Top

അങ്ങനെ ചെന്നിത്തലയുടെ പടയോട്ടം ഇന്ന് തീരുകയാണ്; രാഷ്ട്രീയ ചുഴലികള്‍ വരാനിരിക്കുന്നതേയുള്ളൂ

അങ്ങനെ ചെന്നിത്തലയുടെ പടയോട്ടം ഇന്ന് തീരുകയാണ്; രാഷ്ട്രീയ ചുഴലികള്‍ വരാനിരിക്കുന്നതേയുള്ളൂ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഏതു നട്ടപ്പാതിര നേരത്ത് ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ചോദിച്ചാല്‍ പോലും നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഉത്തരം ഒന്നേ ഉണ്ടാവൂ; അത് താന്‍ തന്നെ ആയിരിക്കും എന്ന് അദ്ദേഹം നിസ്സംശയം പറയുമായിരുന്നു ഈ അടുത്ത നാള്‍ വരെ. 2011 ല്‍ തന്നെ ഇങ്ങനെ ഒരു ആഗ്രഹം കലശ്ശലായിരുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യ തടസ്സം. ഹൈക്കമാന്റ്റ് കൂടി ചാണ്ടിക്കൊപ്പം നിന്നപ്പോള്‍ തത്ക്കാലം ആ മോഹം മാറ്റിവെക്കേണ്ടി വന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സോളാര്‍ കേസില്‍ പെട്ടതോടെ ആ പഴയ മോഹം പൊടിതട്ടിയെടുത്താണ് ചെന്നിത്തല പടയൊരുക്കവുമായി കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ടേക്കു വെച്ച് പിടിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് മഞ്ചേശ്വരത്തു നിന്നും ആരംഭിച്ച 'പടയൊരുക്കം' നാളെ തിരുവന്തപുരത്തു സമാപിക്കുകയാണ്. ഈ മാസം ഒന്നിനു സമാപിക്കേണ്ടതായിരുന്നു. ഓഖിയാണ് പണി പറ്റിച്ചത്. രണ്ടാഴ്ച വൈകിയെങ്കിലും തുടങ്ങി വെച്ച പടയോട്ടം അവസാനിപ്പിച്ചല്ലേ പറ്റൂ. അങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ കൂടി സൗകര്യം കണക്കിലെടുത്ത് സമാപനം ഇന്നത്തേക്കാക്കിയിരിക്കുന്നത്.

ഇനിയിപ്പോള്‍ ഓഖിയോ മറ്റേതെങ്കിലും ചുഴലിക്കാറ്റോ വരുമെന്ന് പേടിവേണ്ടെന്ന കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചാണ് പടയൊരുക്കത്തിന്റെ കാലാശക്കൊട്ട് നാളത്തേക്ക് വെച്ചത് എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതിനിടയിലാണ് രണ്ട് രാഷ്ട്രീയ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഒന്ന് കോട്ടയത്തുനിന്നും മറ്റൊന്ന് കോഴിക്കോട് നിന്നും. മാണി ചുഴലിയും വീരന്‍ ചുഴലിയും. രണ്ടിനെയും ഒരുപോലെ പേടിക്കേണ്ടതുണ്ട് എന്ന് മറ്റാരെക്കാളും ചെന്നിത്തലയ്ക്ക് നന്നായി അറിയാം. ഇതില്‍ കോട്ടയത്തുനിന്നുള്ള ചുഴലിക്കാറ്റ് ഇടിപിടീന്ന് വീശണമെന്നില്ല. മാണിയെയും പുത്രനെയും തടയാന്‍ പി ജെ ജോസഫ് നയിക്കുന്ന ഒരു വന്‍മതിലുണ്ട്. പോരെങ്കില്‍ സിപിഐ വക മറ്റൊരു മതിലും. കോഴിക്കോടന്‍ ചുഴലിയുടെ കാര്യം അങ്ങനെയല്ല. വീരേന്ദ്രകുമാറും മകനും ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ജെ ഡി (യു) ചുഴലിയെ തടയാന്‍ കെ പി മോഹനനും മനയത്ത് ചന്ദ്രനും ഉയര്‍ത്തുന്ന പ്രതിരോധ മതിലാണ്, അതിനു ശക്തി പോരാ.

https://www.azhimukham.com/opinon-when-manorama-suggesting-km-mani-and-jose-k-mani-should-stick-in-udf-by-ka-antony/

