TopTop
Begin typing your search above and press return to search.

കെവിന്റെ വീട്; സ്നേഹത്താല്‍ മുറിവേറ്റ മനുഷ്യര്‍

കെവിന്റെ വീട്; സ്നേഹത്താല്‍ മുറിവേറ്റ മനുഷ്യര്‍

ശ്വാസം മുട്ടിക്കുന്ന നിശബ്ദതയിലാണ് കുമാരനെല്ലൂരിലെ കെവിന്റെ വീട്. ഇടക്കിടെ കയറി വരുന്ന രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും മാത്രമാണ് അവിടെ അല്പം ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്. അവന്റെ പ്രിയപ്പെട്ടവരെയൊക്കെ, കരഞ്ഞ് കരഞ്ഞ് എത്തിച്ചേരുന്ന നിസംഗത മൂടിയിട്ടുണ്ട്. കല്ലിച്ച നോട്ടങ്ങളും പതിഞ്ഞ സ്വരത്തില്‍ നിന്നുയരാത്ത വര്‍ത്തമാനങ്ങളും.

ഒരുമിച്ചുള്ള ജീവിതം നെയ്‌തെടുക്കാന്‍ സ്വപ്‌നം കണ്ട രണ്ട് പേര്‍. അതിലൊരാളെ ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം കുടുംബം കൊന്നു കളഞ്ഞതിന്റെ തകര്‍ച്ചയിലിരിക്കുന്ന പെണ്‍കുട്ടി. കെവിന്‍ ഇല്ലാതായപ്പോള്‍, അവന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒരു നിമിഷം പോലും സംശയിക്കാതെ തങ്ങളോടൊപ്പം കൂട്ടിയ അച്ഛനും അമ്മയും. ഏറ്റവും പ്രിയപ്പെട്ട സഹോദരന്‍ നഷ്ടപ്പെട്ട കൃപ. കെവിന്റെ ഫോട്ടോക്ക് മുന്നില്‍ തെളിച്ച് വെച്ചിരിക്കുന്ന മെഴുകുതിരിയോളം ഉരുകിയുരുകി ഇരിക്കുകയാണ് ഈ മനുഷ്യര്‍. കണ്ണ് നിറയാതെ അവിടേക്ക് വരുന്ന ഒരാളും തിരിച്ച് പോകുന്നില്ല.

"മൃഗങ്ങളേക്കാള്‍ ക്രൂരമായിട്ടാണ് അവരെന്റെ മോനെ കൊന്നത്. ചെറിയ മോനാണ്. അവനെത്ര വേദന തിന്ന് കാണും. അവനോടത് ചെയ്തവരും അത്ര വേദന കിട്ടണം. ഇനി ഞങ്ങള്‍ക്ക് ആകെ പ്രതീക്ഷ അതാണ്. അതിന് വേണ്ടി ഏതറ്റം വരെയും പോകും. മൃഗശാലയില്‍ സിംഹക്കൂട്ടില്‍ വീണ ഒരാളെ സിംഹം ഒന്നും ചെയ്തിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. അത്ര കരുണപോലും മനുഷ്യന്‍മാര്‍ക്ക് ഇല്ലല്ലോ." കെവിന്റെ അമ്മ പറയുന്നു. നീനുവും അതാവര്‍ത്തിക്കുന്നുണ്ട്. "ഇന്നലെയാണ് ഞാന്‍ കെവിന്‍ ചേട്ടനെ വെള്ളത്തില്‍ നിന്നെടുത്ത ഫോട്ടോ കണ്ടത്. കണ്ടാ സഹിക്കത്തില്ല. എല്ലാവരും അത് കാണിക്കാതെ കൊണ്ട് നടക്കുകയായിരുന്നു. ഞാനിപ്പൊ ചത്ത് ജീവിക്കാ. എന്താ ചെയ്യണ്ടേ എന്നെനിക്കറിയില്ല. രാത്രി സംസാരിക്കുമ്പോ വരെ നിന്നെ ഞാന്‍ കൊണ്ടുപോയി നോക്കിക്കോളാ എന്ന് പറഞ്ഞ ആളാ. എന്ത് ചെയ്തായാലും അവര്‍ക്കൊക്കെ ശിക്ഷ വാങ്ങിക്കൊടുക്കണം."

'ദലിത് രൂപത' എന്നറിയപ്പെടുന്ന കോട്ടയത്തെ വിജയപുരം രൂപതയിലാണ് കെവിന്റെ കുടുംബം. ഇവിടുത്തെ മൗണ്ട് കാര്‍മ്മല്‍ റോമന്‍ കാത്തലിക്ക് പള്ളിയിലാണ് ഇവര്‍ പതിവായി പ്രാര്‍ത്ഥനയ്ക്കായി പോകാറുള്ളത്. വിശ്വാസികളില്‍ 80 ശതമാനത്തോളം ദലിത് വിഭാഗങ്ങളുള്ള രൂപതയാണ് ഇത്. ദലിതരോട് കടുത്ത അവഗണന വെച്ചുപുലര്‍ത്തുന്നെന്ന് ഈ രൂപതയുടെ പേരില്‍ ആരോപണങ്ങള്‍ നിലവിലുണ്ട്. ചേരമര്‍ വിഭാഗത്തില്‍ നിന്ന് മതം മാറിയ ക്രൈസ്തവരാണ് കെവിന്റെ കുടുംബം. എന്നാല്‍ ലത്തീന്‍ പശ്ചാത്തലത്തിലുള്ള കുടുംബത്തില്‍ നിന്നാണ് നീനു വരുന്നത്.

രണ്ട് കിടപ്പുമുറികളുള്ള, ഓരോ ആണിക്കൊളുത്തിലും ഊരിയിട്ട കൊന്തകള്‍ തൂങ്ങുന്ന ഒരു വാടക വീട്ടിലാണ് ജോസഫും കുടുംബവും താമസിക്കുന്നത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജോസഫ് കടയില്‍ നിന്നും കൊണ്ടുവന്നൊട്ടിച്ച ബൈക്കുകളുടെ ബഹുവര്‍ണ്ണ പോസ്റ്ററുകളാണ് ചുവരിന് അലങ്കാരം. അടുക്കളയ്ക്കും ഹാളിനും ഇടക്കുള്ള മുറിയിലിട്ട ഊണുമേശയില്‍ ഇനിയവര്‍ വാവച്ചനെന്ന് വിളിക്കുന്ന കെവിനുണ്ടാകില്ല. പകരം അവന്റെ ജീവനായ നീനു ഉണ്ടാകും.

ഓരോ തളര്‍ന്ന് വീഴലിലും കരച്ചിലിലും നീനുവിനെ ചേര്‍ത്ത് പിടിക്കുമ്പോള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ ഒരിറ്റ് കണ്ണീര് വീഴാതെ ശില പോലൊരു നില്‍പ്പാണ് ജോസഫ്. ഉള്ളിലുള്ള സങ്കടങ്ങള്‍ പതം പറഞ്ഞ് കരഞ്ഞ് തീര്‍ക്കാന്‍ പോലും ആകാതെ ദിവസങ്ങളായി ഉമ്മറത്ത് അദ്ദേഹമുണ്ട്.

പണ്ടേ അച്ഛനങ്ങനെയാണെന്ന് കെവിന്റെ അമ്മ. "ഉള്ളില് ഭയങ്കര സ്‌നേഹമാണ്. ഒന്നും പ്രകടിപ്പിക്കില്ല. വാവച്ചന്‍ ചെറുതായിരുന്നപ്പോളൊരിക്കല്‍ മേലായ്ക വന്ന് ആശുപത്രിയിലായി. അച്ഛനില്ലാതെ ഉറങ്ങില്ലെന്ന് പറഞ്ഞ് മോന്‍ വാശിയായിരുന്നു. ആണുങ്ങള്‍ക്ക് വാര്‍ഡില്‍ പ്രവേശനമില്ല. ഒടുക്കം ഞാന്‍ കട്ടിലില്‍ കിടന്നു. അച്ഛനും മോനും വരാന്തയിലും. നാല് ദിവസം വാര്‍ഡീ കിടന്നപ്പോഴും അങ്ങനെ തന്നെ. അച്ഛ പണിക്കേ പോയില്ല. കൊച്ചും അച്ഛേം കെട്ടിപ്പിടിച്ച് കിടക്കും. അച്ഛന്റെ പെങ്ങടെ അവിടെ കല്യാണത്തിനും പോയപ്പോഴും ഇത് പോലെ. രാത്രി അച്ഛയെ കാണണേന്ന് പറഞ്ഞ് ഒരേ കരച്ചില്‍. അവസാനം കുറ്റാക്കൂരിരുട്ടത്ത് ആളെ വിട്ട് അച്ഛനെ എത്തിച്ചിട്ടാണ് ഉറങ്ങിയത്. അച്ഛനോട് നേരിട്ട് ഒന്നും പറയുകേല. ബഹുമാനവും സ്‌നേഹവും ഒക്കെയാ."

അമ്മക്കും അച്ഛനും ഒന്നും കെവിന് നീനുവുമായുള്ള ബന്ധം അറിയുമായിരുന്നില്ല. അമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉള്ളത് കൊണ്ട് എന്തെങ്കിലും ആപത്ത് പറ്റിയാലോ എന്നാലോചിച്ചാണ് കെവിനത് പറയാതിരുന്നതെന്ന് നീനു പറയുന്നു. എങ്കിലും അവര്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വീകരിക്കുമെന്ന് അവനുറപ്പുണ്ടായിരുന്നു.

നീനുവിന്റെ അച്ഛനെ കേസില്‍ അറസ്റ്റ് ചെയ്തു, അമ്മ ഒളിവിലും. "വീട്ടിലുള്ളപ്പോളും അവരങ്ങനെ സംസാരമൊന്നുമില്ല. ആവശ്യത്തിന് പൈസ തരും. കൃത്യം കണക്ക് കൊടുക്കണം. പകല്‍ അവര്‍ രണ്ട് പേരും സ്വന്തമായി നടത്തുന്ന സ്റ്റേഷനറി കടയിലേക്ക് പോകും. നിനക്ക് നല്ല സ്‌നേഹമുള്ള ഒരച്ഛനേയും അമ്മയേയും ഞാന്‍ തരുമെന്ന് കെവിന്‍ ചേട്ടന്‍ എപ്പോഴും പറയും." അവര്‍ കേറ്റിയില്ലെങ്കിലും ഞങ്ങളങ്ങ് കേറിച്ചെല്ലും എന്ന് പറയാന്‍ മാത്രം അച്ഛനും അമ്മയിലും അവന് വിശ്വാസമുണ്ടായിരുന്നു.

കെവിനെ പറ്റി പറയുമ്പോള്‍ നീനുവിന്റെ ശബ്ദം പതറിക്കൊണ്ടേയിരുന്നു. അത്രമേല്‍ പ്രണയമുണ്ടായിരുന്നവര്‍ക്ക് മാത്രം സാധിക്കുന്നത്രയും നനവോടെയാണ് അവളവനെ കുറിച്ച് ഓരോ വാക്കും പറയുന്നത്. "കെവിന്‍ചേട്ടന്‍ എന്റെ എല്ലാവാ. എ ടു സെഡ് കാര്യങ്ങളൊക്കെ പറയും. ഒരു ദിവസം നടക്കുന്നതൊക്കെ. ഭയങ്കര കെയറിങ്ങാണ്. ഓപ്പണ്‍ മൈന്‍ഡഡും. കല്യാണം കഴിച്ച് ഒരുമിച്ച് ജോലിക്ക് പോയി ജീവിക്കാമെന്ന് ഞാന്‍ പറയും. അത് വേണ്ട നീ പഠിച്ച് തീര്‍ക്ക് ആദ്യംന്നാ കെവിന്‍ ചേട്ടന്‍ പറയാ."

രണ്ട് വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിട്ട്. നീനുവിന്റെ വീട്ടുകാര്‍ മാട്രിമോണിയല്‍ സൈറ്റിലെ പ്രൊഫൈല്‍ ആക്ടീവാക്കി ആലോചനകള്‍ കൊണ്ട് വരാന്‍ തുടങ്ങിയതോടെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. കോട്ടയത്ത് ജിയോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നീനു കെവിനുമായുള്ള വിവാഹം കഴിഞ്ഞ അന്ന് തന്നെ വീട്ടില്‍ വിളിച്ച് പറഞ്ഞു. നീനുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും കെവിനൊപ്പം പോകണമെന്ന് അവള്‍ ആവര്‍ത്തിച്ചു. അന്ന് പോലീസിന്റെ ഒത്താശയോടെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ പിന്‍വാങ്ങി. തൊട്ടടുത്ത ദിവസവും ഭീഷണി തുടര്‍ന്നു. ഇതിനിടയില്‍ നീനുവിനെ കെവിന്‍ അമ്മഞ്ചേരിയിലെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് നീനുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ട് പോകുന്നതും മൃതദേഹം കണ്ടെടുക്കുന്നതും.

