TopTop
Begin typing your search above and press return to search.

"സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, അവരാണ് ഇത് ചെയ്തത്..."

സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, അവരാണ് ഇത് ചെയ്തത്...

ഏങ്ങണ്ടിയൂരില്‍ 4 സെന്റ് പറമ്പിലെ തേക്കാത്ത വീട്ടുമുറിയില്‍ പാതിരായ്ക്ക് ഒരു കയര്‍ത്തുമ്പില്‍ ജീവനൊടുക്കാന്‍ 19-കാരന്‍ വിനായകെന്ന ദളിത് യുവാവ് തീരുമാനിച്ചത് വെറുതെയായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് പൊലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമായ പീഡനം അത്ര മാത്രം അവന്റെ മനസ്സും ശരീരവും തകര്‍ത്തിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ റോഡരികില്‍ നിന്ന് കൂട്ടുകാരിയോട് സംസാരിച്ചു എന്ന 'ഗുരുതര' കുറ്റകൃത്യത്തിനാണ് വിനായകിനേയും കൂട്ടുകാരന്‍ ശരത്തിനേയും പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിയ വിനായക് മാല മോഷ്ടാവ് തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍ മുടി നീട്ടി വളര്‍ത്തുകയും കണ്ണെഴുതുകയും ചെയ്തു എന്ന തെളിവ് ജി.ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ കെ. സാജന് ധാരാളമായിരുന്നു. എസ്.ഐ അരുണ്‍ ഷായുടെ സാന്നിധ്യത്തില്‍ വിനായകിനെ ക്രൂരമായി തല്ലിച്ചതച്ചും ഭീഷണിപ്പെടുത്തിയും തലേന്നത്തെ മാല മോഷണക്കുറ്റം തെളിയിക്കാനായിരുന്നു സാജന്റെ പിന്നീടുള്ള പരിശ്രമം.

വാടാനപ്പള്ളി പോളക്കന്‍ പങ്കന്‍ റോഡ് കോളനിയില്‍ ചക്കാണ്ടന്‍ കൃഷ്ണന്‍കുട്ടിയുടെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് വിനായക്. ചേറ്റുവ ഹാര്‍ബറിലെ കൂലിത്തൊഴിലാളിയായ കൃഷ്ണന്‍കുട്ടിയുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് ഒരു കയര്‍ത്തുമ്പില്‍ ഇല്ലാതായത്. മണ്ണുത്തിയില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു വിനായക്.

വിനായകിന്റെ ചെറിയച്ഛന്‍ തിലകന്റെ വാക്കുകളിലേക്ക്- 'എത്ര തല്ലിയിട്ടും ചെയ്യാത്ത കുറ്റം ഏറ്റെടുക്കാന്‍ ഞങ്ങടെ കുട്ടി തയ്യാറായില്ല. ഒടുക്കം ചേട്ടനെ (വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി) വിളിച്ചു വരുത്തി പേരിനൊരു പെറ്റിക്കേസും ചാര്‍ത്തി അവരെ വിട്ടയച്ചു. ചേട്ടന്‍ ചേറ്റുവ ഹാര്‍ബറിലെ കൂലിപ്പണിക്കാരനാ. വിനായക് കഞ്ചാവിനടിമയാണെന്നും മുടി വെട്ടിക്കണമെന്നും ചേട്ടനോട് പറഞ്ഞു. തല്ലിയ കാര്യമൊന്നും അവന്‍ ആദ്യം ചേട്ടനോട് പറഞ്ഞില്ല. പറഞ്ഞാല്‍ മാല മോഷണക്കേസടക്കം എല്ലാം നിന്റെ തലയിലാക്കുമെന്ന് അവര് ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിന്റെ താക്കീത് കേട്ട് ചേട്ടന്‍ കൊണ്ടു പോയി അവന്റെ മുടി വെട്ടിച്ചു. വീട്ടിലെത്തുമ്പോഴും അവനൊന്നും പറഞ്ഞില്ല. അവനാകെ പേടിച്ചരണ്ടിരുന്നു. ഒന്നു കുനിഞ്ഞു നിക്കാനാവാതെ അവന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോ ഞങ്ങള്‍ വീണ്ടും ചോദിച്ചു. അപ്പഴാണ് തല്ലിയെന്ന് പറഞ്ഞത്. പിന്നെ വീട്ടിന്നിറങ്ങിപ്പോയി. കൂട്ടുകാരെ കാണാനാണ് അവന്‍ പോയത്. അവരോടാണ് അവന്‍ കാര്യങ്ങളൊക്കെ പറഞ്ഞത്. പിന്നെ ഞാന്‍ അവനെ കാണുന്നത് മുറീല് തൂങ്ങി നില്‍ക്കണതാണ്. ഒരു കേസില്‍ പോലും അവന്‍ ഇതുവരെ പ്രതിയായിട്ടില്ല. മുടീന്ന് പറഞ്ഞാ അവന് ജീവനാര്‍ന്നു. പോലീസുകാര് അതു പിഴുതെടുക്കാന്‍ നോക്കി. പാവപ്പെട്ടവന്റെ മക്കടെ നേരെ അവര്‍ക്ക് എന്തും ആവാലോ... പരാതി പറയാന്‍ നമുക്കുള്ളത് പോലീസാ... അവരാണ് ഈ പണി ചെയ്തത്. സഹിക്കാന്‍ പറ്റണില്ല മോനേ...'

കൂട്ടുകാരന്‍ ശരത്തിനെയും പോലീസ് വെറുതെ വിട്ടില്ല. മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് ഇപ്പോള്‍ ശരത്. വിനായകും ശരതും പൊലീസ് പീഡനത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കൂട്ടുകാരന്‍ നവനീത് അഴിമുഖത്തോട് പറഞ്ഞു. പ്രിയ കൂട്ടുകാരന്റെ വേര്‍പാടില്‍ വിറങ്ങലിച്ച മുഖവുമായി അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. 'അവര് സ്റ്റേഷനില് ചെന്ന ഉടനെ അവന്റെ മുഖത്തടിച്ചു. പിന്നെ കഞ്ചാവ് വലിയനാ അല്ലേടാന്നും മാല മോഷ്ടിച്ചത് നീയെല്ലേന്നും ചോദിച്ചു കുനിച്ചു നിര്‍ത്തി ഇടിച്ചു. പിന്നെ ആ കേസ് ഏറ്റെടുത്താ വിടാന്ന് പറഞ്ഞു. അവന്‍ പറ്റില്ലാന്ന് പറഞ്ഞു. പിന്നെ അവര് കൊറേ തല്ലി. അവന്‍ ഷര്‍ട്ടൂരി ഞങ്ങക്ക് കാണിച്ചു തന്നതാ. അവന്റെ പുറത്തൊക്കെ മാന്തിപ്പൊളിച്ച പാടായിരുന്നു. അവന്റെ നെഞ്ചത്തൊക്കെ അവര് പിച്ചി പൊളിച്ചിട്ടുണ്ട്. കാലുമ്മെ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചിണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പൊ അതൊക്കെ മനസ്സിലാവും. വയറിന് താഴെ, അവടേം അവര് പിടിച്ച് ഉപദ്രവിച്ചിട്ടുണ്ട്. ശരത്തിനേം അയാള്‍ തല്ലീട്ട്ണ്ട്. ശരത് ഇപ്പൊ നട്ടെല്ലിന് പറ്റീട്ട് ഹോസ്പിറ്റലിലാണ്'.

തിങ്കളാഴ്ച ഉച്ചയ്ക്ക് പാവറട്ടി മുതുക്കരയില്‍ നിന്നാണ് വിനായകിനേയും ഒപ്പമുണ്ടായിരുന്ന ശരത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പെണ്‍കുട്ടിയുമായി റോഡില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. 'വിനായകിന്റെ നെഞ്ചിലും പുറത്തും ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. കാല്‍നഖങ്ങളില്‍ ബൂട്ടിട്ട് ചവിട്ടി. നീട്ടി വളര്‍ത്തിയ മുടി പറിച്ചെടുത്തു. മൂന്നരയോടെ വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയെ വിളിച്ചുവരുത്തിയാണ് ഞങ്ങളെ വിട്ടയച്ചത്'- ശരത് പറയുന്നു.

ഇന്നലെ വൈകീട്ട് വിനായകിന്റെ ചേതനയറ്റ ശരീരം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വന്‍ ജനാവലിയാണ് അവിടെ കാത്ത് നിന്നിരുന്നത്. പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കുള്ളത്. കുറ്റക്കാരെ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്ന നിലപാടിലാണ് ഇവിടുത്തുകാര്‍.

സംഭവം വിവാദമായതോടെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, കെ. സാജന്‍ എന്നിവരെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്. വിനായകിനേയും ശരത്തിനേയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പാവറട്ടി എസ്.ഐ. അരുണ്‍ ഷാ നേരത്തെ പറഞ്ഞിരുന്നത്. ദളിത് യുവാവിന്റെ ആത്മഹത്യയില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.


Next Story

Related Stories