TopTop
Begin typing your search above and press return to search.

ഒമ്പത് ദിവസം മുമ്പ് മരിച്ച ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മാര്‍ത്തോമ പള്ളി സെമിത്തേരിക്ക് സമീപം സംസ്കരിക്കും, ഒത്തുതീര്‍പ്പ് യോഗത്തിലുണ്ടായത് ഏകപക്ഷീയ ധാരണയെന്നും ആക്ഷേപം

ഒമ്പത് ദിവസം മുമ്പ് മരിച്ച ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മാര്‍ത്തോമ പള്ളി സെമിത്തേരിക്ക് സമീപം സംസ്കരിക്കും, ഒത്തുതീര്‍പ്പ് യോഗത്തിലുണ്ടായത് ഏകപക്ഷീയ ധാരണയെന്നും ആക്ഷേപം
കൊല്ലം പുത്തൂര്‍ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ ദളിത്‌ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുന്ന വിഷയത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിലുണ്ടായത് ഏകപക്ഷീയമായ ധാരണയെന്ന് ആക്ഷേപം. ആറ് മാസത്തിനുള്ളില്‍ ദളിത് പള്ളിയുടെ സെമിത്തേരിക്ക് ചുറ്റുമതിലും കോണ്‍ക്രീറ്റ് കല്ലറയും പണിയുമെന്നും തത്ക്കാലം അന്നമ്മയുടെ മൃതദേഹം മാര്‍ത്തോമ ഇമ്മാനുവല്‍ സുറിയാനി പള്ളിയുടെ സെമിത്തേരിയില്‍ ദളിത്‌ വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രത്യേക സ്ഥലത്ത് സംസ്കരിക്കാനും ആറ് മാസം കഴിഞ്ഞ് അന്നമ്മയുടെയും നാല് വര്‍ഷത്തിനിപ്പുറം അടക്കിയ മറ്റ് രണ്ട് പേരുടെയും മൃതദേഹങ്ങളും ദളിത് പള്ളിയുടെ കല്ലറയില്‍ അടക്കാനുമാണ് ധാരണയായത്. ഇന്ന് പള്ളിക്കാരും വീട്ടുകാരും തമ്മിൽ തീരുമാനിച്ച് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച തീയതി തീരുമാനിക്കും.

അന്നമ്മയുടെ ബന്ധുക്കളും മതില്‍ പണിക്കെതിരെ പരാതി ഉന്നയിച്ച ബിജെപി പ്രവര്‍ത്തകനും ഈ ധാരണയില്‍ ഒപ്പിട്ടിട്ടില്ല. പതിനൊന്ന് മണിക്ക് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം രണ്ട് മണിക്കാണ് നടന്നത്. കളക്ടര്‍ക്ക് പകരം സബ് കളക്ടറും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശോഭന, പഞ്ചായത്ത് മെമ്പര്‍ പി ഗീതാകുമാരി, നാട്ടുകാര്‍ എന്നിവരാണ് പങ്കെടുത്തത്. മെത്രാപ്പൊലീത്തയുടെ അറിവോടെയുണ്ടായ ധാരണയില്‍ ഇവരെല്ലാമാണ് ഒപ്പിട്ടിരിക്കുന്നത്. ഇത്തരമൊരു യോഗത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവൊന്നും ലഭിച്ചില്ലെന്ന് അന്നമ്മയുടെ ബന്ധുക്കള്‍ പറയുന്നു. പള്ളിയുടെ പ്രതിനിധികളും എംഎല്‍എയും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളുമായി മൂന്ന് വിഭാഗത്തില്‍പ്പെട്ടവരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. ദളിത് പള്ളിയുടെ സെക്രട്ടറിയും പള്ളിയിലെ അച്ചനും യുവജനസഖ്യത്തിലെ ചില പ്രവര്‍ത്തകരുമാണ് യോഗത്തില്‍ പങ്കെടുത്തത്. മൂന്നും നാലും വിഭാഗത്തില്‍ വരേണ്ടിയിരുന്നത് ദളിത് പള്ളിയിലെ സെമിത്തേരിക്കെതിരെ പരാതി നല്‍കിയ ബിജെപി പ്രവര്‍ത്തകന്‍ സുരേഷും അന്നമ്മയുടെ ബന്ധുക്കളുമാണ്. ഇവര്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒപ്പുവച്ചിട്ടില്ല.

സാംബവ മഹാസൊസൈറ്റിയുടെ (കെഎസ്എസ്) മൃതദേഹങ്ങള്‍ ചുറ്റുമതില്‍ കെട്ടിയ ശേഷം മാത്രം സംസ്‌കരിക്കാനാണ് ഈ ധാരണയിലുള്ള മൂന്നാമത്തെ നിര്‍ദ്ദേശം. പുറത്തുനിന്നുള്ള മൃതദേഹങ്ങള്‍ കൊണ്ടുവരരുതെന്നും ഇതില്‍ പറയുന്നു.

