Top

സജി ചെറിയാന്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍; മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജനത്തെ കേള്‍ക്കണം: പിസി വിഷ്ണുനാഥ് സംസാരിക്കുന്നു

സജി ചെറിയാന്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍; മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജനത്തെ കേള്‍ക്കണം: പിസി വിഷ്ണുനാഥ് സംസാരിക്കുന്നു
ചെങ്ങന്നൂരില്‍ വെള്ളം ഉയരുന്നത് സംബന്ധിച്ച് എല്ലാ മുന്നറിയിപ്പുകളും നല്‍കിയിരുന്നു എന്നും താന്‍ തന്നെ അതിനു മുന്‍കൈ എടുത്തു എന്നുമാണ് സ്ഥലം എംഎല്‍എ സജി ചെറിയാന്‍ അഴിമുഖത്തോട് വ്യക്തമാക്കിയത്- (‘എന്റെ ജനങ്ങളെ രക്ഷിക്കൂ’; രാജ്യം ഈ നിലവിളി കേട്ടതുകൊണ്ടാണ് ഇവിടെ സഹായമെത്തിയത്; സജി ചെറിയാന്‍ സംസാരിക്കുന്നുഒപ്പം, രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നു എന്നും 'ജനങ്ങളെ രക്ഷിക്കൂ' എന്ന തന്റെ അഭ്യര്‍ത്ഥന കൊണ്ട് നേവിയടക്കം വന്ന് രക്ഷാപ്രവര്‍ത്തനം നടത്തി എന്നും അദ്ദേഹം പറയുകയുണ്ടായി. കൃത്യസമയത്തുള്ള ഇടപെടല്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ
പി.സി വിഷ്ണുനാഥ്
പറയുന്നത്. വിഷ്ണുനാഥിന്റെ വീടും പ്രളയത്തില്‍ അകപ്പെട്ടിരുന്നു. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍.


മുന്നറിയിപ്പില്ലാതെ വന്ന പ്രളയം

ഞാന്‍ ഇവിടെയുണ്ടായ പ്രളയത്തിന്റെ ഇരയാണ്. ഭരണകൂടത്തിന്റെ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനത്തിന്റെ നിരവധി ഇരകളുണ്ട്. റാന്നി മുതല്‍ കുട്ടനാട് വരെ, ചെറുതോണി മുതല്‍ പറവൂര്‍ വരെ. മരിച്ചവര്‍ രക്തസാക്ഷികളുമാണ്. മുന്നറിയിപ്പുണ്ടായില്ല എന്ന പരാതി ഇരകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതാണ്. അതിനകത്ത് രാഷ്ട്രീയമൊന്നുമില്ല. ഇറങ്ങി നടന്ന് ആരോട് ചോദിച്ചാലും അത് മനസ്സിലാവും. മുന്നറിയിപ്പ് നല്‍കി എന്ന വാദം സജി ചെറിയാന്‍ ആവര്‍ത്തിച്ചാല്‍ അത് അദ്ദേഹത്തിന് വലിയ തിരിച്ചടിയാവും. ഇത് ബാധിച്ചയാളുകള്‍ക്ക് സഹിക്കാന്‍ കഴിയുന്ന ഒരു വാദമല്ല ഇത്. രണ്ട് ലക്ഷം പേര്‍ ഇതില്‍ ഇരകളായി എന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. രണ്ട് ലക്ഷം പേരെയും ഞാന്‍ നടന്ന് അറിയിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഇത് എന്നെ ഓര്‍മ്മപ്പെടുത്തുന്നത് മോദി ഉത്തരാഖണ്ഡ് പ്രളയത്തില്‍ ഹെലികോപ്റ്റര്‍ വഴി ആയിരങ്ങളെ രക്ഷപെടുത്തിയെന്ന അവകാശവാദം അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയിരുന്നു; അങ്ങനെ പറയുന്നത് പോലെയാണ് ഇത്രയധികം പേരെ നടന്ന് അറിയിച്ചു എന്ന് പറയുന്നത്. ലോജിക് അപ്ലൈ ചെയ്യണം എന്ന് മാത്രമേ ഞാന്‍ പറയൂ. എന്റെയറിവില്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുമാരുടെയല്ല, ഒരു പഞ്ചായത്തില്‍ രാവിലെ യോഗം വിളിച്ചിരുന്നു. അത് മാന്നാറാണ്. അതിന്റെ കാരണം ഇതല്ല. മാന്നാര്‍ പഞ്ചായത്തെന്നുപറഞ്ഞാല്‍- ചെങ്ങന്നൂരില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ മഴമൂലം ഉണ്ടാവുന്ന പ്രളയം ബാധിക്കുന്ന പ്രദേശമാണ്. അവിടെ മൂന്നാല് ദിവസം മുന്നേ പ്രളയമായി. ആ മാന്നാര്‍ പഞ്ചായത്തിന് വേണ്ടിയാണ് സജി ചെറിയാന്‍ 15-ാം തീയതി യോഗം വിളിച്ചത്.

