UPDATES

‘അവര്‍ ഞങ്ങളെ കൊല്ലുമായിരുന്നു’; ഏഴുവയസുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ നിന്ന് നാട്ടുകാര്‍ ആട്ടിയോടിച്ച കുടുബം സംസാരിക്കുന്നു

‘എന്റെ ചങ്ക് തകരുകയാണ്, ആ പൊടിക്കുഞ്ഞിനെ അവനു കൊണ്ടക്കൊടുത്തു എന്നാണ് പറയുന്നത്’

‘ആ നാട്ടില്‍ നിന്ന് ഇറങ്ങിയത് ഇഷ്ടത്തോടെയല്ല. പക്ഷെ ഇനി ഞങ്ങള്‍ക്ക് അങ്ങോട്ട് പോവണ്ട. എന്റെ കുഞ്ഞിനെ കൊല്ലാന്‍ ഞാന്‍ രാജേഷിന് കൊണ്ടെക്കൊടുത്തു എന്ന് പറയുന്ന ആ നാട്ടിലേക്ക് ഞങ്ങക്കിനി പോവണ്ട.’; പറയുന്നത് അനിത, കുളത്തൂപ്പുഴയില്‍ പീഡിപ്പിച്ച് കൊന്ന് ഏഴ് വയസ്സുകാരിയുടെ അമ്മൂമ്മ. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ മരണത്തിന് വീട്ടുകാരാണ് ഉത്തരവാദികള്‍ എന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ ഏരൂരില്‍ നിന്ന് തുരത്തി. നാടും വീടും ഉപേക്ഷിച്ച് പോരേണ്ടി വന്ന കുടുംബം ഇപ്പോള്‍ കിളിമാനൂരിലെ കുടുംബവീട്ടിലാണ്. തങ്ങള്‍ കുറച്ചുദിവസങ്ങളായി അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ അനിത അഴിമുഖത്തോട് പറഞ്ഞു.

