TopTop
Begin typing your search above and press return to search.

പി സി ജോര്‍ജ്ജ് കോൺഗ്രസ് കടത്തിവിട്ട വൈറസ്; കേരള കോൺഗ്രസ്സ് അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്

പി സി ജോര്‍ജ്ജ് കോൺഗ്രസ് കടത്തിവിട്ട വൈറസ്; കേരള കോൺഗ്രസ്സ് അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

ഒരേ സമയം പലരുടെയും ഏജന്‍റ് ആയി പ്രവർത്തിച്ച പി സി ജോര്‍ജ്ജ് കോൺഗ്രസ്, കേരളാ കോൺഗ്രസിൽ കടത്തി വിട്ട വൈറസ് ആണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. ഇതുവരെ ഔദ്യോഗികമായി പുറത്തു വിടാത്ത കേരളാ കോൺഗ്രസ് ബാർ കോഴ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സി എഫ് തോമസാണ് കമ്മീഷന്‍ അധ്യക്ഷന്‍.

രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ജോർജ്ജിന്റെ കേരളാ കോൺഗ്രസ് പ്രവേശനത്തെ അങ്ങേയറ്റം പിന്താങ്ങിയിരുന്നു. കേരളാ കോൺഗ്രസ്സുകാരനായ പിസി ജോർജ്ജിനെ ഉപയോഗിച്ച് എൽ ഡി എഫിൽ നിന്നും നെയ്യാറ്റിൻകര എം എൽ എ ശെൽവരാജിനെ കോൺഗ്രസിൽ എത്തിച്ചതും ബാർ കോഴ വിവാദം ഉണ്ടാകുന്നതിനു മുൻപും ശേഷവും കെ എം മാണിയെ സഹായിക്കാനെന്ന ഭാവേന നടത്തിയ പ്രസ്താവനകളും നീക്കങ്ങളും കാണുമ്പോൾ കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ കോൺഗ്രസുകാർ കേരള കോൺഗ്രസിൽ കടത്തി വിട്ട വൈറസ് ആയിരുന്നോ ഇദ്ദേഹം (പി സി ജോര്‍ജ്ജ് ) സന്ദേഹിക്കേണ്ടിയിരിക്കുന്നു.

ദേശാഭിമാനിയുടെ കോട്ടയം എഡിഷൻ ഉദ്‌ഘാടനത്തിലേക്കു കെ എം മാണിയെ ക്ഷണിച്ചത് മന്ത്രി എന്ന നിലയിൽ ആയിരുന്നു. മാണി വിരോധികൾ ഈ സംഭവത്തെ വളച്ചൊടിച്ചു കെ എം മാണിയും സിപിഎമ്മുമായി അടുക്കുകയാന്നെന്നു പടച്ചു വിട്ടു. ഉമ്മൻചാണ്ടിയെ അട്ടിമറിച്ചു കെ എം മാണി മുഖ്യമന്ത്രി ആകാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇവർ ഉയർത്തി വിട്ട പ്രചരണം. ഈ സമയത്തു കെ എം മാണി മുഖ്യമന്ത്രി ആകാൻ യോഗ്യൻ ആണെന്ന് പറഞ്ഞു പി സി ജോര്‍ജ്ജ് രംഗത്തെത്തി. സ്നേഹിച്ചു സ്നേഹിച്ചു ഞെക്കിക്കൊല്ലുക എന്ന തന്ത്രമായിരുന്നു പിസി ജോര്‍ജ്ജിന്‍റേത്.

ഉമ്മൻചാണ്ടി മന്ത്രിസഭാ രൂപീകരണ വേളയിൽ മന്ത്രിയാകാൻ പി സി ജോര്‍ജ്ജ് ആഗ്രഹിച്ചിരുന്നു. കെ എം മാണി താല്പര്യം കാണിക്കാതെ വന്നതോടെ ആണ് അത് നടക്കാതെ പോയതെന്ന് പി സി ജോർജ് വിശ്വസിച്ചത്. പിന്നീട് കെ എം മാണിയോട് പക ഉള്ളിൽ വച്ച് പുറമെ സ്നേഹം നടിച്ചു വരുകയായിരുന്നു.ഒന്നുകിൽ കെ എം മാണിയെ വീഴിക്കുകയോ മുഖ്യമന്ത്രി ആക്കുകയോ ചെയ്‌താൽ പിസി ജോർജ്ജിന് പാർട്ടി ചെയർമാനാകാം.അതുമല്ലെങ്കിൽ കോൺഗ്രസിന് വേണ്ടി വിടുപണി ചെയ്തു കേരള കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുക എന്ന ലക്ഷ്യവും ആയിരുന്നിരിക്കാം. ഇതിലെന്തിനോ വേണ്ടിയായിരുന്നു പിസി ജോർജിന്റെ പ്രവർത്തനം മുഴുവൻ.പൊതുജനങ്ങളെ കേൾപ്പിക്കാൻ ടെലിവിഷൻ ചാനലുകളിൽ ബിജു രമേശിനെ തെറി വിളിക്കുകയും അതേസമയം അദ്ദേഹവുമായി രഹസ്യ ധാരണയിൽ പോകുന്നതും ജോർജ്ജിന് മാത്രം സാധിക്കുന്ന കാര്യമാണ്. രമേശ് ചെന്നിത്തലയും അടൂർ പ്രകാശും പിസി ജോര്ജും മുണ്ടക്കയം ടിബിയിൽ വച്ച് ബാർ കോഴക്കേസിൽ ഗൂഡാലോചന നടത്തുകയും അതേ തുടർന്ന് പിസി ജോർജ്ജും ബിജുരമേശും ടെലിഫോണിൽ നടത്തുന്ന സംഭാഷണം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.

പൂഞ്ഞാർ മണ്ഡലംകാരനായ അഡ്വക്കേറ്റ് അടക്കം ജോയിയുടെ എറണാകുളത്തെ വീട്ടിൽ ജോസഫ് വാഴക്കാനും രമേശ് ചെന്നിത്തലയും പി സി ജോർജ്ജും നാട്ടുകാരനും വിജിലൻസ് എഡിജി പി കൂടിയായ ജേക്കബ് തോമസും ഒത്തുകൂടി കെ എം മാണിയെ ഫ്രയിoചെയ്യാൻ തീരുമാനിച്ചു.

ഇതെല്ലാം നടന്നത് പിസി ജോര്‍ജ്ജ് കേരള കോൺഗ്രസ് (എം) ആയിരിക്കുമ്പോൾ തന്നെ ആയിരുന്നു. സുഹൃത്തെന്ന ഭാവേന പിസി ജോർജ്ജും മറ്റു എതിരാളികളും മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട് തുടങ്ങിയ കല്ലുവച്ച നുണക്കഥകളും പ്രചരിപ്പിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക രാഹിത്യവും സഹിക്കാതെ കേരളം കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൂടാതെ പാർട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്യുവാൻ പാർട്ടി കൊടുത്ത കത്ത് കോൺഗ്രസ് നേതൃത്വം പരിഗണിക്കാതെ മനഃപൂർവം വച്ച് താമസിപ്പിച്ചു. പിസി ജോർജ്ജിനെ തൽസ്ഥാനത്തു നിലനിർത്താനുള്ള ഹീന ശ്രമങ്ങളാണ് പിന്നീട് കോൺഗ്രസ് നേതൃത്വം നടത്തിയത്. കോൺഗ്രസ് നേതാക്കളായ ചിലർക്കെതിരെ പിസി ജോർജ് വളരെ മോശമായ രീതിയിൽ ആരോപണങ്ങളും ആക്രമങ്ങളും നടത്തിയപ്പോഴും ചെന്നിത്തലയ്ക്ക് എതിരായി ഒന്നും ഉരിയാടിയിയിട്ടില്ല എന്നതുകൂടി ചേർത്ത് വായിക്കേണ്ടിവരും.

ബാർ കോഴ ആരോപണം ജനമധ്യത്തിൽ കൊഴുപ്പിക്കാൻ ചാനൽ ചർച്ചകളിൽ നിരവധി തവണ പങ്കെടുത്തിട്ടുള്ള വിജിലൻസ് എഡിജിപി കൂടിയായ ജേക്കബ് തോമസ് പൂഞ്ഞാർ മണ്ഡലം കാരനും പിസി ജോർജ്ജുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിയും ജോസഫ് വാഴക്കന്‍റെ കോളേജ് സഹപാഠിയുമാണ്. ബാറുടമകൾ പിരിച്ചത് 20 കോടിയാണെന്നും ഒരു കോടി മാണിക്ക് കൊടുത്താൽ ബാക്കി 19 കോടി എവിടെയെന്നും ചോദിച്ചുകൊണ്ട് പിസി ജോർജ് മാണി പണം വാങ്ങി എന്ന പ്രതീതി സൃഷ്ടിച്ചു ആരോപണം കൊഴുപ്പിച്ചു. വാർത്താ മാധ്യമങ്ങളിലൂടെ നുരഞ്ഞു പൊന്തിയ ആരോപണം ദേശീയ തലത്തിൽ പോലും ചർച്ച വിഷയമായി. മാധ്യമങ്ങൾ മാണിയെ വിടാതെ പിന്തുടർന്ന് ആക്രമിച്ചു കൊണ്ടേയിരുന്നു.

(2016 മാർച് 31 നു സമർപ്പിച്ച ഈ റിപ്പോർട്ടിലെ സുപ്രധാന ശുപാർശ കേരള കോൺഗ്രസ് പാർട്ടി കോൺഗ്രസിനൊപ്പം യു ഡി എഫിൽ തുടർന്നാൽ അത് പാർട്ടിക്കും പാർട്ടി പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിനും ഗുണകരമായിരിക്കില്ല എന്നതായിരുന്നു.)


Next Story

Related Stories