TopTop
Begin typing your search above and press return to search.

കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി - യു.ഡി.എഫിന്റെ ഐശ്വര്യം

കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി - യു.ഡി.എഫിന്റെ ഐശ്വര്യം

നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദി വറ്റുകയും അക്കരെയുള്ള ഒറ്റയടിപ്പാത ടാര്‍ റോഡാവുകയും ചെയ്യുമ്പോള്‍ അതുവഴി വരുന്ന ബസില്‍ കയറി പട്ടണത്തില്‍ കൊണ്ടുപോയി പായ വിറ്റ് കോടീശ്വരനാകാന്‍ ആഗ്രഹിക്കുന്ന വിഡ്ഢിയായ പാവം ഗ്രാമീണന്‍ കുട്ടികളുടെ ചിത്രകഥാ പുസ്തകത്തില്‍ നിന്നുപോലും മാഞ്ഞുപോയെങ്കിലും അന്യം നിന്നുപോയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഒരേയൊരു 'ദൈവം' കുഞ്ഞുമാണി എന്ന കെ.എം.മാണിയും മുസ്ലിംലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും കുഞ്ഞൂഞ്ഞുമാണ് യു.ഡി.എഫിന്റെ ഐശ്വര്യം...!

രാജ്യസഭയിലെ കോണ്‍ഗ്രസുകാരനായ പി.ജെ.കുര്യന്റെ കാലാവധി കഴിയുന്നതിനാല്‍ ഉറപ്പായും ജയിക്കാവുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കുക. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും കൂലങ്കുഷമായി അടച്ചിട്ട മുറിയില്‍ തലപുകച്ച് ആലോചിച്ച് തീരുമാനം എടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലെ ഘടകകക്ഷി ആണോ? അല്ല. അവര്‍ മുന്നണിയില്‍ നിന്ന് പിണങ്ങിപ്പോയി സ്വതന്ത്രമായി നില്‍ക്കുകയാണ്. ഈ കാലയളവിലാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസുകാരനെ അട്ടിമറിച്ച് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസുകാരന്‍ കൊണ്ടുപോയത്. കല്‍പ്പറ്റ നഗരസഭ ഉള്‍പ്പെടെ ഒന്നും ഒന്നരമുറിയും അംഗങ്ങളുടെ പിന്തുണയോടെ ഭരണം നടത്തുന്ന മിക്കവാറും എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും യു.ഡി.എഫിനെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ തള്ളി താഴെയിട്ട് മാണി കേരള കോണ്‍ഗരസുകാര്‍ സി.പി.എമ്മിനെ ഭരണകക്ഷിയാക്കി. അതില്‍ ഏറ്റവും നഷ്ടം വന്നത് ഉമ്മന്‍ ചാണ്ടിയുടെ അനുയായികളായ 'എ' ഗ്രൂപ്പിനാണ്. അതുപിന്നെ, താഴെ തട്ടിലുള്ളവര്‍ക്ക് കിട്ടുന്നവയായതിനാല്‍ നേതാക്കള്‍ ഗൗനിക്കേണ്ട കാര്യമില്ല. അവര്‍ 'വിറകുവെട്ടാനും വെള്ളം കോരാനും' മാത്രമുള്ളവരാണല്ലോ.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.പി.നാരായണനും കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോയി എബ്രഹാമുമാണ് കുര്യനോടൊപ്പം കാലാവധി കഴിയുന്ന കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിമാര്‍. അതായത്, എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും ഓരോ അംഗങ്ങളും ഒരു മുന്നണിയിലും അംഗമല്ലാത്ത ഒരു സ്വതന്ത്രനും. അങ്ങനെ വരുമ്പോള്‍ അതാത് കക്ഷികള്‍ക്ക് തന്നെ സീറ്റ് നല്‍കുന്നതല്ലേ അതിന്റെ ധാര്‍മ്മികത? മുന്നണിയില്‍ പോലും ഇല്ലാത്ത കക്ഷിക്ക് സീറ്റ് ദാനം ചെയ്യാന്‍ തക്കവണ്ണം ശക്തിയുള്ള പാര്‍ട്ടിയാണോ കേരള കോണ്‍ഗ്രസ് (എം)?

