Top

പ്രണയിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന പെണ്ണ് താന്തോന്നിയും ക്രിമിനലുമാകുമോ? മിഷയെ കൂടുതല്‍ ഇരുട്ടിലേക്ക് തളളിവിടരുത്

പ്രണയിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന പെണ്ണ് താന്തോന്നിയും ക്രിമിനലുമാകുമോ? മിഷയെ കൂടുതല്‍ ഇരുട്ടിലേക്ക് തളളിവിടരുത്
അകാരണമായി പിരിച്ചു വിടപ്പെട്ടതിനെതിരേ പാലക്കാട് അഹല്യ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കാമ്പസിന്റെ എലിപ്പാറയിലുള്ള പ്രധാന ഗേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തി വന്നിരുന്ന മിഷ എന്ന യുവതിയുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലേക്ക്. എന്നിട്ടും തന്റെ പോരാട്ടം തുടരുന്ന മിഷയോട് ഒരു സര്‍ക്കാര്‍ സംവിധാനവും കരുണ കാണിക്കുന്നില്ലെന്നു മാത്രം. അഹല്യ ഫൗണ്ടേഷന്‍ കാമ്പസിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സമരം പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതോടെ മിഷയ്ക്ക് തന്റെ സമരം റോഡരികില്‍ ഇരുന്ന് തുടരേണ്ടി വരികയാണ്. റോഡരികത്ത് യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് മിഷ ഇപ്പോള്‍ തന്റെ രാപ്പകല്‍ സമരം തുടരുന്നത്.

അഹല്യ കണ്ണാശുപത്രിയിലെ ലൈബ്രെറിയന്‍ ആയിരുന്ന മിഷയെ 2018 ജനുവരി 17 നാണ് മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്നാണ് തന്നെ അകാരണമായി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് അഹല്യയുടെ മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ ഇരിഞ്ഞാലക്കുട സ്വദേശിനിയായ മിഷ തയ്യാറായത്. മിഷ നടത്തുന്ന സമരത്തെ കുറിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (നീതിക്കായി രാത്രികളിലും ഒറ്റയ്ക്ക് സമരം ചെയ്യുന്ന പെണ്‍കുട്ടി; ‘സ്വഭാവം ശരിയല്ലെ’ന്ന് അധികൃതര്‍
)

മിഷ പ്രധാന ഗേറ്റിനു മുന്നില്‍ നടത്തുന്ന സമരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നു കാണിച്ച് അഹല്യ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ക്ക് അനുകൂലമായ ഉത്തരവുണ്ടായത്. ഹൈക്കോടതി ഉത്തരവ് കാണിച്ച് മിഷയോട് തങ്ങളുടെ ഗേറ്റിനു മുന്നില്‍ നിന്നും മാറാന്‍ അഹല്യയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മിഷ സമരസ്ഥലം മാറ്റി. കാമ്പസിന്റെ 100 മീറ്റര്‍ ദൂരത്തായി ഹൈവേയുടെ അരികിലുള്ള മരച്ചുവട്ടിലേക്കാണ് മിഷ സമരം മാറ്റിയത്. രാത്രിയില്‍ ഇവിടെ പേരിനുപോലും വെളിച്ചമില്ല. മാത്രവുമല്ല, ആരുടെയും ശ്രദ്ധയെത്താത്ത വിജനമായ പ്രദേശവുമാണിവിടം. യാതൊരുതരത്തിലുള്ള സുരക്ഷയും ഇല്ലാത്തിടത്താണ് നീതിക്കായി ഈ യുവതി രാവും പകലും സമരം ചെയ്യുന്നത്.

അവര്‍ എന്നെ ക്രിമിനലാക്കുന്നു


"എനിക്കുവേണ്ടി സംസാരിക്കാന്‍ ഇവിടെ ആരെത്തിയാലും അവരുടെ മുന്നില്‍ ഞാന്‍ ക്രിമിനല്‍ ആണെന്നും താന്തോന്നിയാണെന്നും മാനേജ്‌മെന്റ് പ്രചരിപ്പിക്കുകയാണ്. ചര്‍ച്ചയ്ക്ക് വിളിക്കുന്നിടത്തും വരുന്ന ഓരോ ആളുകളുടെ മുന്നിലും ഞാന്‍ മോശക്കാരിയാണെന്നു പറയുന്നു. മുന്‍പുണ്ടായിരുന്ന പ്രണയവും അത് മൂലമുണ്ടായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്. അഹല്യയിലെ ഓപ്പറേഷന്‍ മാനേജരുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ ഇപ്പോള്‍ അത് നിഷേധിക്കുന്നുണ്ട്. ഓപ്പറേഷന്‍ മാനേജരുമായുള്ള പ്രണയം പുറത്തറിഞ്ഞെന്ന തെറ്റിദ്ധാരണയിലാണ് എന്നെ പുറത്താക്കിയത്. രണ്ടു വ്യക്തികള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ പെണ്ണ് മാത്രമെങ്ങനെയാണ് മോശക്കാരിയാകുന്നത്?"
' മിഷ ചോദിക്കുന്നു.

മിഷയുടെ സമരം ബുദ്ധിമുട്ട്, പഞ്ചായത്തിന് പരാതി നല്‍കി പൗരസമിതി


മിഷയുടെ സമരം നാട്ടുകാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് 26 പേര്‍ ഒപ്പിട്ട് പൗരസമിതിയെന്ന പേരില്‍ വടകരപ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. തെരേസയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തില്ല. അതേസമയം സമരത്തിന്റെ ഭാഗമായി രാത്രിയും പകലും പാതയോരത്ത് ചിലവഴിക്കുന്ന മിഷയ്ക്ക് സംരക്ഷണം നല്‍കാന്‍ കൊഴിഞ്ഞാമ്പാറ പോലീസിനോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സമരത്തിന് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും


മിഷയുടെ സമരം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പിന്തുണയുമായെത്തി. മിഷയ്ക്കുള്ള നിയമ സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ ഏറ്റെടുത്തു. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജിയാസ് ജലീല്‍ മിഷയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകും. മിഷയുടെ സമരം സമാധാനപരമായും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെയുമാണ് നടക്കുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. മിഷയ്ക്ക് പിന്തുണയുമായി സമരസ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ അഹല്യ ഗ്രൂപ്പ് ലീഗല്‍ അഡ്‌വൈസര്‍ അഡ്വ. ഗാനവുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം കൈകാര്യം ചെയ്തത് ഏകപക്ഷീയമായാണെന്നും രണ്ടുപേരെയും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട് ജില്ല ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ അഹല്യ ഗ്രൂപ്പിന്റെ ചെയര്‍മാനുമായി സംസാരിക്കാനും ധാരണയായി. പരിസ്ഥിതി പ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത, അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പ്രദീപ് നെന്മാറ, അഴിമതിരഹിത സമൂഹം വടകരപ്പതി പഞ്ചായത്ത് കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ പ്രേംജിത് കൃഷ്ണന്‍, ജ്യോതിഷ് പുത്തന്‍സ്, ബിനോയ് ജേക്കബ്, ബൈജു മാങ്ങോട്, ഹരിദാസ് മച്ചിങ്ങല്‍, മുഹമ്മദ് റാഫി, സതീഷ് മേപ്പറമ്പ്, മണികണ്ഠന്‍ മാങ്ങോട്, ആര്‍. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലീഗല്‍ അഡ്‌വൈസര്‍ ഗാനവുമായി ചര്‍ച്ച നടത്തിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-misha-librarian-protest-at-ahalya-hospital-seeks-justice-report-by-sandhya/

Next Story

Related Stories