ദളിത് ക്രൈസ്തവരുടെ ദേവാലയമായ കൊല്ലം കുന്നത്തൂര്‍ ജറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കണമെന്നതായിരുന്നു അന്നമ്മയുടെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്. പ്രദേശത്ത് തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ശവമടക്കാമെന്നിരിക്കെ ബന്ധുക്കള്‍ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. എന്നാല്‍ ഇമ്മാനുവല്‍ പള്ളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് ശവമടക്കാനായി കിട്ടുന്ന, മൂത്രപ്പുരയോട് ചേര്‍ന്നുള്ള, തെമ്മാടിക്കുഴിയേക്കാള്‍ മോശമായ ഭൂമിയില്‍ മൃതദേഹം കുഴിച്ചിടാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് ദളിത് ക്രൈസ്തവ വിഭാഗക്കാരുടെ നിലപാട്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രശ്നം പരിഹരിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമെത്താതെ പിരിഞ്ഞതോടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ എട്ടാം ദിവസമായ ഇന്നലെ വീണ്ടും സര്‍വകക്ഷി യോഗം നടക്കുകയായിരുന്നു.

ഈ വിഷയത്തില്‍ അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്: ‘നമ്മടെ പള്ളീല്‍ അടക്കാനാരുന്നു അമ്മാമ്മച്ചിക്ക് ആഗ്രഹം, മറ്റേ പള്ളിക്കാര് ക്യാഷ് ടീമാണ്, ചില്ലു കല്ലറയും സെല്ലും ഒക്കെയുള്ളവര്‍’; ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം എട്ടാം ദിവസവും മോര്‍ച്ചറിയില്‍

ജറുസലേം പള്ളിക്ക് സ്വന്തമായി സെമിത്തേരിയുണ്ട്. എന്നാല്‍ ഇവിടെ ശവസംസ്‌ക്കാരം നടത്തുന്നത് ജലസ്രോതസ്സുകളെ ഉള്‍പ്പെടെ മലിനമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ചിലരും ബിജെപി പ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിക്കുകയും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. സെമിത്തേരി മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാണിച്ച് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകന്‍ കേസ് നല്‍കുകയും ചെയ്തു. പിന്നീട് 2015-ല്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താന്‍ തല്‍ക്കാലം അനുവദിക്കില്ലെന്ന് ഉത്തരവിറക്കുകയും ചെയ്തു. ചുറ്റുമതില്‍ കെട്ടുക, കല്ലറകള്‍ കോണ്‍ക്രീറ്റ് ചെയ്യുക തുടങ്ങിയ നിബന്ധനകള്‍ പാലിച്ചാല്‍ ജറുസലേം പള്ളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താം എന്നായിരുന്നു കളക്ടറുടെ ഉത്തരവ്. തുടര്‍ന്നുള്ള കാലങ്ങളില്‍ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ ആയിരുന്നു ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങളും സംസ്‌ക്കരിച്ച് വന്നിരുന്നത്. എന്നാല്‍ ഇമ്മാനുവല്‍ പള്ളി അധികൃതരില്‍ നിന്നും അംഗങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണന മടുത്തപ്പോഴാണ് തങ്ങളുടെ പള്ളി സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കാന്‍ ദളിത് ക്രൈസ്തവ വിഭാഗം തീരുമാനിച്ചത്.

