Top

"പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്"

"പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്"
കൊച്ചി ചിലവന്നൂരില്‍ ഡിഎല്‍എഫ് കായല്‍ കയ്യേറി നിര്‍മ്മിച്ച ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ബന്ധപ്പെട്ടായിരുന്നു തീര ദേശ സംരക്ഷണ നിയമം അഥവാ സിആര്‍ഇസഡ് റൂള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തത്. കയ്യേറ്റം നടന്നുവെന്ന് വ്യക്തമായപ്പോള്‍ തീര ദേശ സംരക്ഷണ നിയമത്തില്‍ 'പിഴയടച്ചു തീര്‍പ്പാക്കല്‍' എന്നൊരു വ്യവസ്ഥ ഇല്ലാതിരുന്നിട്ടു കൂടി 420 കോടി വിലമതിക്കുന്ന ഫ്‌ളാറ്റിന് വെറും ഒരു കോടി രൂപ പിഴ നിശ്ചയിച്ചു കേസ് തീര്‍പ്പാക്കിയ ഹൈക്കോടതി നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഭൂമാഫിയയ്ക്ക് ഏറ്റവും താത്പര്യമുള്ള കേരളത്തിലെ കായല്‍ കടല്‍ തീരങ്ങളെയും തുരുത്തുകളെയും ചൂഷണത്തില്‍ നിന്നും വലിയൊരളവു വരെ സംരക്ഷിച്ചിരുന്നത് 2011 ല്‍ കര്‍ശന വ്യവസ്ഥകളോടെ നിലവില്‍ വന്ന തീര ദേശ സംരക്ഷണ നിയമമായിരുന്നു. എന്നാല്‍ തീരദേശ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം ഏറെക്കുറെ അവസാനിപ്പിച്ചുകൊണ്ട് തീരദേശ സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്.

നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഇളവു ചെയ്ത് പുതിയ വിജ്ഞാപനം ഇറക്കുന്നതിനു പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം അനുമതി നല്‍കിക്കഴിഞ്ഞു. തീരമേഖലയുടെ പരിസ്ഥിതി പരിപാലനവും സാമ്പത്തിക വികസനവും ഉറപ്പാക്കുന്ന നടപടിയെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിശേഷിപ്പിച്ച ഈ നടപടി കേരളത്തിലെ തീരമേഖലയെയും അവിടുത്തെ മത്സ്യ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പങ്കു വയ്ക്കുന്നത്. കടല്‍ത്തീര സംബന്ധമായ കാര്യങ്ങളില്‍ നിയമ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്മെന്റിനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന വ്യവസ്ഥകള്‍ അടങ്ങിയ നിയമ ഭേദഗതി കണ്ടല്‍ക്കാടുകളുടെ നശീകരണം വരെ നിയമ വിധേയമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കായി തീരമേഖല തുറന്നു കൊടുക്കുമ്പോള്‍ ആദിവാസികളെ പോലെ തങ്ങളും കുടിയിറക്കപ്പെടുമോ എന്ന് തീരദേശ വാസികളും മത്സ്യ തൊഴിലാളികളും ഭയപ്പെടുന്നു.

തീരദേശ മേഖലയിലെ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് 2011 ല്‍ നിലവില്‍ വന്ന കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ റുളാണ് (CRZ ) ഇതോടുകൂടി വന്‍മാറ്റങ്ങള്‍ക്ക് വിധേയമാവുന്നത്. 2011 ലെ ഈ നിയമ ഭേദഗതിയ്ക്ക് എതിരെ പല മേഖലകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ തീരദേശ സംരക്ഷണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികളെ കുറിച്ച് പഠിക്കാന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്ന ഡോ. ഷൈലേഷ് നായികിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. ഈ കമ്മറ്റി 2015ല്‍ അവരുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചു. ഈ സമയത്തു തന്നെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ഡോ. ടി എസ്ആര്‍ സുബ്രമണ്യം അധ്യക്ഷനായ മറ്റൊരു കമ്മറ്റിയെ കൂടി കേന്ദ്രം നിയോഗിക്കുകയുണ്ടായി. ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഈ കമ്മറ്റിയുടെ ദൗത്യം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നവയാണ് ഇവിടുത്തെ പരിസ്ഥിതി നിയമങ്ങള്‍ എന്നായിരുന്നു ടി എസ് ആര്‍ സുബ്രമണ്യം കമ്മറ്റിയുടെ കണ്ടെത്തല്‍. അതിനാല്‍ കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് തടസ്സമായി നില്‍ക്കുന്ന പരിസ്ഥിതി നിയമങ്ങള്‍ എടുത്തുകളയണമെന്ന ശുപാര്‍ശയാണ് ഈ കമ്മറ്റി കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ചത്.

