TopTop
Begin typing your search above and press return to search.

ശബരിമല കയറിയ സ്ത്രീകളുടെ പട്ടികയില്‍ നിന്ന് എസ്.പി മഞ്ജു എങ്ങനെ ഒഴിവാക്കപ്പെട്ടു? കഴിഞ്ഞ ദിവസവും ഈ ദളിത്‌ സ്ത്രീയെ സംഘപരിവാര്‍ ആക്രമിച്ചു

ശബരിമല കയറിയ സ്ത്രീകളുടെ പട്ടികയില്‍ നിന്ന് എസ്.പി മഞ്ജു എങ്ങനെ ഒഴിവാക്കപ്പെട്ടു? കഴിഞ്ഞ ദിവസവും ഈ ദളിത്‌ സ്ത്രീയെ സംഘപരിവാര്‍ ആക്രമിച്ചു

ശബരിമലയിലെത്തിയ സ്ത്രീകളുടെ എണ്ണത്തില്‍ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പുതിയ പ്രസ്താവനയും പുറത്തു വന്നിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കു ശേഷം പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള രണ്ടു യുവതികള്‍ മാത്രമാണ് മലചവിട്ടിയിട്ടുള്ളത് എന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. നേരത്തേ, മലയിലെത്തിയ 51 സ്ത്രീകളുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുകയും, ഇതില്‍ ചില തെറ്റുകള്‍ കടന്നുകൂടിയതിനെത്തുടര്‍ന്ന് തിരുത്തി 17 ആക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു യുവതികള്‍ മാത്രമാണ് ശബരിമലയിലെത്തിയത് എന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ പൗരയായ ശശികല പ്രവേശിച്ചതിന് സ്ഥിരീകരണമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മന്ത്രി പേരെടുത്തു പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ജനുവരി രണ്ടിന് പുലര്‍ച്ചെ ശബരിമലയിലെത്തിയ കനകദുര്‍ഗ്ഗയും അഡ്വ. ബിന്ദുവും ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നുവെന്ന് നേരത്തേ ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തില്‍, ഈ രണ്ടു സ്ത്രീകള്‍ ഇവരാണെന്നാണ് അനുമാനിക്കപ്പെടുന്നത്. നേരത്തേ വന്ന സ്ഥിരീകരണത്തിന്റെ വെളിച്ചത്തില്‍ രണ്ടു യുവതികള്‍ ഇവരാണെന്ന് ഉറപ്പിച്ചാലും, ശബരിമലയില്‍ പ്രവേശിച്ചതിന് സംഘപരിവാറിന്റെ ക്രൂരമായ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള എസ്.പി മഞ്ജുവിനെക്കുറിച്ച് മന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചിട്ടില്ല. രണ്ടു തവണ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ശേഷം പിന്മാറേണ്ടി വന്നിട്ടുള്ള മഞ്ജു, മൂന്നാമത്തെ തവണ പൊലീസിന്റെ സഹായമില്ലാതെ ഒറ്റയ്ക്കു തന്നെ മല ചവിട്ടുകയായിരുന്നു.

മഞ്ജു ശബരിമലയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജാണ് പുറത്തുവിട്ടിരുന്നത്. പതിനെട്ടാം പടി ചവിട്ടി സുപ്രീം കോടതി വിധി നടപ്പാക്കിയ ആദ്യ യുവതി മഞ്ജുവാണെന്നതും പരാമര്‍ശിക്കപ്പെട്ടിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ജുവിന്റെ ശബരിമല പ്രവേശനം സര്‍ക്കാര്‍ രേഖകളിലില്ലെന്ന ചര്‍ച്ചയാണ് ശക്തിപ്പെടുന്നത്. വൃദ്ധയായി തോന്നിക്കാന്‍ വേഷ പ്രച്ഛന്നയായാണ് മല ചവിട്ടിയതെന്നതടക്കമുള്ള പല ആരോപണങ്ങളും മഞ്ജുവിനു നേരെ ഉയര്‍ന്നിരുന്നുവെങ്കിലും, എല്ലാം മഞ്ജു തള്ളിക്കളഞ്ഞിരുന്നു. ശബരിമലയില്‍ കയറിയതിന്റെ അവകാശവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനില്ലെങ്കിലും, പൊലീസിന്റെ സഹായമില്ലാതെ മല ചവിട്ടിയവരെ കണക്കില്‍പ്പെടുത്തില്ലെന്നാണോ നയമെന്ന് മഞ്ജു ചോദിക്കുന്നു.

"ശബരിമലയില്‍ കയറിയെന്ന അവാര്‍ഡു കിട്ടുക എന്നതല്ലല്ലോ നമ്മുടെ ഉദ്ദേശം. പതിനെട്ടാം പടി ചവിട്ടി ഞാന്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളൊക്കെ എല്ലാവരുടെയും കൈയിലുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും അതിക്രമമുണ്ടായാല്‍ നിരീക്ഷണ ക്യാമറകളില്‍ നിന്നും ചിത്രമെടുത്ത് അവരെ കണ്ടെത്തി കേസെടുക്കും എന്ന് പറഞ്ഞവരല്ലേ. ഞാന്‍ കയറിപ്പോകുന്നതൊന്നും ഇവരുടെ ക്യാമറയില്‍ പതിഞ്ഞില്ലേ? അപ്പോള്‍പ്പിന്നെ കോടികളുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ സുരക്ഷയെന്താണ്? രണ്ടു രണ്ടര മണിക്കൂര്‍ നേരമാണ് ഞാന്‍ ശബരിമലയിലുണ്ടായിരുന്നത്. യുദ്ധപ്രഖ്യാപനം നടത്തുന്ന പോലെയാണല്ലോ സംഘപരിവാര്‍ ശബരിമലയില്‍ പ്രവര്‍ത്തകരെ വിന്യസിച്ചത്. അവര്‍ക്കിടയിലൂടെ പോയാണ് ഞാന്‍ ദര്‍ശനം നടത്തുന്ന്ത്. ഇനി ഞാന്‍ വേഷം മാറിയാണ് പോയതെന്ന രാഹുല്‍ ഈശ്വറിന്റെ വാദം തന്നെയാണ് സര്‍ക്കാരിന്റേതെങ്കില്‍, അതിനു കാരണവും സര്‍ക്കാര്‍ തന്നെയാണ്", മഞ്ജുവിന്റെ പ്രതികരണമിങ്ങനെ.സംഘടനകളുടെയോ പോലീസിന്റെയോ സഹായമില്ലാതെ ഒറ്റയ്ക്ക് മലകയറിയിട്ടുള്ള മഞ്ജു പതിനെട്ടാം പടി ചവിട്ടിക്കയറിയ ആദ്യത്തെ യുവതിയായതിനാല്‍, ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കണ്ണില്‍ മഞ്ജുവാണ് ആചാരലംഘനം നടത്തിയിട്ടുള്ളത്. ഇതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി ജോലിക്കു പോകാനോ സാധാരണ ജീവിതം നയിക്കാനോ സാധിക്കാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍. മുഴുവന്‍ സമയ പൊലീസ് സുരക്ഷയുണ്ടായിട്ടുകൂടി, കഴിഞ്ഞയാഴ്ച മഞ്ജുവിനു നേരെയുണ്ടായ കല്ലേറും ആക്രമണവും പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരുടെ ഗൂഢാലോചനയാണെന്നും അവര്‍ പറഞ്ഞിരുന്നു. കല്ലെറിഞ്ഞവരില്‍ ഒരാളെ കൃത്യമായി തിരിച്ചറിഞ്ഞ് പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടും, ഇതുവരെ പ്രതികളിലാരെയും ചാത്തന്നൂര്‍ പൊലീസ് കണ്ടെത്തിയിട്ടുമില്ല. തെളിവുകളും മൊഴികളും ശേഖരിച്ചു വരികയാണ് എന്നാണ് പൊലീസ് ഇക്കാര്യത്തില്‍ ആവര്‍ത്തിക്കുന്നത്.

നിരന്തരമായ ആക്രമണങ്ങള്‍ നേരിടുകയും അതേത്തുടര്‍ന്ന് നാട്ടില്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിട്ടുള്ള തന്റെ പ്രവേശനം സര്‍ക്കാരിന്റെ കണക്കുകളിലില്ലാത്തതിന്റെ കാരണത്തെക്കുറിച്ച് മഞ്ജുവിനറിവില്ല. പൊലീസിന്റെ സഹായത്തോടെ മലയിലെത്തിയവരെ മാത്രം കണക്കിലെടുത്തതാണോ എന്നും മഞ്ജു ചോദിക്കുന്നുണ്ട്. അതേസമയം, സര്‍ക്കാര്‍ കണക്കുകളോ നിയമസഭയിലെ പ്രസ്താവനകളോ അല്ല, തന്റെയും കുടുംബത്തിന്റെയും ജീവന്റെ സുരക്ഷയാണ് മഞ്ജുവിന് അലട്ടുന്നത്. താന്‍ ഭീഷണി നേരിടുന്നത് വീടിനടുത്തു തന്നെയുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നാണെന്നതും, സദാസമയവും താന്‍ അവരുടെ നിരീക്ഷണത്തിലാണെന്നതും, ചൂണ്ടിക്കാണിച്ചിട്ടു പോലും പ്രതിയെ പിടികൂടാന്‍ വൈകുന്ന പോലീസിന്റെ മെല്ലെപ്പോക്കുമാണ് മഞ്ജുവിന് ചൂണ്ടിക്കാണിക്കാനുള്ളത്. വൃദ്ധരായ അമ്മയ്ക്കും മാതൃസഹോദരിക്കും, രോഗിയായ സഹോദരനുമൊപ്പം വീട്ടില്‍ കഴിയുന്ന തന്നെ ഏതു നിമിഷവും സംഘപരിവാര്‍ അപായപ്പെടുത്തിയേക്കും എന്ന ഭയവും മഞ്ജുവിനുണ്ട്.

Also Read: മരണമെങ്കില്‍ മരണം എന്നുറപ്പിച്ചു തന്നെയാണ് പോയത്, നിങ്ങളുടെ പിതാക്കന്മാരുടെ നെഞ്ചത്ത് വില്ലുവണ്ടിയോടിച്ചു, നിങ്ങളുടെ നെഞ്ചത്ത് ചവിട്ടി മലയും കയറും-ശബരിമല കയറിയ എസ് പി മഞ്ജു/അഭിമുഖം

Next Story

Related Stories