UPDATES

തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ക്ക് കോടതി പറഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരും പഞ്ചായത്തും

തൃശൂര്‍ സ്വദേശിയായ ബിജു ഒന്നര വര്‍ഷമായി തളര്‍ന്നു കിടന്നിട്ടും നഷ്ടപരിഹാരം നല്‍കാന്‍ തയാറായിട്ടില്ല

നഷ്ടപരിഹാര തുക ആരു നല്‍കണമെന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും പഞ്ചായത്തും തമ്മിലുള്ള തര്‍ക്കം, തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജുവിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. 2016ല്‍ മാള പഞ്ചായത്ത് പരിധിയില്‍ വച്ചാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബിജുവിന് ഗുരുതര പരുക്കേറ്റത്. തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റ്റീസ് സിരിജഗന്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോടതി 18,74,500 രൂപ ബിജുവിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചു. ഈ തുകയാണ് നാളിതുവരെ ബിജുവിന് കിട്ടാത്തത്. ഇത്രയും വലിയ തുക നല്‍കാന്‍ തങ്ങള്‍ക്ക് ഫണ്ടില്ലെന്നും ഇത് സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാര തുക നല്‍കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനമാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇരുകൂട്ടരും തമ്മില്‍ നടക്കുന്ന തര്‍ക്കം കാരണം ഒന്നരവര്‍ഷത്തോളമായി ചികിത്സയ്ക്കും ജീവിത ചിലവിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ നിര്‍ധന കുടുംബം.

തൃശൂര്‍ ജില്ലയിലെ കല്ലേറ്റിന്‍കര സ്വദേശിയാണ് പി എസ് ബിജു എന്ന 42 കാരന്‍. തൃശൂര്‍ കോഴിക്കുന്നില്‍ വാച്ച് റിപ്പയറിംഗ് സ്ഥാപനം നടത്തുകയായിരുന്ന ബിജുവിനെ, 2016 ജൂണ്‍ 22 ന് രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിന് കുറുകെ തെരുവു നായക്കള്‍ ചാടി വീണ് ആക്രമിക്കുകയുമായിരുന്നു. നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ ബിജുവിന് സ്‌പൈനല്‍ കോഡിനുള്‍പ്പെടെ ഗുരുതര പരുക്കേറ്റു. ബിജുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പിന്നീട് ജൂബിലി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെ ഇവിടുത്തെ ചികിത്സക്ക് ശേഷം ശസ്ത്രക്രിയക്കായി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്ന ബിജു ഇപ്പോള്‍ ജോലിയെന്നും എടുക്കാന്‍ സാധിക്കാതെ വീട്ടില്‍ തന്നെ ഫിസിയോതെറാപ്പി ചികിത്സയിലാണ്. ഭാര്യയും പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളും വാര്‍ധക്യസഹജമായ രോഗത്തില്‍ കഴിയുന്ന അച്ഛനും അമ്മയുമാ ണ് ബിജുവിനുള്ളത്. ഇവര്‍ക്കെല്ലാം ആശ്രയം ബിജുവായിരുന്നു.

തെരുവുനായ ആക്രമണം; നഷ്ടപരിഹാര തുക വെട്ടിക്കുറച്ചു, ശമ്പളവുമില്ല, ഓഫിസ് ചെലവിനുള്ള പണവുമില്ല; ജ. സിരിജഗന്‍ കമ്മിറ്റിയുടെ അവസ്ഥയാണിത്

ജീവിതത്തിന്റെ മുന്നോട്ടു പോക്ക് ദുര്‍ഘടമായതോടെ ബിജുവും കുടുംബവും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിനെ സമീപിച്ചു. അവരാണ് തെുവുനായയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് പ്രവര്‍ത്തിക്കുന്ന ജസ്റ്റീസ് സിരിജഗന്‍ കമ്മിറ്റിയെ സമീപിക്കുന്നത്. ജസ്റ്റീസ് സിരിജഗന്‍ കമ്മിറ്റി സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ച് നഷ്ടപരിഹാര തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സുപ്രീംകോടതി 18,74,500 രൂപ ബിജുവിന് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിന്‍ പ്രകാരമുള്ള തുക ബിജുവിനു നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി മാള പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഫണ്ടില്ലെന്നും ഇത് സര്‍ക്കാര്‍ തന്നെ നല്‍കണമെന്നുമായി പഞ്ചായത്ത് അധികൃതര്‍. തെരുവുനായ ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന വാദത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. ഈ തര്‍ക്കത്തിലാണ് മാള പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രിം കോടതി ഉത്തരവ് മാനിക്കാതെ സര്‍ക്കാരും മാള പഞ്ചായത്തധികൃതരും പരസ്പരം തര്‍ക്കിക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് ബിജുവിനും കുടുംബത്തിനുമാണ്. സംഭവം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ബിജുവിന് ലഭിച്ചിട്ടില്ല. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയ തുക ഉപയോഗിച്ചാണ് ബിജുവിന്റെ ചികിത്സയും കുടുംബത്തിന്റെ ജീവിത ചെലവും കഴിഞ്ഞു പോകുന്നത്. എത്രനാള്‍ ഇങ്ങനെ പോകാന്‍ സാധിക്കുമെന്നറിയില്ലെന്നാണ് ബിജു പറയുന്നത്. മാള പഞ്ചായത്തിന്റെ ഹര്‍ജി പരിഗണിക്കുന്ന കേരള ഹൈക്കോടതി, നഷ്ടപരിഹാര തുകയുടെ പകുതി 9.37 ലക്ഷം 2018 ജനുവരിയില്‍ നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ തുക കിട്ടിയാല്‍ ബിജുവിന്റെ ദുരിതങ്ങള്‍ക്ക് ചെറിയൊരാശ്വാസമാകുമായിരുന്നു.

ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല, എന്നെ തഴയരുത്
ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞിട്ടാണ് ഈ തുക ലഭിക്കുന്നതും കാത്തിരിക്കുന്നത്. പണമില്ലാത്തതിനാല്‍ ചികിത്സയും മുടങ്ങിയ അവസ്ഥയിലാണ്. എല്ലാ ദിവസവും ഫിസിയോയെറാപ്പി ചികിത്സ ചെയ്യണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം എന്നാല്‍ പണമില്ലാത്തനിനാല്‍ ഒന്നിടവിട്ട ദിവസം മാത്രമാണ് ചികിത്സ നടത്തുന്നത്. സര്‍ക്കാരും പഞ്ചായത്തും ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങളെപ്പോലുള്ളവര്‍ എന്ത് ചെയ്യാനാ? ഈ അവസ്ഥയില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഹൃദ്രോഗിയായ അച്ഛനും അമ്മയും ഒമ്പതിലും യുകെജിയിലും പഠിക്കുന്ന പെണ്‍മക്കളും ഉണ്ട്. എന്റെ കാര്യം നോക്കേണ്ടതുകൊണ്ട് ഭാര്യക്കും ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കനിവിലാണ് ഇതുവരെ ജീവിച്ചത്. പക്ഷേ എത്രനാളെന്നു കരുതി മറ്റുള്ളവരുടെ ദയയില്‍ മുന്നോട്ടു പോകും? ബിജു ചോദിക്കുന്നു.

നഷ്ടപരിഹാര തുക നല്‍കിയേ മതിയാകൂ; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കേരളത്തെ അതീഭീകരമായി ബാധിച്ചിരിക്കുന്ന തെരുവുനായ പ്രശ്‌നം ഇത്ര ഗുരുതരമാകാന്‍ കാരണം കപട മൃഗസ്‌നേഹികള്‍ കാരണമാണ്. എന്തു കാര്യത്തിനും കൊടിപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഗൗരവകരമായി ഇടപെട്ടില്ല. അതുകൊണ്ടാണ് ഞാന്‍ തന്നെ മുന്‍കൈയ്യെടുത്ത് തെരുവുനായ ആക്രമണത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സ്‌ട്രേ ഡോഗ് ഫ്രീ മുവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഴിമുഖത്തോട് പറയുന്നു.

ബിജുവിനെ പോലുള്ള സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തില്‍ എന്തുകൊണ്ടാണ് ആരും ശ്രദ്ധ ചെലുത്താത്തത്? ഈ ചെറുപ്പക്കാരന്റെ ജീവിതം ഇനിയെന്താകും? സുപ്രീകോടതി വിധിയെപോലും മാനിക്കാതെയാണ് മാള പഞ്ചായത്തധികൃധര്‍ ഹൈക്കോടതിയില്‍ പോയത്. ഇതൊരു സാധാരണക്കാരന്റെ പ്രശ്‌നമാണ്, സര്‍ക്കാര്‍ അവഗണന കാണിക്കരുത്. ബിജുവിന് നഷ്ടപരിഹാരം മുഴുവനായും കിട്ടണം, അത് നല്‍കേണ്ടത് സര്‍ക്കാരായാലും പഞ്ചായത്തധികൃതരായാലും. ഇത്തരം കേസുകളില്‍ സര്‍ക്കാരുമായി നീതിയുദ്ധത്തിനു പോകാന്‍ ആരും തയാറാകുന്നില്ല. കേസ് തീര്‍ന്ന് വിധി വരാന്‍ ഒരു ജീവിതായുസ് മുഴുവനും വേണ്ടിവരും; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രതികരിച്ചു.

ആദ്യം സര്‍ക്കാര്‍ പകുതി തുക നല്‍കട്ടേയെന്ന് പഞ്ചായത്ത്
വിഷയത്തില്‍ ബിജുവിന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുകയായ 18,74,500 രൂപയുടെ പകുതിയായ 9,37,250 രൂപ ഒരു മാസത്തിനകം സര്‍ക്കാര്‍ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ തുക ഇതു വരെ കൈമാറിയതായി അറിവില്ല. പഞ്ചായത്തില്‍ ഫണ്ടില്ലാത്തതിന്റെയും മറ്റു ചില നിയമപ്രശ്‌നങ്ങളും മൂലമാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഷ്ടപരിഹാര തുക നല്‍കുന്നതിനെതിരേ ഹൈക്കോടതിയില്‍ പോയത്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയ്ക്കിരിക്കെ പഞ്ചായത്തിന് ഒന്നും ചെയ്യാനാകില്ല. തുകയുടെ പകുതി ഒരു മാസത്തിനകം അടിയന്തിരമായി സര്‍ക്കാര്‍ നല്‍കണമെന്നും ബാക്കി തുകയുടെ കാര്യം സര്‍ക്കാരും പഞ്ചായത്തും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ നടപടികള്‍ക്കനുസരിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാം; മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചാര്‍ളി അഴിമുഖത്തോട് പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