ഞാന്‍ ഇവിടെയുള്ളവരോടെല്ലാം ചോദിച്ചു. നിങ്ങള്‍ റവന്യൂ വകുപ്പിന്റെ അനൗണ്‍സ്‌മെന്റ് കേട്ടിരുന്നോ എന്ന്. വീട്ടിലുണ്ടായിരുന്ന എന്റെ ഭാര്യ കേള്‍ക്കണമല്ലോ, അപ്പുറത്തെ വീട്ടിലെ ആളുകള്‍ കേള്‍ക്കണമല്ലോ. അവരാരും അങ്ങനെയൊരു അനൗണ്‍സ്‌മെന്റ് കേട്ടിട്ടില്ല.

ആസൂത്രണമില്ലായ്മ

ക്രമാതീതമായി ഒരു വര്‍ഷം മഴ ലഭിക്കുമ്പോള്‍ ആ മഴ കൂടുന്നതിനനുസരിച്ച് ഡാം നിറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അത് കണ്‍ട്രോള്‍ ചെയ്ത് റിലീസ് ചെയ്യുന്നതിന് പകരം പരമാവധി ശേഷിയിലെത്തിയപ്പോഴാണ് ഡാം റിലീസ് ചെയ്യുന്നത്. ഡാം തുറന്ന് വിട്ടുള്ള അധിക ജലം ഉണ്ടാക്കിയ പ്രളയമാണ്. അതിന്റെ അളവ് മനസ്സിലാക്കി ഒഴിഞ്ഞുമാറിപ്പോവാന്‍ പാകത്തില്‍ ഹൈഡ്രോളിജിക്കലോ പാരിസ്ഥിതികമായോ അറിവുള്ളവരാണോ പാവപ്പെട്ട ഈ ജനങ്ങള്‍. റാന്നിയില്‍ ഇട്ടിയപ്പാറ ടൗണ്‍ 15-ാം തീയതി വെളുപ്പിന് മുങ്ങി. അപ്പോള്‍ കൃത്യമായ രക്ഷാദൗത്യം അതിന് താഴോട്ട് വരുന്ന സ്ഥലങ്ങളില്‍ നടത്തിയിരുന്നെങ്കില്‍ ഈ അവസ്ഥയുണ്ടാവില്ലായിരുന്നു. ജനങ്ങള്‍ ഒന്നാം നിലയില്‍ നിന്ന് രണ്ടാം നിലയില്‍ വന്നു, പിന്നെ നിലവിളിച്ചുകൊണ്ട് ഞങ്ങളോട് പറയുകയാണ് 'മേലോട്ട് വെള്ളം വരുന്നു, ഞങ്ങള്‍ എന്ത് ചെയ്യണം? ഞങ്ങളെല്ലാം മരിച്ചുപോവും' എന്ന്. ടെറസ്സില്‍ ഇരിക്കുന്നവര്‍ മുകളിലേക്ക് കയറി വരുന്ന വെള്ളം കണ്ട് ഭയക്കുന്നു. കൊച്ചുവീടുകളില്‍ താമസിക്കുന്നവര്‍ അടുത്തുകണ്ട ടെറസ്സുള്ള വീടുകളില്‍ കയറിയിരിക്കുന്ന ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സെക്കന്‍ഡില്‍ ഒമ്പത് ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടുമെന്ന് ആരെങ്കിലും ജനങ്ങളോട് പറഞ്ഞിരുന്നോ? പമ്പാനദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ തീരത്തുള്ളവരല്ലേ ജാഗ്രതയോടെയിരിക്കേണ്ടത്. അവിടെ നിന്നും ആറര കിലോമീറ്റര്‍ അപ്പുറത്തേക്ക് വെള്ളം വന്ന് വീട് മുങ്ങുമ്പോള്‍ മുന്നറിയിപ്പുണ്ടായി എന്ന് പറഞ്ഞാല്‍, എനിക്കറിയാമായിരുന്നു എന്നും ഞാന്‍ അറിയിച്ചു എന്നും പറഞ്ഞാല്‍ മരണത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടി വരും.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ

സജി ചെറിയാന്റെ വാദം യുക്തിയില്ലാതെ പൊളിയുന്നത് എവിടെയാണെന്ന് നോക്കാം. 15-ആം തീയതി രാത്രിയോടെ ചെങ്ങന്നൂര്‍ വെള്ളത്തില്‍ മുങ്ങി. 16-ന് വൈകിട്ട് സ്വമേധയാ ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ ചെന്നു. അവിടെ ചെങ്ങന്നൂരിലെ ഫയര്‍ഫോഴ്‌സ് അല്ലാതെ ഒരു റസ്‌ക്യൂ സംവിധാനവും ഉണ്ടായിരുന്നില്ല. ഇതാണ് ജനങ്ങള്‍ പറയുന്ന രണ്ടാമത്തെ പ്രശ്‌നം. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി പോലും അവിടെയുണ്ടായിരുന്നില്ല. തഹസില്‍ദാറും ഒരു ഫയര്‍ഫോഴ്‌സ് വണ്ടിയുമുണ്ട്. അയാള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? നാല് വശത്തുനിന്നും ആളുകള്‍ വിളിക്കുകയാണ്. എനിക്കിത് അറിയാമായിരുന്നു എന്ന് പറഞ്ഞാല്‍ സജി ചെറിയാന്‍ കുറ്റവാളിയാവും. കാരണം ഈ ആളുകളെ രക്ഷപെടുത്താനുള്ള നേവി, കോസ്റ്റ്ഗാര്‍ഡ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംവിധാനങ്ങള്‍, ലൈഫ് ജാക്കറ്റ് ഒന്നും അവിടെയുണ്ടായിരുന്നില്ല. ഞാനിതറിഞ്ഞു എന്ന് ഇപ്പോള്‍ വലിയ അഭിമാനത്തോടെ പറയുമ്പോള്‍, ആളുകളെ രക്ഷപെടുത്താന്‍ വൈകിയതിന്റെ, പതിനഞ്ച് പേര്‍ മരിച്ചതിന്റെ അടക്കം കുറ്റത്തിന് അദ്ദേഹം പ്രതിയാവും.