ഇലക്ട്രിക്കല്‍ വര്‍ക്കാണ് കെവിന്‍ പഠിച്ചിരുന്നത്. അമ്മയുടെ ഓര്‍മ്മയില്‍ മരം കയറാനും കറന്റുമായി കളിക്കാനും ഒക്കെ പേടിയുള്ള കുട്ടി. ഐ.ടി.ഐയില്‍ പഠനം കഴിഞ്ഞ് ദുബായിക്ക് പോയി. ഒരു വര്‍ഷം അവിടെ നിന്നു. പിന്നെ നാട്ടിലെത്തി. ദുബായിലുള്ളപ്പോഴും നീനുവുമായി നിരന്തരം സംസാരിക്കും. കാണണമെന്ന് താന്‍ നിര്‍ബന്ധിച്ചിട്ട് കൂടിയാണ് ഫെബ്രുവരി പതിനഞ്ചിന് നാട്ടിലെത്തിയതെന്ന് നീനു പറയുന്നു. നാട്ടില്‍ താത്ക്കാലിക ജോലിയൊക്കെ ചെയ്ത് കിട്ടിയിരുന്ന പണം കൊണ്ട് തങ്ങളുടെ ജീവിതവും നീനുവിന്റെ പഠനവും കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് അവന്‍ പുതിയ ജോലി അന്വേഷിച്ചത്. സ്ഥിരമായൊരു ജോലി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച അവിടെ ജോയിന്‍ ചെയ്യാമെന്നേറ്റ കെവിന്റെ ജഡം കണ്ടെത്തിയതും അതേ ദിവസം തന്നെ.

നീനുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതരാണ്. എങ്കിലും വീട്ടിലങ്ങനെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമില്ല. സ്നേഹത്തെ കുറിച്ച് പറയലൊന്നുമില്ല. ആദ്യകാലത്തെ സൗന്ദര്യ പിണക്കങ്ങളൊഴിച്ചാല്‍ അമ്മയുടെ വീട്ടുകാരുമായി നല്ല ബന്ധമായിരുന്നു. പ്രത്യേകിച്ചും മാതൃസഹോദരനായ കേസിലെ പ്രതിയായ നിയാസിന്റെ പിതാവ് മരിച്ച് കഴിഞ്ഞ്. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോയ വാഹനം ഓടിച്ചതും. പ്രശ്‌നമായതിന് ശേഷം കെവിന്റെ ഫോണില്‍ വിളിച്ച നിയാസിനോട് നീനു എല്ലാ കാര്യങ്ങളും പറഞ്ഞതാണ്. ശരിയാക്കാമെന്ന രീതിയില്‍ അയാളും പറഞ്ഞു. പിന്നീട് ഇങ്ങനെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമെന്ന് അവള്‍ കരുതിയിട്ടേ ഇല്ല.

സംഭവദിവസം അമ്മാവന്റെ മകന്‍ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണ് കെവിന്‍ കഴിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് കാറുകളിലായി വീട്ടിലെത്തിയവര്‍ അവിടെയെല്ലാം അടിച്ച് തകര്‍ത്ത് വീട് പൊളിച്ച് രണ്ട് പേരെയും തട്ടിക്കൊണ്ട് പോയി. മര്‍ദ്ദനത്തിന് ശേഷം അനീഷിനെ സംക്രാന്തിക്കടുത്ത് ഇറക്കിവിട്ടു. കെവിനെ പത്തനാപുരത്ത് ഇറക്കിവിട്ടെന്നാണ് അറസ്റ്റിലായ അക്രമി സംഘത്തിന്റെ ഭാഷ്യം.

ഇത് വിശ്വസിക്കാന്‍ നീനുവും തയ്യാറല്ല. "കെവിന്‍ അവിടന്ന് രക്ഷപ്പെട്ടതാണെങ്കില്‍ എന്റടുത്ത് വന്നേനെ. ഈ അവസഥയില്‍ കാണേണ്ടി വരില്ലായിരുന്നു. ഇങ്ങനൊരു നീക്കം കെവിന്‍ ചേട്ടന്‍ പ്രതീക്ഷിച്ചിട്ടേ ഇല്ല. തിങ്കളാഴ്ച ജോലിക്ക് കയറാന്‍ ഇരിക്കായിരുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നൊക്കെ ഞാന്‍ പറയാറുണ്ട്. എന്റെ ചേട്ടനും നിയാസുമൊക്കെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തല്ലാനിറങ്ങുന്നവരാണ്. എങ്ങോട്ടെങ്കിലും മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞിട്ട് മതീന്ന് പറഞ്ഞു. എന്റെ സമ്മതത്തോടെ ഞാന്‍ വന്നതല്ലേ, ഒന്നും ഉണ്ടാകില്ലെന്ന വിശ്വസാമായിരുന്നു."

കെവിന്റെ മരണശേഷം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വെച്ച് അവന്റെ വീട്ടുകാരുടെ ഒപ്പം പോകാനാണ് ആഗ്രഹമെന്ന് നീനു പറഞ്ഞു. "അങ്ങോട്ട് പോകുമ്പോള്‍ മോളെ ഇങ്ങോട്ട് കൊണ്ട് വരണമെന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. അവിടെ ചെന്നപ്പോള്‍ പിന്നെ ആലോചിക്കാനൊന്നും ഉണ്ടായില്ല. അതല്ലെങ്കി അവളെ ഏതെങ്കിലും ഷെല്‍റ്റര്‍ ഹോമിലേക്കല്ലേ വിടുക." ജോസഫ് പറയുന്നു. വൈരാഗ്യത്തിന്റെ പുറത്താണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് ജോസഫ് കരുതുന്നത്. "അച്ഛനും സഹോദരനും മിശ്രവിവാഹം ചെയ്തപ്പോള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോഴുണ്ടായത് വാശിപ്പുറത്താണ്. അതുകൊണ്ട് നഷ്ടമല്ലാതെ ആര്‍ക്കെങ്കിലും നേട്ടമുണ്ടായോ?"

ഒട്ടും പ്രതീക്ഷിക്കാതെ കെവിന്റെ അച്ഛന്‍ നല്‍കിയ കരുതലാണ് തന്നെ താങ്ങി നിര്‍ത്തുന്നതെന്ന് നീനു പറയുന്നു. ഇനി അവരെ നോക്കണം എന്ന് പറയുമ്പോള്‍ അവളുടെ സ്വരം ദൃഢമാകുന്നുണ്ട്. ജോലിക്ക് പോകണം എന്ന് നീനു പറയുമ്പോഴൊക്കെ അച്ഛന്‍ അത് നിഷേധിക്കുന്നുണ്ട്. സെല്‍ഫ് ഫിനാന്‍സിങ്ങ് കോഴ്‌സാണ്, ഫീസ് ഒരുപാടാകും എന്ന നീനുവിന്റെ ആശങ്കയോട് കെവിന്‍ പറഞ്ഞ അതേ ഉറപ്പാണ് അച്ഛനും നല്‍കാനുള്ളത്. അവള്‍ പഠിക്കട്ടെയെന്ന്. നീനുവിന്റെ പഠനച്ചിലവ് വഹിക്കാമെന്ന് യുവജനക്കമ്മീഷന്‍ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.

കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട അനീഷിന്റെ സഹോദരിമാര്‍ക്കും കെവിന്‍ അത്രയും പ്രിയപ്പെട്ടവനാണ്. ഷിനി എന്ന മൂത്തസഹോദരിയോടാണ് അവന് കൂടുതല്‍ അടുപ്പം. മറ്റാരോടും പറഞ്ഞിട്ടില്ലെങ്കിലും അവരോട് നീനുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഷിനിയുടെ മകള്‍ നേഹയാണ് നീനുവിന് മുഴുവന്‍ സമയവും കൂട്ട്. കെവിന്‍ വിളിക്കുമ്പോള്‍ കുഞ്ഞ് നേഹയും നീനുവിനോട് സംസാരിക്കുമായിരുന്നു.

"ഞാനവനുമായി ഇടി പിടിക്കുമായിരുന്നു. എന്റെ ഒരു ഇടിക്ക് അവന്‍ തെറിച്ച് വീഴും. അത്ര ശക്തിയില്ലാത്ത അവന്‍ അവരുടെ അടിയില്‍ തകര്‍ന്ന് പോയിക്കാണും." ഷിനി പറയുന്നു. "കഴിഞ്ഞാഴ്ച ഞങ്ങളൊക്കെ കൂടി ആലപ്പുഴക്ക് പോയി. അവിടെ വെച്ച് ഇവന്‍ വെയിലത്തിരുന്ന് മണലില്‍ എന്തോ ചെയ്യുന്നു. പോയി നോക്കിയപ്പോള്‍ 'കെവിന്‍ - നീനു' എന്ന് വലുതാക്കി എഴുതിയിരിക്കാണ്. പ്രശ്‌നം ഒക്കെ ആയപ്പോള്‍ ഇടക്കിടക്ക് ടെന്‍ഷനായിട്ട് ഞാന്‍ വിളിക്കും. എന്റെ പേടി ഓര്‍ത്തിട്ട്, ഫോണ്‍ ഓണാക്കിയാല്‍ അപ്പോ തന്നെ വിളിക്കും. ഞാനൊരാള്‍ക്ക് ജീവിതം കൊടുക്കുകയല്ലേ, അവളെ സംരക്ഷിക്കാന്‍ പോകല്ലേ എന്തിനാ പേടിക്കുന്നത് എന്ന് പറയും." ഷിനിയുടേയും അനിയുടേയും ഏക സഹോദരനാണ് അനീഷ്. അച്ഛനും അമ്മയും മരിച്ചു. കാഴ്ചക്ക് പ്രശ്‌നമുള്ള അനീഷ് താമസിച്ചിരുന്ന വീടാണ് അക്രമികള്‍ വന്ന് തകര്‍ത്തത്. വീടിനോട് ചേര്‍ന്നുള്ള കോള്‍ഡ് സ്റ്റോറേജും അതിനകത്ത് ഇറച്ചി മുറിക്കാനുള്ള നിരവധി കത്തികളും മറ്റുമുണ്ട്. അത് അക്രമി സംഘം കണ്ടെങ്കില്‍ കൂടുതല്‍ അപകടങ്ങളിലേക്ക് വഴി വച്ചേനെ.

ഞാന്‍ തിരിച്ചു പോരുമ്പോള്‍, നീനുവിന് അമ്മ ഒരു ഗ്‌ളാസ് കരിങ്ങാലി വെള്ളം കൊടുത്ത് അതെങ്കിലും കുടിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. രാവിലെ മുതല്‍ ഇരുന്ന് സംസാരിച്ച് പുറം നോവുന്നത് മുഖത്ത് കാണാം. ശബ്ദം വരണ്ട് താണ്, കണ്ണീര് വന്ന് മുറിയുന്നുണ്ട്. പക്ഷേ കെവിന്‍ ചേട്ടനെന്ന വാക്കിന്റെ സാന്നിധ്യം പ്രസരിപ്പിക്കുന്ന ആഴമുള്ളൊരു അനുഭവത്തില്‍ നിന്ന്, സംസാരിക്കാന്‍ എത്തുന്നവരോടൊക്കെ അവളെല്ലാം ഓര്‍ത്ത് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

കെവിന്റെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. കാണാനില്ലെന്ന് പറഞ്ഞ് നീനു കൊടുത്ത പരാതിയില്‍ പോലീസ് ഇതേ ശുഷ്‌കാന്തി അന്ന് കാണിച്ചെങ്കില്‍ ഇ ദുരന്തം നടക്കില്ലെന്ന് തന്നെയാണ് നീനുവും ജോസഫും ആവര്‍ത്തിക്കുന്നത്. തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി ഒന്നു കൊണ്ടും നികത്താനാവില്ലെന്ന് അറിയാമെങ്കിലും പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും അവരനുവദിക്കില്ല. ചാനലുകളില്‍ വരുന്ന ഓരോ വാര്‍ത്തയ്ക്കും ഈ വീട് കാതോര്‍ത്ത് ഇരിക്കുകയാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാനാകും എന്ന സൂചനകള്‍ പോലും അവിടെ വേദന പടര്‍ത്തും. വന്ന് കയറുന്ന ഓരോ ആളോടും അറിയുന്നതും കണ്ടതും സംശയങ്ങളുമൊക്കെ പങ്കു വെക്കുന്നത് യാതൊരു സാധ്യതയും അടയാതിരിക്കാനാണ്. കണ്ണില്‍ കനലു കത്തുന്ന ആ അച്ഛനും രക്തബന്ധം വേണ്ട, ഇവള്‍ ഞങ്ങളുടെ മകളാണെന്ന് പറയുന്ന അമ്മയും അവരെ സങ്കടക്കടലില്‍ നിന്ന് ചേര്‍ത്ത് പിടിക്കുന്ന മകളും സ്‌നേഹം കൊണ്ട് മുറിവേറ്റവരാണ്.

(ചിത്രം: കടപ്പാട്- മനോരമ)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-who-will-save-congress-writes-saju/

http://www.azhimukham.com/kerala-kevin-murder-honor-killing-krdhanya/

http://www.azhimukham.com/opinion-not-love-caste-is-the-murderer-rekharaj/

Next Story

Related Stories