മാണി കോട്ടയത്ത് രൂപം കൊടുത്തിട്ടുള്ള ചുഴലിക്ക് പേര് 'മഹാസമ്മേളനം' എന്നാണ്. യു ഡി എഫ് വിട്ടെങ്കിലും ഒരു മുന്നണിയിലും ചേരാതെ എല്‍ഡിഎഫിനോടും യുഡിഎഫിനോടും മാണി കോണ്‍ഗ്രസ് സമദൂരം പ്രഖ്യാപിച്ചത് ഒരു വര്‍ഷം മുന്‍പ് ചരല്‍ക്കുന്നില്‍ നടന്ന ഒരു സമ്മേളനത്തില്‍ വെച്ചാണ്. ഇത്തവണ കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും എന്ന് മാണി അറിയിച്ചിരുന്നെങ്കിലും അതുണ്ടാവില്ലെന്നാണ് ജോസഫും കൂട്ടരും പറയുന്നത്. ഇത് ചെന്നിത്തലക്ക് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല. പക്ഷെ, വീരേന്ദ്ര കുമാറിന്റെ ജെ ഡി (യു) നല്‍കുന്ന തലവേദന താങ്ങാവുന്നതിലും അധികമാണ്. മാണിയെ എല്‍ഡിഎഫിലേക്കു വേണ്ടേ വേണ്ട എന്ന് കട്ടായം പറയുന്ന സിപിഐ വീരനെ ഇരു കയ്യും നീട്ടി എല്‍ഡിഎഫിലേക്കു സ്വീകരിക്കുന്ന കാര്യത്തില്‍ സി പി എമ്മിനോട് മത്സരിക്കുകയാണ്. അപ്പോള്‍ പിന്നെ എന്ത് ചെയ്യും?

http://www.azhimukham.com/kerala-jdu-kerala-party-will-stay-with-sharath-yadav-and-expecting-ldf-entry/

യുഡിഎഫ് കനിഞ്ഞു നല്‍കിയ രാജ്യസഭാ അംഗത്വം വീരന്‍ ഇനിയും രാജി വെച്ചിട്ടില്ല. ഇപ്പം വെക്കും, ഇപ്പം വെക്കും എന്ന ഭീഷണി തുടങ്ങിയിട്ട് കാലം കുറച്ചായി. ഏറ്റവും ഒടുവില്‍ ഇന്നലെ പറഞ്ഞത് മൂന്ന് ദിവസത്തിനുള്ളില്‍ അത് ഉണ്ടാകുമെന്നാണ്. അപ്പോഴും മുന്നണി മാറ്റത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന ആശ്വാസത്തിലാണ് ചെന്നിത്തല. അല്ലെങ്കിലും ആളുകള്‍ ഇങ്ങനെയാണ്, അപകടം മുന്നില്‍ കാണുമ്പോഴും ഒന്നും സംഭവിക്കില്ല എന്ന് വെറുതെ കയറി പ്രത്യാശിച്ചു കളയും. എന്തായാലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് പയ്യെ പയ്യെ ചെന്നിത്തലയും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു. ഇത് ഇന്നലത്തെ പ്രസ്താവനയുടെ ടോണില്‍ നിന്നും വ്യക്തമാണ്. ഇനിയുള്ള ഏക പ്രതീക്ഷ വീരനോട് അതൃപ്തിയുള്ള ജെ ഡി (എസ്) നേതാക്കളിലാണ്. പക്ഷെ അവിടെയും ഉണ്ട് ഒരു പ്രശ്നം. ദേവഗൗഡയുമായി വീരന്‍പ്രശ്‌നം നേരില്‍ സംസാരിക്കാന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര നേതാക്കള്‍ തന്നെ രംഗത്ത് ഇറങ്ങാന്‍ പോകുന്നത്രേ. എന്തായാലും പടയൊരുക്കി പടനയിച്ചില്ലേ. ഇനിയെല്ലാം വരുംപോലെ കാണാം എന്ന് ആശ്വസിക്കുകയെ നിവര്‍ത്തിയുള്ളു.

http://www.azhimukham.com/kerala-cpi-mouth-piece-janayugam-criticize-cpim-alliance-with-km-mani/

http://www.azhimukham.com/kerala-congress-mouthpiece-veekshanam-against-km-mani-by-antony-k-a/

http://www.azhimukham.com/keralam-km-mani-is-moving-to-ldf-after-35-years/

http://www.azhimukham.com/km-mani-kerala-congress-m-youth-front-letter-oommen-chandy-ramesh-chennnithala-justin-abraham-azhimukham/

http://www.azhimukham.com/km-mani-bar-corruption-assembly-ruckus-udf-p-sujathan/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories