TopTop

വീടുകള്‍ താമസയോഗ്യമല്ല; എന്നിട്ടും ക്യാമ്പില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമമെന്ന് ആരോപണം

വീടുകള്‍ താമസയോഗ്യമല്ല; എന്നിട്ടും ക്യാമ്പില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമമെന്ന് ആരോപണം
ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മാറാന്‍ അതികൃതര്‍ ആവശ്യപ്പെട്ടെന്ന് ആരോപണം. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ എന്‍എസ്എസ് എ യു പി സ്‌കൂളിലെ നൂറ്റി അന്‍പതോളം വരുന്ന ആളുകളോടാണ് തകര്‍ന്ന വീടുകളിലേക്ക് തിരികെ പോകാന്‍ അതികൃതര്‍ അവശ്യപ്പെട്ടത്. സകലതും നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് അധികൃതരുടെ ഈ ആവശ്യം. ചെറിയ കുട്ടികളും അസുഖബാധിതരായ മുതിര്‍ന്നവരും അടക്കം നൂറ്റിഅന്‍പതോളം ആളുകളെയാണ് ഇവര്‍ പെരുവഴിയിലേക്ക് ഇറക്കിവിടാനൊരുങ്ങുന്നത്. ഭാഗികമായി തകര്‍ന്ന ഒട്ടും ശുചിയില്ലാത്ത വീടുകളിലേക്ക് മടങ്ങിപോകാന്‍ തങ്ങള്‍ക്കെങ്ങിനെ സാധിക്കുമെന്ന് ഇവര്‍ ചോദിക്കുന്നു.

പ്രളയജലമിറങ്ങി കഴിഞ്ഞ് ചളിയും മാലിന്യങ്ങളും നിറഞ്ഞ ഇവരുടെ വീടുകള്‍ താമസ യോഗ്യമല്ലാത്തവയാണ്. ഇപ്പോള്‍ വൈദ്യുതിയില്ലാത്ത ഈ വീടുകളില്‍ റീവയറിങ് ചെയ്താല്‍ മാത്രമെ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. ഒരു കിണറും വൃത്തിയാക്കിയിട്ടില്ല. കുടിവെള്ളം പോലുമില്ലാത്ത ഇവിടങ്ങളിലേക്ക് മടങ്ങിപ്പോകാനാണ് അതികൃതര്‍ ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് രോഷാകുലരാവുകയാണ് ക്യാമ്പിലെ ആളുകള്‍. എന്നാല്‍ ഇത്രയും പേര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് സാമഗഗ്രികളും ക്യാമ്പിലില്ലെന്നാണ് ക്യാപ് ഓഫീസര്‍ പറയുന്നത്, "ഇത് ആര്‍ഡിഓയുടെ ഓര്‍ഡറാണ്, എനിക്ക് എന്റെ ഡ്യട്ടി മാത്രമേ ചെയ്യാന്‍ സാധിക്കൂ"വെന്നും ക്യാമ്പ് ഓഫീസര്‍ അഴിമുഖത്തോട് പറഞ്ഞു.

"പെട്ടെന്ന് വന്ന് ഇന്നത്തോടെ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് പോകാനിടമില്ല, ഇവിടുത്തെ വാര്‍ഡ് മെമ്പര്‍ പറയുന്നത് ഇന്നത്തോടെ ഇവിടുന്ന് ഒഴിഞ്ഞ് പോണമെന്നാണ്, കഴിഞ്ഞ ആറ് ദിവസമായി ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. വില്ലേജ് ഓഫീസര്‍ ജീപ്പില്‍ ഇതിലൂടെയെല്ലാം പോകുന്നുണ്ട്. എന്നാല്‍ ഇങ്ങോട്ട് കയറുന്നില്ല, ഓണസദ്യക്ക് വേണ്ട പച്ചക്കറികള്‍ ഞങ്ങളുടെ കയ്യില്‍ നിന്ന് പണം പിരിച്ചാണ് വാങ്ങിയത്. ആരും സഹായിച്ചില്ലെങ്കിലും കൂടെയുണ്ടെന്ന വാക്ക് പോലും ഞങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്"
ക്യാമ്പിലെ താമസക്കാരനായ സതീശന്‍ പറയുന്നു.

എന്‍എസ്എസ് എയുപി സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോകാനാവശ്യപ്പെട്ടിട്ടില്ലെന്നും, ഇത്രപേര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ട് വീടുകളില്‍ കുഴപ്പമില്ലാത്തവര്‍ തിരികെ വീട്ടില്‍ പോകണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും വാര്‍ഡ് മെമ്പറായ ബിന്ദു പറയുന്നു. എന്നാല്‍ ദളിതരായത് കൊണ്ടാണ് തങ്ങളോട് ഈ വിവേചനം കാണിക്കുന്നതെന്നും ഉയര്‍ന്ന ജാതിക്കാരോട് ഇങ്ങനെ കാണിക്കില്ലെന്നും ക്യാമ്പിലെ ആളുകള്‍ പറയുന്നു. ബിജെപിക്കാരിയായ മെംബര്‍ തങ്ങളോട് കാണിക്കുന്ന വിവേചനം മന:പൂര്‍വമാണന്നാണ് പ്രളയബാധിതരായ ഇവരുടെ ആരോപണം.വെള്ളം കയറിയ ദിവസങ്ങളില്‍ ഈ ക്യാമ്പില്‍ ഉണ്ടാക്കിയ ഭക്ഷണം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിന്റെ ഭാഗമായ ഇടനാട്ടിലുള്ള ക്യാമ്പിലേക്ക് ഇവര്‍ എത്തിച്ചിരുന്നു. കുറെ ഭക്ഷണമുണ്ടായത് കൊണ്ടല്ല, മനുഷ്വത്വത്തിന്റെ ഭാഗമമായി ചെയ്തതാണ്. എന്നാല്‍ എന്നാല്‍ ഇതിനെതിരെയും വാര്‍ഡ് മെമ്പര്‍ രംഗത്ത് വന്നതായും, ഇവിടെ നിറഞ്ഞത് കൊണ്ടാണോ അവിടേക്ക് കൊടുക്കുന്നതെന്നും ചോദിച്ചതായും ഇവര്‍ പറയുന്നു.

ക്യാമ്പില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. സ്കൂളുകള്‍ തുറക്കാറായതു കൊണ്ടാണ് ആര്‍ഡിഒ ഇത്തരത്തില്‍ ഉത്തരവിട്ടതെന്നും ക്ലീനിങ് പെട്ടെന്ന് നടത്താന്‍ പഞ്ചായത്ത് അധികാരികളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഇരവിപേരൂര്‍ വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ ക്യാമ്പില്‍ മദ്യപാനമാണെന്ന് ക്യാമ്പ് ഓഫീസര്‍ ആര്‍ഡിഓയോട് പരാതി പറഞ്ഞതായും ആരോപണമുണ്ട്.


Next Story

Related Stories