TopTop
Begin typing your search above and press return to search.

മാണി എന്ന മാരണം: മാണിച്ചന്‍ ചെയ്തത് ഉമ്മച്ചന്‍ പൊറുത്താലും തൊമ്മച്ചന്‍ പൊറുക്കില്ല

മാണി എന്ന മാരണം: മാണിച്ചന്‍ ചെയ്തത് ഉമ്മച്ചന്‍ പൊറുത്താലും തൊമ്മച്ചന്‍ പൊറുക്കില്ല

ചേരും താന്നിയും വിരുദ്ധ സ്വഭാവ വൈശിഷ്ടങ്ങളുള്ള രണ്ടു വൃക്ഷങ്ങളാണ്. ഒന്ന് ചിലപ്പോള്‍ ദ്രോഹിക്കും. ചേരു തൊട്ടു ചൊറിഞ്ഞവനെ താന്നി പൊറുപ്പിക്കും എന്നാണ് വിശ്വാസം. ഇത് വൃക്ഷങ്ങളും മനുഷ്യനും ഇടയിലുള്ള ഒരു കാര്യം മാത്രമാകുന്നു. രാഷ്ട്രീയത്തില്‍ വന്‍ മരങ്ങള്‍ ഏറെയുണ്ടെങ്കിലും മാണിച്ചന്‍ ചെയ്തത് ഉമ്മച്ചന്‍ പൊറുത്താലും തൊമ്മച്ചന്‍ പൊറുക്കില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം വായിച്ചാല്‍ കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലാകും.

Also Read: ‘മാണി എന്ന മാരണം': വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം

'മാണി എന്ന മാരണം' എന്ന തലക്കെട്ട് മാത്രം മതി കരിംകോഴക്കല്‍ മാണിയെന്ന കെ എം മാണി വീക്ഷണം പത്രത്തിന് അനഭിമതനായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍. കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് വിട്ട് തൃശ്ശങ്കുവില്‍ നില്‍ക്കുന്ന മാണി ഇനിയൊരിക്കലും ആ തറവാട്ടിലേക്ക് തിരികെ വരരുതെന്നും വരാന്‍ എന്തെങ്കിലും ശ്രമം നടത്തിയാല്‍ മുഖമടച്ചു ഒരടി കൊടുത്ത് ഓടിക്കണമെന്നുമൊക്കെയുള്ള സന്ദേശം നല്‍കുന്ന മുഖപ്രസംഗം വരച്ചു കാട്ടുന്നതത്രയും രാഷ്ട്രീയ സദാചാരമില്ലാത്ത കൊടും ചതിയനായ ഒരു മാണിയെയാണ്.

'യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ കെ എം മാണി ശ്രമം നടത്തിയിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മുഖപത്രത്തിന്റെ വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ് വിളംബരം ചെയ്യുന്നത്' എന്ന് തുടങ്ങുന്ന മുഖപ്രസംഗം കേരളാ കോണ്‍ഗ്രസ് (എം), മാണിക്കും മകനും വേണ്ടി മാത്രമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അതിനെ ഏറെക്കാലം കോണ്‍ഗ്രസ് ചുമന്നു നടന്നെന്നും കന്നി മത്സരത്തില്‍ തോറ്റ മാണി പുത്രനെ പിന്നീട് ജയിപ്പിച്ചത് കോണ്‍ഗ്രസിന്റെ കഠിനാധ്വാനം കൊണ്ടാണെന്നും ഓര്‍മപ്പെടുത്തുന്നതിനൊപ്പം താനും മകനും പിന്നെ നാല്‍പ്പതുപേരും ചേര്‍ന്നാല്‍ വിജയത്തിന്റെ കപ്പലുണ്ടാക്കാം കഴിയുമെന്ന് മാണിക്ക് മോഹമുണ്ടെങ്കില്‍ അത് വെറും മിഥ്യാധാരണയാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. യു ഡി എഫില്‍ നിന്നും പുറത്തുപോയ മാണിയെ നാല്‍ക്കവലയില്‍ നിന്നും വിലപേശി നാണം പോലും വില്‍ക്കുന്ന ഒരാളോട് ഉപമിക്കുക കൂടി ചെയ്യുന്നു മുഖപ്രസംഗം.

അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പായി മാണിയെ യുഡിഎഫില്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസിലെ തന്നെ വലിയൊരു വിഭാഗം നേതാക്കള്‍ ആഗ്രഹിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടത്തുകയും ചെയ്യുന്നതിനിടയിലാണ് പാര്‍ട്ടി മുഖപത്രം ഇങ്ങനെയൊരു കടുംകൈ കാട്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കെപിസിസി-യുടെ അറിവോടെയല്ല ഇങ്ങനെ ഒരു മുഖപ്രസംഗം വീക്ഷണത്തില്‍ വന്നതെന്ന് പ്രശ്‌നം വിവാദമായതിനു തൊട്ടു പിന്നാലെ എംഎം ഹസ്സന് പറയേണ്ടി വന്നതും. കേരളാ കോണ്‍ഗ്രസ് പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യില്‍ വന്ന ഒരു ലേഖനത്തിനുള്ള മറുപടിയാണ് വീക്ഷണത്തിലെ എഡിറ്റോറിയല്‍. പ്രതിച്ഛായയിലെ ലേഖനത്തെക്കുറിച്ചു തനിക്ക് അറിവില്ലെന്നാണ് നേരത്തെ മാണിയും പ്രതികരിച്ചിരുന്നത്. ഇത്തരം ചില ഗിമ്മിക്കുകള്‍ ചില നേരങ്ങളില്‍ സിപിഐ, മുസ്ലിം ലീഗ് നേതൃത്വങ്ങളും എടുത്തിട്ടുണ്ട്.

പത്രത്തിന്റെ നടത്തിപ്പ് കെപിസിസിക്കാണെങ്കിലും നിലവില്‍ പത്രത്തിന്റെ എഡിറ്റര്‍ പി ടി തോമസ് എംഎല്‍എയാണ്. എന്തായാലും പി ടി അറിയാതെ ഇങ്ങനെ ഒരു എഡിറ്റോറിയല്‍ ആ പത്രത്തില്‍ വരാന്‍ ഇടയില്ല. തന്നെയുമല്ല കെ എം മാണിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ആളുമാണ് പി ടി എന്നത് പരസ്യമായ കാര്യവുമാണ്. മലപ്പുറം ഉപതിരഞ്ഞെടുപ്പു വേളയില്‍ മാണിയെ യുഡിഎഫില്‍ തിരികെ എന്തിക്കാനുള്ള നീക്കത്തെ പരസ്യമായി എതിര്‍ത്തതും പി ടിയും കൂട്ടരുമായിരുന്നു.

പി ടിയുടെ ഈ മാണി വിരോധത്തിന് പിന്നില്‍ തീര്‍ത്താല്‍ തീരാത്ത ഒരു നാടുകടത്തലിന്റെ കഥ കൂടിയുണ്ട് എന്നോര്‍ക്കണം. ഇടുക്കി എം പിയായിരുന്ന പി ടിക്ക് കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിക്കുക മാത്രമല്ല, ഇടുക്കി ബിഷപ്പും ഹൈറേഞ്ച് കര്‍ഷകരും പി ടിക്ക് എതിരാണെന്ന് പറഞ്ഞ് പി ടിയെ നാടുകടത്തുക കൂടി ചെയ്തു കോണ്‍ഗ്രസ്. കാസര്‍ഗോഡ് മണ്ഡലത്തില്‍ പ്രചാരണ ചുമതല നല്‍കപ്പെട്ട പി ടി കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലും പിന്നീട് തൃശൂര്‍ പട്ടിക്കാട് ഒരു സുഹൃത്തിന്റെ വീട്ടില്‍ വിശ്രമത്തിലുമായിരുന്നു രണ്ടു മാസത്തോളം. തന്റെ നാട് കടത്തലിലും സീറ്റു നിഷേധത്തിനുമൊക്കെ പിന്നില്‍ കളിച്ചവരില്‍ കെ എം മാണിയും ഉണ്ടെന്ന് പി ടി അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories