ചൂർണിക്കര വ്യാജരേഖാ കേസ്: അന്വേഷണം വ്യാപിപ്പിക്കാൻ വിജിലൻസ്; വ്യാപക ക്രമക്കേട് നടന്നതായി നിഗമനം

പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ചൂർണിക്കര വ്യാജ രേഖാ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. വ്യാപകമായ ക്രമക്കേട് നടന്നെന്നാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ഐജി വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എറണാകുളം വിജിലൻസ് എസ്പി കാർത്തിക്കിനാണ് അന്വേഷണ ചുമതല.

എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയോരത്ത് മുട്ടം തൈക്കാവിനോട് ചേർന്നു നിൽക്കുന്ന അരയേക്കർ ഭൂമിയിലെ 25 സെന്റ് നിലം നികത്താൻ ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഓയുടെയും പേരിൽ വ്യാജ ഉത്തരവിറങ്ങിയതാണ് കേസിനാധാരമായ സംഭവം. ഇത് വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്ന് പിടിക്കപ്പെടുകയായിരുന്നു. മുൻ റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫില്‍ അംഗമായിരുന്ന അരുൺ എന്നയാളാണ് ഇതിനാവശ്യമായ വ്യാജരേഖകൾ സംഘടിപ്പിച്ചു നൽകിയത്. വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചതിന് പ്രതിഫലം ലഭിച്ചതെന്ന് അരുണ്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം ലാന്റ് റവന്യൂ ഓഫീസിലെ ക്ലര്‍ക്കാണ് അരുണ്‍ ഇപ്പോള്‍.

കേസിൽ മറ്റൊരു പ്രതിയായ അബുവില്‍ നിന്നാണ് അരുണിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരുവഞ്ചൂര്‍ മന്ത്രിയായിരിക്കുമ്പോള്‍ രണ്ട് വര്‍ഷത്തോളം അരുണ്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തിയെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ അബുവില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അബുവും അരുണും ഉള്‍പ്പെട്ട സംഘം നടത്തിയ മറ്റ് ഇടപാടുകളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോർട്ട് കൈമാറിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