‘ഞാന്‍ എന്റെ കുഞ്ഞിനെ രാജേഷിന് കൊണ്ടെക്കൊടുത്തു എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഞാന്‍ അവന്റെ കൂടെ വിട്ടത് പോലുമല്ല. അന്ന് രാവിലെ രാജേഷ് ചോറും പൊതികെട്ടി ജോലിയ്ക്ക് പോവാനായി ഇറങ്ങിയതാണ്. ഞാനും എന്റെ കുഞ്ഞും പിന്നെയാണ് ഇറങ്ങുന്നത്. ഞാനും കുഞ്ഞും കൂടി ട്യൂഷന്‍ ക്ലാസിലേക്ക് നടക്കുന്ന സമയത്ത് അവന്‍ അവിടെ ഇടവഴിയില്‍ നില്‍ക്കുന്നത് കണ്ടു. രാജേഷ് നില്‍ക്കുന്നതിന്റെ താഴെയാണ് ട്യൂഷന്‍ ക്ലാസ്. അവനവിടെ നില്‍ക്കുന്നത് കൊണ്ട് ‘മക്കളെന്നാ അതിലൂടെ ഇറങ്ങിപ്പോ, ഞാനതിലൂടെ വരണ്ടല്ലോ, ഞാന്‍ ജോലിക്ക് പോവാം’ എന്ന് കൊച്ചിനോട് പറഞ്ഞാണ് വിട്ടത്. ഞങ്ങള്‍ നില്‍ക്കുന്നത് കുറച്ച് ദൂരെയായിരുന്നു. സംസാരിച്ചാല്‍ കേള്‍ക്കില്ല. അവനെന്നെ ഫോണ്‍ ചെയ്തിട്ട് സ്‌കൂളിനടുത്തുള്ള ഒരു കടയിലാണ് ഇന്ന് പണിയെന്ന് പറഞ്ഞു. ഇത് കേട്ടുകൊണ്ടാണ് എന്നാല്‍ ഞാനും ജോലിക്ക് പോകുവാണെന്ന് പറഞ്ഞ് അവിടന്ന് തിരിഞ്ഞ് നടക്കുന്നത്. അപ്പോഴേക്കും സമയം ഏഴേമുക്കാലായിരുന്നു. അവന്‍ എന്റടുത്തുന്ന് വിളിച്ചുകൊണ്ട് പോയതോ, ഞാന്‍ അവനെ ഏല്‍പ്പിച്ചതോ അല്ല. വീട്ടില്‍ നിന്ന് വന്ന ഒരാളല്ലേ, അവന്റെ അടുത്തുകൂടെ ട്യൂഷന്‍ക്ലാസ്സിലേക്ക് ഇറങ്ങിപ്പൊയ്‌ക്കോ എന്നൊരു വാക്ക് ഞാന്‍ പറഞ്ഞുപോയി. ഇന്ന് നാട്ടുകാരെല്ലാം പറയുന്നത് അമ്മൂമ്മത്തള്ള ചിറ്റപ്പന്‍ തന്തയ്ക്ക് കൊണ്ടെക്കൊടുത്തു എന്നാണ്. അത് കേള്‍ക്കുമ്പോഴേ എന്റെ നെഞ്ച് തകര്‍ന്ന് പോവുകയാണ്. ഏഴ് വര്‍ഷം ഞങ്ങള്‍ കഷ്ടപ്പെട്ടതെല്ലാം അവള്‍ക്ക് വേണ്ടിയാണ്. ഇത്രയും സംരക്ഷിച്ച് വളര്‍ത്തിയിട്ട് അവന് കൊണ്ടക്കൊടുക്കണമെങ്കില്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? അതിന് പകരം എന്റെ മക്കളെ വിറ്റാല്‍ പോരായിരുന്നോ എനിക്ക്? അല്ലാതെ അരുമയായ ഒരു പൊടിക്കുഞ്ഞിനെ അവന് കൊണ്ടക്കൊടുക്കുമോ? എന്റെ മക്കളെ ഞാന്‍ വിറ്റ് തിന്നിട്ടില്ല. പിന്നെയെന്തിനാണ് എന്റെ കുഞ്ഞിനെ ഞാന്‍ അങ്ങനെ ചെയ്യുന്നത്? സംസാരിക്കുന്നവര്‍ക്ക് എന്തും പറയാം. അതുകൊണ്ട് ഇനി ആ നാട്ടിലേക്ക് ഞങ്ങള്‍ക്ക് വരണ്ട.

‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

 

ഞങ്ങടെ കുഞ്ഞിന്റെ ദേഹം വീട്ടില്‍ കൊണ്ട് വന്നിട്ട് ഞങ്ങളെ ഒന്ന് തൊടാന്‍ കൂടി സമ്മതിച്ചില്ല. ഒരു നോക്ക് കണ്ടു. അപ്പഴേക്കും കുഞ്ഞിന്റെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോകുവാന്ന് പറഞ്ഞ് അവരെല്ലാം കൂടി കുഞ്ഞിനെ എടുത്തോണ്ട് പോയി. ആ പോക്ക് പോയി വന്നതിന് ശേഷം അവിടെ വലിയ പ്രശ്‌നങ്ങള്‍ നടന്നു. ഞങ്ങടെ വീടിനടുത്ത് ഭയങ്കര ഉന്തും തള്ളും ബഹളവുമെല്ലാം. പോലീസ് നിന്നിട്ട് പോലും അതൊന്നും കണക്കിലെടുക്കാതെ അയല്‍വീട്ടുകാരെല്ലാം ചേര്‍ന്ന് വലിയ പ്രശ്‌നങ്ങളായിരുന്നു. ഞങ്ങളെക്കേറി അടിക്കണം എന്ന് പറഞ്ഞായിരുന്നു ബഹളം. ഞങ്ങളൊന്നും മിണ്ടാതെ വീട്ടിനുള്ളില്‍ ഇരിക്കുവായിരുന്നു. അപ്പഴേക്കും രണ്ട് പോലീസ് സാറന്‍മാര്‍ വന്ന് ‘നിങ്ങള്‍ ഒരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകരുത്. നിങ്ങള്‍ക്കാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. നിങ്ങള്‍ക്കേ ക്ഷമിക്കാന്‍ പറ്റൂ. അവരുമായിട്ട് വഴക്കിനോ ബഹളത്തിനോ പോയാല്‍ നിങ്ങള്‍ ഒറ്റക്കായിപ്പോവും’ എന്ന് പറഞ്ഞു. അത് സത്യമായ കാര്യമായിരുന്നു. എല്ലാവരും കൂടെ അങ്ങനെയാണ് പാഞ്ഞ് കേറിയത്. അതുകഴിഞ്ഞ് നിങ്ങള്‍ വല്ല ആഹാരമോ വെള്ളമോ ഒക്കെ കുടിക്ക് എന്ന് പറഞ്ഞ് പോലീസുകാര് പോയി. ഞങ്ങളിച്ചിരി വെള്ളോം കുടിച്ചേച്ച് കിടന്നുറങ്ങി. താഴെ വീട്ടില്‍ നിന്ന് കണക്ഷന്‍ കൊടുത്ത് ഞങ്ങടെ വീട്ടിന് മുന്നില്‍ രണ്ട് ട്യൂബ് ലൈറ്റ് കൊണ്ടുവച്ചിരുന്നു. അന്ന് രാത്രി ഈ പ്രശ്‌നം കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് പത്ത് മണിയൊക്കെ കഴിഞ്ഞപ്പോള്‍ അവരത് അണച്ചു. ഞങ്ങളൊന്നും പറയാന്‍ പോയില്ല. കാരണം ഞങ്ങളുടെ മുറ്റത്ത് അപ്പഴും ഞങ്ങക്കുള്ള വെട്ടമുണ്ടായിരുന്നു. ഞങ്ങളൊന്ന് മുറ്റത്തോട്ട് ഇറങ്ങിയതും അയല്‍വീട്ടിലെ രണ്ട് പേര്‍ ഞങ്ങടെ വീട്ടിലേക്ക് ലൈറ്റ് അടിച്ചിട്ട് ചീത്തവിളി തുടങ്ങി. ‘നിനക്കൊക്കെ ഇനി ഞങ്ങള്‍ വെളുക്കും വരെ ലൈറ്റ് ഇട്ട് തരാടീ’ എന്ന് പറഞ്ഞായിരുന്നു.

"</p

ആ കാര്യം പോലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നപ്പോള്‍ അവരുടെയടുത്തും പരാതി പറഞ്ഞു. അതുകഴിഞ്ഞ് ഒരു എട്ടുമണി സമയത്ത് ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അയല്‍ വീട്ടില്‍ പെണ്ണുങ്ങളൊക്കെ കൂടി നിന്ന് ചീത്തവിളി തുടങ്ങി. എന്നിട്ടും ഞങ്ങളൊന്നും മിണ്ടാതെ നോക്കിനിക്കുകയായിരുന്നു. അപ്പോഴേക്കും താഴെ വയലില്‍ നിന്ന് രണ്ട് പോലീസുകാര്‍ കയറി വന്ന് പ്രശ്‌നമെന്താണെന്ന് തിരക്കി. ഞങ്ങള്‍ക്കാണ് നഷ്ടപ്പെട്ടത്, പിന്നെ എന്ത് വഴക്കിന് പോവാനാണെന്ന് ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ വെല്ലുവിളിച്ചെന്നാണ് അവര്‍ പറയുന്നതെന്ന് പോലീസുകാര്‍ പറഞ്ഞു. ഇത്രയും പ്രശ്‌നത്തിനിടയില്‍പ്പെട്ട് കിടക്കുമ്പോള്‍ ഞങ്ങള്‍ ആരെ വെല്ലുവിളിക്കാന്‍ പോവാനാണ്? പോലീസുകാരെ ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. കാരണം അവര്‍ കയറി വന്നത് നാട്ടുകാരുടെ പറച്ചില്‍ കേട്ടുകൊണ്ടാണ്. പിന്നീട് കുറേക്കഴിഞ്ഞപ്പോള്‍ പെണ്ണുങ്ങളും ആണുങ്ങളുമെല്ലാം കൂടിച്ചേര്‍ന്നിട്ട് ‘ഇവളുമാരെ ഇവിടുന്ന് അടിച്ചിറക്കണം’ എന്ന് പറഞ്ഞുകൊണ്ട് ചീത്തവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ രണ്ട് പോലീസുകാര്‍ ഞങ്ങളുടെ വീടിനകത്തേക്ക് വന്നു. ‘ഇവരെല്ലാവരും കൂടി ഇങ്ങനെ വരുമ്പോള്‍ ഞങ്ങളെക്കൊണ്ട് നിയന്ത്രിക്കാന്‍ പറ്റില്ല. ഞങ്ങള്‍ രണ്ട് പേരേയുള്ളൂ. നിങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ നാട്ടുകാര്‍ ഞങ്ങള്‍ക്ക് ഒരു പരാതി തരും. ഞങ്ങള്‍ നിങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ട് പോവുന്നത് അവര്‍ക്ക് കാണണം’ എന്ന് ആ പോലീസുകാര്‍ പറഞ്ഞു. അങ്ങനെപറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാം കുഞ്ഞുമരിച്ചതിന്റെ വൈരാഗ്യം വച്ചുകൊണ്ടല്ല നാട്ടുകാര്‍ സംസാരിക്കുന്നതെന്ന്. പക്ഷെ അറസ്റ്റ് ചെയ്തുകൊണ്ട് പോവാന്‍ അവര്‍ക്കും ഒരു മനപ്രയാസമുണ്ടായിരുന്നു. കാക്കിയിട്ടിരിക്കുകയാണെങ്കിലും ഞങ്ങളുടെ വീട്ടിലെ ദു:ഖം അവര്‍ക്ക് നന്നായി മനസ്സിലായി. നാട്ടുകാരുടെ ഈ എതിര്‍പ്പ് മാറണമെങ്കില്‍ ഏതെങ്കിലും ബന്ധുക്കാരുടെ വീട്ടിലേക്ക് നിങ്ങള്‍ മാറി നില്‍ക്ക്, ഇതൊക്കെ ഒന്ന് കെട്ടടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ വന്ന് കുഞ്ഞിനുവേണ്ടിയുള്ള കര്‍മ്മങ്ങളും എല്ലാം ചെയ്യാമെന്നും ആ സാറന്‍മാര്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ വിളിച്ചാല്‍ നിങ്ങള്‍ വരുമോ എന്ന് ചോദിച്ചു. വരാമെന്ന് ഞങ്ങളും പറഞ്ഞു. അപ്പോള്‍ ഞങ്ങളുടെ മനസ്സിലെ സങ്കല്‍പ്പം ഇവര്‍ രക്ഷിക്കാനാണല്ലോ കൊണ്ടുപോവുന്നത് എന്നായിരുന്നു.

ഞാനും എന്റെ ഭര്‍ത്താവും രണ്ട് മക്കളും രണ്ട് കൊച്ചുകുട്ടികളേയും കൊണ്ട് ഇറങ്ങി വരുന്ന സമയത്ത് ഈ ജീവിതത്തില്‍ ഞങ്ങള്‍ കേള്‍ക്കാത്ത രീതിയിലുള്ള ചീത്തവിളികളാണ് കേട്ടത്. പറയാന്‍ മടിക്കുന്ന തരത്തിലുള്ള ഭാഷയിലായിരുന്നു ചീത്തവിളികള്‍. പുറത്ത് ഒരു ഓട്ടോ കിടപ്പുണ്ടായിരുന്നു. ഞങ്ങളോട് അതില്‍ കയറാന്‍ പറഞ്ഞു. ഞങ്ങളെ ഏരൂര്‍ ജംഗ്ഷനിലെത്തിക്കാന്‍ രണ്ട് പോലീസുകാരുള്‍പ്പെടെ വന്നിരുന്നു. ഓട്ടോ അല്‍പ്പം നീങ്ങിയപ്പോഴേക്കും കുറച്ച് പെണ്ണുങ്ങളും ആണുങ്ങളും കൂടി വന്ന് ഓട്ടോ തടഞ്ഞു. അതില്‍ ഒരാള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തടിച്ചു. എന്റെ കയ്യിലും, മൂത്തമകളുടെ കൈപിടിച്ച് തിരിച്ചു, ഒരാള്‍ അവളുടെ വയറ്റിലും മര്‍ദ്ദിച്ചു. ഇതെല്ലാം കഴിഞ്ഞാണ് ഞങ്ങള്‍ സ്റ്റേഷനിലെത്തുന്നത്. അവിടെ നിന്ന് ബന്ധുക്കളോടൊപ്പം കിളിമാനൂരിലേക്ക് പോന്നു. ഇപ്പോള്‍ എന്റെ അനുജത്തിയോടൊപ്പമാണ്.

ഞങ്ങളുടെ മകളുടെ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നതാണ്. ഇറങ്ങിയില്ലെങ്കില്‍ ആ നാട്ടുകാര്‍ ഞങ്ങളെ കൊല്ലുമായിരുന്നു. ഇഷ്ടത്തിനിറങ്ങിപ്പോന്നതല്ല. പോലീസുകാര്‍ വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നതാണ്. പക്ഷെ ഞങ്ങളെ കൊല്ലാനായിരുന്നു നാട്ടുകാരുടെ ഉദ്ദേശം.

എന്റെ മൂത്തമകളുടെ ഭര്‍ത്താവ് ആ നാട്ടുകാരനാണ്. അവന്റെ ബന്ധുക്കളാണ് ഞങ്ങളുടെ വീടിന് താഴോട്ടുള്ള വീടുകളിലെല്ലാം. വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. എന്നാല്‍ രണ്ട് വര്‍ഷത്തോളം മാത്രമേ അവര്‍ ഒന്നിച്ച് ജീവിച്ചിട്ടുള്ളൂ. അവര്‍ പരസ്പരം പിണങ്ങി നില്‍ക്കുന്ന കാലം മുതല്‍ പ്രദേശത്തുള്ള പലരും അതുമിതുമൊക്കെ പറഞ്ഞ് വരും. അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് കാണുമ്പോള്‍ വേറെ രീതിയിലാണ് നമ്മളോട് പിന്നെ സംസാരിക്കുന്നത്. അവര്‍ക്ക് വഴങ്ങാത്തതിന്റെ ദേഷ്യമാണ് ഓരോന്നായി തീര്‍ക്കുന്നത്. ഈ ഒരു സംഭവമുണ്ടായപ്പോള്‍ ആ അവസരം മുതലെടുത്ത് അവര്‍ ഓരോന്ന് പറഞ്ഞുപരത്തുകയാണ്.

"</p

കുറച്ച് ദിവസം മാറിത്താമസിച്ചിട്ട് തിരിച്ച് നാട്ടില്‍ വരണമെന്നാണ് പോലീസ് സാറന്‍മാര്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് അവിടെ തിരിച്ച് ചെല്ലണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ എനിക്കും എന്റെ ഭര്‍ത്താവിനും എത്രകാലം ഞങ്ങടെ മക്കള്‍ക്ക് സംരക്ഷണം നല്‍കാനാവും? ആ നാട്ടിലേക്ക് വന്നാല്‍ ആ പൊടിക്കുഞ്ഞിന് സംഭവിച്ചത് എന്റെ മക്കള്‍ക്കും സംഭവിക്കും. ഞാനും എന്റെ ഭര്‍ത്താവും കഷ്ടപ്പെട്ടിട്ടാണ് ആ കുഞ്ഞിനെ ഇതേവരെ നോക്കിയത്. അത് ഞങ്ങക്ക് നഷ്ടപ്പെട്ടുപോയി. എന്നിട്ട് പോലും ഇത്രയും ദുഷ്‌പേര് പറഞ്ഞുണ്ടാക്കുന്ന നാട്ടുകാര്‍ നാളെ ഇതിലുമപ്പുറം പറയും. രാജേഷിന്റെ സ്വഭാവം ഞങ്ങള്‍ക്കറിയാമെന്നുണ്ടെങ്കില്‍ അവനെ ഞങ്ങള്‍ വീട്ടില്‍ കയറ്റുമോ?

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങടെ കുഞ്ഞുങ്ങളും തെറ്റ് ചെയ്തിട്ടില്ല. വന്നുകേറിയവന്‍ കാലനായിത്തീര്‍ന്നത് ഞങ്ങളുടെ തെറ്റല്ല.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