TopTop
Begin typing your search above and press return to search.

വൈകുന്ന വിശുദ്ധ മാണി പുണ്യാളന്‍ പ്രഖ്യാപനം

വൈകുന്ന വിശുദ്ധ മാണി പുണ്യാളന്‍ പ്രഖ്യാപനം

കേരള കോണ്‍ഗ്രസ് പിറവിയെടുത്തതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിക്കസേരയിലേറാനുള്ള ശ്രമങ്ങള്‍ നടന്നുവരവേ പൊട്ടിവീണ ബാര്‍കോഴ കേസില്‍ നിന്ന് വിഷുവും ഈസ്റ്ററും വരുന്ന വിശുദ്ധവാരത്തില്‍ തന്നെ കുറ്റവിമുക്തനാകാമെന്ന കെ.എം.മാണിയുടെ പ്രതീക്ഷ ഒരിക്കല്‍ കൂടി അസ്ഥാനത്തായി. കള്ളനെന്ന് വിളിച്ച് ബജറ്റ് പോലും അവതരിപ്പിക്കാന്‍ സമ്മതിക്കാതിരുന്ന അതേ സി.പി.എം ഭരിക്കുമ്പോള്‍ ഹൈക്കോടതിപോലും പ്രഥമദൃഷ്ട്യാ അഴിമതി നടന്നുവെന്ന നിരീക്ഷണത്തിലെത്തിയ കേസ് വിജിലന്‍സിനെ ഉപയോഗിച്ച് വീണ്ടും അട്ടിമറിക്കാനുള്ള നീക്കം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടതിലൂടെ നടക്കാതിരുന്നതിന് സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തത് 'സ്വന്തം' പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റിക്കൊണ്ടാണ്.

സി.ബി.ഐയെപ്പോലെ വിജിലന്‍സും 'കൂട്ടിലടച്ച തത്ത' മാത്രമല്ല യജമാനന്‍ ചൊല്ലിക്കൊടുക്കുന്നത് ഏറ്റുചൊല്ലുന്ന വിനീതയായ വളര്‍ത്തുപക്ഷിയാണെന്ന് ഒരിക്കല്‍ കൂടി കേരളീയരെ ബോദ്ധ്യപ്പെടുത്തുന്നതിനും ബാര്‍കോഴക്കേസ് സഹായകമായി. ചെങ്ങന്നൂരില്‍ മാണിക്കുണ്ടെന്ന് അവകാശപ്പെടുന്ന മൂവായിരത്തോളം വോട്ടിന് വേണ്ടി സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും വലിയൊരു അഴിമതിക്കേസ് അട്ടിമറിക്കാന്‍ ഒത്തൊരുമിക്കുന്ന കാഴ്ചയാണ് മലയാളികള്‍ക്ക് കാണാന്‍ കഴിയുന്നത്. അങ്ങനെ ഉടുമുണ്ട് നഷ്ടപ്പെട്ട മൂന്ന് പ്രമുഖ കക്ഷികളുടെ നാണംകെട്ട നിലപാടാണ് ബാര്‍കോഴക്കേസില്‍ ഏറ്റവും ഒടുവില്‍ ചര്‍ച്ചയാവുന്നത്.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവ് കെ.എം.മാണി എന്ന നിലയിലാണ് 2014ല്‍ എല്‍.ഡി.എഫ് പിന്തുണയോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഇടപെടലുകള്‍ നടന്നത്. അക്കാലത്ത് കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് പ്രസിഡന്റ് ആയിരുന്ന പി.സി.ജോര്‍ജാണ് ഇതുസംബന്ധിച്ച് എ.കെ.ജി സെന്ററില്‍ ഉള്‍പ്പെടെ എത്തി ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. സി.പി.എമ്മോ മാണിയോ ഇത് നിഷേധിച്ചിട്ടുമില്ല. അതിനിടയില്‍, ബാര്‍ ഉടമകളുടെ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്, 'അടച്ചുപൂട്ടിയ 48 ബാര്‍ ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് ധന-നിയമ മന്ത്രിയായ കെ.എം.മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നും അതില്‍ ഒരു കോടി രൂപ നല്‍കിയെന്നും വെളിപ്പെടുത്തിയതോടെ കേരള രാഷ്ട്രീയത്തിലെ വെറുക്കപ്പെട്ടവന്റെ അവസ്ഥയിലേക്ക്, അതുവരെ ഏറ്റവും വിലപിടിപ്പുള്ള നേതാവായിരുന്ന മാണി മാറി. ക്വിക് വെരിഫിക്കേഷന്‍, എഫ്.ഐ.ആര്‍, വിജിലന്‍സ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം മാണി പ്രതിക്കൂട്ടിലായതോടെ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന്, തിന്മയുടെ മേല്‍ നന്മ ആത്യന്തികവിജയം നേടുന്നതിന്റെ ഉത്സവമായ 2015ലെ ദീപാവലിദിനത്തില്‍ നിവൃത്തിയില്ലാതെ, അപമാനിതനായി മാണിക്ക് രാജിവച്ചൊഴിയേണ്ടിവന്നു.

'കരിങ്കോഴക്കല്‍ മാണി മാണി' എന്ന 'കെ.എം.മാണി' കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായിരുന്നു എന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്‍, അതില്‍ വാസ്തവമില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കാതിരിക്കാനാവില്ല. പി.ടി.ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 1964 ഒക്ടോബര്‍ എട്ടിന് കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ കൂടിയ കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തിന് കെ.എം.ജോര്‍ജ്, ആര്‍.ബാലകൃഷ്ണപിള്ള, ജോസഫ് പുലിക്കുന്നേല്‍, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ.ജോണ്‍ ജേക്കബ്, വയലാ ഇടിക്കുള, ടി.കൃഷ്ണന്‍, എം.എം.ജോസഫ്, സി.എ.മാത്യു എന്നിവരാണ് നേതൃത്വം വഹിച്ചത്. അന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അഡ്വ.കെ.എം.മാണിക്ക് ഈ യോഗത്തിനോട് താല്‍പര്യമേ ഇല്ലായിരുന്നു!

എന്നാല്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലായിലേക്ക് കേരളാ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ വേണം. മോഹന്‍ കുളത്തുങ്കല്‍ എന്ന നേതാവാണ് മാണിയെ ചാക്കിട്ടുപിടിക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 35,000 രൂപയും അദ്ദേഹം മാണിയെ ഏല്‍പ്പിച്ചു. എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 40ഉം കോണ്‍ഗ്രസിന് 36ഉം സീറ്റ് കിട്ടിയപ്പോള്‍ മൂന്നാമത്തെ വലിയ കക്ഷിയായി മാറിയ കേരള കോണ്‍ഗ്രസ് ജയിച്ച 23 സീറ്റുകളിലൊന്ന് മാണിയുടെ പാലാ ആയിരുന്നു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.ജോര്‍ജും ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ കുരുവിനാക്കുന്നേലുമായിരുന്നു. അടിയന്തരാവസ്ഥയാണ് മാണിയുടെ ജാതകം മാറ്റി വരച്ചത്. അന്ന് കോണ്‍ഗ്രസ് വിരുദ്ധപക്ഷത്തായിരുന്ന പാര്‍ട്ടി നേതാക്കള്‍ കെ.എം.ജോര്‍ജിനേയും ആര്‍.ബാലകൃഷ്ണപിള്ളയേയും, ഇ.എം.എസ്, എ.കെ.ജി, ജനസംഘം നേതാവ് ഒ.രാജഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കള്‍ക്കൊപ്പം പൂജപ്പുര ജയിലിലടച്ചു. മൂന്ന് മാസത്തിന് ശേഷം ജോര്‍ജിനേയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു.'ജയിലില്‍ തുടരണോ മന്ത്രിയാവണോ' എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചോദ്യത്തിന് അധികാരത്തിന്റെ വഴി കേരള കോണ്‍ഗ്രസ് തിരഞ്ഞെടുത്തു.

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/

മാണിയുടെ കളി നേതാക്കള്‍ കാണാനിരിക്കുന്നതേയുള്ളായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.ജോര്‍ജും എം.പിയായിരുന്ന ബാലകൃഷ്ണപിള്ളയും മന്ത്രിയാവുക എന്നതായിരുന്നു തീരുമാനം. എന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ട്ടി ചെയര്‍മാനും ഒരാള്‍ പാടില്ലെന്ന മാണിയുടെ സിദ്ധാന്തത്തിന് 1976ലെ ക്രിസ്മസ് ദിനത്തില്‍ കൂടിയ, കോട്ടയത്തെ കത്തോലിക്ക പുരോഹിതരുടെ യോഗം പിന്തുണ പ്രഖ്യാപിച്ചു. പിറ്റേന്ന്, ഡിസംബര്‍ 26ന് ജോര്‍ജിന് പകരം മാണിയും ബാലകൃഷ്ണ പിള്ളയും മന്ത്രിമാരാവുകയായിരുന്നു. 1976 ജൂണ്‍ 26ന് ബാലകൃഷ്ണപിള്ള രാജിവച്ചതിനെ തുടര്‍ന്ന് കെ.എം.ജോര്‍ജ് മന്ത്രിയായി. ആ വര്‍ഷം ഡിസംബര്‍ 11ന് ജോര്‍ജ് അന്തരിച്ചു. കെ.എം.മാണി പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദനയില്‍ ഹൃദയം പൊട്ടിയാണ് ജോര്‍ജ് മരിച്ചത് എന്ന് അന്ന് ബാലകൃഷ്ണപിള്ള പരസ്യമായി കുറ്റപ്പെടുത്തി.

പിന്നീട് മാണിയുടെ ദിനങ്ങളായിരുന്നു. ഇതിനിടയില്‍ പി.ജെ.ജോസഫുമായി തെറ്റി. പാര്‍ട്ടി പിളര്‍ന്നു.'പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടി' എന്ന വിശേഷണം മാണി തന്നെ സ്വന്തം പാര്‍ട്ടിക്ക് ചാര്‍ത്തിയെടുത്തു. 1980ല്‍ എ.കെ.ആന്റണിയ്‌ക്കൊപ്പം ഇടതുപക്ഷത്തേക്ക് പോയ മാണി രണ്ട് വര്‍ഷത്തിനുശേഷം ഇ.കെ.നായനാര്‍ മന്ത്രിസഭയെ മറിച്ചിടാന്‍ മുന്നില്‍ നിന്നത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.

http://www.azhimukham.com/trending-kerala-on-mani-cpm-cpi-fight-continues-ahead-of-chengannur-bypoll-writes-kaantony/

കാലങ്ങള്‍ക്കിപ്പുറം സി.പി.എം ഉമ്മന്‍ചാണ്ടിക്കെതിരെ മാണിയെ മുഖ്യമന്ത്രി ആക്കി, യു.ഡി.എഫ് മന്ത്രിസഭയെ അട്ടിമറിക്കാമെന്നുള്ള ആലോചനകളുമായി മുന്നേറുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൊടുത്ത പണിയാണ് ബാര്‍ കോഴ കേസ് എന്ന് കേരള കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് 'സമദൂര സിദ്ധാന്ത'വുമായി യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് ഐക്യം എന്ന വാദമുയര്‍ത്തി പി.ജെ.ജോസഫും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുമായി ലയിച്ച മാണി 'സ്ഥാപകനേതാവ്' ആര്‍.ബാലകൃഷ്ണപിള്ളയെ മാറ്റിനിര്‍ത്തി! ജോര്‍ജ് മാണിയുമായി തെറ്റി പുറത്തുപോയെങ്കില്‍ ജോസഫ് മാണിയുമായി 'ഐക്യപ്പെടാതെ' ഒരു പാര്‍ട്ടിയില്‍ തുടരുന്നു. ഈ കാലയളവിലൊന്നും പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരാളാകാന്‍ പാടില്ലെന്ന 'സിദ്ധാന്തം' മാണി ഓര്‍ത്തതേയില്ല! ദശകങ്ങളായി ഇതുരണ്ടും കേരള കോണ്‍ഗ്രസില്‍ മാണി തന്നെയാണല്ലോ!

http://www.azhimukham.com/km-mani-resignation-kerala-congress-political-career-sujathan/

ബാര്‍ കോഴ കേസില്‍ നാണംകെട്ട ധനമന്ത്രി കെ.എം.മാണിയെ 2015ലെ ബ്ജറ്റ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എ.ഡി.എഫ് സമ്മതിച്ചില്ല. സാങ്കേതികതയുടെ ബലത്തില്‍ മാത്രം അവതരിപ്പിച്ച ബജറ്റ് ദിനത്തില്‍ സി.പി.എം നിയമസഭയില്‍ കാട്ടിക്കൂട്ടിയ അക്രമം വ്യാപകമായി അപലപിക്കപ്പെട്ടു. അതെന്തിനായിരുന്നുവെന്ന ചോദ്യം ഇനി സി.പി.എമ്മിനെ കൂടുതല്‍ രൂക്ഷമായി വേട്ടയാടും.

'പാലായിലെ മാണിക്യം' എന്നറിയപ്പെടുന്ന കെ.എം.മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ വ്യക്തിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രിയാണ്. ഏറ്റവും കൂടുതല്‍ കാലം ഒരു മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം.എല്‍എയാണ്. അതിനൊപ്പം, ഇ.എം.എസ്, സി.അച്യുതമേനോന്‍, കെ.ആര്‍.ഗൗരി അമ്മ, എം.എന്‍.ഗോവിന്ദന്‍നായര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച നേതാവുമാണ്.'ഏറ്റവും വലിയ കൊള്ളക്കാരും അഴിമതിക്കാരുമായ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും മുളമൂട്ടിലടിമയും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അവര്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ അടുക്കല്‍ വന്ന് വെറ്റിലയും പാക്കും വച്ച് ഗുരുദക്ഷിണ നല്‍കുമായിരുന്നു' എന്ന 1969 ഒക്ടാബര്‍ 23ന്‍റെ മാണിയുടെ നിയമസഭാ പ്രസംഗം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

http://www.azhimukham.com/new-wrap-km-mani-in-bjp-venue-sajukomban/

മാണി ബഡ്ജറ്റ് വല്‍പ്പന നടത്തുന്ന അഴിമതിക്കാരന്‍ ധനമന്ത്രി എന്ന് നാടൊട്ടുക്ക് വിളിച്ചു പറഞ്ഞു എന്നുമാത്രമല്ല പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐയുടെ നിയമസഭയിലെ തീപ്പൊരി നേതാവ് വി.എസ്.സുനില്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരായിരുന്നു നിയമപോരാട്ടത്തിനും തുടക്കം കുറിച്ചത്. കോടതി രണ്ടുതവണയും നിരാകരിച്ചിട്ടും വിജിലന്‍സിന്റെ മാണിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് മൂന്നാമതും തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ എത്തിയപ്പോള്‍ വൈക്കം വിശ്വന്‍ മുങ്ങാംകുഴിയിട്ടു. മന്ത്രി ആയിക്കഴിഞ്ഞാല്‍ പിന്നെന്ത് പോരാട്ടം എന്നതിനാലാവണം സുനില്‍കുമാറിനെയും കാണാനില്ല. സി.പി.ഐയുടെ അഭിഭാഷക സംഘടനയും തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം പി.കെ.രാജു എന്നിവര്‍ കോടതിയില്‍ മാണിയെ വിശുദ്ധനാക്കുന്നതിനെതിരെ രംഗത്തുണ്ട്. പ്രതീക്ഷിച്ചതുപോലെ വി.എസ് അച്യുതാനന്ദന്‍ മാണിക്കെതിരെ തടസ്സഹര്‍ജി ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം നോബിള്‍മാത്യുവും ബിജുരമേശിന് പുറമേ തടസ്സ ഹര്‍ജിയുമായി എത്തിയിട്ടുണ്ട്.

http://www.azhimukham.com/kerala-congress-mouthpiece-veekshanam-against-km-mani-by-antony-k-a/

മാണിക്കെതിരെ ഒരു തെളിവുമില്ലാത്തതിനാലാണോ ഇനി വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ അത്രയേറെ പ്രയാസപ്പെടുന്നത്? അടിയന്തരപ്രാധാന്യത്തോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബാര്‍കോഴ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയും ഏപ്രില്‍ 12 ന് കോടതിയില്‍ ഹാജരായതിന്റെ അന്ന് മിന്നല്‍ വേഗത്തില്‍ ഒഴിവാക്കുകയും ചെയ്ത കെ.പി സതീശന് ഇക്കാര്യത്തില്‍ എന്തുപറയാനുണ്ടെന്ന് നോക്കാം:'ബിജുരമേശ് മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയും എഫ്.ഐ.ആറും 15 ബാറുടമകള്‍ നല്‍കിയ മൊഴിയും ഡിജിറ്റല്‍ തെളിവുകളുമെല്ലാം അവഗണിച്ചാണ് മാണിക്ക് വിജിലന്‍സ് ക്‌ളീന്‍ചിറ്റ് നല്‍കുന്നത്. ശക്തമായ തെളിവുകള്‍ ഈ കേസിലുള്ളത് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോഴയിടപാടിന്റെ മൂന്നരമണിക്കൂര്‍ സിഡി എഡിറ്റു ചെയ്തതാണെന്ന വാദമുയര്‍ത്തി ഹൈദരാബാദ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് സഹിതം അന്വേഷണോദ്യോഗസ്ഥന്‍ എന്നെ കാണാനെത്തിയിരുന്നു. ബിജുരമേശ് ഹാജരാക്കിയ തെളിവുകളായിരുന്നു ഇവ. മാണിയെ രക്ഷിക്കാനാണ് പൊലീസിന്റെ താല്പര്യമെന്ന് മനസ്സിലായതോടെ സിഡിയിലുള്ള അഞ്ച് ബാറുടമകളുടെ ശബ്ദം പരിശോധിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ബിജുരമേശിന്റെ മൊബൈല്‍ഫോണ്‍ കോടതിയില്‍നിന്ന് തിരിച്ചുവാങ്ങി അതിലെ ബാറുടമകളുടെ ശബ്ദം വീണ്ടെടുക്കാനും നിര്‍ദ്ദേശിച്ചു. ഒരു സാക്ഷിയെങ്കിലുമുണ്ടെങ്കില്‍ കുറ്റപത്രം നല്‍കാമെന്നിരിക്കേ, മാണിക്ക് പണം നല്‍കി എന്നതടക്കം 15 സാക്ഷികളുടെ മൊഴികള്‍ എങ്ങനെ അവഗണിക്കാനാവുമെന്ന എന്റെ ചോദ്യത്തിന് അന്വേഷണോദ്യോഗസ്ഥന് മറുപടി ഉണ്ടായിരുന്നില്ല. മാണിക്ക് കുരുക്കാവുമായിരുന്ന അഴിമതി നിരോധനനിയമത്തിലെ ഏഴാം വകുപ്പും വിജിലന്‍സ് ഒഴിവാക്കി. മാണി 25 ലക്ഷം വാങ്ങിയതിന് തെളിവുണ്ടെന്നും കുറ്റപത്രം നല്‍കാമെന്നുമുള്ള എസ്.പി സുകേശന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി തിരുത്തിയെന്ന് വിജിലന്‍സ് കോടതിയാണ് നേരത്തെ കണ്ടെത്തിയത്. കോടതികള്‍ തെളിവായി സ്വീകരിക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ക്കനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് മാറ്റിയെഴുതി. 2014 ഏപ്രില്‍ രണ്ടിന് മാണിയുടെ ഔദ്യോഗിക വസതിയില്‍ പണം കൈമാറിയത് താന്‍ കണ്ടെന്ന ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ ദൃക്‌സാക്ഷി മൊഴിയും തള്ളിക്കളഞ്ഞു. എഫ്.ഐ. ആറിട്ടശേഷം ഒന്നരമാസത്തിനുശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്. 15 ബാറുടമകള്‍ മാണിക്കെതിരെ മൊഴി നല്‍കി. ബിജുരമേശ് മജിസ്‌ട്രേട്ടിന് മുമ്പാകെ നല്‍കിയ മൊഴിയും പരിഗണിച്ചില്ല.'

മാണിക്ക് നേരിട്ട് സമന്‍സ് അയച്ച് വിചാരണ തുടങ്ങണമെന്ന ആവശ്യപ്പെടാനാണ് താന്‍ കോടതിയില്‍ എത്തിയതെങ്കിലും തന്നെ അതിനനുവദിച്ചില്ലെന്നാണ് അഡ്വ.കെ.പി.സതീശന്റെ വാദം. ഇപ്പോഴുള്ള തെളിവുകളുടെ പോലും അടിസ്ഥാനത്തില്‍ മാണിക്ക് രക്ഷപ്പെടാനാവില്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അഴിഞ്ഞുവീഴുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ മുഖംമൂടിയാണ്. മാണി വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് കോടതികള്‍ അനുവദിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

http://www.azhimukham.com/km-mani-bar-corruption-assembly-ruckus-udf-p-sujathan/


Next Story

Related Stories