TopTop
Begin typing your search above and press return to search.

40 വർഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ് കേഡറാണ്; ഒരു ചാനല്‍ ബഹിഷ്കരിച്ചാലും ഞാനീ നാട്ടിലുണ്ടാകും: പ്രതികരണവുമായി സിഎന്‍ മോഹനന്‍

40 വർഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ് കേഡറാണ്; ഒരു ചാനല്‍ ബഹിഷ്കരിച്ചാലും ഞാനീ നാട്ടിലുണ്ടാകും: പ്രതികരണവുമായി സിഎന്‍ മോഹനന്‍
തനിക്കെതിരെ ഒരു ചാനല്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി പ്രകടനം നടത്തിക്കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നതിനിടെ ഒരു ചാനലിന്റെ പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയായിരുന്നെന്നും മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സിഎന്‍ മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പല നേതാക്കള്‍ പിന്നീട് ബൈറ്റ് തരാമെന്ന് പറഞ്ഞിട്ടും ചാനല്‍ പ്രവര്‍ത്തകര്‍ ഒഴിഞ്ഞു പോകുകയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യം ഇതേ ചാനലിന്റെ പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അടുത്തേക്കാണ് ചെന്നതെന്നും റാലി കഴിഞ്ഞിട്ട് ബൈറ്റ് തരാമെന്ന് അദ്ദേഹം പറഞ്ഞതായും സിഎന്‍ മോഹനന്‍ എഴുതുന്നു. ഇതിനു ശേഷം തന്റെ നേര്‍ക്ക് ഇടിച്ചു കയറുകയായിരുന്നു അവര്‍. നടന്നുപോകുന്ന ജാഥയ്ക്കകത്തേക്ക് ക്യാമറയുമായി കയറി മാധ്യമപ്രവര്‍ത്തകര്‍ക്ക് അലങ്കോലമാക്കാമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

പിന്നീട് ഈ മാധ്യമം തന്നെ ധാര്‍ഷ്ട്യക്കാരനെന്ന് മുദ്രകുത്തി അപമാനിക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്ന് സിഎന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. മാധ്യമ പരിലാളനയില്‍ പൊട്ടിവീണ അമാനുഷിക ശേഷിയുള്ള നേതാവല്ല ഞാന്‍. ഞാൻ സാധാരണക്കാരൻ.പക്ഷെ ഞാൻ 40 വർഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ് കേഡറാണ്. ഈ 40 വർഷം താണ്ടിയ ജീവിതം ടെലിവിഷൻ ചാനലിന്റെ വെള്ളിവെളിച്ചം കണ്ടാൽ ഇയ്യലിനെപ്പോലെ ചാടി വീഴാൻ എന്നെ പ്രേരിപ്പിക്കില്ല. എന്നെ ഈ ചാനൽ പ്രവർത്തകർ ബ്ളാക്ക് ഔട്ട് ചെയ്യ്താലും ഞാനീ നാട്ടിലുണ്ടാകുമേ! പക്ഷെ ഭീഷണിക്ക് വഴങ്ങില്ല. വിവേകമുള്ള മാധ്യമ പ്രവർത്തകർ അവിടെ വേറെയുമുണ്ടായിരുന്നല്ലോ. എന്നാൽ എന്റെ റെഡ് സല്യൂട്ട്," -സിഎന്‍ മോഹനന്‍ കുറിച്ചു.

സിഎന്‍ മോഹനന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിക്കാരനായ ഇബ്രാഹിം കുഞ്ഞ് എം എൽ എയെയും കൂട്ടാളികളെയും തുറുങ്കിടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എൽ ഡി എഫ് നേതൃത്വത്തിൽ പാലാരിവട്ടം മേൽപ്പാലത്തിലേക്ക് മാർച്ച് നടത്തിയത്.പ്രകടനം രണ്ട് വരിയായി പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ട്രാഫിക് ബ്ലോക്ക് കഴിയുന്നത്ര ഒഴിവാക്കാനാണിങ്ങനെ ചെയ്തത്.പാലാരിവട്ടം ജംഗ്ഷൻ ക്രോസ് ചെയ്തപ്പോൾ ബ്ലോക്കുണ്ടായി. കഴിയുന്നത്ര ഒതുങ്ങിയാണ് പ്രകടനം നീങ്ങിയത്. മേൽപ്പാലത്തിൽ റീത്ത് വയക്കാനായി വടക്കുഭാഗത്തെത്തുമ്പോൾ ഞങ്ങൾ തീരുമാനിച്ച പരിപാടിയിൽ മാറ്റം വരുത്തി. റീത്ത് വച്ച് തിരികെയെത്തി പാലാരിവട്ടത്ത് യോഗം ചേരാനുള്ള തയ്യാറെടുപ്പാണ് നടത്തിയിരുന്നത്.നഗരത്തിൽ വീണ്ടും ബ്ലോക്കുണ്ടാക്കണ്ടെന്ന് കരുതി പാലത്തിൽ റീത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച് ഇന്ന് പരിപാടി അവസാനിപ്പിക്കാൻ നിശ്ചയിച്ചു. ഇങ്ങനെ പലത്തിലേക്ക് അടുക്കുമ്പോഴാണ് ഒരു ചാനലിന്റെ പ്രവർത്തകർ പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എൽ ഡി എഫ് കൺവീനർ എ.വിജയരാഘവന്റെ അടുത്തുചെന്നത്.ഞങ്ങൾ നടക്കുമ്പോൾ മുന്നിൽ വന്നാണിത്. ജാഥ കഴിയട്ടെ ബൈറ്റ് തരാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജാഥയുടെ വലതുഭാഗത്തു കൂടി ഇവർ മൈക്കും കേബിളുമായി പിന്നിൽ നിന്ന എന്റെയടുത്തേക്ക് ഇടിച്ചു കയറി. ജാഥ കഴിയട്ടെ നിങ്ങൾ മാറിനൽക്ക് എന്ന് ഞാൻ പറഞ്ഞു. നടന്നു പോകുന്ന ജാഥയ്ക്കകത്തേക്ക് മൈക്കും ക്യാമറയുമായി കയറി മുൻനിര അലങ്കോലമായപ്പോഴാണ് ഞാനിത് പറഞ്ഞത്. മാധ്യമ പ്രവർത്തകർക്ക് ഏത് ജാഥയും അലങ്കോലമാക്കാമെന്നായിരിക്കും. അവർക്കൊരു പടമെടുത്ത് പോയാൽ മതി. എനിക്ക് അതല്ലല്ലോ കാര്യം. ആയിരക്കണക്കിനാളുകൾ അണിനിരന്ന ഒരു സമര ജാഥയിൽ തള്ളിക്കയറിയതിന് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം നിരായുധനായ എന്നെ ധാർഷ്ട്യക്കാരനെന്ന് മുദ്ര കുത്തി അപമാനിക്കാൻ ഏകപക്ഷീയമായി ഈ ചാനൽ ശ്രമിക്കുകയാണുണ്ടായത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റെന്ന് കരുതി പാർടി നേതാക്കളുടെ മേൽ കയറി നിരങ്ങാമെന്ന് ഈ മാധ്യമത്തിലെ പ്രവർത്തകർ കരുതരുത്. മാധ്യമങ്ങളുടെ പരിലാളനയിൽ പൊട്ടിവീണ അതിമാനുഷ ശക്തിയുള്ള നേതാവല്ല ഞാൻ. ഞാൻ സാധാരണക്കാരൻ.പക്ഷെ ഞാൻ 40 വർഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ കേഡറാണ്.ഈ 40 വർഷം താണ്ടിയ ജീവിതം ടെലിവിഷൻ ചാനലിന്റെ വെള്ളിവെളിച്ചം കണ്ടാൽ ഇയ്യലിനെപ്പോലെ ചാടി വീഴാൻ എന്നെ പ്രേരിപ്പിക്കില്ല. എന്നെ ഈ ചാനൽ പ്രവർത്തകർ ബ്ളാക്ക് ഔട്ട്ചെയ്താലും ഞാനീ നാട്ടിലുണ്ടാകുമേ! പക്ഷെ ഭീഷണിക്ക് വഴങ്ങില്ല.വിവേകമുള്ള മാധ്യമ പ്രവർത്തകർ അവിടെ വേറെയുമുണ്ടായിരുന്നല്ലോ.എന്നാൽ എന്റെ റെഡ് സല്യൂട്ട്.


Next Story

Related Stories