TopTop
Begin typing your search above and press return to search.

നല്ല കൃഷിഭൂമിയില്‍ കലഹിച്ച് വിത്തെറിഞ്ഞു, പരാജയം കൊയ്‌തെടുത്തു

നല്ല കൃഷിഭൂമിയില്‍ കലഹിച്ച് വിത്തെറിഞ്ഞു,  പരാജയം കൊയ്‌തെടുത്തു

കലഹത്താല്‍ നിലം ഉഴുതു. കലഹിച്ചുകൊണ്ടു തന്നെ വിത്ത് വിതച്ചു, കലഹിച്ചു തന്നെ വളമിട്ടു. ഇപ്പോഴിതാ വിളവെടുത്തിരിക്കുന്നു. നല്ല കര്‍ഷകരുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നാണ് പറയാറ്. കൃഷി നേരുള്ള കലയും ശാസ്ത്രവുമാണ്, അതിലേറെ സംസ്‌കാരമാണ്. പേള്‍ എസ് ബക്കിന്റെ ' ദ ഗുഡ് എര്‍ത്ത്' എന്ന പുസ്തകം വായിച്ചിട്ടുള്ളവര്‍ക്കെല്ലാം അതറിയാം. പേള്‍ എസ് ബക്ക് വായിച്ചിട്ടില്ലെങ്കില്‍ വി.സാംബശിവന്റെ കഥാപ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് അക്കാര്യം ഓര്‍മ്മവരും. 'ഈ നല്ല ഭൂമി വിളഭൂമി, ഈയാം പാറ്റ പറക്കും ഭൂമി.....അങ്ങനെയാണല്ലോ സാംബശിവന്‍ പാടാറ്.

ഈയാം പാറ്റ പറക്കുന്ന വിള ഭൂമിയില്‍ പ്രാര്‍ഥനാപൂര്‍വം ഒരു മനസ്സോടെ വേണം ഇറങ്ങാന്‍. നിലമൊരുക്കുമ്പോള്‍ മുതല്‍. അല്ലെങ്കില്‍ വിളവെടുപ്പില്‍ അത് പ്രതിഫലിക്കും. പാല എന്ന കൃഷിഭൂമിയിലും തെളിയുന്നത് ഇതാണ്. ഇത് മാത്രമാണ്. പാല എല്ലാ തരത്തിലും നല്ല കൃഷിഭൂമിയാണെന്ന് കെ.എം. മാണി തെളിയിച്ചിട്ടുള്ളതാണ്. ഏത് കൃഷിക്കും വഴങ്ങും. ഇല്ലെങ്കില്‍ വഴക്കിയിട്ടുണ്ട്. അതുകൊണ്ടാണ് മാണിസാര്‍ എന്ന് പാലാക്കാര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കാറുള്ള വലിയ കര്‍ഷകനെ 54 വര്‍ഷം തങ്ങളുടെ പതാക വാഹകനാക്കിയത്.

കെ.എം. മാണിയുടെ മരണാനന്തരമുള്ള സഹതാപം, പിണറായി വിരുദ്ധ -സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍, പാലായുടെ വലതുപക്ഷ മനസ്സ്...ഇതൊക്കെ ചേര്‍ന്ന് ജോസ് ടോമിനെ സുഖകരമായി ജയിപ്പിച്ചെടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എത്രയൊക്കെ കലഹിച്ചാലും തങ്ങളെ പാലക്കാര്‍ക്ക് അങ്ങനെയങ്ങ് തള്ളിക്കളയാന്‍ കഴിയുമോയെന്ന് മാണി സാറിന്റെ വത്സലപുത്രനായ ജോസ് മോനും കൂട്ടരും കണക്ക് കൂട്ടുകയും ചെയ്തു. കാറ്റ് എപ്പോഴും ഒരുപോലെയാവില്ലെന്ന് മനസ്സിലാക്കുന്നതില്‍ ആ ക്യാമ്പ് അമ്പേ പരാജയപ്പെട്ടു.

മാണിയെ വിജയിപ്പിയ്ക്കാറുള്ള ജനം ആ കുടുംബത്തിന്റെ വിശ്വസ്തനെ തള്ളിക്കളഞ്ഞിരിക്കുന്നു. മാണിയാണ് തന്റെ ചിഹ്നമെന്നു പറഞ്ഞ ജോസ് ടോമിനെ ജനത്തിനു സ്വീകാര്യമായില്ല. മാണിയുടെ പുത്രവധുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം പി.ജെ. ജോസഫിന്റെ നിലപാടിനെ തുടര്‍ന്ന് നടക്കാതെ പോയപ്പോഴാണ് കുടുംബത്തിന്റെ വിശ്വസ്തനെ രംഗത്ത് എത്തിച്ചത്. മാണിയെപ്പോലെ പഥ്യമാകില്ല ജനങ്ങള്‍ക്ക് കുടുംബവും വിശ്വസ്തനുമൊക്കെയെന്ന് കൂടി ഈ ഫലം പറയുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലെ ഒരു കുശാഗ്രചിത്തനായ, ജനമനസ്സ് അറിയുന്ന നേതാവ് മുന്നില്‍ നിന്ന് യുഡിഎഫ് ക്യാമ്പ് നയിച്ചിട്ടും അവര്‍ക്ക് കടപുഴകി വീഴേണ്ടിവന്നിരിക്കുന്നു. തൃണാവര്‍ത്തനെപ്പോലെ കിടക്കുകയാണ് മഹിതമായ പാരമ്പര്യമൊക്കെ പറയുന്ന കേരള കോണ്‍ഗ്രസ്-മഹാപ്രസ്ഥാനത്തിനു പാകമായി എന്നു പറഞ്ഞുകൊണ്ട്. മഹാപ്രസ്ഥാനം എന്നാല്‍ ഭാരതീയ വിശ്വാസം അനുസരിച്ച് ആയുസ്സിന്റെ അവസാന ഘട്ടമാണ്. അതിന് സജ്ജമായി ശോണിതവും അണിഞ്ഞ്് കിടപ്പാണ് മാണിയില്ലാതായി തീര്‍ന്ന മകന്റെ പ്രസ്ഥാനം. ശിവശ്ശിവ എന്ന് പറഞ്ഞ് വിലപിക്കാന്‍ ആരേയും കിട്ടില്ല ഈ പരാജയത്തില്‍.

ബഹുവര്‍ണ്ണങ്ങളുള്ളതും തിളക്കമാര്‍ന്നതുമാണ് പാലയിലെ വിജയം ഇടതു മുന്നണിക്ക്. കൗണ്ടിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ അവസാനം വരെ എല്‍ഡിഎഫ് പൂര്‍ണമായ ആധിപത്യം നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സമയം മുതലുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ഒക്കെ അവര്‍ അടുക്കും ചിട്ടയും പുലര്‍ത്തി. ഇടതു മുന്നണിക്ക് അഭിമാനകരമാണ് ഈ വിജയം. മുഖ്യമന്ത്രി പിണറായി വിജയനും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചവര്‍ക്കും തികച്ചും അഭിമാനിക്കാം. പാലയിലേത് വെറും വിജയം മാത്രമല്ല. 54 വര്‍ഷം ഒരു നേതാവിന്റേയും ഒരു പാര്‍ട്ടിയുടേയും മാത്രം സീറ്റാണ് അവര്‍ പിടിച്ചെടുത്തത്. തീര്‍ത്തും വലതുപക്ഷ മണ്ണാണ് പാലായിലേത്. അതിലാണ് കൊടി പാറിയത്.

സര്‍ക്കാരിനെതിരെ നാലുപാടു നിന്നും വലിയ വിമര്‍ശനങ്ങള്‍ നിറഞ്ഞു നില്‍ക്കവെയാണ് പാല തെരഞ്ഞെടുപ്പ് നടന്നത്. മാധ്യമങ്ങളില്‍ നിറഞ്ഞതൊക്കെ സര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനങ്ങളായിരുന്നു. കോടതിയില്‍ നിന്നും അടിക്കടി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പോലീസിനെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്കത്തും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഉണ്ടായ പാല വിജയം പിണറായിയെ കൂടുതല്‍ കരുത്തനാക്കും. തമ്മിലടിച്ച കേരള കോണ്‍ഗ്രസുകള്‍ ജനത്തെ വെറുപ്പിച്ച് ക്ഷണിച്ചുവരുത്തിയതാണ് ഈ പരാജയം എങ്കിലും ഈ സാഹചര്യത്തില്‍ ഇടതു മുന്നണി നേടിയ വിജയത്തിന് വലിയ കപ്പിത്താനായ പിണറായി വിജയന് തീര്‍ച്ഛയായും അഭിമാനിക്കാം. ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രിയുടെ വാദത്തിനു സമ്മതി ലഭിച്ചുവെന്നതും അദ്ദേഹത്തെ കൂടുതല്‍ സന്തുഷ്ടനാക്കാതിരിക്കില്ല. ആസന്നമായ അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇടതു മുന്നണിക്ക് മുന്നോട്ട് പോകാനാവുകയും ചെയ്യും.

ജോസ് കെ. മാണി പി.ജെ. ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള അടി വരും ദിവസങ്ങളില്‍ കൂടുതല്‍ കഠിനതരമാക്കുന്നതാണ് ഫലം. വലിയ വിജയം ആഘോഷിക്കാന്‍ എല്ലാ തയാറെടുപ്പുകളുമായി എത്തിയ കേരള കോണ്‍ഗ്രസിന് ഫല സൂചനകള്‍ വന്നതോടെ അടച്ചിട്ട മുറികളിലെ ചര്‍ച്ചകളിലേക്ക് പിന്‍വാങ്ങേണ്ടി വന്നു. കെ.എം. മാണി ഇല്ലാത്ത പാര്‍ട്ടിയ്ക്ക് അദ്ദേഹത്തിന്റെ തട്ടകം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നിരിക്കുന്നതിന് ജോസ് കെ. മാണിയ്ക്കും സംഘത്തിനും വെറും പരാജയം മാത്രമല്ല. തീര്‍ത്തും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നതിനു കാരണം സ്വയം കൃതാനര്‍ഥം എന്നല്ലാതെ മറ്റൊന്നും അവര്‍ക്ക് കണ്ടെത്താന്‍ ആവുമെന്ന് തോന്നുന്നില്ല. ജോസ് കെ. മാണിക്കെതിരെ ആ ഗ്രൂപ്പിനകത്ത് നിന്നും തന്നെ എതിര്‍ശബ്ദങ്ങള്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നുവന്നാലും അത്ഭുതപ്പെടേണ്ടതില്ല.

കേരള കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാന്‍ സമയം ചെലവിടേണ്ടി വന്ന തങ്ങള്‍ക്ക് പാലയിലേത് ഒരു രാഷ്ട്രീയ മത്സരമാക്കി മാറ്റാനായില്ലെന്ന കുറ്റസമ്മതം നടത്തി പല കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയത് വരും ദിവസങ്ങളിലെ സ്മാര്‍ത്തവചാരത്തിന്റെ ഗതി വ്യക്തമാക്കുന്നു. പലതും ജനങ്ങള്‍ക്കിഷ്ടപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നതില്‍ എല്ലാം അടങ്ങിയിരിക്കുന്നു. എന്നാല്‍, പാര്‍ലമെന്റില്‍ വലിയ വിജയം നേടിയ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിനെ വിജയത്തിലേക്ക് നയിക്കാനായില്ലെന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പൂര്‍ണമായും കൈകഴുകി മാറി നില്‍ക്കാന്‍ കഴിയില്ല.
ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടുകള്‍ മറിഞ്ഞുവെന്ന ഗുരുതരമായ ആരോപണവുമായി ഒരു മുഴം മുന്‍പേ തന്നെ എറിഞ്ഞ പി.ജെ. ജോസഫ് തന്നെ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ സമ്മേളനത്തിനു വന്നപ്പോള്‍ തന്നെ കൂവി ഓടിച്ചവരെയൊക്കെ അദ്ദേഹത്തിന് മറക്കാന്‍ കഴിയില്ലല്ലോ? ബിജെപി വോട്ട് മറിച്ചുവെന്ന വാദവുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമും എത്തിയിട്ടുണ്ട്. വോട്ടു മറിക്കല്‍ ചര്‍ച്ചകള്‍ ബിജെപിയെ കേന്ദ്രീകരിച്ച ആദ്യം ഉയര്‍ത്തിയത് സിപിഎം ആയിരുന്നു. എന്നാല്‍ ഫലം അനുകൂലമല്ലെന്ന് കണ്ടപ്പോള്‍ യുഡിഎഫ് അതേറ്റെടുക്കുകയായിരുന്നു. ബിജെപിയുടെ വോട്ട് കുറഞ്ഞുവെന്നത് വാസ്തവമാണെങ്കിലും വോട്ടുമറിക്കല്‍ വാദവുമായി അവര്‍ പിടിച്ചു നില്‍ക്കാന്‍ കഴുയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ ബിജെപിക്ക് അനുകൂലമായി ലഭിച്ച ബിഡിജെഎസ് വോട്ടുകള്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു പെട്ടിയിലേക്കു പോയിട്ടാണ്ടാകാം. വിശദമായ പരിശോധന വേണ്ട കാര്യങ്ങളാണിത്.