പാലായിലൊഴികെ ഒരു പഞ്ചായത്തിലും തനിയെ നിന്നാല്‍ ക്‌ളച്ച് പിടിക്കാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് പി.സി.ജോര്‍ജിനെക്കാള്‍ ആവേശത്തോടെ പറയുന്നത് കോട്ടയത്തെ കോണ്‍ഗ്രസുകാരാണ്. ഒരു മാസം മുമ്പുവരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ഇക്കാര്യം സമ്മതിച്ചിരുന്നു. ഇപ്പോള്‍ കെ.എം.മാണിയും പാര്‍ട്ടിയും യു.ഡി.എഫിന് ചെങ്ങന്നൂരില്‍ പിന്തുണ നല്‍കി 'കരുത്തു' കാട്ടിയ സന്തോഷത്തിലാണോ കേരളാ കോണ്‍ഗ്രസ് (എം)നെ കോണ്‍ഗ്രസിന് അര്‍ഹതയുള്ളതും അവകാശപ്പെട്ടതുമായ രാജ്യസഭ സീറ്റ് വെള്ളിത്തളികയില്‍ വച്ച് ദാനം നല്‍കി യു.ഡി.എഫിലേക്ക് എഴുന്നള്ളിക്കുന്നത്?

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ എന്ന ഗതികേടിലെത്തി നില്‍ക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം). സി.പി.എമ്മിന്, സി.പി.ഐയെ തളയ്ക്കാന്‍ 'ഒളിസേവ'യ്ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും ചെങ്ങന്നൂരിലെ വന്‍ വിജയത്തോടെ സി.പി.ഐ പറഞ്ഞതാണ് ശരി എന്ന് വ്യക്തമായതിനാല്‍ ഇനി തല്‍ക്കാലം അവരെ മറികടന്ന് മാണിയുമായി കൂടാന്‍ ഇറങ്ങിയാല്‍ നില പരുങ്ങലിലാവും. കേരളത്തിലെ പച്ചപ്പുകൊണ്ടാണ് കഞ്ഞി കുടിച്ച് കഴിയുന്നതെങ്കിലും സി.പി.എമ്മും സി.പി.ഐയും ദേശീയ പാര്‍ട്ടികളാണ്. അവയ്ക്ക് ദേശീയ നേതൃത്വവുമുണ്ട്. മാണിയെ ബാര്‍ കോഴ കേസില്‍ വിശുദ്ധനാക്കിയതൊക്കെ ശരി തന്നെ. പക്ഷെ, ഇനി കുറേ നാളത്തേക്ക് അവര്‍ തൊട്ടുകൂടായ്മയില്‍ തുടര്‍ന്നേ മതിയാവൂ.

പിന്നെ, മാണി കണ്ണെറിയേണ്ടത് ബി.ജെ.പിയിലേക്കാണ്. കേരളത്തില്‍ വലിയ പ്രതീക്ഷയില്ലാത്ത അവിടെ ചെന്നുകയറുന്നത് ആത്മഹത്യക്കുതുല്യമാണെന്ന് കെ.എം.മാണിയെ ആരെങ്കിലും പഠിപ്പിക്കണോ? അങ്ങനെ ഗതികെട്ട 'മാണിസാറിനെ' പൂട്ടിക്കെട്ടാന്‍ ഇത്രയും കാലം പാടുപെട്ട ഉമ്മന്‍ ചാണ്ടി എന്തിന് ഈ ചതി ചെയ്തു? കാര്യം സിംപിള്‍. കുര്യന്‍ 'ഓവര്‍ടേക്ക്' ചെയ്യുന്നതിലെ 'ചൊരുക്ക്' തന്നെ. കുര്യന്‍ എം.പിയായി വീണ്ടും രാജ്യസഭയിലെത്തി ഉപാദ്ധ്യക്ഷനാവുകയും അടുത്ത പാര്‍ലെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ചെയ്‌താല്‍ കാബിനറ്റ് മന്ത്രി, പിന്നീട് വെങ്കയ്യ നായിഡു ഒഴിയുമ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കെങ്ങാനും പരിഗണിക്കപ്പെട്ടാലോ?

രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് അടുത്ത ഒഴിവുവരുന്നത് 2021 ഏപ്രില്‍ 21നാണ്. അന്ന് ഒഴിയുന്നത് കോണ്‍ഗ്രസിന്റെ 'കിടിലന്‍' നേതാവായിരുന്ന, യുവ നേതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടാല്‍ മാത്രം എം.പി സ്ഥാനം ഒഴിയുന്ന വയലാര്‍ രവിയാണ് ഒരാള്‍. മുസ്ലിം ലീഗിന്റെ 'പേമെന്റ്' സീറ്റ് എന്ന നിലയില്‍ ആദ്യം രാജ്യസഭാംഗമാവുകയും പെട്ടെന്ന് നേതാവായി രണ്ടാമൂഴം ഉറപ്പിക്കുകയും ചെയ്ത പി.വി അബ്ദുള്‍ വഹാബാണ് രണ്ടാമന്‍. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.രാഗേഷാണ് മൂന്നാമത്തെ എം.പി. നിലവിലുള്ള എം.എല്‍.എമാരുടെ കണക്കനുസരിച്ച് എല്‍.ഡി.എഫിന് രണ്ടും യു.ഡി.എഫിന് ഒന്നും എം.പിമാരെ ജയിപ്പിക്കാം. അതനുസരിച്ച് വയലാര്‍ രവിയുടെ സീറ്റ് ഗോവിന്ദ! യു.ഡി.എഫ് ജയിക്കുന്ന ഏക സീറ്റ് മുസ്ലിംലീഗ് കൊണ്ടുപോവും!

