UPDATES

ശബരിമല; സമവായത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു; പ്രതിഷേധങ്ങള്‍ തണുപ്പിക്കുക ലക്ഷ്യം

വിഷയത്തില്‍ തന്ത്രി കുടുംബം നിലപാട് മാറ്റിയാല്‍ ഇപ്പോഴുയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സമവായ നീക്കങ്ങളുമായി സര്‍ക്കാര്‍. വിധിക്കെതിരെ വിവിധ കോണില്‍ നിന്നും വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ശബരിമല തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തി പോംവഴി തേടുമെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം. ഇതിനായി തന്ത്രി കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി തിങ്കാഴ്ച കൂടിക്കാഴ്ച നടത്തും.

വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജെ പത്മകുമാര്‍ വ്യക്തമാക്കിയതിന് പിറകെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് സമവായ ചര്‍ച്ചകളുമായി ഇറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഉടന്‍ തന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാന വ്യാപകമായി വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിനുള്ള ഉത്തരവാദിത്വം ബോധ്യപ്പെടുത്താന്‍ അധികൃതര്‍ നീക്കം നടത്തുന്നത്. ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന തന്ത്രി കുടുംബത്തില്‍ നിന്നു തന്നെയാണ് വിധിക്കെതിരെ ആദ്യ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ വിഷയത്തില്‍ തന്ത്രി കുടുംബം നിലപാട് മാറ്റിയാല്‍ ഇപ്പോഴുയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനാവുന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണെന്നും ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സിപിഎം ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതിന് പിറകെയാണ് സര്‍ക്കാര്‍ നീക്കം. വിശ്വാസികളെ അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുകയും പ്രതികരണങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് മയപ്പെടുത്തി രംഗത്തെത്തിയത്. ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നടത്തുന്ന രണ്ടാം വിമോചന സമരത്തിനുള്ള ശ്രമം വിലപ്പോവില്ലെന്നും കോടിയേരി പറയുന്നു.

യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും അദ്ദേഹം  പ്രതികരിച്ചിരുന്നു. ശബരിമലയില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാം. അല്ലാത്തവര്‍ പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മയപ്പെടുത്തിയതിന്റെ സൂചനയാണ് ഇതെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സും ബിജെപിയും മത വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ്, കടകം പള്ളി ആരോപിക്കുന്നു.

സുപ്രീം കോടതി വിധി കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും മറ്റ് മത സംഘടകളും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നാണ് തിരിച്ചറിവാണ് എന്തുവിലകൊടുത്തും ഉത്തരവ് നടപ്പാക്കുമെന്ന നിലപാടില്‍ നിന്നും സര്‍ക്കാരിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ വിധിക്കെതിരെ രംഗത്തെത്തിയതോടെ ആദ്യം വിധിയെ അനുകൂലിച്ച ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ നിലപാട് മാറ്റുകയും പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെ ചെറുക്കുക എന്നതും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിധി ദൗര്‍ഭാഗ്യകരമാണെന്ന പ്രതികരിച്ച ശബരിമല തന്ത്രി പക്ഷേ വിധി മാനിക്കുന്നെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും കുടുംബം അറിയിച്ചിരുന്നു. തന്ത്രി കുടുംബത്തിന് പുറമേ പന്തളം രാജകുടുംബം, കോണ്‍ഗ്രസ്, എന്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവരും സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