Top

ഒരു വിശാല ദളിത് - ഇടത് സഖ്യത്തെ കേരളം പോലൊരു സംസ്ഥാനത്ത് തടയുന്നതെന്താണ്?

ഒരു വിശാല ദളിത് - ഇടത് സഖ്യത്തെ കേരളം പോലൊരു സംസ്ഥാനത്ത് തടയുന്നതെന്താണ്?
ഈ ലേഖന പരമ്പരയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം: [ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: തലക്കെട്ടാണ്; നമ്പുമോ കേരളം? എല്ലാം ശരിയായില്ലെങ്കിൽ എന്തുകൊണ്ടെന്ന് മനസിലാക്കൂ; വിപ്ളവം വരാത്തതുകൊണ്ടെന്ന് മുട്ടാപ്പോക്ക് പറയരുത്]

ഭാഗം-3

ഇന്നത്തെ സർക്കാർ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി ജി സുധാകരനെ പോലെയുള്ളവർ വ്യാഖ്യാനിക്കുന്നത് പോലെ വിപ്ളവം വരാത്തതോ, ബദൽ രാഷ്ട്രീയ അന്വേഷകർ കാലാകാലമായി ആരോപിച്ചുപോരുന്നതുപോലെ അതിലെ മുഖ്യകക്ഷിയായ സിപിഎം വലതുവത്കരണവും കഴിഞ്ഞ് ഒരു തീവ്ര വലത് സംഘി കൂട്ടമായി മാറികഴിഞ്ഞു എന്നതോ അല്ല.  സംഘിവത്കരണം മുതൽ ‘സംഘാവ്’ വരെ എത്തിനിൽക്കുന്ന ആരോപണ, പരിഹാസങ്ങളെ പ്രതിരോധിക്കാൻ സിപിഎം പോലൊരു പാർട്ടിക്ക് അതിന്റെ ചരിത്രം തന്നെ മതിയാവും; അരനൂറ്റാണ്ടിലേറെക്കാലമായി സംഘപരിവാർ ശക്തികളുമായി തുടർന്നു പോരുന്ന സംഘർഷങ്ങളുടെ, പലപ്പോഴും പ്രത്യക്ഷവും കായികം തന്നെയുമായ ചരിത്രം; ഈ വിഷയത്തിൽ മാധ്യമങ്ങളാൽ ഉൾപ്പെടെ പലതവണ, പല വിധത്തിൽ വിചാരണ ചെയ്യപ്പെട്ട ഒരു സംഘടന എന്ന നിലയ്ക്ക് പ്രത്യേകിച്ചും.

പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു. അങ്ങനെയെങ്കിൽ ഒരു വിശാല ദളിത് - ഇടത് സഖ്യത്തിന് കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ ഉണ്ടാകുന്ന വിലങ്ങുതടി എന്താണ്? ജനകീയ ജനാധിപത്യ വിപ്ളവം സാധ്യമാക്കാൻ പോന്ന സാംസ്കാരിക മേൽകോയ്മ നേടുന്നതിൽ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് എന്ന അന്വേഷണത്തോട് ചേർത്തുവയ്ക്കേണ്ട ഒന്നാണ് ഈ ചോദ്യവും. ഇവയ്ക്ക് വ്യക്തമായ ഒരു മറുപടിയില്ല എന്നത് തന്നെയാണ് പാർട്ടി നേരിടുന്ന പ്രശ്നവും.

സിപിഎം ഫാസിസം
വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ എടുത്തുപയോഗിച്ച് അന്ത:സത്ത നഷ്ടപ്പെട്ട ഒരു പദമായിട്ടുണ്ട് ഇന്ന് ഫാസിസം. അതിൽ മറ്റെല്ലാവരേയും എന്ന പോലെ സിപിഎം അനുഭാവികളും നേതൃത്വപ്രതിനിധികൾ തന്നെയും കുറ്റക്കാരാണ് താനും. അതുകൊണ്ട് തന്നെ ഇതേ പദം തങ്ങൾക്കെതിരേ തിരിയുമ്പോൾ മാത്രം ‘ഇതോ ഫാസിസം’ എന്ന് പറഞ്ഞിട്ട് കാര്യമില്ല.

