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റിനോടാണ്. ഒമ്പതാം ക്ലാസിലെ അധ്യായന വര്‍ഷം പൂര്‍ത്തിയാകാന്‍ ആറു മാസങ്ങളോം ശേഷിക്കെ പോര്‍ഷന്‍ തീര്‍ത്ത് കുട്ടികളെ പത്തിലേക്ക് പ്രമോട്ട് ചെയ്ത് പഠനം തുടങ്ങും. മരണപ്പെട്ട ബിന്റോയടക്കം, സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി പോയ്‌ക്കോളാന്‍ അധ്യാപകര്‍ കല്‍പ്പിച്ച അഞ്ചു വിദ്യാര്‍ത്ഥികളും ഇങ്ങനെ പ്രമോഷന്‍ കിട്ടിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കെല്ലാം പത്താം സ്റ്റാന്‍ഡേര്‍ഡിലെ പുസ്തകങ്ങളും ബുക്കും എല്ലാം നല്‍കിയിരുന്നു. മുമ്പ് കുട്ടികളുടെ അവധിക്കാലത്തും സ്‌കൂളില്‍ പഠനം നടത്തുന്നതിനെ സര്‍ക്കാര്‍ കര്‍ശനമായി വിലക്കിയിരുന്നു. ഈ വിലക്കിനെ മറികടക്കാനാണ് ഒരു സ്റ്റാന്‍ഡേര്‍ഡിലെ അധ്യായന വര്‍ഷം അവസാനിക്കും മുന്നേ അടുത്ത ക്ലാസിലേക്കുള്ള പഠനം തുടങ്ങുന്നത്.


ഒമ്പതാം ക്ലാസിലെ പൊതു വാര്‍ഷിക പരീക്ഷ നടക്കുകയോ അതിന്റെ ഫലം വരികയോ ചെയ്യുന്നതിനു മുന്നേ കുട്ടികളെ പത്താം ക്ലാസിലേക്ക് മാറ്റുന്നു. പൊതു വാര്‍ഷിക പരീക്ഷയ്ക്കു ബദലായി സ്‌കൂളുകാര്‍ മോഡല്‍ പരീക്ഷ നടത്തും. ആ പരീക്ഷയിലാണ് ബിന്റോ കണക്കിനും സോഷ്യല്‍ സ്റ്റഡീസിനും തോല്‍ക്കുന്നത്. ഇതോടെയാണ് ബിന്റോയും പത്തില്‍ പഠിക്കാന്‍ യോഗ്യതയില്ലാത്തവനാണെന്നും ഒന്നുകില്‍ ടി സി വാങ്ങി പോവുക, അതല്ലെങ്കില്‍ ഒമ്പതില്‍ തുടര്‍ന്നു പഠിക്കുക എന്ന നിര്‍ദേശം അധ്യപകര്‍ വയ്ക്കുന്നത്. ടി സി വാങ്ങിപ്പോകാന്‍ തന്നെയാണ് അവര്‍ നിര്‍ബന്ധിക്കുന്നത്. ബിന്റോയ്ക്കുമേലും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ആ കുട്ടിക്ക് നല്‍കിയ പുസ്തകങ്ങള്‍ അവര്‍ തിരികെ ആവശ്യപ്പെട്ടു. പുസ്തകങ്ങള്‍ പൊതിഞ്ഞ പൊതിയഴിച്ച്, ഉള്ളില്‍ പേരെഴുതിയ ഭാഗം വൈറ്റ്‌നര്‍ കൊണ്ട് മായ്ച്ച്‌ അവനത് തിരികെ നല്‍കേണ്ടി വന്നു. അവന്റെ മാതാപിതാക്കള്‍ അധികൃതരോട് കരഞ്ഞാവശ്യപ്പെട്ടിട്ടും ആ കുഞ്ഞിനെ അവിടെ തുടരാന്‍ സമ്മതിച്ചില്ല.


ടി സി വാങ്ങി മറ്റ് സകൂളുകളില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍, വേറെ എവിടെയാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നത്. സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ ഒരു സിബിഎസ്ഇ പത്താം ക്ലാസുകാരനെ സ്വീകരിക്കില്ല, കുട്ടിക്ക് പെട്ടെന്ന് മാറിയൊരു സിലബസ് പിന്തുടരാന്‍ ബുദ്ധിമുട്ടാകും, മറ്റ് സിബിഎസ്ഇ സ്‌കൂളുകളാണെങ്കില്‍ ഇത്തരത്തില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയെ ഒരുകാരണവശാലും സ്വീകരിക്കാന്‍ തയ്യാറാവുകയുമില്ല. ചുരുക്കി പറഞ്ഞാല്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടും. ബിന്റോയുടെ മാതാപിതാക്കളും ഇത്തരത്തില്‍ ഹതാശാരയവരാണ്. അതുകൊണ്ട് തന്നെ അവര്‍ പരമാവധി യാചിച്ചു നോക്കി.


