TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന: സ്ഥാനാര്‍ത്ഥിയാകാന്‍ സുധീരനോട് രാഹുല്‍ നേരിട്ട് ആവശ്യപ്പെടും, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന: സ്ഥാനാര്‍ത്ഥിയാകാന്‍ സുധീരനോട് രാഹുല്‍ നേരിട്ട് ആവശ്യപ്പെടും, ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ സാഹചര്യത്തില്‍ സീറ്റ് നിര്‍ണയ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരനോട് മത്സരത്തിനിറങ്ങാന്‍ ഹൈക്കമാന്റ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മഹാസമ്മേളനത്തിനെത്തിയ രാഹുല്‍ ഗാന്ധി സുധീരനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുകയും അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതാണ് നല്ലതെങ്കില്‍ അങ്ങനെ ചെയ്യണമെന്നാണ് രാഹുല്‍ കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ഈയൊരു സാഹചര്യത്തില്‍ സുധീരനോട് തൃശൂരോ ചാലക്കുടിയിലോ മത്സരിക്കാന്‍ ഹൈക്കമാന്റ് സമ്മര്‍ദ്ദം ചെലുത്തിയേക്കും. തൃശൂര്‍ സ്വദേശിയായ സുധീരന് രാഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യതയുണ്ട് എന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുന്നു. സുധീരനുമായി അടുത്ത ബന്ധമുള്ള ടി.എന്‍ പ്രതാപനാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് എന്നിരിക്കെ പ്രാദേശിക ഘടകങ്ങളില്‍ നിന്നും സുധീരനെ മത്സരിപ്പിക്കാനുള്ള സമ്മര്‍ദ്ദം എറിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചില്ലെങ്കില്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നാലു തവണ ആലപ്പുഴ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച നേതാവെന്ന നിലയില്‍ ആലപ്പുഴയില്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നിലവില്‍ മത്സരരംഗത്തിറങ്ങുന്നതിനോട് താല്‍പര്യം പ്രകടിപ്പിക്കാത്ത സുധീരന്‍, രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് അണികള്‍. 2009 ലും സുധീരനുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും, യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്രക്കിടയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും നടക്കും. യാത്ര 28നാണ് അവസാനിക്കുന്നതെങ്കിലും 20ന് സംസ്ഥാനത്തു നിന്നുള്ള പട്ടിക കൈമാറാനാണ് എഐസിസി നിര്‍ദ്ദേശം. 25ന് ഹൈക്കമാന്‍ഡിന്റെ ആദ്യ പട്ടിക പുറത്തുവരും. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17ന് ഈ സമിതി ചേര്‍ന്നേക്കും. അന്ന് നടന്നില്‍ കേരളത്തിലെ പട്ടിക വൈകും. അതേസമയം മറ്റ് ചില സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിച്ചു കഴിഞ്ഞു.

എംഐ ഷാനവാസിന്റെ നിര്യാണവും മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാലും വയനാട്ടിലും വടകരയിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും. കൂടാതെ കഴിഞ്ഞ തവണ തോറ്റ എട്ട് സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണം. ഈ എട്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത്. അങ്ങനെ നോക്കിയാല്‍ പത്ത് സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസിന് പുതുതായി കണ്ടെത്തേണ്ടത്. സിറ്റിംഗ് എംപിമാരെ വീണ്ടും മത്സരിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.

സുധീരനെ കൂടാതെ ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മറ്റൊരു പ്രമുഖന്‍. ഇടുക്കിയിലോ കോട്ടയത്തോ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നാണ് കരുതുന്നതെങ്കിലും നിലവില്‍ അതിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡും എകെ ആന്റണിയും ഈ വിഷയത്തില്‍ എന്ത് തീരുമാനിക്കുന്നുവെന്നതാണ് നിര്‍ണായകം. അതേസമയം നിയമസഭയില്‍ തുടര്‍ച്ചയായി 50 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. 1970ലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

കെപിസിസിയും മറ്റൊരു മുന്‍ പ്രസിഡന്റ് എംഎം ഹസന്‍ വയനാടിനായും പിടിമുറുക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഡീന്‍ കുര്യാക്കോസ്(ഇടുക്കി, തൃശൂര്‍), ആദം മുല്‍സി(വയനാട്), സുനില്‍ ലാത്തൂര്‍(ആലത്തൂര്‍), മാത്യു കുഴല്‍നാടന്‍(ഇടുക്കി, ചാലക്കുടി), കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്(വടകര) എന്നിവരും സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലുണ്ട്.

Next Story

Related Stories