തങ്ങൾക്ക് ആധിപത്യമുള്ളിടങ്ങളിലൊക്കെയും ഇതര ശബ്ദങ്ങളെ കായികമായി അടിച്ചമർത്തുന്നു എന്നതാണ് വിമർശകർ സിപിഎം ഫാസിസം എന്ന പദം കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. ഇത് ഡിവൈഎഫ്ഐ എന്ന അതിന്റെ യുവജന സംഘടനയും സിഐടിയു എന്ന തൊഴിലാളി സംഘടനയും തൊട്ട് എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയിലേയ്ക്ക് വരെ നീളുന്നു. ഇതിന് തെളിവായി അവർ നിരവധി വ്യക്തികളെയും സംഭവങ്ങളെയും നിരത്തുന്നു.

സംഭവങ്ങളെ അതിന്റെ ചരിത്രപരമായ നൈരന്തര്യത്തിൽ നിന്ന് അടർത്തി മാറ്റി വ്യാഖ്യാനിച്ചും തിരഞ്ഞെടുത്ത വ്യക്തികളെ സ്വത്വബന്ധിയായി സാമാന്യവത്ക്കരിച്ചും വിമർശകർ ഉണ്ടാക്കാൻ ശ്രമിക്കുന്ന സിപിഎം ഫാസിസത്തിന്റെ സ്ഥൂല രൂപത്തിന്, അതൊരു നിർമ്മിതിയായതുകൊണ്ട് തന്നെ ഘടനാപരമായ നിരവധി ദൗർബല്യങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കെട്ടുകഥകളെ വസ്തുതകളും യുക്തിയും വച്ച് പൊളിക്കുകയും എളുപ്പമാണ്. പക്ഷേ രാഷ്ട്രീയമായ യുദ്ധം എന്ന നിലയ്ക്കല്ലാതെ ആത്മവിമർശനത്തിന്റെ തലത്തിലും ഈ വിഷയത്തെ ഇടതുപക്ഷം സമീപിക്കേണ്ടതുണ്ട്. ഒരുപക്ഷേ, അത് അവരുടെ മാത്രം ആവശ്യവുമാണ്.ആത്മപരിശോധന എന്ന സവിശേഷ ആവശ്യം
വലത്, തീവ്ര വലത്, തീവ്ര ഇടത് പ്രസ്ഥാനങ്ങൾക്കൊന്നും ഇങ്ങനെ ഒരു ബാധ്യതയില്ല. വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന തന്ത്രം മാത്രം അവലംബിച്ച് നിൽക്കുന്നവയാണ്. തീവ്രപക്ഷങ്ങളാകട്ടെ, വലതായാലും, ഇടതായാലും ജനാധിപത്യത്തെ തന്നെ അംഗീകരിക്കുന്നവയും അല്ല. (ഇതിനർത്ഥം തീവ്രവലത് രാഷ്ട്രീയം, തീവ്ര ഇടത് രാഷ്ട്രീയവുമായി സമീകരിക്കാവുന്ന ഒന്നാണ് എന്നല്ല. നമ്മുടെ വിഷയം അതല്ലാത്തതിനാൽ അതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നില്ല എന്ന് മാത്രം.) ജനാധിപത്യത്തിന്റെ മൂല്യവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മാറ്റങ്ങൾ സാധ്യമാക്കുക, ഒരു ആദർശ ഭരണവ്യവസ്ഥ സ്ഥാപിക്കുക എന്നത് ഇവിടെ ഇടത് രാഷ്ട്രീയം മാത്രം ആവർത്തിക്കുന്ന ഒരു ലക്ഷ്യമാണ് അഥവാ പൊതുസമൂഹം ഇടതുപക്ഷത്തിൽ നിന്ന് മാത്രം  പ്രതീക്ഷിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് പൊതുസമൂഹത്തിലും, പൊതുബോധത്തിൽ തന്നെയുമുള്ള വിരുദ്ധ പ്രവണതകളെ ‘ഇടത് വിരുദ്ധത‘, ‘സി പി എം വിരുദ്ധത‘ എന്നിങ്ങനെ ചിഹ്നം ഇട്ട് ഉപേക്ഷിക്കാനാവില്ല. ആവുന്നത് ആ വിരുദ്ധതയെ, അതിന്റെ ഉള്ളടക്കത്തെ മനസിലാക്കുക എന്നതാണ്. അതിനെ എങ്ങനെ പ്രായോഗികമായി പ്രതിരോധിക്കാം എന്നത് പോലും പിന്നീട് മാത്രം സാധ്യമായ ഒരു പരിഗണനയും.

ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഈ പൊതുസമൂഹത്തിൽ തന്നെ ഈ പറഞ്ഞ ഇടത് രാഷ്ട്രീയ ആദർശങ്ങളെ അംഗീകരിക്കാത്ത ഒരു ആന്തരിക സമൂഹവും ഉണ്ട് എന്നതാണ്. അവർ മാനവികമായ തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം പോലെയുള്ള ആശയങ്ങളുടെ ഒരു പ്രത്യയശാസ്ത്ര മറുപക്ഷമാണ്. അവർക്ക് പക്ഷേ ഈ ആശയങ്ങൾ നേടിയ സാംസ്കാരിക മേൽകോയ്മയെ വെല്ലുവിളിക്കാൻ പറ്റിയ ബദൽ സാംസ്കാരിക യുക്തികൾ നിരത്താനാവുന്നില്ല. അതുകൊണ്ട് അവർ ഒരു പ്രതിരോധം എന്ന നിലയിൽ അവയെ അംഗീകരിക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണകൂടം പ്രയോഗതലത്തിൽ വരുത്തുന്ന വീഴ്ചകളെ സ്ഥൂലവൽക്കരിച്ച് അതിലൂടെ പരോക്ഷമായി ഇതൊന്നും നടപ്പുള്ളതല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഇതിന്റെ മറുവശത്താകട്ടെ ഇടത് സംഘടനാ രാഷ്ട്രീയത്തിന് കേരളത്തിൽ നേടാൻ കഴിഞ്ഞ മേൽക്കൈയ്യാണ് അതിലും മെച്ചപ്പെട്ട ഒരു രാഷ്ട്രീയ നിർമ്മിതിക്കുള്ള ഏറ്റവും വലിയ തടസ്സം എന്ന് കരുതുന്ന; അതുകൊണ്ട് തന്നെ തീവ്ര വലത് രാഷ്ട്രീയത്തിന്റെ, യുക്തികളുടെ സാമൂഹ്യ വ്യാപനം എന്ന ഭീഷണിയെ നേരിടുന്നതിലും അടിയന്തിരമായ ആവശ്യമാണ് നിലനിൽക്കുന്ന ഇടത് സംഘടനാ രൂപത്തെ, അതിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനെ തകർക്കുക എന്ന് കരുതുന്ന ഒരു വിഭാഗം മനുഷ്യർ. ഇടത് രാഷ്ട്രീയത്തിന്റെ ശാക്തീകരണത്തെയും വ്യാപനത്തെയും സംബന്ധിച്ചിടത്തോളം നിർണ്ണായകം ഇത്തരം മനുഷ്യരുടെ തൊന്നലുകൾ ശരിയാണോ തെറ്റാണോ എന്നതിലുപരി അങ്ങനെയൊന്നും ഉണ്ട് എന്ന് മനസിലാക്കുകയാണ്. ശരിയായാലും തെറ്റായാലും അങ്ങനെയൊന്നിൽ വിശ്വസിക്കുന്ന മനുഷ്യർ ഉണ്ടെങ്കിൽ ആ വിശ്വാസവും ഉണ്ട്, അതൊരു ഭൗതീക യാഥാർത്ഥ്യമാണ്. അപ്പോൾ അത്തരമൊരു തോന്നൽ ഒരു ഭൗതീക യാഥാർത്ഥ്യമായി വികസിച്ച ചരിത്രപരവും ഭൗതീകവുമായ സാഹചര്യത്തെ വസ്തുനിഷ്ഠമായി മനസിലാക്കുക എന്നത് ഇടത് രാഷ്ട്രീയ വിശകലനത്തിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം മർമ്മപ്രധാനമാണ്. ഒപ്പം, സർവ്വപ്രധാനമായി ഇവർ നിലവിൽ എതിർപക്ഷത്താണെങ്കിലും അവരല്ല ‘വർഗ്ഗ’ ശത്രുക്കൾ എന്ന തിരിച്ചറിവും.

