Top

ഹൈക്കമാന്‍ഡ് ഇറക്കിയ കെ.പി ഉണ്ണികൃഷ്ണന്‍ കെപിസിസിയുടെ ലീലാ ദാമോദര മേനോനെ 'വെട്ടിയ' കഥ

ഹൈക്കമാന്‍ഡ് ഇറക്കിയ കെ.പി ഉണ്ണികൃഷ്ണന്‍ കെപിസിസിയുടെ ലീലാ ദാമോദര മേനോനെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ വെട്ടും തിരുത്തും സ്ഥിരം കഥയാണ്. കേന്ദ്രത്തിന്റെ ആശിര്‍വാദം വാങ്ങി മടങ്ങവെ വിമാനത്താവളത്തില്‍ വെച്ചുപോലും പട്ടികയില്‍ മാറ്റം മറിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ജില്ലയുടെ പട്ടിക, സംസ്ഥാനത്തിന്റെ പട്ടിക, ഒടുവില്‍ ഇതിലൊന്നും ഇടംപിടിക്കാത്തവര്‍ കടന്നുവരുന്ന കേന്ദ്രത്തിന്റെ പട്ടിക. പിന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഫലം വന്നാലും അവസാനിക്കാത്ത വിവാദ കോലാഹലങ്ങള്‍. കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടത്തിന് ഇതൊക്കെ നാളുകള്‍ക്കു മുന്‍പേ പഥ്യം. തെരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിക്കുന്ന എപ്പിസോഡുകള്‍.

വലിയ ഗ്രൂപ്പ് വഴക്കും വാദകോലാഹലങ്ങളും ഇല്ലാതെയായിരുന്നു 1971-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പട്ടിക സംസ്ഥാനത്ത് തയാറാക്കപ്പെട്ടത്. വിശ്വനാഥന്‍ വക്കീല്‍ എന്ന കെ.കെ. വിശ്വനാഥനായിരുന്നു കെപിസിസി അധ്യക്ഷന്‍. സൗമ്യനും സമവായക്കാരനുമായ അദ്ദേഹം പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തേയും പരിഗണിച്ച് എല്ലാവര്‍ക്കും പറയാനുള്ള കാര്യങ്ങളൊക്കെ കേട്ടശേഷമായിരുന്നു പട്ടിക തയാറാക്കിയത്. ഐകകണ്‌ഠേനയുടെ പട്ടിക എന്നാണ് വിശ്വനാഥന്‍ വക്കീലിന്റെ അനുയായികള്‍ പറഞ്ഞിരുന്നത്. ഇന്നത്തേതു പോലെയല്ല വൈബ്രന്റായ യൂത്തന്മാരുടെ കാലമാണ്. വയലാര്‍ രവിയും എ.സി.ജോര്‍ജും കടന്നപ്പിള്ളി രാമചന്ദ്രനും ഒക്കെ പട്ടികയില്‍ ഇടം പിടിച്ചതോടെ യൂത്തന്മാരും പട്ടികയുടെ ആരാധകരായി. അവരും കലാപക്കൊടി ഉയര്‍ത്തിയില്ല.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി തയാറാക്കിയ പട്ടിക അന്തിമ അംഗീകാരത്തിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിന്റെ മുന്നിലേക്ക് എത്തി. പതിവുപോലെ കുശുകുശുപ്പ്. ഇന്നത്തെപോലെ അന്നും കോണ്‍ഗ്രസ് അടുക്കളയില്‍ വേവുന്ന വിഭവങ്ങള്‍ ആ പാര്‍ട്ടിയിലെ നേതാക്കള്‍ അറിയുന്നതിനു മുന്‍പേ മാധ്യമങ്ങളിലേക്ക് എത്തും. പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രധാന പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. തര്‍ക്കങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്ത് തയാറാക്കിയ പട്ടിക ഡല്‍ഹിയില്‍ തിരുത്തപ്പെടുന്നതെന്തിനെന്ന ചിന്ത ഇന്നത്തേക്കാളേറെ ശുദ്ധാത്മാക്കളായ നേതാക്കളുണ്ടായിരുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടു. നേതാക്കള്‍ക്ക് വലിയ ആശങ്ക. യൂത്ത് കോണ്‍ഗ്രസിലാകട്ടെ പട്ടികയില്‍ തിരുത്ത് വരുത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പ്.

യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റേയും സംയുക്ത ക്യാമ്പ് ആലുവ കൊട്ടുകാപ്പിള്ളി ബില്‍ഡിംഗ്‌സില്‍ നടന്നുവരുന്നതിനിടെയാണ് ഈ വാര്‍ത്തകള്‍ കത്തിപ്പടര്‍ന്നത്. സംസ്ഥാനത്ത് തയാറാക്കിയ പട്ടികയില്‍ മാറ്റം വരുത്താനുള്ള നീക്കത്തിനെതിരെ ക്യാമ്പില്‍ സംബന്ധിച്ചവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പ്രതിഷേധം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനായി നീക്കം. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. പി.സി ചാക്കോ ജനറല്‍ സെക്രട്ടറിയും. കെ. മുഹമ്മദാലിയും ടി.പി നാരായണനും സെക്രട്ടറിമാരും. തങ്ങളുടെ വികാരം നേതൃത്വത്തെ ധരിപ്പിക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയേയും പി.സി ചാക്കോയേയും ഡല്‍ഹിയിലേക്ക് അയയ്ക്കുന്നതിനും ക്യാമ്പിലെ ചര്‍ച്ചകളില്‍ ധാരണയായി.

ഉമ്മന്‍ചാണ്ടിയും ചാക്കോയും ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ടെങ്കിലും ഫലം കണ്ടില്ല. പട്ടികയ്ക്കു മേലെ കത്രിക വീണു. വടകരയില്‍ സ്ഥാനാര്‍ഥിയായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ലീല ദാമോദര മേനോനെ ഹൈക്കമാന്‍ഡ് വെട്ടി മാറ്റി. പകരം അവിടെ കെ.പി ഉണ്ണികൃഷ്ണന്റെ പേര് എഴുതി ചേര്‍ത്തു. അങ്ങനെയാണ് ഡല്‍ഹിയില്‍ മാതൃഭൂമി പത്രത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചുവന്ന കെ.പി ഉണ്ണികൃഷ്ണന്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഇന്ദിരാ ഗാന്ധി പ്രത്യേക താത്പര്യമെടുത്താണ് കെ.പി ഉണ്ണികൃഷ്ണനെ മത്സരരംഗത്തേക്ക് കൊണ്ടുവന്നത്.
ലീല ദാമോദര മേനോനെ വെട്ടിയതിനു പശ്ചാത്തലമായി ഡല്‍ഹിയില്‍ നേരത്തെ നടന്ന പല വെട്ടുകളുടേയും കഥയുണ്ട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.പി. ഉണ്ണികൃഷ്ണനെ 1967-ല്‍ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെ. കാമരാജും ഇന്ദിരാഗാന്ധിയുമൊക്കെ ആഗ്രഹിച്ചിരുന്നു. കേരളത്തില്‍ എന്തെങ്കിലും തടസം ഉണ്ടെങ്കില്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും മത്സരിപ്പിക്കണമെന്ന തരത്തിലെ ചര്‍ച്ചകളും നടന്നു. 67-ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിന്റെ മുന്നിലേക്ക് ഉണ്ണികൃഷ്ണന്റെ പേര് എത്തുകയും ചെയ്തു. എന്നാല്‍ ആ ബോര്‍ഡിലെ അംഗമായിരുന്ന മൊറാര്‍ജി ദേശായിക്ക് ഉണ്ണികൃഷ്ണനെ ഇഷ്ടമായിരുന്നില്ല. ഉണ്ണിയുടെ പേര് കണ്ടപ്പോഴെ മൊറാര്‍ജി വെട്ടി. കമ്യൂണിസ്റ്റുകാരനായിരുന്നുവെന്ന ആക്ഷേപമാണ് ഉണ്ടായിരുന്നത്. രാജ്യസഭയിലേക്ക് കൊണ്ടുവരുന്നതിനും നീക്കം നടന്നിരുന്നുവെങ്കിലും മൊറാര്‍ജിയുടെ എതിര്‍പ്പില്‍ തട്ടി അതും നടന്നില്ല.

