UPDATES

വീണ്ടും പിണറായി; വികസനത്തെ എതിര്‍ക്കുന്നത് വികസന വിരോധികള്‍; നേരിടുമെന്നും മുന്നറിയിപ്പ്

ഇത് ആദ്യമായല്ല വികസന പദ്ധതികളെ മുടക്കുന്നു എന്ന പേരില്‍ ജനകീയ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തുവരുന്നത്

വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്നും അവരെ നേരിടുമെന്നും വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സണ്‍ടെകിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറയുന്നു.

ഇത് ആദ്യമായല്ല വികസന പദ്ധതികളെ മുടക്കുന്നു എന്ന പേരില്‍ ജനകീയ സമരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തുവരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയിലും മുഖ്യമന്ത്രി സമാനമായ വാക്കുകള്‍ പറഞ്ഞിരുന്നു. പുതുവൈപ്പിനില്‍ എല്‍എന്‍ജി ടെര്‍മിനലിനെതിരെ ജനങ്ങള്‍ നടത്തിയ സമരത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ടിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഭീഷണിയോടെയുള്ള മുഖ്യമന്ത്രിയുടെ ഈ വാക്കുകളെന്നതും ശ്രദ്ധേയമാണ്.

വലിയ വികസന പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ കുറച്ചു പേര്‍ക്കൊക്കെ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും എന്നാല്‍ വിവിധങ്ങളായ നഷ്ടം നേരിടേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നും എന്നിട്ടും എതിര്‍ക്കാനാണ് ഭാവമെങ്കില്‍ ആ എതിര്‍പ്പ് അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തില്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങളോടുള്ള വെല്ലുവിളിയായി അന്നു തന്നെ ഈ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. ജനകീയ സമരങ്ങള്‍ നടത്തുന്നവര്‍ വികസന വിരോധികളാണെന്ന നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി ഇന്ന് വീണ്ടും ചെയ്തിരിക്കുന്നത്.

അതിരപ്പിള്ളി പദ്ധതി വിഷയത്തിലും മുഖ്യമന്ത്രിയുടേത് സമാനമായ ചിന്താഗതിയായിരുന്നു. ഘടകക്ഷിയായ സിപിഐയുടെ എതിര്‍പ്പുകളെ പോലും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതിമന്ത്രി എംഎം മണിക്ക് പറയാനുള്ള ആര്‍ജ്ജവം നല്‍കുന്നതും മുഖ്യമന്ത്രിയുടെ ജനകീയസമരങ്ങളോടുള്ള എതിര്‍ നിലപാട് തന്നെയാണ്. പുതുവൈപ്പിന്‍ സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സമരങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം അന്ന് ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണു സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം നേരത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വികസനത്തെ തകര്‍ക്കുന്നതിന് പരിസ്ഥിതിയെ മറയാക്കിയാല്‍ അത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമ വേദിയിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ വികസനം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അതേസമയം ജനകീയ സമരങ്ങള്‍ പലതും വികസനത്തിനെതിരെയല്ല, പകരം അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെയാണെന്ന വാദങ്ങള്‍ സമരമുഖങ്ങളില്‍ നില്‍ക്കുന്നവര്‍ ഉന്നയിച്ചിട്ടും നിലപാടില്‍ മാറ്റമില്ല എന്നു തന്നെയാണ് മുഖ്യമന്ത്രി ഇന്നത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത് എന്നു വേണം മനസിലാക്കാന്‍.

അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടന്ന ജനകീയ സമരത്തെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. ആറന്മുള സമരം വിമാനത്താവളത്തിനെതിരെ അല്ലെന്നും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കും എന്നതിനാലാണെന്ന് അദ്ദേഹം തന്നെ വിശദീകരണവും നല്‍കിയിട്ടുണ്ട്.

വികസന പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെ ഇല്ലാതാക്കുകയോ താറുമാറാക്കുകയോ ചെയ്യുമ്പോഴാണ് സമൂഹം പ്രതികരിക്കാറ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തിലുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