[caption id="attachment_54004" align="aligncenter" width="550"] കാഞ്ചാ ഏലയ്യ[/caption]

ആരുടെ ആവശ്യം ഈ സഖ്യം?
ദളിത് - മാർക്സിസ്റ്റ് സഖ്യം ആരുടെ ആവശ്യം എന്ന നിലയിൽ മലയാള സൈബർ ലോകത്ത് ഒരു ചർച്ച സമീപകാലത്ത് വികസിച്ച് വന്നിട്ടുണ്ട്. എന്നാൽ ആ ചരിത്രപരമായ ആവശ്യം ഇതിനും മാസങ്ങൾ മുമ്പ്  2016 ജനുവരിയിൽ വിപി സത്യനും സജു കോച്ചരിയും ചേർന്ന് പ്രമുഖ ദളിത് സൈദ്ധാന്തികനായ കാഞ്ചാ ഏലയ്യയുമായി നടത്തിയ ഒരു മുഖാമുഖത്തിൽ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജാതിവ്യവസ്ഥ എന്ന ഇന്ത്യൻ യാഥാർത്ഥ്യത്തെ മനസിലാക്കുന്നതിൽ പറ്റിയ വീഴ്ചകളെ എണ്ണമിട്ട് നിരത്തിക്കൊണ്ട് , അതായത് വിമർശനാത്മകമായ സ്വതന്ത്ര സ്ഥലത്ത് നിന്നുകൊണ്ട് തന്നെ വർത്തമാനകാലത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു ദളിത് - മാർക്സിസ്റ്റ് സഖ്യത്തിന്റെ ചരിത്രപരമായ ആവശ്യകതയെ അദ്ദേഹം അടിവരയിടുന്നുണ്ട്:-

“ദളിതരുടെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവും കമ്യൂണിസ്റ്റുകളുടെ യൂണിവേഴ്സൽ ആശയങ്ങളും സമന്വയിപ്പിക്കുകയാണ് വേണ്ടത്. കമ്യൂണിസ്റ്റുകൾക്ക് നല്ല അനുഭവങ്ങളുണ്ട്. അവർക്ക് സംഘടനകൾ പ്രവർത്തിപ്പിച്ച് നല്ല പരിചയമുണ്ട്. അത് ദളിതർക്കില്ല. ഇനി മായാവതി പ്രധാനമന്ത്രിയായാൽ പോലും ഇന്ത്യൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ പ്രവർത്തിപ്പിക്കാൻ അവർക്ക് കഴിയില്ല. നമുക്ക് ചിട്ടയായ ഒരു ജനാധിപത്യ സാമ്പത്തിക വ്യവസ്ഥയുണ്ടായിരിക്കണം. ജനാധിപത്യ രാഷ്ട്രീയമുണ്ടായിരിക്കണം. ജനാധിപത്യ ആത്മീയ വ്യവസ്ഥയുണ്ടായിരിക്കണം. ദൈവം ഒരു ഇന്ത്യാക്കാരനല്ല. അത് യൂണിവേഴ്സൽ ആണ്. കമ്യൂണിസ്റ്റുകൾ അവരുടെ അനുഭവങ്ങളും സംഘടനാപരമായ അറിവുകളും ഉപയോഗിച്ച് ദളിത് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുവരണം. കമ്യൂണിസ്റ്റുകളും ദളിത് സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണം. ഇന്ത്യയുടെ പ്രധാനമന്ത്രി പദം ജ്യോതിബസു ഏറ്റെടുക്കേണ്ടുന്ന സാഹചര്യം വന്നപ്പോള്‍ അത് നിരസിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വന്ന വലിയൊരു വീഴ്ച്ചയാണ്. രണ്ടാമത്, യു.പി.എ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതും തെറ്റായിപ്പോയി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ദുര്‍ബലരാണ്. സോണിയാ ഗാന്ധി തന്നെ ഉദാഹരണം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായകമായ പങ്ക് നിറവേറ്റാന്‍ കഴിയുമായിരുന്നു. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും അവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ആര്‍.എസ്.എസ് പിന്‍വലിയുമായിരുന്നു" - (
മാര്‍ക്‌സിസവും അബേദ്ക്കറിസവും ഒന്നിക്കണം
)


വിഭാഗീയമല്ല ഈ പരിപ്രേക്ഷ്യം
ഇവിടെ ആവശ്യം എന്നത് വിഭാഗീയമല്ല, പാരസ്പര്യമാണ്. ഈ അഭിമുഖം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഒരു ദളിത് മുന്നേറ്റം ഇന്ത്യ കണ്ടു. അതിലും ദളിത് മുന്നേറ്റ പരിപ്രേക്ഷ്യങ്ങളിൽ ജാതീയമായ ഉള്ളടക്കത്തിനൊപ്പം വർഗ്ഗീയമായ ഒന്നുകൂടി കൂടി പരസ്പര പൂരകമായി കൂടി ചേർന്നിരുന്നു. അതായത് സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റം എന്ന ചരിത്രപരമായ ഈ ആവശ്യത്തിൽ ‘ആരുടെ’ എന്ന  കൂട്ടിച്ചേര്‍ക്കൽ ഒരനാവശ്യമാണ്. നിയോലിബറൽ കാലത്ത് ഒരു കരാർ തൊഴിലാളിക്ക് പോലും ലക്ഷങ്ങൾ വരുമാനമുണ്ടാകാം. പക്ഷേ തൊഴിൽ ആകുന്നു എന്നതിനാൽ മാത്രം ആ മധ്യവർഗ്ഗം അടിസ്ഥാന വർഗ്ഗമാകില്ലല്ലൊ. അപ്പോൾ അത് സാമാന്യമായ ഒരു ആവശ്യമാണെന്നതാണ് വസ്തുത. ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗത്തിന് വർഗ്ഗപരമായ സ്വത്വത്തിനൊപ്പം ജാതീയമായ ഒരു സ്വത്വം കൂടിയുണ്ട്. അവർ ദളിതരാണ്. അതുകൊണ്ട് തന്നെ വർഗ്ഗപരമായ ആവശ്യം ദളിതവും, ദളിത് സ്വാഭിമാന പ്രശ്നം വർഗ്ഗ സ്വാഭിമാന പ്രശ്നവുമാകുന്നു.

വിശാലമായ ഈ ജാതി, വർഗ്ഗ സമന്വയം അതിൽ തന്നെ നിലനിന്നതും, സൈദ്ധാന്തികമായി പരിവർത്തിപ്പിക്കപ്പെടാതെ പോയതുമായ ഒന്നാണ്. അതിന്റെ ഉത്തരവാദിത്തം തീർച്ചയായും കാഞ്ചാ ഏലയ്യ മുകളിൽ പറഞ്ഞതുപോലെ സംഘടനകൾ പ്രവർത്തിപ്പിച്ച് നല്ല അറിവുണ്ടായിട്ടും ഇന്ത്യൻ പാരമ്പര്യത്തെ വ്യതിരിക്തമായി മനസിലാക്കുന്നതിൽ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പറ്റിയ പിഴവ് തന്നെയാണ്.ഇതിനെ ഇന്ന് സൈദ്ധാന്തികമായി ഇന്ത്യൻ ഇടത് പ്രസ്ഥാനങ്ങൾ മനസിലാക്കി കഴിഞ്ഞു. സൈദ്ധാന്തിക മൂല്യങ്ങളുടെ പ്രായോഗിക സ്വാംശീകരണം എന്നത് ഒരു സമൂഹത്തിലും രേഖീയമായി നടക്കുന്ന, നടക്കാവുന്ന ഒന്നല്ല. എന്നുവച്ച് ഇതിനെ ഒരു ഒഴിവുകഴിവാക്കി ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കാതെ പോകാനുമാവില്ല. പ്രശ്നം അതിന്റെ പ്രയോഗവൽക്കരണമാണ്. വിശാലവും കേന്ദ്രീകൃതവുമായ ഒരു സംഘടനാ ചട്ടക്കൂട് ഉള്ള സംഘടനയെന്ന നിലയിൽ സിപിഎം ഉൾപ്പെടെയുള്ള പ്രമുഖ ഇടത് സംഘടനകൾ ഈ വെല്ലുവിളി ഏറ്റെടുക്കണം. സ്വാഭാവികമായും അത് ക്ളാസ്സെടുത്താൽ തീരുന്ന കേവലമായ ഒരു അറിവിന്റെ പ്രശ്നമല്ല. അതിലും ആഴമുള്ള, വൈകാരികവും ചരിത്രപരവുമായ ഉള്ളടക്കം ഈ ഭൗതീക പ്രശ്നത്തിനുണ്ട്. പറഞ്ഞുവരുന്നത് അതിനെ ആഴത്തിൽ ആത്മവിമർശനബന്ധിയായി സമീപിക്കാതെ പ്രസംഗയുക്തികൾ കൊണ്ട് തമസ്കരിക്കുന്നത് താൽകാലികമായ കയ്യടികൾ മാത്രമെ ഉണ്ടാക്കൂ എന്ന പരാധീനതയെ കുറിച്ചാണ്.

ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ താർക്കികമായ നാവടപ്പിക്കലിന്റെ രീതിശാസ്ത്രം പോര. കൂടുതൽ തുറന്ന, ഉത്പാദനക്ഷമമായ ഒരു സംവേദന സമ്പ്രദായം അവർ ആന്തരികമായും ബാഹ്യമായും വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഇതാണ് ഇടതുപക്ഷം പൊതുവിലും, ഒരു ഇടത് ഭരണകൂടം എന്ന നിലയിൽ പിണറായി വിജയൻ സർക്കാരും ഏറ്റെടുക്കേണ്ട അടിയന്തിരമായ വെല്ലുവിളി. അതിന് എതിരഭിപ്രായങ്ങളുടെ പൊതുവിലുള്ള അടിച്ചമർത്തൽ തുടങ്ങി ദളിത്, ആദിവാസി പ്രസ്ഥാനങ്ങളിൽ നിന്ന് സ്വന്തം നിലയിൽ ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളോടുള്ള നിഷേധാത്മക സമീപനം വരെയുള്ള പ്രശ്നങ്ങളെ അവ വസ്തുതയായാലും നിർമ്മിതിയായാലും അതാത് കാലങ്ങളിൽ നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനുമുള്ള സംവിധാനമൊരുക്കണം.

അതിനാദ്യം സിദ്ധാന്തത്തെ റെട്ടറിക്കിൽ നിന്ന് രക്ഷിച്ചെടുക്കണം. സൈദ്ധാന്തിക അന്വേഷണങ്ങളുടെ സ്വയംപര്യാപ്തമായ ഉള്ളടക്കത്തെ അംഗീകരിക്കാനും കേൾക്കാനും സന്നദ്ധതയുണ്ടാകണം. അത് ശ്രമകരമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പാർട്ടി അതിൽ മുൻ കൈ എടുക്കണം. അല്ലാതെ നിവർത്തിയില്ല. കാരണം സാമൂഹ്യ മാറ്റം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഒരു ആവശ്യമായി സ്വാംശീകരിക്കുന്ന വേറെ ഒരു സംഘടനയും നിലവിലില്ല. അതുകൊണ്ട് തന്നെ ബാഹ്യമായ ഓഡിറ്റിങ്ങിനെ റെട്ടറിക്ക് ഉപയോഗിച്ച് അതിജീവിച്ചാലും ഇടത് സംഘടനകളിൽ ഒരു ആന്തരിക ഓഡിറ്റിങ് ബാക്കിയാകും. അതാണ് വെല്ലുവിളി.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
Next Story

Related Stories