TopTop
Begin typing your search above and press return to search.

എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

എന്തു തെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ നിങ്ങള്‍ ഇടിച്ചു കൊന്നത്? നീതി തേടി വിനായകിന്റെ കുടുംബം സമരത്തിന്

ഇനി ആര്‍ക്കു വേണ്ടിയാണ് തങ്ങള്‍ ജീവിക്കേണ്ടതെന്നും എന്തിന് വേണ്ടിയാണ് ജീവിക്കേണ്ടതെന്നും തൃശൂര്‍ വാടനാപ്പള്ളിയില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് യുവാവ് വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി. വിനായകന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബൂട്ടിട്ട് ചവിട്ടിയതിന്റെ പാടുകളടക്കം ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളാണ് ശരീരത്തില്‍ നിറയെ.

ക്രൂരമായി മര്‍ദ്ദിച്ഛതിനു ശേഷം പോലീസ് കൃഷ്ണന്‍കുട്ടിയെ വിളിച്ചു വരുത്തി വിനായകനെ ഒപ്പം വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഈ യുവാവ് ജീവനൊടുക്കുകയും ചെയ്തു. വിനായകിന്റേത് പോലീസ് നടത്തിയ കൊലപാതമായി തന്നെ കണക്കാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേരാണ് വിനായകിന്റെ വീട്ടിലെത്തി കൃഷ്ണന്‍കുട്ടിയെയും കുടുംബാംഗങ്ങളെയും കണ്ട് അനുശോചനവും പിന്തുണയുമര്‍പ്പിക്കുന്നത്. വിനായകിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ഈ കുടുംബം. കൃഷ്ണന്‍കുട്ടി അഴിമുഖവുമായി സംസാരിക്കുന്നു.

"ഇതിന് മുമ്പ് അവന്റെ പേരില്‍ യാതൊരു കേസുകളുമുണ്ടായിട്ടില്ല. എന്തുതെറ്റ് ചെയ്തിട്ടാണ് എന്റെ മകനെ പോലീസുകാര്‍ മര്‍ദ്ദിച്ചതെന്ന് അറിയണം. സ്‌റ്റേഷനില്‍ നിന്നും എനിക്കൊപ്പം തിരികെ വീട്ടില്‍ വന്നപ്പോഴും പോലീസ് മര്‍ദ്ദിച്ച കാര്യമൊന്നും അവന്‍ പറഞ്ഞില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് അതിക്രൂരമായ മര്‍ദ്ദനമാണ് അവന്‍ നേരിട്ടതെന്ന് ഞാനറിയുന്നത്. ഇത്രമാത്രം മര്‍ദ്ദനമേല്‍ക്കാനുള്ള ആരോഗ്യമൊന്നും അവനില്ല. ഒരു ചള്ള് ചെക്കനാണ് അവന്‍. പോലീസുകാര്‍ ഇടിച്ചെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഏത് ആശുപത്രിയിലും കൊണ്ടുപോകാന്‍ തയ്യാറാകുമായിരുന്നു.

കുറച്ചുകാലം മുമ്പാണ് സുഖമില്ലാതെ അവനെ ആറുദിവസത്തോളം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് പോലും അവനെ അടിക്കാന്‍ തോന്നില്ല. പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ വിനായകനെ ജാമ്യത്തിലിറക്കാന്‍ ഞാനും സുഹൃത്ത് സന്തോഷും കൂടി ചെന്നപ്പോള്‍ പോലീസുകാര്‍ എന്നോട് ചോദിച്ചത് ഇവന്റേത് ഇതെന്ത് കോലമാണെന്നാണ്. അവന്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് ആണ് പഠിക്കുന്നതെന്നും അവന്റെ ഇഷ്ടത്തിനനുസരിച്ച് മുടിയുടെ ശൈലി മാറ്റുന്നതാണെന്നും അതില്‍ എന്താണ് തെറ്റെന്നുമാണ് ഞാന്‍ ചോദിച്ചത്. എന്നാല്‍ കൃഷ്‌ണേട്ടനെ കൊള്ളില്ലാത്തതുകൊണ്ടാണ്, അവന്റെ ചെവിട്ടിനിട്ട് ഒരെണ്ണം കൊടുക്ക് എന്നാണ് ആ പോലീസുകാരന്‍ പറഞ്ഞത്. ഞാന്‍ അപ്പോള്‍ അവനെ ചെകിട്ടത്തേക്ക് അടിച്ചിരുന്നെങ്കില്‍ പോലീസുകാര്‍ അവന്റെ മരണം എന്റെ തലയില്‍ കെട്ടിവയ്ക്കുമായിരുന്നു. അവരുടെ അടിയെല്ലാം കഴിഞ്ഞാണ് എന്നെ വിളിക്കുന്നതും അടിക്കാന്‍ പറയുന്നതും. ഞാന്‍ അടിച്ചിരുന്നെങ്കില്‍ അച്ഛന്‍ മകനെ അടിച്ചുകൊന്നു എന്നാക്കി മാറ്റുമായിരുന്നു കേസ്.