https://www.azhimukham.com/offbeat-sagarmala-project-behind-new-crz-notification-rejimonkuttappan/

ഈ രണ്ടു കമ്മറ്റികളുടെയും ശുപാര്‍ശകള്‍ പരിഗണിച്ചുകൊണ്ട് തീരദേശ പരിസ്ഥിതി നിയമങ്ങളില്‍ കൊണ്ടുവരാന്‍ പോകുന്ന ഭേദഗതികളെ സംബന്ധിച്ച് ഒരു കരടു രേഖ 2018 ഏപ്രില്‍ മാസത്തില്‍ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കായി കേന്ദ്രം നല്‍കുകയുണ്ടായി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് പരിശോധിച്ചു മറുപടി നല്‍കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്. ഈ കരട് രേഖ യാതൊരു എതിര്‍പ്പും കൂടാതെ ആദ്യം അംഗീകരിച്ചത് കേരള സംസ്ഥാന ക്യാബിനറ്റ് ആയിരുന്നു. അതനുസരിച്ചുള്ള ഭേദഗതികളാണ് ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ നിക്ഷേപ/ടൂറിസം മേഖലകള്‍ക്ക് അനുകൂലമെന്ന സൂചനകള്‍ നല്‍കുന്ന ഈ വിജ്ഞാപനം കേരളത്തില്‍ ബാധകമാവുന്നത് താഴെ പറയുന്ന വിധത്തിലാവും.

. സമുദ്ര തീരത്തുള്ള നിര്‍മ്മാണ നിയന്ത്രണം 55 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 15 ചതുരശ്ര കിലോമീറ്ററായി കുറയും

കായല്‍ തീരത്തുള്ള നിര്‍മ്മാണ നിയന്ത്രണം 230 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നത് 114 ആകും

ദ്വീപുകള്‍, ജലാശയങ്ങള്‍ എന്നിവയുടെ തീരങ്ങളിലെ നിര്‍മാണ നിയന്ത്രണം 50 മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി ചുരുക്കും

ജനസാന്ദ്രത കൂടിയ ഗ്രാമീണ തീരദേശ മേഖലയിലെ നിര്‍മാണത്തിനുള്ള നിയന്ത്രണപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി ചുരുക്കും


കായല്‍, വേലിയേറ്റ പ്രഭാവമുള്ള ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ നിരോധനം 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറയ്ക്കും

സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകളുടെ കരുതല്‍ മേഖല നീക്കം ചെയ്യാന്‍ അനുവദിക്കും

തീരപ്രദേശ നിര്‍മ്മാണങ്ങളില്‍ ഫ്‌ലോര്‍ ഏരിയ അനുപാതത്തിനു പകരം ഫ്‌ലോര്‍ സ്‌പേസ് സംവിധാനം ഉപയോഗിക്കാം (ഫ്‌ലോര്‍ ഏരിയ അനുപാത പ്രകാരം സ്ഥല വിസ്തൃതിയുടെ ഒന്നര ഇരട്ടി വരെയുള്ള കെട്ടിടങ്ങള്‍ക്കേ അനുമതി ലഭിക്കുമായിരുന്നുള്ളു)


ടൂറിസവുമായി ബന്ധപ്പെട്ടു ശുചിമുറികള്‍, ചെയ്ഞ്ച് റൂമുകള്‍, കുടിവെള്ള സൗകര്യം എന്നിവ നോ ഡെവലപ്‌മെന്റ് സോണിലും അനുവദിക്കും. എന്നാല്‍ ഇവ വേലിയേറ്റ മേഖലയുടെ 10 മീറ്ററിനുള്ളില്‍ വരാന്‍ പാടില്ല