കുഞ്ഞുങ്ങളെ മാനസികമായി വലച്ച് എങ്ങനെയെങ്കിലും പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് അധ്യാപകരും അധികൃതരും ചെയ്യുന്നത്. ഈ കുട്ടികളോട് തന്നെ വളരെ മോശമായ ഭാഷയില്‍ അധ്യാപകര്‍ പെരുമാറുമായിരുന്നുവെന്ന് മറ്റു കുട്ടികള്‍ പറയുന്നുണ്ട്. "ഒരുങ്ങിക്കെട്ടി വന്നോളും, ഒന്നും പഠിക്കുകയില്ല, വേറെ എങ്ങോട്ടെങ്കിലും പോയ്ക്കൂടെ" എന്നൊക്കെയാണ് അധ്യാപകര്‍ പറയുന്നത്. പതിനാല് വയസൊക്ക പ്രായമായ കുട്ടികളാണ്. എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിക്കപ്പെടുന്നതും എല്ലാവര്‍ക്കും മുന്നില്‍ മോശക്കാരനാകുന്നതും തോറ്റുപോയവനാകുന്നതുമൊക്കെ അവരെ മാനസികമായി തളര്‍ത്തും. ഇത്തരത്തില്‍ മാനസികമായി തകര്‍ന്നാണ് ബിന്റോ ആ കടുംകൈ ചെയ്തത്.


പൊതുവാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടതിനല്ല കുട്ടികളെ തോല്‍പ്പിക്കുന്നതെന്നോര്‍ക്കണം, സ്‌കൂളുകാരുടെ മോഡല്‍ പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിനാണ്. ബിന്റോക്ക് രണ്ട് വിഷയങ്ങള്‍ക്കു മാത്രമായിരുന്നു കുറഞ്ഞ മാര്‍ക്ക്. അവന്‍ പഠനത്തില്‍ തീരെ മോശം വിദ്യാര്‍ത്ഥി ആയിരുന്നില്ല. പത്തിലേക്ക് പ്രമോട്ട് ചെയ്തശേഷം കുട്ടികളോട് പറയുന്നത്, ഒമ്പതിലെ പരീക്ഷ നിങ്ങള്‍ വലിയ കാര്യമായി കാണേണ്ട, പത്താം ക്ലാസിലെ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നാണ്. ഇങ്ങനെ പത്താം സ്റ്റാന്‍ഡേര്‍ഡിലെ പഠനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അവര്‍ ഒമ്പതാം ക്ലാസിലെ പരീക്ഷയും എഴുതേണ്ടത്. ചില കുട്ടികള്‍ അധ്യാപകര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നോര്‍ത്ത് ആ പരീക്ഷയ്ക്ക് വലിയ പ്രധാന്യം കൊടുക്കുകയുമില്ല. പക്ഷേ, അതില്‍ തോല്‍വി സംഭവിക്കുമ്പോള്‍ അവര്‍ ഒരു ദയയും കൂടാതെ സ്‌കൂളുകളില്‍ നിന്നും പുറത്താകുന്നു. ഇത് കേവലം ക്രോസ് റോഡ്‌സ് സ്‌കൂളില്‍ മാത്രം നടക്കുന്ന കാര്യമല്ല, മിക്ക സിബിഎസ്ഇ സ്‌കൂളുകളിലേയും രീതി ഇതാണ്. ഇതേക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടത്തേണ്ടതും നടപടിയെടുക്കേണ്ടതുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നും ഒമ്പതാം ക്ലാസ് കഴിഞ്ഞ ടി സി വാങ്ങിപ്പോയ കുട്ടികളുടെ എണ്ണം എത്രയെന്ന് അന്വേഷിച്ചാല്‍ മതി. ഞെട്ടിക്കുന്ന കണക്കായിരിക്കാം അത്. ഏതെങ്കിലും വിദ്യാര്‍ത്ഥിയോ മാതാപിതാക്കളോ ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്താം ക്ലാസില്‍ പഠിക്കാന്‍ വേണ്ടി മാത്രം സ്‌കൂളോ സിലബസോ മാറുമെന്ന് കരുതാമോ? അപ്പോള്‍ അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അത് സ്‌കൂളുകാര്‍ മനഃപൂര്‍വം ടി സി
വാങ്ങി പോകാന്‍ നിര്‍ബന്ധിക്കുന്നതാണ്."

ഒരു വര്‍ഷം ബലി കഴിക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍


"സിബിഎസ്ഇ സിലബസ് പിന്തുടരാന്‍ നിങ്ങളുടെ കുട്ടിക്ക് ബുദ്ധിമുട്ടാണ്, അതുകൊണ്ട് മറ്റ് സ്‌കൂളുകള്‍ നോക്കാനാണ് സാധാരണ മാനേജ്‌മെന്റുകാര്‍ മാതാപിതാക്കളോട് പറയുന്നത്. ഒരു സിബിഎസ്ഇ വിദ്യാര്‍ത്ഥി അവന്റെ എല്‍കെജി കാലം തൊട്ട് അതേ സ്‌കൂളിലായിരിക്കും പഠിക്കുക. അങ്ങനെയുള്ളൊരു കുട്ടിക്ക് ആ സിലബസ് പിന്തുടരാനുള്ള ബുദ്ധിയില്ലെന്ന് കണ്ടെത്താന്‍ കഴിയുന്നത് അവന്‍ ഒമ്പതില്‍ എത്തുമ്പോഴാണോ? അതിനു മുമ്പ് അവന്റെ അധ്യാപകര്‍ക്കൊന്നും ഇക്കാര്യം മനസിലാകില്ലേ? മനസിലാകാഞ്ഞിട്ടല്ല, അതാണ് ബുദ്ധി. എല്‍കെജി മുതല്‍ ഒമ്പത് വരെ അവനില്‍ നിന്നും ഭീമമായ ഫീസ് വാങ്ങുന്നു. അത് ഇടയ്ക്കുവച്ച്‌ നഷ്ടപ്പെടുത്തില്ല. പിന്നീട് പഠനത്തില്‍ അല്‍പ്പം പിന്നോക്കം നില്‍ക്കുന്നവരെ ഒമ്പതില്‍ എത്തുമ്പോള്‍ തിരഞ്ഞു പിടിച്ചു പുറത്താക്കും. കാരണം, പത്തില്‍ നൂറുശതമാനം വിജയം മാത്രം പോരാ, 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങിയുമാകണം എല്ലാവരും ജയിക്കേണ്ടത്. അതിനു പ്രാപ്തിയില്ലാത്തവരെയാണ് പുറത്താക്കുന്നത്. ഇത്തരം 'തിളക്കമേറിയ' വിജയത്തിന്റെ ഫ്‌ളെക്‌സും നോട്ടീസും ഇറക്കിയാണ് പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികളെ ഈ സ്‌കൂളുകാര്‍ പിടിക്കുന്നത്. പക്ഷേ, ഇത്തരം തിളക്കമേറിയ വിജയവും കൂടുതല്‍ അഡ്മിഷനുകളുമൊക്കെ സ്വന്തമാക്കുമ്പോള്‍, അതിനെല്ലാം വേണ്ടി ബലിയാടാകുന്ന കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കുറിച്ച് ആരും ചിന്തിക്കാറില്ല.


ഒരു കുഞ്ഞ് മരിച്ചപ്പോള്‍ കൂടെ മനസ് കൊണ്ട് മരിച്ച മറ്റു കുഞ്ഞുങ്ങളുമുണ്ട്


"തങ്ങളുടെ കൂടെ ഇത്രനാളും ഉണ്ടായിരുന്നവര്‍ പെട്ടെന്നൊരു ദിവസം സ്‌കൂള്‍ വിട്ടു പോകേണ്ടി വരികയാണെന്ന് അറിഞ്ഞപ്പോള്‍ ആ ക്ലാസിലെ മറ്റു കുട്ടികള്‍ അധ്യാപകരോട് ചെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു, തങ്ങളുടെ കൂട്ടുകാരെ പറഞ്ഞയയ്ക്കരുതെന്ന്. അവരെ പഠനത്തില്‍ സഹായിക്കാമെന്നും അവര്‍ക്കായി എന്തുവേണമെങ്കിലും ചെയ്യാമെന്നും. മാതാപിതാക്കളും ഇതുപോലെ, തങ്ങളെ കൊണ്ടാകുന്ന സഹായം ആ കുട്ടികള്‍ക്ക് ചെയ്യാമെന്നു പറഞ്ഞതാണ്. പക്ഷേ, അതൊന്നും ചെവിക്കൊള്ളാന്‍ ആ അധ്യാപകര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ക്ലാസ് അവസാനിച്ചത്. അന്ന് ടിസി വാങ്ങിപ്പോകേണ്ടി വരുന്ന കുട്ടികളുടെ യൂണിഫോമിന്റെ പുറത്ത് we miss you, we love you എന്ന്  ക്ലാസിലെ മറ്റുകുട്ടികള്‍ എഴുതിയിരുന്നു. അവര്‍ക്കിടയില്‍ അത്രയ്ക്കായിരുന്നു ആത്മബന്ധം. ആ സങ്കടവുമെല്ലാം ചേര്‍ന്നാണ് ബിന്റോയെ മരണം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.


തങ്ങള്‍ രേഖാമൂലം ആര്‍ക്കും ടി സി കൊടുത്തില്ല, കുട്ടിയെ പുറത്താക്കും എന്നും രേഖാമൂലം പറഞ്ഞിട്ടില്ല എന്നൊക്കെയാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ശരിയാണ്. സാങ്കേതികമായി അവര്‍ക്ക് രക്ഷപ്പെടാന്‍ അതിലൂടെ കഴിയും. പക്ഷേ, ആ കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിച്ച മാനസികപീഡനം വെറും കെട്ടുകഥയല്ല. അതിനു തെളിവുകളുമുണ്ട്. ആ തെളിവുകള്‍ വച്ചാണ് നിയമം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടത്"- അഡ്വ. ബൈജു പറയുന്നു.

കൈപിടിച്ച് ഉയര്‍ത്തുകയല്ല, മനസികമായി തകര്‍ക്കുകയാണ് അധ്യാപകര്‍


ബിന്റോയെപോലെ നിര്‍ബന്ധിത ടി സി വാങ്ങേണ്ട സ്ഥിതിയിലെത്തിയ കുട്ടികള്‍ വേറെയുമുണ്ട്. അവരുടെ മാതാപിതാക്കള്‍ക്കും ഇപ്പോള്‍ ഏറെ ആശങ്കയുണ്ട്. തങ്ങളുടെ കുഞ്ഞും... പലരും അവരുടെ കുഞ്ഞുങ്ങള്‍ക്ക് നേരിടേണ്ടി വന്നതും വരുന്നതുമായ ദുഃസ്ഥിതികളെ കുറിച്ച് തുറന്നു പറയാന്‍ ഭയപ്പെടുകയാണ്. കുട്ടികളുടെ ഭാവിയെ കരുതി തന്നെ. അവരില്‍ ചിലര്‍ മാത്രം, ഐഡന്റിറ്റി വെളിപ്പെടുത്താതെ ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

പത്തു മാസം കൊണ്ട് പഠിപ്പിക്കേണ്ടത് ആറു മാസം കൊണ്ട് പഠിപ്പിക്കും. കുട്ടികള്‍ സംശയം എന്തെങ്കിലും ചോദിച്ചാല്‍, അതിനൊന്നും ഇപ്പോള്‍ നേരമില്ല, സിലബസ് തീര്‍ക്കണം എന്നാണ് അധ്യാപകരുടെ മറുപടി. ഈ ആറുമാസം കൊണ്ടാണ് മോഡല്‍ പരീക്ഷയ്ക്ക് തയ്യാറാക്കുന്നത്. മോഡല്‍ പരീക്ഷയ്ക്കു മുന്നേ തന്നെ അഞ്ചു കുട്ടികളെ പുറത്താക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നതാണ്. ആ കൂട്ടത്തില്‍ ബിന്റോ ഇല്ലായിരുന്നു. നിങ്ങള്‍ വേറെ സ്‌കൂളില്‍ പോയ്‌ക്കോളണം, ഇല്ലെങ്കില്‍ തോല്‍പ്പിക്കുമെന്നൊക്കെ ആ കുട്ടികളോട് പറയും. മോഡല്‍ പരീക്ഷയ്ക്കു ശേഷമാണ് കുട്ടികളെ പത്തിലേക്ക് പ്രമോട്ട് ചെയ്യുന്നത്. പുസ്തകോം ബുക്കുമെല്ലാം കൊടുക്കുകേം ചെയ്തു. കുട്ടികളോട് പത്തിലെ പഠിച്ചാല്‍ മതി, ഒമ്പതിലെ ഫൈനല്‍ പരീക്ഷ വലിയ കാര്യമൊന്നും ഇല്ലെന്നും പറഞ്ഞിരുന്നു. ബിന്റോയും പത്തിലേക്ക് പ്രമോഷന്‍ കിട്ടിയവരില്‍ ഉണ്ടായിരുന്നു. പക്ഷേ, ആ കുട്ടി മോഡല്‍ പരീക്ഷയില്‍ രണ്ടു വിഷയങ്ങളില്‍ തോറ്റു; കണക്കിനും സോഷ്യല്‍ സ്റ്റഡീസിനും. സോഷ്യല്‍ പരീക്ഷ അസുഖം മൂലം എഴുതാന്‍ കഴിയാതെ വന്നതാണ്, കണക്കിന് തോല്‍ക്കുകയും ചെയ്തു. ഇതോടെയാണ് ബിന്റോയോടും ടി സി വാങ്ങാന്‍ നിര്‍ബന്ധിച്ചത്. അവന് കൊടുത്ത പുസ്തകങ്ങള്‍ തിരികെ വാങ്ങിച്ചു. മോന്‍ വീട്ടില്‍ വന്ന് അവന്റെ പുസ്തകങ്ങളുടെ പൊതിയഴിച്ച്, പേര് മായ്ച്ച് എടുത്തു വയ്ക്കുന്നതു കണ്ട് മനസ് തകര്‍ന്നുപോയെന്ന് ബിന്റോയുടെ പിതാവ് പറഞ്ഞിരുന്നു. മറ്റ് സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടുന്നില്ലെന്നും എങ്ങനെയെങ്കിലും അവനെ ഇവിടെ തുടര്‍ന്ന് പഠിപ്പിക്കണമെന്നും ബിന്റോയുടെ പിതാവ് സ്‌കൂളില്‍ വന്ന് കരഞ്ഞ് അപേക്ഷിച്ചതാണ്. പക്ഷേ ആരും അത് ചെവിക്കൊണ്ടില്ല. ബിന്റോയെ ഞങ്ങള്‍ക്ക് അറിയാം, എന്റെ മകനെക്കാള്‍ നന്നായി പഠിക്കുമായിരുന്നു അവന്‍. ഇപ്പോള്‍ ചെറുതായി പിന്നാക്കം പോയി എന്നുമാത്രം, അതും ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക്. പക്ഷേ, അവരെ ഉയര്‍ത്തിക്കൊണ്ടു വരാനല്ല, തകര്‍ക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്. നിനക്കൊന്നും നാണമില്ലേ ഇവിടെ വന്നിരിക്കാന്‍, എങ്ങോട്ടെങ്കിലും പോകാന്‍ വയ്യേ എന്നൊക്കെയാണ് കുട്ടികളോട് ചോദിക്കുന്നത്. എല്ലാവരുടെയും മുന്നില്‍വച്ചാണിതൊക്കെയൊന്നും ഓര്‍ക്കണം. കുട്ടികളെ ഇത്തരത്തില്‍ മാനസികമായി തകര്‍ക്കുമ്പോഴാണ് അവര്‍ കടുംകൈ ചെയ്തു കളയുന്നതും.