ഒരു ജീവിതകാലം മുഴുവന്‍ ഒരച്ഛനും അമ്മയ്ക്കും ഇത് മറക്കാന്‍ സാധിക്കില്ല. ഇവര്‍ക്കും കുടുംബവും കുട്ടികളുമെല്ലാം ഉള്ളതല്ലേ. ഇവര്‍ ജീവിച്ചിരിക്കുന്ന വീട്ടില്‍ എങ്ങനെയാകും ഇവരുടെ മക്കളും ഭാര്യമാരുമൊക്കെ താമസിക്കുന്നത്. കാക്കിയിട്ടാല്‍ വെറും ചെന്നായ്ക്കളാണ് പോലീസുകാര്‍. ഞാന്‍ കേട്ടിരിക്കുന്നത് പോലീസുകാരെന്ന് പറഞ്ഞാല്‍ ജനങ്ങളെ സേവിക്കുന്നവരാണെന്നാണ്. അല്ലാതെ ജനങ്ങളെ ദ്രോഹിക്കുന്നവരാണെന്നല്ല. ഒരു യൂണിഫോം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ മനുഷ്യരല്ലാതാകുകയാണ്.

എനിക്കും എന്റെ മോനും നീതി കിട്ടണമെന്നാണ് എന്റെ ആവശ്യം. അവന്റെ മരണത്തിന് കാരണക്കാരായ പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിടണം. അതാണ് എന്റെ ആവശ്യം. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറോട് ഞാന്‍ സംസാരിച്ചിരുന്നു. നാലിടത്ത് പരിക്കുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. തലയിലും തോളുകളിലും നെഞ്ചിലും കാലിലുമായാണ് ഈ പരിക്കുകള്‍. ഇത് മര്‍ദ്ദനത്തില്‍ നിന്നുണ്ടാകുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇത്രമാത്രം ഉപദ്രവിക്കാന്‍ അവന്‍ ആരുടെയും മാലമോഷ്ടിക്കുകയും പിടിച്ചുപറിക്കുകയോ കക്കുകയോ ഒന്നും ചെയ്തില്ലല്ലോ? അവന്റെ പേരില്‍ മുമ്പ് ഒരു കേസും ഇല്ലല്ലോ? പതിനെട്ട് വയസ്സുള്ള ഒരു ചെക്കനെ പിടിച്ചുകൊണ്ടുപോയി ഇടിച്ചുകൊല്ലുകയാണ് പോലീസ് ചെയ്തത്.

ഞങ്ങള്‍ മൂന്ന് ചേട്ടാനുജന്മാരും ഒരു സഹോദരിയുമാണ്. എല്ലാവരും അടുത്തടുത്താണ് താമസം. ഞങ്ങളുടെ മക്കളില്‍ ഏറ്റവും ഇളയ ആളാണ് വിനായകന്‍. എല്ലാവരുടെയും പൊന്നുണ്ണിയാണ് അവന്‍. അവനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ഇപ്പോഴും ഈ മുറ്റത്ത് അവന്‍ ഓടിക്കളിക്കുന്നുണ്ടെന്ന തോന്നലാണ്. ഈ വീടുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു എപ്പോഴും അവന്‍. ആര്‍ക്ക് വേണ്ടിയാണ് ഇനി ഞങ്ങള്‍ ജീവിക്കുന്നത്? എന്തിന് വേണ്ടിയാണ് ഇനി ഞങ്ങള്‍ ജീവിക്കുന്നത്? പതിനെട്ട് വയസ്സുവരെ ഒരു ചെക്കനെ വളര്‍ത്തി വലുതാക്കണമെങ്കില്‍ നാം നന്നായി കഷ്ടപ്പെടണം. നഷ്ടപ്പെട്ടവന്റെ വേദന മനസിലാക്കാന്‍ നഷ്ടപ്പെട്ടവനെ സാധിക്കൂ.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അവന് നീതി കിട്ടണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങുകയാണ് ഇവിടെ. അതിനെ തടയാന്‍ ആര്‍ക്കുമാകില്ല. ഏത് പോലീസ് വന്നാലും പട്ടാളം വന്നാലും ഞങ്ങള്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ല. ഞങ്ങളെ തല്ലിക്കൊന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഞങ്ങള്‍ സമരത്തിനിറങ്ങിയിരിക്കും. ഈ നാട്ടുകാരുടെ മാത്രമല്ല പലനാടുകളില്‍ നിന്നും ആളുകള്‍ പിന്തുണയുമായി വന്നിട്ടുണ്ട്. ഒരു മാലയോ മോതിരമോ ഇട്ട ഒരാളെയും പോലീസുകാര്‍ യാതൊന്നും ചെയ്യില്ല. എന്നാല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷമാണ് മര്‍ദ്ദിച്ചതെന്നാണ് അറിഞ്ഞത്.

ആ പോലീസുകാര്‍ പറഞ്ഞപ്പോള്‍ അപ്പോഴത്തെ മനോദുഃഖം കൊണ്ട് വല്ലതും ഞാന്‍ എന്റെ മോനെ തല്ലിയിരുന്നെങ്കില്‍ എന്റെ അവസ്ഥയെന്താകുമായിരുന്നു. ഞാനെന്റെ മക്കളെ തല്ലാറില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ അടിക്കുകയും പോലീസുകാര്‍ ചെയ്ത മര്‍ദ്ദനം എന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുമായിരുന്നു. അവര്‍ നടത്തിയ മര്‍ദ്ദനം എന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് 'അടിക്ക് കൃഷ്‌ണേട്ടാ' എന്ന് എന്നോട് സ്‌നേഹത്തോടെ പറഞ്ഞത്."

വിനായകിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണന്‍കുട്ടിയും കുടുംബവും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിട്ടുണ്ട്. അതേസമയം വിനായകിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരണത്തിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിനായകിന് മര്‍ദ്ദനമേറ്റ ദിവസം പാറവട്ടി പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും കേസെടുത്ത് അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുക, പോലീസിന്റെയും ഭരണകൂടത്തിന്റെയും ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, വിനായകിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് രണ്ടിന് വന്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.


Next Story

Related Stories