പരിസ്ഥിതി ദുര്‍ബല മേഖലയ്ക്ക് പ്രത്യേക നിയന്ത്രണ വ്യവസ്ഥകള്‍ (ഇവയെന്തെന്നു വ്യക്തമാക്കുന്നില്ല)

കഴിഞ്ഞ 2018 മെയ് മാസത്തില്‍ കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ വച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേര്‍ന്ന് നിയമ ഭേദഗതിയുടെ കരടു രേഖ ചര്‍ച്ച ചെയ്യാന്‍ ഒരു വര്‍ക് ഷോപ്പ് സംഘടിപ്പിക്കുകയുണ്ടായി. തീര മേഖലയെ സംരക്ഷിച്ചു കൊണ്ട് തന്നെ നിലനില്‍ക്കുന്ന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നായിരുന്നു അതില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശം. കാരണം തീരദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് പുതുതായി ഒരു വീട് പോലും നിര്‍മ്മിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു 1991 ല്‍ ആദ്യ തീരദേശ സംരക്ഷണ നിയമം വന്ന സമയം മുതല്‍ ഉണ്ടായിരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിലും നിരവധി പരാതികള്‍ എത്തിയിരുന്നു. നിയമ ഭേദഗതിയുടെ പുതിയ കരടു രേഖ വരുന്നതിനൊക്കെ മുന്‍പ് മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടന്നിരുന്നു.

https://www.azhimukham.com/kerala-sagarmala-project-and-fisher-workers-protest-report-arathi/

2014 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കേന്ദ്ര മന്ത്രാലയത്തിന് ഒരു കത്തയച്ചിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് വീട് വയ്ക്കുന്നതിനുള്ള നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്ന് 100 മീറ്ററായി കുറയ്ക്കണം എന്നായിരുന്നു ആ കത്തിലെ പ്രധാന ശുപാര്‍ശ. അതോടൊപ്പം 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഇളവുകളെല്ലാം തന്നെ മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഭൂമാഫിയകള്‍ക്ക് തീരമേഖലയെ വിട്ടു കൊടുക്കരുതെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. 2015 ല്‍ കേരള തീരദേശ പരിപാലന അതോറിറ്റി ഈ വിഷയങ്ങള്‍ വിശദമായി പഠിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ടൂറിസം ഒരു യാഥാര്‍ഥ്യമാണെന്നും അതിനെ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവാന്‍ സംസ്ഥാനത്തിന് മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയ ആ റിപ്പോര്‍ട്ടില്‍ വിനോദ സഞ്ചാര പ്രാധാന്യമുള്ള ഇരുപത്തിയൊന്ന് സ്ഥലങ്ങളെ പ്രത്യേകം തരം തിരിച്ചുകൊണ്ട് തീരദേശ നിര്‍മാണ നിയന്ത്രത്തിലെ ഇളവ് പ്രസ്തുത പ്രദേശങ്ങളിലും ബാധകമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 14 ഗ്രാമ പഞ്ചായത്തുകളും 7 നഗര പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഈ മേഖലകളില്‍ മാത്രമായി ടൂറിസത്തിനുള്ള ഇളവ് പരിമിതപ്പെടുത്തണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

1986 ലെ ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം, ഹൈ ടൈഡ് ലൈനില്‍ നിന്നും 500 മീറ്ററും കടല്‍, തടാകങ്ങള്‍, കായലുകള്‍, വെള്ളച്ചാട്ടങ്ങള്‍, വേലിയേറ്റതലം എന്നിവയില്‍ നിന്നും 100 മീറ്ററും ദൂരപരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് തീരദേശ മേഖലയായി കണക്കാക്കുന്നത്. ഇവയെ CRZ 1(പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍), CRZ 2 (നഗരങ്ങളും കോര്‍പ്പറേഷനുകളും ഉള്‍പ്പെടുന്ന വികസിത മേഖല), CRZ 3 (ഗ്രാമീണ മേഖല), CRZ 4 (കടല്‍ - കായല്‍ ജലാശയവും അടിത്തട്ടും) എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ജന സാന്ദ്രത കൂടിയ ഗ്രാമങ്ങള്‍ക്ക് നഗരങ്ങളുടെ സ്വഭാവമാണെന്ന പ്രത്യേക വിലയിരുത്തലിലൂടെ പുതിയ ഒരു ഉപവിഭാഗത്തെ ഇപ്പോഴത്തെ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജനസംഖ്യ മൂലം നഗരമായി കരുതുന്ന തീരദേശ ഗ്രാമങ്ങളെ CRZ3( A ) എന്ന വിഭാഗമായാവും ഇനി പരിഗണിക്കുക. എന്നാല്‍ ഇതിലൂടെ ഒളിച്ചു കടത്തുന്നത് ഒരു വലിയ ചതിയാണെന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് അഴിമുഖത്തോട് പറഞ്ഞു.

'ഇപ്പോള്‍ കൊണ്ടു വരുന്ന ഭേദഗതിയുടെ കരടു രേഖ ചര്‍ച്ച ചെയ്ത സമയത്ത് തന്നെ തീരമേഖലയും അവിടുത്തെ ആവാസ വ്യവസ്ഥയും സംരക്ഷിച്ചു കൊണ്ടു തന്നെ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കണം എന്ന ആവശ്യമായിരുന്നു ഞങ്ങള്‍ മുന്നോട്ട് വച്ചത്. 1991 ല്‍ ആദ്യ നിര്‍മാണ നിയന്ത്രണം കൊണ്ടു വരുമ്പോള്‍ ജനിച്ച തീരദേശത്തെ കുട്ടികള്‍ക്ക് ഇപ്പോള്‍ 28 വസ്സായിട്ടുണ്ടാവും എന്നാല്‍ അവര്‍ക്ക് പുതുതായി ഒരു വീട് വയ്ക്കാനോ മാറി താമസിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഈ വൈഷമ്യം പരിഹരിക്കണമെന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗത്തെയും അതു നിലനിര്‍ത്താന്‍ സഹായിക്കുന്ന തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തണമെന്നും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് ആവര്‍ത്തിച്ചു ആവശ്യപ്പെടുകയും ചെയ്തിരുന്നു.


എന്നാല്‍ 2161-ല്‍ അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ CRZ 2 എന്ന വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിന് പകരം CRZ 3A എന്നൊരു ഉപവിഭാഗത്തിനു രൂപം കൊടുക്കുകയാണുണ്ടായത്. ഇത് പുറമെ തേന്‍പുരട്ടിയ കാളകൂട വിഷം തന്നെയാണ്. കേരളത്തിലെ തീരമേഖലകളില്‍ മിക്കവാറും എല്ലാ പ്രദേശത്തും ജനസാന്ദ്രത 2200 നു അടുത്ത് വരുന്നുണ്ട്. അപ്പോള്‍ അവയെല്ലാം CRZ 3A എന്ന വിഭാഗത്തില്‍ വരും. ഈ പ്രദേശങ്ങളില്‍ ടൂറിസം, റിയല്‍ എസ്റ്റേറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താനുള്ള അനുമതിയാണ് ഇതുവഴി ഭൂ മാഫിയകള്‍ക്ക് ലഭിക്കുന്നത്. തീരദേശ സംരക്ഷണ നിയമത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ഈ നടപടി ഏറ്റവും ദോഷകരമായി ബാധിക്കുക മത്സ്യ തൊഴിലാളികളെയാണ്. തീര പ്രദേശത്തെ ഭൂമി മത്സ്യ തൊഴിലാളികളില്‍ നിന്ന് കൈവശപ്പെടുത്താനാണ് ഭൂ മാഫിയ ആദ്യം ശ്രമിക്കുക. ഒടുവില്‍ ആദിവാസികള്‍ക്ക് സംഭവിച്ചത് മത്സ്യ തൊഴിലാളികളുടെ കാര്യത്തിലും ആവര്‍ത്തിക്കപ്പെടും. ഇതുവരെ തീര ദേശ സംരക്ഷണ നിയമം ലംഘിച്ചു നടത്തിയ എല്ലാ നിര്‍മ്മിതികള്‍ക്കും ഇതോടെ അംഗീകാരം ലഭിക്കും.'