16-ന് ഉച്ചക്ക് പതിനൊന്ന് പണിക്കാണ് 14 ബോട്ടുകള്‍ ഇവിടെ വന്നത്. കടലില്‍ കൂടെ പോവുന്ന ബോട്ടുകള്‍ റോഡിലൂടെ ഒഴുക്കിക്കൊണ്ട് പോവുമ്പോള്‍ മതിലിലിടിക്കും. അങ്ങനെ ഇടിച്ച് അഞ്ചോ ആറോ ബോട്ട് തകരാറിലായി. ബാക്കിയുള്ള ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. 17-ന് വൈകിട്ട് ഒരു പയ്യന്‍ എന്നെ വിളിച്ച് കരയുകയാണ്. അവന്റെ ബന്ധു പമ്പയാറിന് കരയില്‍ വെള്ളത്തില്‍ പെട്ടുപോയി എന്ന് പറഞ്ഞ്. അപ്പഴേക്കും നൂറനാട് നിന്ന് ഐടിബിപിക്കാര്‍ വന്നു. അവര്‍ ഒരു കെഎസ്ആര്‍ടിസി ബസില്‍ കയറിയിരിക്കുകയാണ്. മറ്റൊരുകാര്യം സര്‍ക്കാര്‍ ഓഫീസ് അഞ്ച് മണിക്ക് അടക്കുമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓഫീസ് ഏഴ് മണിക്ക് അടക്കും. ഇത്രയും ആളുകള്‍ വെള്ളത്തില്‍ കിടക്കുമ്പോഴും. ഈ പയ്യന്റെ കരച്ചില്‍ കാരണം ഞങ്ങള്‍ അവരോട് അഭ്യര്‍ഥിച്ചു. അവരുടെ ട്യൂബ് ബോട്ടില്‍ കോടിയാട്ടുകര പോകാമോ എന്ന് ചോദിച്ചു. ലൈറ്റ് ഉണ്ടെങ്കില്‍ പോകാം എന്ന് അവര്‍ പറഞ്ഞു. ഞാന്‍ എഡിഎമ്മിന്റെ അടുത്ത് പോയി ചോദിച്ചു. എഡിഎം തഹസില്‍ദാറോട് ഉച്ചക്ക് അമ്പത് ടോര്‍ച്ച്‌ലൈറ്റ് വാങ്ങാന്‍ പറഞ്ഞിരുന്നു. തഹസില്‍ദാര്‍ പറഞ്ഞത് മറന്നു പോയി എന്നാണ്. ചൈനീസ്‌ കടയില്‍ പോയി നൂറ് രൂപയുടെ അമ്പത് ടോര്‍ച്ച് ലൈറ്റ് പോലും വാങ്ങിക്കാന്‍ മറന്നുപോയ ഇവരെയൊക്കെ ഇത്രയാളുകളുടെ ജീവനെടുത്തതിന് പരസ്യമായി ശിക്ഷിക്കുകയാണ് വേണ്ടത്. നീ വീട്ടില്‍ പോയി രാവിലെ വരൂ എന്നാണ് ഈ കരയുന്ന പയ്യനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിങ്ങടെ ഉത്തരവാദിത്തമല്ലേ ടോര്‍ച്ച് കൊണ്ടുവരേണ്ടതെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കുന്നത്. രാവിലെ അവിടെ ആരുമുണ്ടാവില്ല എന്ന് പറഞ്ഞ് ആ പയ്യന്‍ പിന്നേയും കരച്ചിലായിരുന്നു. അവസാനം ഞാനും സിപിഎംകാരനായ ജില്ലാപഞ്ചായത്ത് അംഗം വേണുവും കൂടി ഫയര്‍ ആന്‍ റസ്‌ക്യൂ ഓഫീസില്‍ സെര്‍ച്ച് ലൈറ്റ് അന്വേഷിച്ച് ചെന്നു. അവരുടെ കയ്യിലും ഇല്ല. ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനില്‍ പോയി. അവിടെയും ഉണ്ടായിരുന്നില്ല. കേള്‍വികേട്ട രക്ഷാപ്രവര്‍ത്തനത്തിലെ ഒരു കഥയാണ് ഞാന്‍ പറയുന്നത്. ഒരു സര്‍ച്ച് ലൈറ്റോ ടോര്‍ച്ച് ലൈറ്റോ ഇല്ലാത്തതിനാല്‍ അന്നത്തെ രാത്രി രക്ഷാപ്രവര്‍ത്തനം നടന്നില്ല.

