UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല സമരത്തെ ഗൌനിക്കാത്ത പൊതുജനത്തിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ‘നിര്‍ബന്ധിക്കപ്പെട്ട’ ബിജെപി

കേരളത്തിൽ ബി ജെ പി ഇന്നലെ നടത്തിയ ഹർത്താൽ തികച്ചും അനാവശ്യമായിരുന്നുവെന്നത് ബി ജെ പി നേതാക്കൾ ഒഴികെ സകലരും സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിൽ ബി ജെ പി ഇന്നലെ നടത്തിയ ഹർത്താൽ തികച്ചും അനാവശ്യമായിരുന്നുവെന്നത് ബി ജെ പി നേതാക്കൾ ഒഴികെ സകലരും സമ്മതിച്ചു കഴിഞ്ഞ കാര്യമാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കും കൂട്ടർക്കും മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇക്കാര്യത്തിൽ ഇനിയും നേരം പുലർന്നിട്ടില്ല എന്നാണ് ഇന്നലെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്. നമോ ആപ്പ് വഴി ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ എന്നീ അഞ്ചു ലോക്സഭ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി തിരുവനന്തപുരത്തു ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ ഒരു തികഞ്ഞ അയ്യപ്പ ഭക്തൻ ആയിരുന്നുവെന്ന ശ്രീധരൻ പിള്ളയുടെയും മറ്റും അവകാശവാദം ആവർത്തിക്കുകയായിരുന്നു എന്നാണു ഇത് സംബന്ധിച്ച ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതുകൂടാതെ ഹർത്താൽ നടത്താൻ കേരളത്തിലെ ബി ജെ പി ക്കാർ നിർബന്ധിതരാവുകയായിരുന്നു എന്നും മോദി പറഞ്ഞതായും റിപ്പോർട്ടുകളിലുണ്ട്.

മരിച്ച വേണുഗോപാലൻ നായർ അയ്യപ്പ ഭക്തനൊന്നും ആയിരുന്നില്ലെന്നും അയ്യപ്പനോടുള്ള ഭക്തി അധികരിച്ചാണ് ആത്മഹത്യയെന്നും ഒക്കെയുള്ള കാര്യങ്ങൾ ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞതാണ്. ശബരിമല വിഷയത്തിൽ മനം നൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന ബി ജെ പി വാദത്തെ തള്ളിക്കളയുന്നതാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ വേണുഗോപാലൻ നായരുടെ മരണമൊഴി. അതുകൊണ്ടു തന്നെ ശ്രീധരൻ പിള്ളയുടെയും കൂട്ടരുടെയും എന്നതുപോലെ തന്നെ ഇത് സംബന്ധിച്ച മോദിജിയുടെ വാദവും അംഗീകരിക്കാനാവില്ലെന്ന് മാത്രമല്ല കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള മുഴുവൻ ജനവും ഇത് പരമ പുച്ഛത്തോടെ തള്ളിക്കളയുക തന്നെ ചെയ്യും എന്ന കാര്യത്തിലും തർക്കമില്ല.

എന്നാൽ മോദിജി പറഞ്ഞ രണ്ടാമത്തെ കാര്യം (അതായത് വേണുഗോപാലൻ നായരുടെ മരണം ഉയർത്തിക്കാട്ടി ഹർത്താൽ നടത്താൻ കേരളത്തിലെ ബി ജെ പി നിർബന്ധിതരാവുകയായിരുന്നു എന്നത്) തീർച്ചയായും നർമം കലർന്ന ചിന്തക്ക് വഴിവെക്കുന്നുണ്ട് എന്ന് സമ്മതിക്കാതെ തരമില്ല. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തവരാണ് ബി ജെ പി യുടെയും ആർ എസ് എസ്സിന്റെയും കേന്ദ്ര നേതൃത്വം എന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. കോടതി വിധിക്കെതിരെ തന്ത്രി കുടുംബവും പന്തളം രാജ കൊട്ടാരവും മാത്രമല്ല കേരളത്തിലെ പ്രബല ഹിന്ദു സംഘടകളിലൊന്നായ എൻ എസ് എസ് കൂടി രംഗത്തുവന്നതോടെ കേരളത്തിൽ ഇനിയും ക്ലച്ച് പിടിക്കാത്ത താമരപ്പാർട്ടിയെ ശബരിമലയുടെ മറവിൽ എങ്ങിനെ ശക്തിപ്പെടുത്താം എന്ന കുറുക്കൻ ചിന്ത ശ്രീധരൻ പിള്ളക്കും കൂട്ടർക്കും മാത്രമല്ല ബി ജെ പി യുടെ രാഷ്ട്രീയ ചാണക്യൻ എന്നറിയപ്പെടുന്ന അമിത് ഷാക്കും ഉണ്ടായതിന്റെ ഫലമായയാണ് ശബരിമലയെ ഒരു സംഘർഷ ഭൂമിയാക്കി മാറ്റാൻ കേരള ബി ജെ പി യും ഇതര സംഘ പരിവാർ സംഘടനകളും ഇറങ്ങിത്തിരിച്ചത്.

എന്നാൽ ശബരിമലയിൽ ആരംഭിച്ച പ്രക്ഷോഭ പരിപാടികൾ വിജയിക്കുന്നില്ലെന്നു ബോധ്യമായപ്പോൾ സമരമുഖം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റിപ്പിടിക്കുകയായിരുന്നു. ആദ്യം ബി ജെ പി സംസ്ഥാന ജനറൽ സെക്രെട്ടറിമാരിൽ ഒരാളായ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരം കിടന്നു. പിന്നീട് അദ്ദേഹത്തെ മാറ്റി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പദ്മനാഭൻ കിടക്കുകയാണ്. നിരാഹാര സമരം മൊത്തം പന്ത്രണ്ടു ദിവസ്സം പിന്നിട്ടിരിക്കുന്നു. നേരത്തെ ഉണ്ണാവ്രതം അനുഷ്ഠിച്ച എ എൻ രാധാകൃഷ്ണൻ വിലപിച്ചതുപോലെ സർക്കാരോ മുഖ്യമന്ത്രി പിണറായി വിജയനോ എന്തിനു പൊതുജനം പോലും ഗൗനിക്കുന്നില്ല. തുടങ്ങിവെച്ച സമരത്തിന്റെ ശക്തി ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിൽ വീണുകിട്ടിയ ഒരു അവസരം മുതലാക്കാൻ ബി ജെ പി അങ്ങ് തീരുമാനിച്ചു. അതിനു തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ എന്നാണു ശ്രീധരൻ പിള്ളയും കൂട്ടരും മാത്രമല്ല ഇപ്പോൾ നരേദ്ര മോദിജിയും ചോദിക്കുന്നത്.

ഒരുവര്‍ഷം തികച്ചില്ല, കേരളത്തില്‍ നടന്നത് 97 ഹര്‍ത്താല്‍; തുടക്കം സിപിഎമ്മിലൂടെ; ഏറ്റവും കൂടുതല്‍ ബിജെപി

ശബരിമല: 68 ദിവസത്തിനുള്ളില്‍ ബിജെപിയുടെ 5 ഹര്‍ത്താലുകള്‍, പൊറുതിമുട്ടി ജനം; വ്യാപാര, ടൂറിസം മേഖലയിലും ഇടിവ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