ശരി ഉത്തരമാണെങ്കിലും ഞങ്ങള്‍ വെട്ടും


ഇതേ സ്‌കൂളില്‍ നടന്നൊരു സംഭവം കൂടി പറയാം. ടി സി വാങ്ങിപ്പോക്കോളാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു ഒമ്പതാം ക്ലാസുകാരന്‍. അവനാകെ തകര്‍ന്നാണ് വീട്ടില്‍ എത്തിയത്. പത്താം ക്ലാസില്‍ തന്നെ അവിടെ പഠിക്കാന്‍ സമ്മതിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞെന്ന് അവന്‍ മാതാപിതാക്കളോട് അറിയിച്ചു. ആ കുട്ടിയേയും പത്താം ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. ടി സി വാങ്ങിപ്പോയ്ക്കാളണമെന്നാണ് അധ്യാപകര്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍, മോന്‍ ഏതായാലും പത്തിലെ വിഷയങ്ങള്‍ പഠിക്കുന്നത് തത്കാലം നിര്‍ത്തിയിട്ട് മോഡല്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ പറഞ്ഞു, പിതാവ് ഒരു ട്യൂഷന്‍ അധ്യാപകനേയും വച്ചു. പക്ഷേ, മോഡല്‍ പരീക്ഷയില്‍ കുട്ടി കണക്കിനു തോറ്റു. തോല്‍ക്കാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നുവെന്ന് കുട്ടി പറഞ്ഞു, ട്യൂഷന്‍ അധ്യാപകനും അതു തന്നെ പറയുന്നു. ഇതോടെ കുട്ടിയുടെ പിതാവ് ട്യൂഷന്‍ അധ്യാപകനേയും കൂട്ടി സ്‌കൂളില്‍ എത്തി മകന്റെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് ആവശ്യപ്പെട്ടു. അത് നോക്കിയപ്പോള്‍ കുട്ടി എഴുതിയ പല ശരി ഉത്തരങ്ങളും വെട്ടിയിട്ടിരിക്കുന്നു. കാരണം ചോദിച്ചപ്പോള്‍, അത് സ്‌കൂളില്‍ പഠിപ്പിച്ച മെത്തേഡില്‍ അല്ല എഴുതിയതെന്ന് മറുപടി! മൂന്നും ഒന്നും കൂട്ടിയാലും നാല് എന്ന് ഉത്തരം കിട്ടും, രണ്ടും രണ്ടും കൂട്ടിയാലും നാല് എന്ന് ഉത്തരം കിട്ടും. ഇതില്‍ ഒന്നേ ശരിയുള്ളു, മറ്റേത് തെറ്റാണെന്നു പറയാന്‍ കഴിയുമോ എന്ന് ട്യൂഷന്‍ അധ്യാപകന്‍ ചോദിച്ചു, നിങ്ങള്‍ പഠിപ്പിച്ചതിനേക്കാള്‍ എളുപ്പമായ രീതിയിലാണ് അവനെ ഞാന്‍ പഠിപ്പിച്ചത്. അതുകൊണ്ട് അവന്‍ എഴുതിയ ശരി ഉത്തരങ്ങള്‍ എന്തിനാണ് നിങ്ങള്‍ തെറ്റാണെന്നു പറഞ്ഞതെന്ന ചോദ്യത്തിന് സ്‌കൂളിലെ അധ്യാപകര്‍ക്ക് ഉത്തരമില്ലായിരുന്നു. ഒടുവില്‍ തോറ്റ കുട്ടി ജയിച്ചു. അവന് ടി സി വാങ്ങിപ്പോകേണ്ടിയും വന്നില്ല. പക്ഷേ, ഇത്തരമൊരു അവസരം ബിന്റോയുടെ മാതാപിതാക്കള്‍ക്ക് കിട്ടിയില്ലെന്നാണ് പറയുന്നത്. അവരും ഉ്ത്തരക്കടലാസ് ചോദിച്ചെങ്കിലും മാര്‍ക് ലിസ്റ്റ് തരാനേ കഴിയൂ എന്നായിരുന്നു മറുപടി. എന്നാല്‍ ഒന്നും കാത്തുനില്‍ക്കാതെ ബിന്റോ പോയി.

ഞങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസ കച്ചവടത്തെയാണ്


"ബിന്റോയുടെ മരണത്തെ തുടര്‍ന്ന് എസ് എഫ് ഐ പാമ്പാടി ക്രോസ് റോഡ്‌സ് പബ്ലിക് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. സ്‌കൂളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ പേരില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. ഇവിടെയും മാധ്യമങ്ങള്‍ അടക്കം എസ് എഫ് ഐ യുടെ 'അക്രമത്തെ'യാണ് പെരുപ്പിച്ച് വാര്‍ത്തയാക്കിയിരിക്കുന്നത്. പക്ഷേ, ഞങ്ങളത് എന്തിനു ചെയ്തു? ഇങ്ങനെയൊരു സാഹചര്യം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പോലും മിണ്ടുന്നില്ല. പഠിക്കാന്‍ പോകുന്ന കുട്ടികള്‍, അതും ഇത്ര ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന ഗതികേട് ഉണ്ടാക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരേയാണ് എസ് എഫ് ഐ പ്രതികരിച്ചത്. ഇത് കേവലം പാമ്പാടിയിലെ സ്‌കൂളില്‍ മാത്രം നടക്കുന്നതല്ല, നൂറുശതമാനം വിജയം എന്ന പേരില്‍ എത്രയോ മാനേജമെന്റ് സ്‌കൂളുകള്‍ കുട്ടികളെ പീഡിപ്പിക്കുന്നു, അവരെ മരണത്തിലേക്ക് തള്ളിവിടുന്നു. ഓരോ സംഭവം കഴിയുമ്പോഴും ഇനി ആവര്‍ത്തിക്കില്ലെന്നു കരുതും, പക്ഷേ, വീണ്ടും ഉണ്ടാകുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഈ കൊലപാതക വിദ്യാഭ്യാസത്തിനെതിരേയാണ് എസ് എഫ് ഐ പ്രതികരിക്കുന്നത്. നിശബ്ദരായി ഇരുന്നുകൊണ്ട് ഒന്നും കണ്ടില്ല, കേട്ടില്ല എന്നുവയ്ക്കുമ്പോഴാണ് തങ്ങള്‍ എന്തു കാണിച്ചാലും ഒന്നുമില്ല എന്ന ധാര്‍ഷ്ഠ്യത്തിലേക്ക് പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റുകളും അധ്യാപകരും എത്തിച്ചേരുന്നത്. അതിനെ തടയാന്‍ എസ് എഫ് ഐ പോലൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ബാധ്യതയുണ്ട്. അത് ഞങ്ങള്‍ ചെയ്യും. ഒപ്പം നില്‍ക്കേണ്ടതിനു പകരം ഞങ്ങളെ അക്രമകാരികളാക്കി ചിത്രീകരിക്കുന്നവര്‍ ഈ കുട്ടികളോടും ഭാവി തലമുറയോടും ചെയ്യുന്നത് വലിയ പാതകമാണ്"
; എസ് എഫ് ഐ നേതാക്കള്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

