ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മാന്നാര്‍, മുളക്കുഴ, ആലാ, ചെന്നിത്തല-തൃപ്പെരുന്തുറ, ബുധനൂര്‍, പുലിയൂര്, ചെറിയനാട്, വെണ്മണി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലമാണ് ചെങ്ങന്നൂര്‍. മാവേലിക്കര ലോക് സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 1957 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രത്തില്‍ 15 തിരഞ്ഞെടുപ്പുകളില്‍ ആദ്യ തവണയടക്കം (ആര് ശങ്കരനാരായണന് തമ്പി -സിപിഐ) നാല് തവണ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണ ശേഷം 2016ല്‍ മാത്രമാണ് ഇവിടെ ഇടതു സ്ഥാനാര്‍ഥി ജയിച്ചത്. മൂന്നുതവണ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസും ഇന്ത്യന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റും ഓരോ തവണ വീതം ജയിച്ചു. 1960, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ആണ് സീറ്റ് നേടിയത്. പലപ്പോഴും ഭൂരിപക്ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചില്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് മണ്ഡലം പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിട്ടുള്ളത്. 1987ല്‍ മാമന് ഐപ് നേടിയ 15,703 ആണ് ഉയര്‍ന്ന ഭൂരിപക്ഷം.
2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.കെ രാമചന്ദ്രന് നായര്‍ 7983 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിറ്റിംഗ് എം എല്‍ എ കൂടി ആയ പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി 2215 വോട്ടിന്റെ മാത്രം അകലത്തിലാണ് അന്ന് ബിജെപി മൂന്നാം സ്ഥാനത്തായത്. ബിജെപിയിലേക്ക് പോയ വോട്ടുകള്‍ക്കൊപ്പം ശോഭന ജോര്‍ജ് വിമതയായി മത്സരിച്ചത് യുഡിഎഫിന്റെ പരാജയം ഉറപ്പാക്കി. യുഡിഎഫിന്റെ അക്കൗണ്ടില്‍ വരുമായിരുന്ന 3966 വോട്ടുകളാണ് ശോഭന പിടിച്ചെടുത്തത്. രാമചന്ദ്രന് നായരുടെ ആകസ്മിക നിര്യാണമാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി.വിജയകുമാറിനെ ആണ് ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാന്‍ യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും അഖില ഭാരത അയ്യപ്പസേവ സംഘം ദേശീയ ഉപാധ്യക്ഷനുമായ വിജയകുമാറിന്റെ പേര് വിജയസാധ്യതയുടെ അടിസ്ഥാനത്തിലാണ് കെ.പി.സി.സി നേതൃത്വം പരിഗണിച്ചത്. കഴിഞ്ഞ തവണ തോറ്റ പി.സി വിഷ്ണുനാഥ് ഇത്തവണ മത്സരിക്കാനില്ലെന്ന് ആദ്യമേ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് അദ്ദേഹം കാരണമായി നിരത്തിയത്. പിന്നെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി. വോട്ടിന്റെ ഒഴുക്ക് തടയുക ഒപ്പം കഴിഞ്ഞതവണ ഒലിച്ചുപോയ വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്നീ ദൗത്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് ഇതിലും മികച്ചൊരു സ്ഥാനാര്‍ഥിയെ വയ്ക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്തായാലും പ്രതിപക്ഷം എന്ന നിലയില്‍ ഇനിയും രാഷ്ട്രീയമായി വളരാന്‍ ഉണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും, കെ എം മാണി, ജെ ഡി യു മുന്നണി പ്രശ്നങ്ങളും എല്ലാം നിറഞ്ഞു നില്ക്കുന്ന ഈ അവസരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫ് ലക്ഷ്യം വെക്കുന്നില്ല.