ഹെലികോപ്റ്റര്‍ വന്നത്

17ന് ഹെലികോപ്റ്റര്‍ വരും എന്ന് പറഞ്ഞു. വന്നില്ല. വന്നില്ല എന്ന് പറയാനും പറ്റില്ല; ഒരെണ്ണം വന്ന് എന്തോ ഒന്ന് ഇറക്കിയിട്ട് പോയി. അതിന്റെ ഉദ്യോഗസ്ഥയുണ്ടായിരുന്നു. അവര്‍ ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചിരുന്നതാണ്. എന്താണ് ഹെലികോപ്റ്റര്‍ ലിഫ്റ്റ് നടത്താത്തതെന്ന് അവരോട് ചോദിച്ചു. കാലാവസ്ഥ ശരിയല്ല എന്നായിരുന്നു മറുപടി. ഇവിടെ നിന്ന് അധികം ദൂരമില്ലാത്ത പത്തനംതിട്ട ജില്ലയില്‍ എയര്‍ലിഫ്റ്റ് നടന്നു. അവിടുത്തെ കാലാവസ്ഥയും ചെങ്ങന്നൂരിലെ കാലാവസ്ഥയും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവര്‍ പുറത്തേക്ക് പോയി ഫോണില്‍ ആര്‍ക്കോ മെസേജോ മെയിലോ അയച്ചു. കുറച്ചുകഴിഞ്ഞ് അവര്‍ തിരിച്ചുകയറിവന്ന്, "നിങ്ങള്‍ വിഷമിക്കണ്ട. നാളെ, അതായത് 18-ന് രാവിലെ ആറ് മണിക്ക് ഇവിടെ മൂന്ന് ഹെലികോപ്റ്ററുകള്‍ വരും". അതുവരെ നേവിയും വന്നിട്ടില്ല. ആകെ എന്‍ഡിആര്‍എഫും ഐടിബിപിയും മാത്രമേയുള്ളൂ. കുറച്ച് ബോട്ടുകള്‍ മാത്രമേയുള്ളൂ ഇവിടെ. അന്ന് രാത്രി ഒമ്പത് മണിക്കാണ് സജി ചെറിയാന്‍ 'എനിക്ക് ഒരു ഹെലികോപ്റ്ററെങ്കിലും തരൂ, ഞാന്‍ യാചിക്കുകയാണ്, പതിനായിരം പേര്‍ ഇവിടെ മരിക്കും' എന്ന് കരയുന്നത്. കരയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനറിയാം പിറ്റേന്ന് രാവിലെ ഇവിടെ മൂന്ന് ഹെലികോപ്റ്റര്‍ വരുമെന്ന്. ഇക്കാര്യം എനിക്കും സജി ചെറിയാനും കൊടിക്കുന്നില്‍ സുരേഷിനും അറിയാം. എഡിഎം, എസ്പി, സജി ചെറിയാന്‍, ഞാന്‍, കൊടിക്കുന്നില്‍ ഞങ്ങളെല്ലാം ഇരിക്കുമ്പോഴാണ് ആ ഉദ്യോഗസ്ഥ നാളെ മൂന്ന് ഹെലികോപ്റ്റര്‍ വരും എന്ന് വന്നുപറയുന്നത്. അദ്ദേഹം കരഞ്ഞു; കരഞ്ഞതിന്റെ പേരില്‍ മൂന്ന് ഹെലികോപ്റ്റര്‍ പിറ്റേന്ന് വന്നു എന്നായി. പക്ഷെ ആ കരച്ചില്‍ കൊണ്ട് ഒരു ഗുണമുണ്ടായി. അത് കാണാതെ പോവരുത്. ചെങ്ങന്നൂര്‍ ശ്രദ്ധാകേന്ദ്രമായിരുന്നില്ല. എക്‌സ്ട്രീം ആയി പറഞ്ഞതുകൊണ്ട് ചെങ്ങന്നൂരിലേക്ക് സഹായപ്രവാഹമുണ്ടായി. പക്ഷെ ഇന്ന് രാത്രി പതിനായിരം പേര്‍ മരിക്കും എന്ന് പറഞ്ഞത് ഇവിടെ ആളുകള്‍ കേട്ടിരുന്നെങ്കില്‍ അത് കേട്ട് ആളുകള്‍ മരിച്ചേനെ. ഭാഗ്യത്തിന് അവരാരും കേട്ടില്ല. അഞ്ച് ദിവസം കഴിഞ്ഞിട്ടാണ് അവര്‍ പുറം ലോകത്തേക്ക് വരുന്നത്. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് ക്യാമ്പില്‍ പോലും കറണ്ട് വരുന്നത്. പിന്നീടാണ് ഫോണ്‍ ഓണ്‍ ചെയ്യുന്നതും നടന്ന സംഭവങ്ങള്‍ അറിയുന്നതും. ഞാന്‍ ഒരു എംഎല്‍എയാണെങ്കില്‍ അങ്ങനെ നിലവിളിക്കാതെ തന്നെ എന്റെ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞ് ഇവിടെ സംവിധാനങ്ങള്‍ എത്തിക്കാന്‍ നോക്കും.

സര്‍ക്കാരിന്റെ റോളെന്ത്?

