TopTop
Begin typing your search above and press return to search.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നായ്ക്കള്‍ കടിച്ചുവലിച്ച് മൃതദേഹകൂമ്പാരം; ഇത്രയ്ക്ക് മനുഷ്യത്വരഹിതമോ നമ്മുടെ ആശുപത്രികള്‍?

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നായ്ക്കള്‍ കടിച്ചുവലിച്ച് മൃതദേഹകൂമ്പാരം; ഇത്രയ്ക്ക് മനുഷ്യത്വരഹിതമോ നമ്മുടെ ആശുപത്രികള്‍?

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത്, പൂര്‍ണ്ണമായി സംസ്‌ക്കരിക്കപ്പെടാത്ത നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപതോളം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് പരിസരത്തുള്ള കുഴിയില്‍ കൂട്ടിയിട്ടിരിക്കുന്ന വാര്‍ത്ത മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ ഗുരുതരപ്രശ്‌നം ജനശ്രദ്ധയിലേക്ക് എത്തിയത്. കുഴിക്ക് പുറത്ത് തെരുവു നായ്ക്കളും കാക്കകളും കടിച്ചു പറിക്കും വിധമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത് എന്നും മാതൃഭൂമി റിപ്പോട്ട് പറയുന്നു.

മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ തന്നെ ആണെങ്കിലും, പ്രധാന കെട്ടിടസമുച്ചയത്തില്‍ നിന്ന് ഒരുപാട് ദൂരെയാണ് പ്രസ്തുത സംഭവം. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ യാദൃശ്ചികമായി, മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന മതില്‍ കെട്ടിനുള്ളിലേക്ക് പോയപ്പോഴാണ് ഈ കാഴ്ച ശ്രദ്ധയില്‍പെടുന്നത്. അഴുകിയ മനുഷ്യശരീരങ്ങള്‍, മറ്റ് ആശുപത്രിമാലിന്യങ്ങളോടൊപ്പം ചിതറിക്കിടക്കുയായിരുന്നു. പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് കൊണ്ട് തന്നെ, ശരീരഭാഗങ്ങള്‍ എല്ലാം വേര്‍പ്പെടുത്തി ഭയാനകമായ രീതിയിലാണ് ഉണ്ടായിരുന്നതെന്ന് വിവഞ്ഞെത്തിയ പ്രദേശവാസികളും പറഞ്ഞു. നേരത്തെ നാട്ടുകാരുടെ ആവശ്യപ്രകാരം, ഈ സംസ്‌ക്കരണപ്രദേശത്തിന് ചുറ്റും നിര്‍മ്മിച്ച മതില്‍ക്കെട്ട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതു വഴിയാണ് നായ്ക്കളും മറ്റും മൃതദേഹങ്ങള്‍ക്ക അരികിലേക്ക് എത്തിയത്.

പ്രധാന കെട്ടിടങ്ങളില്‍ നിന്നു വളരെ അകലെയായതിനാല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും ഈ വിഷയം ഇപ്പോഴാണ് അറിയുന്നത്. 'സാധാരണയായി പഠനാവശ്യങ്ങള്‍ കഴിഞ്ഞ മൃതശരീരങ്ങളും ശരീരഭാഗങ്ങളും സര്‍ജിക്കല്‍ മാലിന്യങ്ങളും ഇതുപോലെ കോണ്‍ക്രീറ്റ് കുഴികളില്‍ മറവ് ചെയ്യുന്ന രീതിതന്നെയാണ് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഉള്ളത്. കൈ, കാല്‍ പോലെയുള്ള ശരീരഭാഗങ്ങള്‍ പ്രത്യേകമായി അടക്കംചെയ്യും. ഇത് പിന്നീട് എല്ല് സംബന്ധമായ പഠനങ്ങള്‍ക്കു വേണ്ടി തിരിച്ചെടുക്കുന്ന പതിവുമുണ്ട്. ഇവിടെ സംഭവിച്ചിരിക്കുന്നത് അശാസ്ത്രീയമായ സംസ്‌കരണം തന്നെയാണ്. കുഴി വേണ്ടപോലെ മൂടാത്തത് കൊണ്ടും മതില്‍ ഇടിഞ്ഞതുകൊണ്ടുമാണ് നായ്ക്കള്‍ വന്ന് മൃതദേഹങ്ങള്‍ കടിച്ചു വലിക്കുന്നതുപോലുള്ള സംഭവം ഉണ്ടായിരിക്കുന്നത്.', കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെതിയതോടെ, മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സ്ഥലത്തെ മതില്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കും എന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാര്‍ ഉറപ്പ് നല്‍കി. മതില്‍ നിര്‍മ്മാണത്തിനു തടസമായി നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ നടുക്കിയ സംഭവത്തില്‍ നടപടിയെടുക്കും എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കുകയും കോഴിക്കോട് കളക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ സഹകരണം ഉണ്ടെങ്കില്‍ മൃതദേഹ സംസ്‌കരണത്തില്‍ ഏതുവിധത്തില്‍ ഉള്ള സഹായത്തിനും തയ്യാറാണെന്ന് കോര്‍പ്പറേഷന്‍ ഭാരവാഹികളും വാഗ്ദാനം നല്‍കിയിട്ടുണ്ട്. 'ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ഹെല്‍ത്ത് ഓഫീസറുമായും മേയറുമായും ബന്ധപ്പെട്ടു. ഇത് കോര്‍പ്പറേഷന് ഇടാന്‍ പരിമിതികള്‍ ഉണ്ട്. മെഡിക്കല്‍ കോളേജിന്റെ സംസ്‌ക്കരണ പ്രദേശം തന്നെയാണിത്. പലരും വികാരത്തിന്റെ പുറത്തെല്ലാം പഠനാവശ്യങ്ങള്‍ക്ക് നല്‍കുന്നതാണു മൃതശരീരങ്ങള്‍, അവ സംസ്‌ക്കരിക്കുന്നത് മാന്യമായ രീതിയില്‍ അല്ല എന്നതാണ് ഒരു പ്രശ്‌നം. രണ്ടാമത്തേതു സുരക്ഷാവീഴ്ചയാണ്. സംസ്‌കരിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും ഇവര്‍ പാലിച്ചിട്ടില്ല. ഇത് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വീഴ്ച തന്നെയാണ്. ആലോചിച്ച് നോക്കൂ, ഇരുപതോളം മനുഷ്യശരീരങ്ങള്‍ അനാഥമായി കിടന്നു കാക്ക കൊത്തി വലിക്കുന്നത്? ന്യായീകരണമില്ല അതിന്. ഭീകരാവസ്ഥ തന്നെയാണത്. എതുതന്നെയായാലും അധികാരികള്‍ എല്ലാവരും നല്ലരീതിയില്‍ വിഷയത്തില്‍ ഇടപെട്ടു എന്നത് പറയാതിരിക്കാന്‍ സാധിക്കില്ല. ആരോഗ്യമന്ത്രി ശക്തമായി ഇടപെടുകയും ഇനി ഇത്തരം നടപടികള്‍ ഉണ്ടാവരുത് എന്ന് കര്‍ശനനിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്. കളക്ടര്‍ ഇതനുസരിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഉണ്ട്.', കൗണ്‍സിലര്‍ ഷെറീന വിജയന്‍ അഴിമുഖത്തോട് പറഞ്ഞു.

സംഭവത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


Next Story

Related Stories