ആറു വന്‍കിട തുറമുഖങ്ങള്‍ വിഭാവനം ചെയ്യുന്ന സാഗര്‍ മാല പദ്ധതി, പുതു വൈപ്പിനില്‍ തീര പ്രദേശത്തു കൊണ്ടുവരുന്ന ഐഒസി ടെര്‍മിനല്‍, പുതുതായി രൂപീകരിക്കുന്ന 12 കോസ്റ്റല്‍ ഡെവലപ്‌മെന്റ് സോണുകള്‍, 14 കോസ്റ്റല്‍ ഡെവലപ്‌മെന്റ് ഏരിയകള്‍ എന്നിവയിലൂടെ ഒക്കെ ഇന്ത്യയിലെ തീര പ്രദേശം മുഴുവന്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന നയമാണ് ഗവണ്മെന്റ് സ്വീകരിക്കുന്നതെന്ന ആശങ്കയും മത്സ്യ തൊഴിലാളികള്‍ പങ്കു വയ്ക്കുന്നു.
'തീരദേശ സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ഇതുവഴി ഇവിടെ വലിയ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. നാളിതുവരെ തീരമേഖലയില്‍ പരിസ്ഥിതി സന്തുലനത്തെ അട്ടിമറിച്ചു കൊണ്ട് നടപ്പിലാക്കിയ പദ്ധതികള്‍ കൊണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം ലഭിച്ചു? മത്സ്യ തൊഴിലാളിള്‍ക്ക് പുരോഗതി, തൊഴിലവസരം എന്നൊക്കെ പറഞ്ഞ് ശുദ്ധ തട്ടിപ്പാണ് കേന്ദ്ര ഗവണ്മെന്റ് നടത്തുന്നത്.'


പുതിയ നിയമ പ്രകാരം കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു അനുമതി കൊടുക്കാനുള്ള അവകാശം കേന്ദ്ര ഗവണ്‍മെന്റിനാണ്. ഇത് സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശത്തിന് മേലുള്ള കൈകടത്തലായും വ്യഖ്യാനിക്കപ്പെടുന്നുണ്ട്. ഭരണഘടനയുടെ ഇരുന്നൂറ്റി നാല്‍പ്പത്തി ഒന്‍പതാം വകുപ്പ്, ഏഴാം ഷെഡ്യൂള്‍ എന്നിവയനുസരിച്ചു പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലിലെ മത്സ്യ ബന്ധനവും മറ്റും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാണ്. തീര ദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ സംസ്ഥാനങ്ങള്‍ക്ക് കടലിലും തീരപ്രദേശത്തുമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്.

കേരളത്തിലെ കടല്‍, കായല്‍ തീരങ്ങളും തുരുത്തുകളും കണ്ടല്‍ക്കാടുകളും വന്‍കിട കുത്തകകളുടെ കയ്യിലേക്ക് ചെന്നെത്തുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ചാള്‍സ് ജോര്‍ജിനെ പോലെയുള്ള മത്സ്യ തൊഴിലാളി സംഘടനാ നേതാക്കളുടെ നിഗമനം. തീര മേഖലയുടെ കാര്യത്തില്‍ മാറി മാറി വന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ കാണിച്ച ഉദാസീനതയും ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായതായി ഇവര്‍ ആരോപിക്കുന്നു. '2011 ല്‍ തീരദേശ സംരക്ഷണ നിയമം നിലവില്‍ വന്നപ്പോള്‍ തന്നെ കേരളം, നവി മുംബൈ, ഗോവ എന്നീ പ്രദേശങ്ങളിലെ ഗവണ്മെന്റുകളോട് ഇവിടങ്ങളിലെ ഭൂപ്രകൃതി, ജനസാന്ദ്രത എന്നീ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചു നിയമത്തില്‍ ഏതെങ്കിലും മാറ്റങ്ങള്‍ ആവശ്യമായി വരുമോ എന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെടുകയും അതിന് 2013 ഫെബ്രുവരി ഒന്ന് വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ കേരള ഗവണ്മെന്റ് ഈ വിഷയത്തില്‍ ഒരു പഠനം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഉണ്ടായില്ല. ഈ എട്ടു വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഭരണത്തില്‍ വന്ന രണ്ടു ഗവണ്മെന്റുകളും തീര മേഖലയുടെ വിഭവ ഭൂപടം തയ്യാറാക്കാനോ കോസ്റ്റല്‍ ഡെവലപ്‌മെന്റ് പ്ലാനിനു രൂപം കൊടുക്കാനോ ശ്രമിച്ചിട്ടില്ല'.