രക്ഷപെടുത്തിയത് മത്സ്യത്തൊഴിലാളികള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് സന്നദ്ധസംഘടനകള്‍ സഹായമെത്തിക്കുന്നു. ശുചീകരണം ജനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് ചെയ്യുന്നു. പിന്നെ സര്‍ക്കാരിന്റെ റോള്‍ എന്താണ്? മുഖ്യമന്ത്രി പറഞ്ഞത് ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കാമെന്നാണ്. അതിന് പലിശ വേണ്ട എന്നാണ്. ഞാന്‍ ഇപ്പോ ഏതെങ്കിലും തരത്തില്‍ ശേഷിയുള്ളയാളാണെന്ന് വയ്ക്കാം. പക്ഷെ അതുപോലെയല്ലാത്ത നഷ്ടങ്ങളുണ്ടായവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ കൊടുക്കും എന്ന് പറഞ്ഞാല്‍ അതിന് അന്തസ്സുണ്ട്. കാരണം സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഇരകളാണ് ഇവര്‍. എല്ലാം ഒഴുകിപ്പോയവര്‍ ബാങ്ക് ലോണ്‍ എവിടെ നിന്ന് തിരിച്ചടയ്ക്കും?

ക്യാമ്പിലുള്ളവര്‍ക്ക് ആയിരം രൂപ കൊടുക്കുമെന്ന് ആദ്യം പറഞ്ഞു. പിന്നെ 2500 രൂപ കൂടി നല്‍കും എന്നായി. 14-ാം തീയതി തോമസ് ഐസക് അത് പതിനായിരം രൂപയാക്കി ഉയര്‍ത്തി എന്ന് പറഞ്ഞു. അത് കുട്ടനാട്, മാന്നാര്‍ പ്രദേശത്തുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഞാന്‍ എല്ലാ ക്യാമ്പിലും പോയി അന്വേഷിച്ചു. ആയിരവും കിട്ടിയിട്ടില്ല, പതിനായിരവും കിട്ടിയിട്ടില്ല. മുഖ്യമന്ത്രി ദയവുചെയ്ത് ഹെലികോപ്റ്ററില്‍ നിന്ന് താഴെ വന്ന് നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കണം. സെറ്റ് ഇട്ട് മറുപടി പറയുന്നവരുടെ അടുത്ത് ചെന്നാല്‍ സത്യം അറിയില്ല. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഭക്ഷണത്തിന് വഴിയുണ്ടാക്കണം

ഞാനിന്ന് ഒരു സന്നദ്ധ സംഘടനക്കാരോട് അഞ്ഞൂറ് പൊതിച്ചോറ് തരാന്‍ പറഞ്ഞു. കാരണം ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് മാത്രം ഭക്ഷണം നല്‍കിയതുകൊണ്ട് കാര്യമില്ല. ഓരോ വീടും വൃത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും വീട്ടുകാരുമെല്ലാം എത്തുന്നുണ്ട്. അവര്‍ക്കെല്ലാം ഭക്ഷണം നല്‍കണ്ടേ? എന്റെ വീടിന്റെ അടുക്കള തന്നെ വൃത്തിയാവാന്‍ ഒരു ആഴ്ചയെങ്കിലും ചുരുങ്ങിയതെടുക്കും. ഇവിടെ വൃത്തിയാക്കുന്നവര്‍ക്ക് കൊടുക്കാനും ഞങ്ങള്‍ക്ക് കഴിക്കാനും ഭക്ഷണമില്ല. റേഷന്‍കടകള്‍ വഴി എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇല്ലെങ്കില്‍ ഇത്തരത്തില്‍ വീട്ടിലേക്ക് ശുചീകരണത്തിനായി വരുന്നയാളുകള്‍ക്ക് കഴിച്ചിട്ട് പോവാനായി ഏതെങ്കിലും കേന്ദ്രത്തില്‍ ഭക്ഷണമൊരുക്കണം. ഇവിടെ അടുത്ത് ഒരു വീടുണ്ട്. അവിടെയുള്ള ചേച്ചിയുടെ മക്കളെല്ലാം കാനഡയിലും അമേരിക്കയിലുമൊക്കെയാണ്. വീട്ടില്‍ ഒരു ബെന്‍സും വോക്‌സ് വാഗണും ഉണ്ട്. അവര്‍ ഗേറ്റിനരികില്‍ വന്ന് ചോദിക്കുന്നത്, 'ഒരു പൊതിച്ചോറ്' തരമോ എന്നാണ്.

https://www.azhimukham.com/kerala-saji-cheriyan-mla-from-flood-affected-chengannur-speaks-to-kr-dhanya/

https://www.azhimukham.com/kerala-after-flood-chengannur-survive-report-by-kr-dhanya/

Next Story

Related Stories