http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/
ആലപ്പുഴ സി പി എം ജില്ലാ സെക്രട്ടറി കൂടി ആയ സജി ചെറിയാന് ആണ് ചെങ്ങന്നൂരില്‍ ഇടതുഅക്ഷത്തിനു വേണ്ടി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. നിയമബിരുദധാരിയായ സജി ചെറിയാന് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 1980-ല്‍ സി.പി.എം. അംഗമായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ സജി ചെറിയാന്, 2015ല്‍ സി.പി.എമ്മിന്റെ ആലപ്പുഴ ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം നിയസഭയിലേക്ക് മത്സരിച്ച് പിസി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം സിറ്റിംഗ് സീറ്റായ ചെങ്ങന്നൂരിലും ആവര്‍ത്തിച്ചാല്‍ അത് ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടതുമുന്നണിയ്ക്കുണ്ട്. അതിനാല്‍ എന്ത് വിലകൊടുത്തും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങളിലാണ് സി പി എം. മലപ്പുറവും, വേങ്ങരയും ലീഗ് കോട്ടകള്‍ ആണെന്ന ന്യായം നിരത്താം. എന്നാല്‍ ചെങ്ങന്നൂരിലേത് സിറ്റിംഗ് സീറ്റ് ആണ്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും, കസ്റ്റഡി മരണങ്ങളും കൊണ്ട് പ്രതിരോധത്തിലായ ഭരണകക്ഷിയ്ക്ക് ചെങ്ങന്നൂരിലെ തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ല.
http://www.azhimukham.com/newsupdates-justice-for-asifa-protest-against-bjp-in-chengannoor/
2016 ല്‍ മത്സരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന് പിള്ളയെ തന്നെയാണ് ബി.ജെ.പി ഇത്തവണയും പോര്‍ക്കളത്തില്‍ ഇറക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന് പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ജയിച്ച സിപിഎം സ്ഥാനാര്ഥിയെക്കാള് 10,198 വോട്ടിന്റെ അകലത്തില്‍ കഴിഞ്ഞ തവണ എത്താമെങ്കില്‍ അത് എത്തിപ്പിടിക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ശ്രീധരന് പിള്ളയും കൂട്ടരും. വാഗ്ദാന ലംഘനത്തിന് ചെങ്ങന്നൂരില്‍ മറുപടി തരാം എന്ന ബിഡിജെഎസ്സിന്റെയും വെള്ളാപ്പള്ളിയുടേയും നിലപാട് ബിജെപിക്ക് ഈ ഘട്ടത്തില്‍ വലിയ വെല്ലുവിളിയാണ്. എന്നാല്‍ എല്ലാക്കാലത്തും മധ്യതിരുവതാംകൂറില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള നായര്‍ വോട്ടുകളിലാണ് ബിജെപിയുടേയും കണ്ണ്. "ത്രിപുര പിടിച്ചു, ഇനി കേരളം" എന്നതാണ് ബിജെപി മുന്നോട്ടുവച്ചിരിക്കുന്ന അടുത്ത ലക്ഷ്യം. അതിലേക്ക് ഉള്ള ബി ജെ പി യുടെ ആദ്യ ചുവടു വയ്പായാണ് ചെങ്ങന്നൂരിനെ ബി ജെ പി അനുകൂലികള്‍ നിരീക്ഷിക്കുന്നത്.
ഇനി ഒരു മാസക്കാലം രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്കു ചുരുങ്ങും. ജയവും തോല്‍വിയും മാത്രമല്ല തോല്‍ക്കുന്നവരില്‍ മൂന്നാം സ്ഥാനത്താകുന്നത് പോലും ചിന്തിക്കാനാകാത്ത സ്ഥിതി. അത്ര വീറും വാശിയും ചെങ്ങന്നൂരില്‍ കാണാം. കേന്ദ്രത്തിന്റെ നോട്ട് നിരോധനം, കത്വ, ഉന്ന സംഭവങ്ങള്‍, മന്ത്രിമാരുടെയും നേതാക്കളുടെയും അബദ്ധ പ്രസ്താവനകളുടെ ഘോഷയാത്ര മുതല്‍ ഇങ്ങു കേരളത്തില്‍ നടക്കുന്ന കസ്റ്റഡി മരണങ്ങള്, സംസ്ഥാന സര്‍ക്കാരിനെതിരെ ഉള്ള സമരങ്ങള്‍, ബാര്‍കോഴ, സോളാര്‍, മദ്യനയം വരെ ഉള്ള വിഷയങ്ങളും കത്തി ജ്വലിക്കുന്ന തെരഞ്ഞെടുപ്പ് നാളുകള്‍ക്കാണ് കേരളം സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്ന് വ്യക്തം.
http://www.azhimukham.com/offbeat-justice-for-asifa-shakes-chengannoor-byelection-writes-mbsanthosh/