TopTop
Begin typing your search above and press return to search.

പാലായില്‍ അങ്കം കുറിക്കുക നിഷ ജോസ് കെ. മാണിയോ? അതിന് ജോസഫ് സമ്മതിക്കുമോ? അതോ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയോ? ചര്‍ച്ചകള്‍ സജീവം

പാലായില്‍ അങ്കം കുറിക്കുക നിഷ ജോസ് കെ. മാണിയോ? അതിന് ജോസഫ് സമ്മതിക്കുമോ? അതോ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയോ? ചര്‍ച്ചകള്‍ സജീവം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കെ എം മാണിയുടെ സ്വന്തം പാലാ മണ്ഡലം വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. അടുത്തമാസം 23ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും സജീവമാകുകയാണ്. ഓഗസ്റ്റ് 28 മുതല്‍ പത്രികാസമര്‍പ്പണം ആരംഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി നാളെ യുഡിഎഫ് യോഗം ചേരും. അതേസമയം യുഡിഎഫ് കേരള കോണ്‍ഗ്രസ് (എം) അല്ലാതെ മറ്റൊരു പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള സാധ്യത തീരെയില്ല. ജോസ് കെ മാണിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യ നിഷ ജോസ് കെ മാണിയുടെയും പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്.

കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പ് തര്‍ക്കമാണ് നിലവില്‍ പാലായിലെ ഏറ്റവും വലിയ കീറാമുട്ടി. കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് കിട്ടുമെന്ന് ഉറപ്പായതിനാല്‍ ജോസ് കെ മാണി വിഭാഗമാണോ അതോ പി ജെ ജോസഫ് വിഭാഗമാണോ മത്സരിക്കുകയെന്നതിലായിരിക്കും ഇനി തര്‍ക്കമുയരുക. മണ്ഡലം പാലാ ആയതിനാല്‍ തന്നെ യഥാര്‍ത്ഥ മാണി കോണ്‍ഗ്രസ് ഏതെന്നതിന്റെ നിര്‍ണയം കൂടിയാകും ഇത്. ഏത് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചാലും ആ വിഭാഗത്തെ യഥാര്‍ത്ഥ മാണി കോണ്‍ഗ്രസ് ആയി പ്രഖ്യാപിക്കുന്ന തീരുമാനം കൂടിയായി ഇതിനെ ജനങ്ങള്‍ കണക്കാക്കുമെന്നതാണ് പ്രധാനം. അതിനാല്‍ തന്നെ ഇരുവിഭാഗങ്ങളും പരസ്പരം വിട്ടുകൊടുക്കാനുള്ള യാതൊരു സാധ്യതയും നിലവിലില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നിശബ്ദമായ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിനാണ് വീണ്ടും അരങ്ങ് ഒരുങ്ങുന്നത്. ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസിന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സീറ്റ് പങ്കിടാന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയായത്. അതേസമയം പാലായില്‍ ഇന്നും നിലനില്‍ക്കുന്ന മാണി പ്രഭാവത്തിന് മുകളില്‍ കയറി അന്ത്യശാസനം മുഴക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോയെന്നത് സംശയമായതിനാല്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പ്.

പാലയുടെ സ്വന്തം മാണി സാറായ കെ എം മാണിയുടെ കുടുംബത്തോടൊപ്പമാകും വോട്ടര്‍മാര്‍ എന്ന നിഗമനത്തില്‍ ജോസ് കെ മാണി വിഭാഗവും പാര്‍ട്ടിയ്ക്കുള്ളിലെ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജോസഫ് വിഭാഗവും യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് (എം) തങ്ങളാണെന്ന വാദം മുന്നോട്ട് വയ്ക്കുകയാണ്. ജോസ് കെ മാണിക്കൊപ്പം മണ്ഡലത്തിലെ ബഹുഭൂരിപക്ഷവും നില്‍ക്കുമെന്നാണ് ആ വിഭാഗം ഇപ്പോള്‍ തന്നെ അവകാശവാദം ഉന്നയിക്കുന്നത്. ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ കുറവാണ്. ജോസ് കെ മാണി മത്സരിക്കുകയാണെങ്കില്‍ രാജ്യസഭാ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് ഒരു രാജ്യസഭാ സീറ്റ്, 'റിസ്‌ക്' സാഹചര്യത്തില്‍ വയ്ക്കാന്‍ ആഗ്രഹിക്കില്ല. പിന്നെ ഉയരുന്ന പേര് നിഷ ജോസ് കെ മാണിയുടേതാണ്. കെ എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിഷ മണ്ഡലത്തിലെ സജീവ സാന്നിധ്യമായി മാറിയിരുന്നു. പുസ്തകമെഴുതിയും സ്ത്രീകളുമായി അടുത്തിടപഴകിയും അവര്‍ രാഷ്ട്രീയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

അതേസമയം പി ജെ ജോസഫ് ഇതിനെതിരെ ശക്തമായി തന്നെ രംഗത്തെത്താന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഒരു സമവായ സ്ഥാനാര്‍ത്ഥിയെയാകും നിര്‍ത്തുക. സമവായ സ്ഥാനാര്‍ത്ഥിയായാലും തനിക്ക് വേണ്ടി നാളെ രാജിവയ്ക്കാന്‍ സാധ്യതയുള്ള ഒരാളെ തന്നെയാകും പാര്‍ട്ടിയില്‍ പ്രബലത അവകാശപ്പെടുന്ന ജോസ് കെ മാണി ശ്രമിക്കുക. മാണിയുടെ മരണം ഒരുക്കിയ അനുകൂല സാഹചര്യത്തിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം നേടിയ നാമമാത്രമായ ഭൂരിപക്ഷത്തില്‍ ഇരുപക്ഷത്തിനും ആശങ്കയുണ്ട്. ഇതിന് പുറമെയാണ് പാര്‍ട്ടി രണ്ട് തട്ടില്‍ നില്‍ക്കുന്നത്. മാണിയുള്ളപ്പോഴും തട്ടുകള്‍ പലതുമുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മറ്റൊന്നാണ്. അതിനാല്‍ തന്നെ മാണി കുടുംബത്തിന് പുറത്തുനിന്നുമൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും നടന്നേക്കാം.

അങ്ങനെ വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് നറുക്ക് വീണത് പോലെ പാലാ ഉപതെരഞ്ഞെടുപ്പില്‍ വാതില്‍ തുറന്നുകിട്ടുക ഇ.ജെ ആഗസ്തിക്കായിരിക്കും. മാണിയുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള ആഗസ്തി സ്ഥാനാര്‍ത്ഥിയായാല്‍ നാളെ ഒരുദിവസം ജോസ് കെ മാണിക്ക് വേണ്ടി രാജിവയ്ക്കാനും സന്നദ്ധനായേക്കുമെന്നത് ആ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുമുണ്ട്.

also read:മുഖ്യമന്ത്രിക്ക് വീണ്ടും ജാതി അവഹേളനം, ‘ചോ….ന്‍’ എന്നാക്ഷേപിച്ച് ബിജെപി നേതാവ്


Next Story

Related Stories