അതുകഴിഞ്ഞ് 2022 ഏപ്രില്‍ രണ്ടിന് മൂന്ന് രാജ്യസഭ സീറ്റ് ഒഴിയും. എ.കെ.ആന്റണി, സി.പി.എം സംസ്ഥാന സമിതി അംഗം കെ.സോമപ്രസാദ്, എം.പി.വീരേന്ദ്രകുമാര്‍ എന്നിവരുടേതാണ് ആ സീറ്റുകള്‍. നിലവിലുള്ള നിയമസഭയുടെ കാലാവധി 2021 മേയില്‍ കഴിയും. ആ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണോ ഭൂരിപക്ഷം കിട്ടുന്നത് അവര്‍ മന്ത്രിസഭയുണ്ടാക്കും. കൂടുതല്‍ എം.എല്‍.എമാരെ കിട്ടിയാല്‍ കൂടുതല്‍ എം.പിമാരെ രാജ്യസഭയിലേക്ക് ജയിപ്പിക്കുകയും ചെയ്യാം. അങ്ങനെ പുതിയ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കിട്ടാനിടയുള്ള സംസ്ഥാന ഭരണവും രാജ്യസഭ സീറ്റുകളുമാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹസനും കൂടി കോണ്‍ഗ്രസിന് നല്‍കുന്നത്. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് പരിഹസിക്കുന്നവരെ എങ്ങനെയാ കുറ്റപ്പെടുത്തുക?

യു.ഡി.എഫിന് ഏറ്റവും ഉറച്ച സീറ്റെന്ന് പറയാവുന്ന ചെങ്ങന്നൂരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും കൂടി മത്സരിച്ച് പ്രവര്‍ത്തിച്ച് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് ബൂത്തിലിരിക്കാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥ ഉണ്ടാക്കി. ആ നേതാക്കളാണ് 2021ല്‍ അധികാരം സ്വപ്‌നം കാണുന്നത്...! നദിയിലെ വെള്ളം വറ്റണം, ഒറ്റയടിപ്പാത ടാര്‍ റോഡ് ആവണം, ബസ് സര്‍വീസ് വരണം, പശുവിനെ വാങ്ങണം, അത് പ്രസവിക്കണം, അതിന്റെ പാല് കറക്കണം, പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കണം, അതെ, അതുതന്നെ...സ്വന്തം ബെന്‍സ് കാറില്‍ വരാന്‍ പോയ 'കിലുക്ക'ത്തിലെ അതേ കിട്ടുണ്ണിയുടെ അവസ്ഥ! മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നം ഇവര്‍ പരസ്യമായി പറയാന്‍ എന്താണ് കാരണം?

മൂവരും അവരവര്‍ക്ക് വേണ്ട സ്ഥാനങ്ങള്‍ ഉറപ്പിച്ചു. അതിനുമപ്പുറം ഉമ്മന്‍ചാണ്ടിക്ക് പണ്ടുമുതലേ പി.ജെ.കുര്യനോടുള്ള 'ചൊരുക്ക്' തീര്‍ക്കാന്‍ കിട്ടിയ അവസരം. 2012ല്‍ കുര്യനെ തട്ടാന്‍ ഉമ്മന്‍ ചാണ്ടി കളിച്ചുനോക്കി. അന്ന്, മലബാറില്‍ നിന്ന് ഒരാള്‍ എന്നുപറഞ്ഞ് എന്‍.പി.മൊയ്തീനെ നിര്‍ദ്ദേശിക്കുകയും ചെയ്തു. കുര്യനോടാണോ കളി? അത്തവണ ജയം കുര്യനായിരുന്നു. 2012നു മുമ്പോ ശേഷമോ മൊയ്തീന് ഒരു സീറ്റ് കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ലല്ലോ എന്ന് പരസ്യമായി ചോദിക്കാന്‍ കുര്യന്‍ മറന്നില്ല. അതിന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞില്ല. ഇത്തവണ, യുവ എം.എല്‍.എമാരെ ഇറക്കിയുള്ള ഉമ്മന്‍ ചാണ്ടിയുടെ കളി തുടങ്ങിയപ്പോള്‍ തന്നെ കുര്യന്‍ അതനുസരിച്ച് കരു നീക്കിയതാണ്. പക്ഷെ, ഉമ്മന്‍ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി എന്ന തുറപ്പുഗുലാനിറക്കിയപ്പോള്‍ കുര്യന് തടുക്കാനായില്ല. കുഞ്ഞൂഞ്ഞിനോടാണോ കളി? കുര്യന്‍ കളമൊഴിയുകയാണെങ്കില്‍ പകരം പി.സി.ചാക്കോയോ വി.എം.സുധീരനോ ആവും രാജ്യസഭയിലേക്ക് പോവുക. ചെകുത്താനേയും കടലിനേയും ഒരുപോലെ തടയേണ്ടി വന്നു. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് വീണല്ലോ!