വിദ്യാഭ്യാസം അധ്യാപകര്‍ക്ക് നല്‍കണം


പാമ്പാടി ക്രോസ് റോഡ്ഡ് സ്‌കൂളില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലം മറ്റ് സിബിഎസ്ഇ സ്‌കൂളുകളിലും ഉണ്ടെന്നത് സമീപകാല വാര്‍ത്തകളില്‍ നിന്നും മനസിലാക്കിയിട്ടുള്ളതാണ്. അധ്യാപകരുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പീഡനം കുട്ടികളുടെ ജീവന്‍ എടുത്തതു വരെയുള്ള സംഭവങ്ങള്‍. എന്നാല്‍ മൊത്തം  സിബിഎസ്ഇ മാനേജ്‌മെന്റുകളേയും ഇത്തരത്തില്‍ ഒരുമിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും അതേസമയം പാമ്പാടിയില്‍ നടന്നതുപോലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വാസ്തവം അംഗീകരിക്കേണ്ടതാണെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടിപിഎം ഇബ്രാഹിം ഖാന്‍ അഴിമുഖത്തോട് പറയുന്നു.

സിബിഎസ്ഇ റൂള്‍ അനുസരിച്ച് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇപ്പോള്‍ പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിനെതിരേ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ പറയുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്, തങ്ങള്‍ ടി സി കൊടുത്തിട്ടില്ലെന്നും കുട്ടികളെ കൊണ്ടുപോകാന്‍ രക്ഷകര്‍ത്താക്കളോട് പറഞ്ഞിട്ടില്ലെന്നുമാണ്. ഈ കുട്ടികളെ പത്താം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുകയും ക്ലാസ് തുടങ്ങുകയും ചെയ്‌തെന്നാണ്. എന്നാല്‍ സ്‌കൂളിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണോയെന്ന് അന്വേഷണത്തിലൂടെയാണ് മനസിലാക്കാന്‍ കഴിയുക. കുട്ടികള്‍ക്ക് കൊടുത്ത പുസ്തകങ്ങള്‍ തിരികെ വാങ്ങിയെന്നും വേറെ സ്‌കൂളുകളില്‍ ചേര്‍ത്തോളാന്‍ പറഞ്ഞുവെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. അത് ശരിയെങ്കില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം തന്നെയാണ്. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയില്‍ ഒന്നും തന്നെ ചെയ്യരുതെന്നാണ് നിര്‍ദേശം. സിബിഎസ്ഇ റൂള്‍ അനുസരിച്ച് ഒരു കുട്ടി പഠനത്തില്‍ മോശമാണെങ്കിലോ മൂന്നു വിഷയങ്ങള്‍ വരെ തോറ്റിട്ടുള്ളതോ ആണെങ്കില്‍ അവര്‍ക്ക് റീ-എക്‌സാമിനേഷന്‍ നടത്തണം. റീ-എക്‌സാമിനേഷനിലും പരാജയപ്പെടുകയാണെങ്കില്‍ ഈ വിവരം മാതാപിതാക്കളെ അറിയിക്കണം.  കുട്ടിയെ ഒരിക്കലും ടിസി കൊടുത്ത് വിടരുത്. അതേ ക്ലാസില്‍ തന്നെ തുടരാന്‍ അനുവദിക്കണം. മനുഷ്യത്വപരമായേ കുട്ടികളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അല്ലാതെ യാന്ത്രികമായിട്ടാകരുത്. വിദ്യാഭ്യാസം എന്നത് ഒരു വിദ്യാര്‍ത്ഥിക്ക് വ്യക്തിത്വ വളര്‍ച്ചയ്ക്കു കൂടി ഉതകുന്ന തരത്തിലായിരിക്കണം നല്‍കേണ്ടത്. പഠിക്കാന്‍ മോശമായ കുട്ടിയാണെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ തോല്‍പ്പിച്ച് കൊണ്ട് നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ സ്‌കൂളുകള്‍ ശ്രമിക്കരുത്. ഒരു ക്ലാസില്‍ തന്നെ ഒരു വര്‍ഷം കൂടി പഠിക്കേണ്ട സാഹചര്യമാണെങ്കില്‍ അത് വിദ്യാര്‍ത്ഥിയേയും രക്ഷകര്‍ത്താവിനെയും നല്ല രീതിയില്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഒരു കുട്ടി ഒരു പ്രത്യേക പരീക്ഷയിലോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക വിഷയങ്ങളിലോ തോല്‍ക്കുന്നു എന്നു കരുതി അവരെ പുറത്താക്കാന്‍ അവകാശമില്ല.

കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകുന്നുവെങ്കില്‍ അതിന്റെ ഉത്തവാദിത്വം അധ്യാപകര്‍ക്കും കൂടിയുണ്ട്. അത് മനസിലാക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. എന്നാല്‍ അതിനു തയ്യാറാകാതെ കുട്ടികളെ മാത്രം പഴിചാരി അവരെ ഒഴിവാക്കുന്നത് നല്ല അധ്യാപകര്‍ക്ക് ചേര്‍ന്നതല്ല. അധ്യാപകര്‍ക്ക് ഇക്കാര്യങ്ങളിലൊക്കെ ഒരു ഓറിയന്റേഷന്‍ ക്ലാസ് ആവശ്യമാണ്. സിബിഎസ്ഇ ഇക്കാര്യത്തില്‍ വ്യക്തമായൊരു മാര്‍ഗനിര്‍ദേശം സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. ആ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് പരാതിപ്പെടാനും കഴിയണം. പാമ്പാടി സ്‌കൂളില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ സിബിഎസ്ഇ ഉള്‍പ്പെടെ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. വിദ്യാഭ്യാസം വ്യക്തിയുടേയും നാടിന്റെയും നന്മയ്ക്കായി വേണം- അഡ്വ. ടിപിഎം ഇബ്രാംഹിം ഖാന് പറയാനുള്ള കാര്യങ്ങളിതാണ്.

ബിന്റോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തങ്ങളുടെ മേല്‍ കുറ്റം ഇല്ലെന്നു തന്നെയാണ് പാമ്പാടി ക്രോസ് റോഡ്‌സ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് മാധ്യമങ്ങളോട് ആവര്‍ത്തിക്കുന്നത്. അതിനുള്ള ന്യായമായി അവര്‍ പറയുന്നത്, രേഖാമൂലം ഏതെങ്കിലും കുട്ടിക്ക് ട്രാന്‍സ്‌ഫെര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ കുട്ടിയെ സ്‌കൂള്‍ മാറ്റാന്‍ രക്ഷകര്‍ത്താക്കളോട് ആവശ്യപ്പെടുകയോ ഇല്ലെന്നാണ്. ഈ ന്യായത്തിന് സാങ്കേതികതയുടെ പിന്‍ബലം കിട്ടിയേക്കാം. അതായത് നിയമത്തിനു മുന്നില്‍ ആരും കുറ്റക്കാരായി നില്‍ക്കേണ്ടി വരില്ല എന്ന്.

പക്ഷേ, വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാലയങ്ങളില്‍ നിന്നും തന്നെ കുട്ടികള്‍ മരണത്തിലേക്ക് എടുത്തു ചാടുന്ന സംഭവങ്ങള്‍ യാദൃശ്ചികമല്ലെന്നോണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം സ്‌കൂളുകള്‍ക്കും അവരുടേതായ തെറ്റായ വിദ്യാഭ്യാസ രീതികള്‍ക്കും എതിരേ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണവും അതിന്മേല്‍ നടപടികളും ആവശ്യമാണ്. തങ്ങളുടെ കുട്ടിക്ക് ഒരാപത്ത് വരുന്നതുവരെ മറ്റുകുട്ടികള്‍ക്ക് ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കു മുന്നില്‍ നിശബ്ദരാകുന്ന മാതാപിതാക്കളും ഒരര്‍ത്ഥത്തില്‍ ഇത്തരം മാനേജ്‌മെന്റുകള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുകയാണ്. പക്ഷേ, ബിന്റോമാര്‍ ആവര്‍ത്തിക്കപ്പെടുന്ന നാളെകളില്‍, ഇന്ന് ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടം നമ്മളില്‍ പലരേയും തേടിയെത്തിയേക്കാം എന്നുമാത്രം ഓര്‍ക്കുക...

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories