UPDATES

തോട്ടം മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു; ബോധവത്ക്കരണങ്ങള്‍ ഫലം കാണുന്നില്ല

തോട്ടം മേഖലയിലെ ശൈശവ വിവാഹത്തിന്റെ ഇരയാണ് കഴിഞ്ഞ ദിവസം, വിവാഹം ആലോചിച്ച യുവാവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 15-കാരിയായ പെണ്‍കുട്ടി.

Avatar

പി സന്ദീപ്

സ്‌കൂളുകളില്‍ നിന്നു നേരേ മണിയറകളിലേക്കു നടന്നു കയറേണ്ട അവസ്ഥയിലേക്കു മാറിയിരിക്കുകയാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങളും തോട്ടം മേഖലയും. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം നിയമങ്ങളൊന്നും തോട്ടം, ആദിവാസി മേഖലകളെ സംബന്ധിച്ചിടത്തോളം അന്യമാണ്. ചൈല്‍ഡ് ലൈനും ശിശുക്ഷേമ സമിതിയും ബാലവിവാഹങ്ങള്‍ തടയാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പതിമൂന്നിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ തോട്ടം മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. അതീവ രഹസ്യമായാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതെന്നതിനാല്‍ പലപ്പോഴും കണ്ടെത്താന്‍ പോലും കഴിയുന്നില്ലെന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും പറയുന്നു.

തോട്ടം മേഖലയിലെ ശൈശവ വിവാഹത്തിന്റെ ഇരയാണ് കഴിഞ്ഞ ദിവസം, വിവാഹം ആലോചിച്ച യുവാവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 15-കാരിയായ പെണ്‍കുട്ടി. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ബൈസണ്‍വാലി ചൊക്രമുടി കുടിയില്‍ രാജ്-മാരിയമ്മാള്‍ ദമ്പതികളുടെ മകളായ പെണ്‍കുട്ടിയുടെ വിവാഹം, 27-കാരനും ബന്ധുവുമായ വട്ടവട സ്വാമിയാര്‍ അളകുടിയിലെ ചന്ദ്രനുമായി നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ ഭാഗമായി വരന്‍ വധുവിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശൈശവ വിവാഹം നടക്കുന്നതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെ തുടര്‍ന്ന് വിവാഹം തടയുകയും 18 വയസായതിനു ശേഷം മാത്രമേ വിവാഹം നടത്തുകയുള്ളുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു സമ്മതപത്രം വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടി വിവാഹം കഴിക്കാതെ തന്നെ യുവാവിന്റെ വീട്ടില്‍ താമസമാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചാലുണ്ടാകുന്ന നടപടി ഭയന്ന് യുവാവ് സഹോദരിയുടെ വീട്ടിലേക്കു താമസം മാറിയിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.വിഷയത്തില്‍ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

ഇടുക്കി ജില്ലയുടെ തോട്ടം ആദിവാസി മേഖലകളില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്നത് യാഥാര്‍ഥ്യം തന്നെയാണെന്ന് മുന്‍ ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി എ ഷംനാദ് പറയുന്നു. വിവാഹം നടത്തിയശേഷം വരനെയും വധുവിനെയും തമിഴ്‌നാട്ടിലേക്കു കടത്തുകയാണ് പതിവ്. തോട്ടം തൊഴിലാളികളില്‍ മിക്കവര്‍ക്കും തമിഴ്‌നാട്ടില്‍ വീടുകളും ബന്ധുക്കളുമുള്ളതിനാല്‍ ഇത്തരത്തില്‍ വിവാഹിതരായവരെ ഒളിപ്പിക്കാന്‍ എളുപ്പമാണ്. ഭൂരിഭാഗം ബാലവിവാഹങ്ങളും നടക്കുന്നത് അടുത്ത ബന്ധുക്കളുടെ അറിവോടെ തന്നെയാണെന്നു പറയേണ്ടി വരും. പ്രണയം, സാമ്പത്തികമായ പ്രശ്‌നങ്ങള്‍ എന്നിവയും ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലുള്ള കാരണങ്ങളാണ്. ചൈല്‍ഡ് ലൈനും ജില്ലാ ശിശുക്ഷേമ സമിതിയും സ്‌കൂള്‍ തലം മുതല്‍ ബാലവിവാഹത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കാറുണ്ട്. വിവാഹങ്ങള്‍ നടക്കുന്നതു പുറത്തറിയാന്‍ പലപ്പോഴും വൈകാറുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ആയതിനു ശേഷം മാത്രം തമിഴ്‌നാട്ടില്‍ നിന്നു തിരികെവരുന്ന സംഭവങ്ങളുമുണ്ട്, ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്- ഷംനാദ് പറയുന്നു.

