Top

കുടിക്കേണ്ടവര്‍ കുടിച്ചോട്ടെ, അതിനു സഭയ്ക്കെന്താ? സ്ത്രീധനം, തലവരി, അബ്കാരി ബിസിനസ് ഒക്കെ അതിനു മുമ്പ് നിര്‍ത്തിക്കാമോ?

കുടിക്കേണ്ടവര്‍ കുടിച്ചോട്ടെ, അതിനു സഭയ്ക്കെന്താ? സ്ത്രീധനം, തലവരി, അബ്കാരി ബിസിനസ് ഒക്കെ അതിനു മുമ്പ് നിര്‍ത്തിക്കാമോ?
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം അതിരമ്പുഴ പള്ളിയിലെ ഒരു ഞായറാഴ്ച അച്ചന്‍ കുഞ്ഞാടുകള്‍ക്കായി ഒരു പ്രഖ്യാപനം നടത്തി. ഇനി മുതല്‍ എല്ലാ ഇടവകക്കാരും ദീപിക പത്രം വീട്ടില്‍ വരുത്തണമെന്നായിരുന്നു ആ പ്രഖ്യാപനം. ന്യൂനപക്ഷമായ അച്ചായന്മാരെ ഒഴിച്ചുനിര്‍ത്തിയാല്‍ നാല്‍പ്പാത്തിമല കോളനിയിലേത് ഉള്‍പ്പെടെ ഭൂരിപക്ഷവും അന്നന്നത്തെ കൂലി കൊണ്ട് അപ്പം ഭക്ഷിക്കുന്നവരാണ് ഇവിടെ. ഒരു പത്രം തന്നെ ആര്‍ഭാടമായി കരുതുന്നവര്‍. അവര്‍ മറ്റ് പത്രങ്ങള്‍ നിര്‍ത്തി ദീപിക മാത്രം വരുത്താന്‍ ആരംഭിച്ചു. കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനോരമയ്ക്ക് അതൊരു ക്ഷീണം തന്നെയാണ്. കണ്ടത്തില്‍ കുടുംബത്തില്‍ നിന്നൊരു കുഞ്ഞാട് അരമനയിലെത്തിയതോടെ മറ്റൊരു ഞായറാഴ്ച അച്ചന്റെ അടുത്ത പ്രഖ്യാപനം വന്നു. എല്ലാ കുഞ്ഞാടുകളും മനോരമ പത്രവും ദീപിക പത്രവും വരുത്തണമെന്ന്. വിശ്വാസികളോടുള്ള പുരോഹിതരുടെ ഉത്തരവാദിത്തമെന്താണെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടി മാത്രമാണ് ഈ കഥ പറഞ്ഞത്.

അമിത് ഷാ കേരളത്തില്‍ വരുന്നുവെന്നറിയുമ്പോള്‍ പരിവാരപൂര്‍വമാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതി അദ്ദേഹത്തെ പോയി കണാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ അവരെന്താണ് ലക്ഷ്യം വയ്ക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ബാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടെടുത്തിരിക്കുന്ന പുതിയ നിലപാടാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. ഇതോടൊപ്പം ദേശീയപാതകളിലെ മദ്യശാലകള്‍ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് അവരുടെ നീക്കം. എന്നാല്‍ ബാറുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരെ തിരിയുന്ന സഭാമേലാളന്മാര്‍ ഒരു കാര്യം മനസിലാക്കുന്നില്ല. ഇക്കഴിഞ്ഞ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ മറ്റേതൊരു പോരായ്മയേക്കാളും പ്രതിഫലിച്ചത് മദ്യനയമാണെന്നത്. സരിതയെക്കാളും സോളാര്‍ കേസിനേക്കാളുമെല്ലാം ജനം തിരസ്‌കരിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമായിരുന്നു. ആ നയം ജനം സ്വീകരിച്ചിരുന്നെങ്കില്‍ മറ്റേതൊക്കെ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ഇന്ന് പിണറായി വിജയന്‍ ഇരിക്കുന്ന കസേരയില്‍ ഉമ്മന്‍ ചാണ്ടി തുടരുമായിരുന്നു.

ഈ സര്‍ക്കാരിന്റെ മദ്യനയം ഒന്നൊന്നായി പുറത്തേക്ക് വരികയാണ്; ഈ സാഹചര്യത്തില്‍ കത്തോലിക്ക സഭ ചെയ്യേണ്ടത് അതെന്താണെന്ന് കാത്തിരുന്ന് യോജിക്കാനാകുന്നില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ തിരിഞ്ഞ് കുത്തുക എന്നതാണ്. അല്ലാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ള നയം മാത്രമേ നടപ്പാകൂവെന്ന് ശഠിക്കലല്ല. സഭ ഞായറാഴ്ച തോറും വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഉപദേശങ്ങളൊന്നും വിലപ്പോകുന്നില്ലെന്നാണ് ഇവിടുത്തെ മദ്യപാന സംസ്‌കാരം കാണുമ്പോള്‍ മനസിലാക്കേണ്ടത്. സ്‌കൂളും കോളേജുകളും ആശുപത്രികളും എന്നുവേണ്ട ഇവിടുത്തെ ലാഭത്തിലോടുന്ന മിക്ക കച്ചവടങ്ങളും ഏറ്റെടുത്തു നടത്തുന്ന സഭയ്ക്ക് അബ്കാരി ബിസിനസ് നേരിട്ടില്ലെന്ന് മാത്രമേയുള്ളൂ. ഇവിടുത്തെ ബാര്‍ മുതലാളിമാരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ സഭയുടെ നല്ലൊരു വരുമാനം മദ്യക്കച്ചവടത്തിലൂടെയും കിട്ടുന്നുണ്ടെന്ന് വ്യക്തമാകും. മദ്യത്തോട് ഇത്രമാത്രം വെറുപ്പാണെങ്കില്‍ സഭ ചെയ്യേണ്ടത് ബാര്‍ മുതലാളിമാരായ സഭാ വിശ്വാസികളെ തങ്ങളുടെ കച്ചവടത്തില്‍ നിന്ന് പിന്‍വലിക്കുക എന്നതാണ്.

സഭ അവകാശപ്പെടുന്ന സാമൂഹിക ഉത്തരവാദിത്വം വെറും പൊള്ളയായ വാക്കുകളാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അല്ലെങ്കില്‍ ഈ സമൂഹം എല്ലാക്കാലത്തും നേരിടുന്ന സ്ത്രീധനമെന്ന തിന്മക്കെതിരെ സഭ എന്തുകൊണ്ട് ഒരക്ഷരം പോലും മിണ്ടുന്നില്ല. കത്തോലിക്ക വിശ്വാസികളായ എത്രയോ പെണ്‍കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരില്‍ വീടുകളില്‍ ക്രൂശിക്കപ്പെടുകയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നത്. 1966ല്‍ നിയമപ്രകാരം സ്ത്രീധനം നിരോധിക്കപ്പെട്ടിട്ടും കത്തോലിക്ക സഭയിലെ വിവാഹങ്ങള്‍ നടക്കുന്നത് സ്ത്രീധനം കൊടുക്കാതെയാണെന്ന് സഭയ്ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ? സഭ നടത്തുന്ന കോളേജുകള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കോഴയും വിദ്യാര്‍ഥി പ്രവേശനത്തിനുള്ള തലവരിയും ഒക്കെ വാങ്ങുന്നത് അത് പുണ്യപ്രവര്‍ത്തിയായതു കൊണ്ടാണോ?

കേരളത്തിലെ ഏത് മാര്‍ക്കറ്റിലും വിഷം വാങ്ങാന്‍ ലഭിക്കും. എന്നാല്‍ അതെല്ലാവരും വാങ്ങാറില്ല. ആവശ്യക്കാര്‍ മാത്രമാണ് അത് വാങ്ങുന്നത്. അതുപോലെ തന്നെയാണ് മദ്യത്തിന്റെ കാര്യവും. മദ്യം നിരോധിച്ചാലും സഭ ആഗ്രഹിക്കുന്നത് പോലെ മദ്യപാനികളുടെ എണ്ണം കുറയില്ലെന്നത് 1996ലെ ചാരായ നിരോധനം മുതല്‍ കേരളം കണ്ടത്. പൂര്‍ണമായും നിരോധിക്കുമ്പോള്‍ ലഹരിയുടെ പുതിയ തലങ്ങള്‍ കണ്ടെത്തുന്നവരെയും നിങ്ങള്‍ക്ക് കാണേണ്ടി വരും. അല്ല, ബാറുകള്‍ പൂട്ടിക്കഴിഞ്ഞപ്പോള്‍ അത് കണ്ടതാണല്ലോ.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച മദ്യനയത്തിന് ജനപിന്തുണയുണ്ടെങ്കില്‍ അത് എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തരുന്നത്. മദ്യം കുടിക്കരുതെന്ന നിങ്ങളുടെ ഉപദേശം വിശ്വാസികള്‍ പോലും അംഗീകരിക്കാത്ത സാഹചര്യത്തില്‍ നിങ്ങളുടെ നിലപാട് അവിശ്വാസികളോ അല്ലാത്തവരോ ആയ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കരുത്. മദ്യപാനികളെ നിങ്ങളുടെ വിശ്വാസത്തിന്റെ പാതയില്‍ തിരിച്ചുവിട്ട് അവരുടെ മനസിനെ കീഴടക്കാന്‍ ശ്രമിക്കുന്നതിന് പകരം നിങ്ങളുടെ ഇഷ്ടങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതും ഫാസിസത്തിന്റെ മുഖം തന്നെയാണ്. കുഞ്ഞാടുകള്‍ക്ക് പതിവായി ഇടയലേഖനങ്ങള്‍ വിതരണം ചെയ്ത് കടിഞ്ഞാണ്‍ തങ്ങളുടെ കയ്യിലാണെന്ന് സമൂഹത്തെ അറിയിക്കുന്ന കത്തോലിക്ക സഭാധ്യക്ഷന്മാര്‍ക്കുള്ള ഒരു കുഞ്ഞാട് ലേഖനമായി ഇതിനെ കണ്ടാല്‍ മതി.

Next Story

Related Stories