71-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായപ്പോള്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനുള്ള നീക്കം വീണ്ടുമുണ്ടായി. 1969ല്‍ കോണ്‍ഗ്രസ് പിളര്‍പ്പോടെ മൊറാര്‍ജി ദേശായി പാര്‍ട്ടിക്കു പുറത്തേയ്ക്കു പോയതാണ് വീണ്ടും ഉണ്ണികൃഷ്ണന്റെ പേര് ശക്തിപ്പെടാന്‍ കാരണം. കോഴിക്കോട് ഡിസിസി വടകരയിലേക്ക് നല്‍കിയ പട്ടികയില്‍ ഉണ്ണികൃഷ്ണന്റേയും ലീല ദാമോദര മേനോന്റേയും പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കെപിസിസി കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ലീല ദാമോദര മേനോന്റെ പേര് മാത്രമാക്കി അന്തിമ പട്ടിക തയാറാക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡിനയച്ചു. ഇവിടെ തര്‍ക്കങ്ങളില്ലാത്തതിനാല്‍ പട്ടിക സംസ്ഥാന തലത്തില്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. ഈ പട്ടികയിലായിരുന്നു കേന്ദ്രം തിരുത്ത് വരുത്തിയത്. താനും ഇന്ദിരാ ഗാന്ധിയും തമ്മില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഭിന്നതയില്ലാത്ത അപൂര്‍വം ആളുകളില്‍ ഒന്നാണ് നിങ്ങളെന്ന് അന്ന് ജഗ്ജീവന്‍ റാം നേരിട്ട് തന്നെ കെ.പി. ഉണ്ണികൃഷ്ണനോട് പറയുകയുണ്ടായി.

Also Read: പിതാവ് മുഖ്യമന്ത്രി, എതിരാളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനത്തിന് മകന്‍; കേരളം കണ്ട ഒരപൂര്‍വ പോരാട്ടം

പ്രതിഷേധങ്ങളൊന്നും ഹൈക്കമാന്‍ഡ് കണക്കിലെടുത്തില്ല. പ്രതിഷേധവുമായി ഡല്‍ഹിയിലെത്തിയ പി.സി. ചാക്കോയെ കൊച്ചിയിലേക്ക് കെ.പി ഉണ്ണികൃഷ്ണനൊപ്പം വിമാനത്തില്‍ മടക്കി അയച്ചാണ് കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിച്ചത്. കെ.പി ഉണ്ണികൃഷ്ണനെ കേന്ദ്രം നിയോഗിച്ചത് യൂത്തന്മാര്‍ക്ക് മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല. കെ.കെ. വിശ്വനാഥന്‍ ഇക്കാര്യത്തിലുള്ള തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.  ലീലാ ദാമോദര മേനോനും പ്രതിഷേധം മറച്ചുവെച്ചില്ല. അവര്‍ സ്വന്തം നിലയില്‍ മത്സരരംഗത്തേക്ക് ഇറങ്ങാനുറച്ചു. നോമിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അവര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. പിന്നീട് ലീലാ ദാമോദര മേനോനെ കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കി പരിഭവം മാറ്റി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോന്റെ പത്‌നിയായിരുന്നു ലീല ദാമോദര മേനോന്‍.

അന്ന് കേരള രാഷ്ട്രീയത്തിലെത്തിയ കെ.പി. ഉണ്ണികൃഷ്ണന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വടകര മണ്ഡലത്തെ ആറു വട്ടം പ്രതിനിധീകരിച്ചു. 27 വര്‍ഷക്കാലം തുടര്‍ച്ചയായി എംപി. രണ്ടു വട്ടം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലും പിന്നീട് കോണ്‍ഗ്രസ് (യു), സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് ടിക്കറ്റുകളിലും. വി.പി. സിംഗ് മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയുമായി. എന്നാല്‍ 96-ല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി വടകരയില്‍ മത്സരിച്ചപ്പോള്‍ സിപിഎം നേതാവ് ഒ. ഭരതനു മുന്നില്‍ കാലിടറി. കെ. കരുണാകരന്‍ തന്നെ പിന്നില്‍ നിന്നു കുത്തുകയായിരുന്നുവെന്നാരോപിച്ച് ഉണ്ണികൃഷ്ണന്‍ പിന്നീട് രംഗത്ത് എത്തിയത് കുറച്ചു നാള്‍ വാര്‍ത്തയും വിവാദവുമായി കത്തുകയും ചെയ്തു.

Next Story

Related Stories