ബാലവിവാഹങ്ങള്‍ തടയാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോഴും ഇത്തരം വിവാഹങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നത്. 2016-ല്‍ ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് 16 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞെങ്കിലും രണ്ടു ബാലവിവാഹങ്ങള്‍ അതിനോടകം തന്നെ നടന്നിരുന്നു. 2017-ല്‍ 16 ബാലവിവാഹങ്ങള്‍ തടഞ്ഞെങ്കിലും നടന്ന വിവാഹങ്ങളുടെ എണ്ണം നാലായി വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. സുപ്രീംകോടതി വിധിയും ബാലവിവാഹത്തിനെതിരായ നിയമങ്ങളുമുണ്ടെങ്കിലും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നത് ചൈല്‍ഡ് ലൈനും ജില്ലാ ശിശുക്ഷേമ സമിതിയും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം തങ്ങളുടെ പക്കലുള്ളത് ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട കണക്കാണെന്നും യഥാര്‍ഥത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണം ഇതിലും ഇരട്ടിയില്‍ കൂടുതലാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കുട്ടിക്കളിയാകുന്ന കല്യാണം; ഇടുക്കിയില്‍ നിന്ന് ശൈശവ വിവാഹ വാര്‍ത്തകള്‍

ഇടുക്കി ജില്ലയില്‍ വര്‍ധിച്ചുവരുന്ന ബാല വിവാഹങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നേരത്തേ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ‘കരുതല്‍’ എന്നപേരില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന രീതിയിലായിരുന്നു ഇതു നടത്തിയത്. ഇതോടൊപ്പം പഞ്ചായത്ത് അംഗങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്കും ബോധവത്ക്കരണം നല്‍കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നുവെങ്കിലും ബാലവിവാഹങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടികളെ വീട്ടില്‍ തനിച്ചിരുത്താന്‍ ഭയമാണെന്ന് പറഞ്ഞു വിവാഹം നടത്താന്‍ ശ്രമിക്കുന്ന പ്രവണതയും കാണാറുണ്ടെന്നു ഷംനാദ് പറയുന്നു. തോട്ടം മേഖലയിലെ ഭൂരിഭാഗം മാതാപിതാക്കളും രാവിലെ ജോലിക്കു പോയാല്‍ വൈകുന്നേരം മാത്രം തിരികയെത്തുന്നവരാണ്. ഈ സമയമെല്ലാം കുട്ടികള്‍ തനിച്ചായിരിക്കുകയും ചെയ്യും. ഇതൊഴിവാക്കാനായി വിവാഹം നടത്തുന്നവരുണ്ട്. ആദിവാസി വിഭാഗങ്ങളിലാണങ്കില്‍ ആചാരത്തിന്റെ പേരിലും നിയമങ്ങളെക്കുറിച്ചുള്ള മതിയായ അറിവില്ലായ്മയുടെയും പേരിലുമാണ് ബാലവിവാഹങ്ങള്‍ ഏറെയും നടക്കുന്നത്. പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികള്‍ക്കു വഴങ്ങി വിവാഹം നടത്തിക്കൊടുക്കാന്‍ തയാറാകുന്ന പ്രവണതയും കാണാറുണ്ട്- ഷംനാദ് പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പോക്‌സോ കവരുന്ന ആദിവാസി ജീവിതം ഒരു യാഥാര്‍ഥ്യമാണ്

Avatar

പി സന്ദീപ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