അന്നമ്മയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി പള്ളിയില്‍ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകരും പ്രദേശവാസികളും സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ജറുസലേം സെമിത്തേരിയില്‍ ശവസംസ്‌ക്കാരം അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടെടുത്ത അവര്‍ സംസ്‌ക്കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തി. അതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡിഎംഒയോടും പഞ്ചായത്ത് അധികൃതരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തുന്നത് മൂലം യാതൊരുവിധ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാവുന്നില്ലന്നും ജലസ്രോതസ്സുകള്‍ മലിനപ്പെടില്ലെന്നും ഡിഎംഒ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ജില്ലാ കളക്ടര്‍ മുമ്പ് പുറപ്പെടുവിച്ച ഉത്തരവിന്‍പ്രകാരമുള്ള നിബന്ധനകളൊന്നും സെമിത്തേരിയില്‍ പാലിച്ചിട്ടില്ല എന്ന പഞ്ചായത്ത് അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ച കളക്ടര്‍ ചുറ്റുമതില്‍ കെട്ടാതെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന തീരുമാനമെടുത്തു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷീ യോഗവും തീരുമാനമാവാതെ പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്നലെ സ്ഥലം എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ക്കുകയും ധാരണയുണ്ടാക്കുകയും ചെയ്തത്.മാര്‍ത്തോമ പള്ളി സെമിത്തേരി കൂടാതെ സാല്‍വേഷന്‍ ആര്‍മിയുടെ സെമിത്തേരിയും ദലിത് ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന സാംബവ സൊസൈറ്റിയുടെ സെമിത്തേരിയും ഹിന്ദു മതത്തില്‍ ഉള്‍പ്പെടുന്ന സാംബവരുടെ സെമിത്തേരിയും ഇതിനടുത്ത് തന്നെയുണ്ടെന്ന് ആക്ടിവിസ്റ്റ് ഷിബി പീറ്റര്‍ പറയുന്നു. ബഹുഭൂരിപക്ഷം വരുന്ന കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട സവര്‍ണ ക്രൈസ്തവരാണ് സെമിത്തേരിക്ക് എതിര്‍ നില്‍ക്കുന്ന നാട്ടുകാര്‍. ദലിത് ക്രൈസ്തവരുടെ സെമിത്തേരിയോട് മാത്രമല്ല, ഹിന്ദുക്കളായ സാംബവ സമുദായക്കാരുടെ സെമിത്തേരിയോടും ഇവര്‍ എതിര് നില്‍ക്കുന്നതായാണ് ഈ വ്യവസ്ഥയില്‍ നിന്നും മനസിലാകുന്നതെന്നും ഷിബി ചൂണ്ടിക്കാട്ടുന്നു. പള്ളിക്ക് മതിലും മണ്ണിനു മുകളില്‍ സെല്ലാറും നിര്‍മിക്കാന്‍ മാര്‍ത്തോമ സഭയും സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും മുന്‍കൈയെടുക്കുകയും ഇത് തഹസീല്‍ദാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഡിഎംഒ എന്നിവര്‍ മോണിട്ടര്‍ ചെയ്യണമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ പറയുന്നു.

"മുഴുവന്‍ ദലിത് വിഭാഗങ്ങളോടും സവര്‍ണര്‍ക്കുള്ള സമീപനമാണ് ഈ ഒതുതീര്‍പ്പ് ധാരണയില്‍ നിന്നും വ്യക്തമാകുന്നത്. ദളിത് പള്ളിയുടെ സെമിത്തേരിക്ക് ആറ് മാസത്തിനകം മതില്‍ കെട്ടുന്നത് വരെയും ഇവരുടെ മൃതദേഹം അടക്കുന്നത് മുമ്പ് ചെയ്തിരുന്നത് പോലെ ഇമ്മാനുവല്‍ സുറിയാനി പള്ളിയുടെ മൂത്രപ്പുരയ്ക്ക് സമീപം തന്നെയായിരിക്കും. മതില്‍ പണിയാന്‍ ചെല്ലുമ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തിയാണ് മുമ്പ് എതിര്‍ത്തിട്ടുള്ളത്. ഇനിയും ഇത് ആവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത. കാരണം, ഇന്നുണ്ടാക്കിയ ധാരണയില്‍ പരാതിക്കാരനായ ബിജെപിക്കാരന്‍ ഒപ്പിട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ ദലിത് പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ തന്നെ തുടരും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം മൂത്രപ്പുരയ്ക്ക് സമീപം തെമ്മാടിക്കുഴിയേക്കാള്‍ മോശമായ ഒരു സ്ഥലത്ത് കുഴിച്ചിടുകയും പിന്നീട് ആ സ്ഥലമേതെന്ന് തിരിച്ചറിയാനാകാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ദളിത് ക്രിസ്ത്യാനികള്‍ തങ്ങളുടെ പള്ളിയിലെ സെമിത്തേരി തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. അത് അവരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. അതും അംഗീകരിച്ച് നല്‍കാതെയാണ് ഇന്നലെ ധാരണയുണ്ടാക്കിയിരിക്കുന്നത്. അതിനാലാണ് ഇതിനെ ഒരു ഏകപക്ഷീയ ധാരണയെന്ന് വിളിക്കേണ്ടി വരുന്നത്. ധാരണപത്രത്തില്‍ മൂത്രപ്പുരയ്ക്ക് സമീപമെന്ന് പറയാതെ സഭ നിര്‍ദ്ദേശിക്കുന്ന മറ്റൊരു സ്ഥലത്ത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബന്ധുക്കളോട് പള്ളി അധികൃതര്‍ പറഞ്ഞിരിക്കുന്നത് പഴയ സ്ഥലത്ത് തന്നെയാണ് അനുവദിക്കുകയെന്നാണ്. അതായത്, പ്രശ്‌നം ദളിത് വിശ്വാസികള്‍ ഉന്നയിച്ച ഇടത്ത് നിന്നും കൂടുതല്‍ രൂക്ഷമായി എന്നാണ് ചുരുക്കമെ"
ന്നും ഷിബി പറയുന്നു.

Also Read: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

Next Story

Related Stories