ഇതില്‍ മുസ്ലിംലീഗിന്റെ കുഞ്ഞാലിക്കുട്ടിക്കെന്താണ് നേട്ടം?

ലോക്‌സഭയും രാജ്യസഭയും കൂടി ചേരുമ്പോള്‍ 790 അംഗങ്ങളുള്ളതില്‍ ഒരു എം.പിക്ക് എന്ത് പരിഗണന കിട്ടാനാണ്? അതും കേരളം പോലൊരു സംസ്ഥാനത്ത് അധികാരത്തിന്റെ രണ്ടാമനായിരുന്ന ആളിന് ഇപ്പോള്‍ മലപ്പുറത്ത് പോലും വലിയ പരിഗണനയില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസാണ് ഭരണത്തിലേറുന്നതെങ്കില്‍ കേന്ദ്രത്തില്‍ മന്ത്രിയാവാം. അല്ലെങ്കിലോ? അവിടെയാണ് കെ.എം.മാണിയുടെ പ്രസക്തി. കോണ്‍ഗ്രസിനെക്കാള്‍ കേരള കോണ്‍ഗ്രസിന് വിലപേശല്‍ ശേഷി കൂടും. ഇനി ബി.ജെ.പി മന്ത്രിസഭയാണെങ്കില്‍ തന്നെ ഒരു പാലമിടുന്നതിന് എന്താണ് തകരാറ്? ആ 'പാല'ത്തിന്റെ റോളില്‍ 'പാലായിലെ മാണിക്യം' കസറില്ലേ? ജോസ് കെ മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും മന്ത്രിമാര്‍...!

കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറയുന്നത് ഇതാദ്യമൊന്നുമല്ല. ഇനി ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്ക് ഏത് സമയത്തും ശക്തമാവാം. വി.എം.സുധീരന്‍ അത് തിരിച്ചറിഞ്ഞു എന്ന് മാത്രം. കെ.സുരേന്ദ്രനെപ്പോലെ ഒരു നേതാവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി വന്നാല്‍ കോണ്‍ഗ്രസിനെ കാണാന്‍ കര്‍ണാടകത്തിലേക്ക് വണ്ടി കയറേണ്ടി വരും.

"110 വര്‍ഷം ജനങ്ങളെ സേവിച്ച കോണ്‍ഗ്രസില്‍ ഇതുപോലെ ചതിയന്‍മാര്‍ ഉണ്ടായിട്ടില്ല. ചരിത്രം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല, ജനങ്ങള്‍ ഇവരോട് പൊറുക്കില്ല" - മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതിന് മുമ്പ് 1995 മാര്‍ച്ച് 10ന് കെ.കരുണാകരന്‍ പരസ്യമായി പറഞ്ഞതാണ്. ജനങ്ങള്‍ അവര്‍ക്ക് മാപ്പുകൊടുക്കുമോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം.

മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളില്‍ മുസ്ലിംലീഗിന്റെ കൊടി കെട്ടിയ കോണ്‍ഗ്രസുകാരെ അഭിനന്ദിക്കാം. കോട്ടയത്ത് ഇതുപോലെ ഒരു പതാക കെ.എം.മാണിയോട് വാങ്ങി ഉയര്‍ത്താം, ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ഹസന്‍ജിമാരെ വിളിക്കാം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് നല്‍കാന്‍ ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ഇടപെടണം. അല്ലെങ്കില്‍ അതും കൈമാറിക്കളയും...!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/newswrap-cheating-of-josmon-a-political-thriller-writes-sajukomban/

http://www.azhimukham.com/opinion-kerala-congress-km-mani-jose-k-mani-and-rajyasabha-seat-by-ka-antony/


Next Story

Related Stories