Top

രാജു നാരായണസ്വാമിയെ കൈയൊഴിഞ്ഞ് കേന്ദ്ര സർക്കാർ; പദവിയോട് നീതി പുലർത്തിയില്ലെന്ന് കൃഷിമന്ത്രി ലോക്സഭയിൽ

രാജു നാരായണസ്വാമിയെ കൈയൊഴിഞ്ഞ് കേന്ദ്ര സർക്കാർ; പദവിയോട് നീതി പുലർത്തിയില്ലെന്ന് കൃഷിമന്ത്രി ലോക്സഭയിൽ
രാജു നാരായണസ്വാമി നാളികേര വികസന ബോർഡ് ചെയർമാനായിരിക്കെ തന്റെ പദവിയോട് ഇദ്ദേഹം നീതി പുലർത്തിയില്ലെന്ന് നിലപാടെടുത്ത് കേന്ദ്ര സർക്കാർ. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. നാളികേര വികസന ബോർഡിലെ അഴിമതി തുറന്നു കാണിച്ചതു കൊണ്ടാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നായിരുന്നു രാജു നാരായണ സ്വാമിയുടെ പ്രതികരണം. തന്നെ പിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.

സർവ്വീസിൽ പത്തു വര്‍ഷം കൂടി ശേഷിക്കെയാണ് രാജു നാരായണ സ്വാമി ഐഎഎസിന് സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തേക്കുള്ള വഴി സംസ്ഥാന സർക്കാർ കാണിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. തന്റെ പ്രവർത്തനങ്ങൾ മോശമാണെന്ന് അരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ അഴിമതി പുറത്ത് വരാതിരിക്കാനുള്ള ചിലരുടെ ഗൂഡ ശ്രമങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും ”മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ടയെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി.

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ സംസ്ഥാനത്ത് നിന്നും ഇത്തരമൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നെന്നും രാജു നാരായണ സ്വാമി പറയുന്നു.

തന്നെ പിരിച്ചുവിടാനുള്ള നീക്കത്തിനു പിന്നിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികാര നടപടിയാണെന്ന് രാജു നാരായണ സ്വാമി ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസം മുമ്പ് വിരമിച്ച രാജു നാരായണ സ്വാമി ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേരള സർക്കാർ നടപടിക്ക് ശുപാർശ ചെയ്തത്. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാന പ്രകാരമാണ് നടപടിയെന്നുമായിരുന്നു

പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ അര്‍ഹരായവര്‍ക്ക് നല്‍കാതെ വകമാറ്റി ചെലവാക്കിയതിനെതിരെ സിബിഐയ്ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഈ പരാതി കാര്‍ഷിക മന്ത്രാലയത്തിനു നല്‍കുകയും മന്ത്രാലയം ബോര്‍ഡ് ചെയര്‍മാനായ രാജു നാരായണ സ്വാമിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബെംഗളൂരൂ റിജീയണല്‍ ഓഫിസ് ഡയറക്ടര്‍ ഹേമചന്ദ്രയെ പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. ബോര്‍ഡില്‍ ഇത്തരത്തില്‍ നടക്കുന്ന അഴിമതികളുടെ പിന്നിലെ സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ സിബിഐ അന്വേഷണത്തിനും രാജു നാരായണ സ്വാമി ശുപാര്‍ശ നല്‍കി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കാനും ചെയര്‍മാന്‍ ഉത്തരവ് ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നാളികേര വികസന ബോർഡിൽ നിന്നും അദ്ദേഹം പുറത്ത് പോരുന്നത്. ഇതോടെയാണ് ബോര്‍ഡിലും കേന്ദ്ര കൃഷിമന്ത്രാലയം കേന്ദ്രീകരിച്ചും രാജു നാരായണ സ്വാമിക്കെതിരേയുള്ള നീക്കങ്ങള്‍ നടന്നിരുന്നെന്നായിരുന്നു അന്നത്ത റിപ്പോർട്ടുകൾ.

Next Story

Related Stories