2011 ലെ തീരദേശ സംരക്ഷണ നിയമം വേമ്പനാട്ട് കായല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബലമായി കണക്കാക്കുകയും അവയെ CVCA ( Crtically Vunerable Coastal Area) എന്ന വിഭാഗത്തില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പോലും നിയമം ലംഘിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വേമ്പനാട്ട് കായലിലെ തുരുത്തുകള്‍ മുഴുവന്‍ വന്‍കിട കയ്യേറ്റക്കാരുടെ കൈവശം എത്തിച്ചേര്‍ന്നിരിക്കുന്നു. ഇവിടങ്ങളിലെ ചില വന്‍ കെട്ടിടങ്ങള്‍ തീര ദേശ സംരക്ഷണ നിയമ പ്രകാരം കോടതി തടഞ്ഞിരുന്നു. പുതിയ ഭേദഗതി പ്രകാരം ഇനി മുതല്‍ അത്തരം കയ്യേറ്റങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ സാധിക്കുകയില്ല.

കേരളത്തിലെ പരിസ്ഥിതി ലോലമായ തുരുത്തുകളും തീര പ്രദേശങ്ങളും കയ്യേറിയ ഭൂ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുത്തിരുന്ന സംസ്ഥാനത്തെ കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പ്രതിരോധങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടി വരെ സര്‍ക്കാര്‍ സ്വീകരിച്ചതായി ചാള്‍സ് ജോര്‍ജ്ജ് ആരോപിക്കുന്നു. 'വേമ്പനാട്ട് കായലിലെ വലിയ തുരുത്ത് എന്നറിയപ്പെടുന്ന എട്ട് ഏക്കറോളം വരുന്ന തുരുത്ത് മുത്തൂറ്റ് ഗ്രൂപ്പ് കയ്യേറുകയും മണ്ണും ലാവലും കൊണ്ടു വന്ന് നിറച്ചു തുരുത്തിന്റെ വിസ്തൃതി 20 ഏക്കറാക്കി അവിടെ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇതിനെതിരെ കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയുടെ പിന്‍തുണയോടെ ഞങ്ങള്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചുകൊണ്ട് മുത്തുറ്റിന്റെ കയ്യേറ്റത്തിനെതിരായ ഉത്തരവ് നേടി. എന്നാല്‍ കോടതി പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട കെട്ടിടങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ അനുവദിക്കണം എന്ന വിചിത്ര ആവശ്യവുമായി ഇപ്പോളവര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്ന കോസ്റ്റല്‍ മാനേജ്മെന്റ് അതോറിറ്റിയിലെ പദ്മ മെഹ്ദി, ഹരി നാരായണന്‍ എന്നീ ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി സ്ഥലം മാറ്റുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ കേന്ദ്രം കൊണ്ടുവരുന്ന ഭേദഗതിയിലൂടെ മുത്തുറ്റിന്റെതുള്‍പ്പെടയുള്ള കയ്യേറ്റങ്ങള്‍ നിയമാനുസൃതമാവുകയും ചെയ്തു. സിപിഎം കേന്ദ്രകമ്മറ്റി തീര ദേശ സംരക്ഷണ നിയമം ദുര്‍ബ്ബലമാക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുക്കുമ്പോള്‍ സിപിഎം മുഖ്യ പാര്‍ട്ടിയായ ഇടത് മുന്നണി ഭരിക്കുന്ന കേരളത്തില്‍ നിന്നും യാതൊരു വിധ പ്രതിരോധങ്ങളുമുണ്ടാവാത്തത് ഞങ്ങളെ ഏറെ നിരാശരാക്കുന്നുണ്ട്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കടലും തീരവും ചൂഷണം ചെയ്യാന്‍ കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന പുതിയ പദ്ധതിയാണിത്. സുനാമി, ഓഖി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെല്ലാം അനുഭവിച്ചിട്ടും പരിസ്ഥിതി സംരക്ഷണത്തെ ഗൗരവമായി കാണാന്‍ സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ തയ്യാറല്ല എന്നതാണ് സത്യം.'

പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും അന്നം തരുന്ന കടലിനെയും തീരത്തെയും കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് വിട്ടുകൊടുത്ത് തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുതേ എന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.

https://www.azhimukham.com/update-centre-to-relax-coastallaws-rules/

Next Story

Related Stories