പി.ജെ. ജോസഫിനെ പോലെ മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ കണക്കിലെടുക്കാതെ തീരുമാനങ്ങളിലേക്ക് പോയത് ആ പക്ഷം ഉയര്‍ത്തുക തന്നെ ചെയ്യും. വിജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി എന്ന അദ്ദേഹത്തിന്റെ വാദം ഫലം കൊണ്ട് ശരിവെയ്‌ക്കേണ്ടി വന്നിരിക്കുന്ന സാഹചര്യത്തില്‍ ജോസഫിന്റെ വാക്കുകള്‍ക്ക് ഇനി കൂടുതല്‍ ചെവി കൊടുക്കേണ്ടിവരും. വോട്ടെണ്ണലിന്റെ ഒരിക്കല്‍ പോലും ജോസ് ടോമിന് ലീഡ് ഉണ്ടാക്കാനായില്ല. സ്ഥാനാര്‍ഥിയെ കുറിച്ച് പി.ജെ. ജോസഫ് ഉയര്‍ത്തിയ ആശങ്കകള്‍ ശരിവെയ്ക്കുന്നതാണ് ഫലം.

പാലായില്‍ നാലാം കാലത്തില്‍ ജയം നേടിയ മാണി സി. കാപ്പന്റെ പാര്‍ട്ടിയായ എന്‍സിപിയ്ക്കകത്തും തെരഞ്ഞെടുപ്പ് ഫലം മന്ത്രിസ്ഥാനത്തെ ചൊല്ലി ചില ആന്ദോളനങ്ങള്‍ സൃഷ്ടിക്കും. മാണി സി. കാപ്പനെ വിജയിപ്പിച്ചാല്‍ പാലക്കാര്‍ക്ക് ലഭിക്കുന്നത് ഒരു മന്ത്രിയെക്കൂടിയാണെന്ന പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുണ്ടായിരുന്നു. അത് അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാവണം, മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിപ്പോള്‍ പ്രസക്തി ഇല്ലെന്ന മന്ത്രി ശശീന്ദ്രന്റെ പ്രതികരണം വോട്ടെണ്ണല്ലിനിടെ പുറത്തുവന്നതും. വ്യത്യസ്ത ഗ്രൂപ്പുകളായി നിലകൊള്ളുന്ന എന്‍സിപി നേതൃത്വത്തില്‍ വൈകാതെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ശണ്ഠ പൊട്ടിപ്പുറപ്പെട്ടു കൂടാതിരിക്കില്ല. മുന്‍പ് പലവട്ടം നമ്മള്‍ കണ്ടതാണിക്കാര്യം. ആസന്നമായ ഉപതെരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ അത് ചിലപ്പോള്‍ നീട്ടിവെച്ചേക്കാമെന്ന് മാത്രം. ഇപ്പോള്‍ വിഴുപ്പലക്കി പാല വിജയത്തിന്റെ നിറം കെടുത്താന്‍ എന്തായാലും സിപിഎം സമ്മതിക്കുമെന്നും തോന്നുന്നില്ല.


Next Story

Related Stories