TopTop
Begin typing your search above and press return to search.

ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

രാഷ്ട്രീയക്കാരുടെ താന്തോന്നിത്തരം ബ്യൂറോക്രാറ്റുകളുടെ ഹീറോയിസത്തിന് വഴിയൊരുക്കുന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ദേവികുളത്തിന്റെ സമീപകാലചരിത്രം. രാഷ്ട്രീയ നേതൃത്വം മൂല്യവ്യവസ്ഥകളെയൊന്നും വിലവെക്കാതെ പെരുമാറുന്നത് ഒറ്റബുദ്ധികളായ, ശമ്പളത്തോടു മാത്രം ഉത്തരവാദിത്വം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് കാര്യങ്ങളുടെ നിയന്ത്രണമെത്തിക്കുന്നു. പരസ്പരമുള്ള വഴിവെട്ടല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ല എന്നതാണ് ഇതിന്റെയെല്ലാം അവസാനഫലം. കളക്ടർ ബ്രോ എന്ന പേരിലറിയപ്പെടുന്ന പ്രശാന്ത്, മൂന്നാറിലെ മുൻ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ, ഡോ. വാസുകി, ടോമിൻ തച്ചങ്കരി, എംജി രാജമാണിക്യം എന്നിങ്ങനെ നിരവധി ഉദ്യോഗസ്ഥ ഹീറോകൾ നമുക്കുണ്ട്. ഈ പേരുകളിലേക്ക് ആളെക്കൂട്ടാനുള്ള രാഷ്ട്രീയക്കാരുടെ തത്രപ്പാട് തുടരുന്നുവെന്നാണ് ദേവികുളത്തു നിന്നുള്ള വാർത്തകൾ നമ്മോട് പറയുന്നത്.

മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം റവന്യൂ സംഘം തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കെട്ടിട നിർമാണത്തിന് സബ് കളക്ടർ രേണുരാജ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സാമൂഹ്യസ്ഥാപനങ്ങളുടെ നിർമാണം തടയുന്ന സബ് കളക്ടറുടെ നടപടി ബുദ്ധിയല്ലെന്ന് എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞെന്നാണ് വാർത്ത. ഐഎഎസ്സുകാരുടെ സാമൂഹ്യബോധമില്ലായ്മയെയും രാജേന്ദ്രൻ വിമർശിച്ചു. രാജേന്ദ്രൻ തന്റെ ചുറ്റു കൂടി നിൽക്കുന്നവരോട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ‘കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ചിട്ട് കളക്ടറാകുന്നവര്‍ക്ക് ഇത്രയും ബുദ്ധിയെ കാണുകയുള്ളൂ’ എന്ന് രാജേന്ദ്രൻ പറഞ്ഞതായി റിപ്പോർട്ടുകളിലുണ്ട്. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികളെക്കാൾ മുകളിൽ നിന്ന് ഉദ്യോഗസ്ഥർ നിയന്ത്രണമേറ്റെടുക്കാൻ ശ്രമിക്കുന്നതിനെ രാജേന്ദ്രൻ വിമർശിക്കുന്നത് വീഡിയോയിൽ കാണാം.

ഈ വിഷയം വിവാദമായി. എംഎൽഎ എന്ന നിലയില്‍ സംസാരിക്കാൻ ശ്രമിച്ച തന്നോട് രേണുരാജ് മര്യാദയില്ലാതെ സംസാരിച്ചെന്ന് രാജേന്ദ്രൻ പറഞ്ഞു. ‘തന്റെ പണി നോക്കാന്‍’ സബ് കളക്ടർ പറഞ്ഞെന്ന ഗുരുതരമായ ആരോപണം എംഎൽഎ ഉയർത്തി. എസ് രാജേന്ദ്രനുമായി ഏറ്റുമുട്ടുന്ന സബ് കളക്ടർ താരമായി ഉയർന്നിരിക്കുകയാണ് മാധ്യമങ്ങളിൽ. 'ഝാൻസി റാണി' എന്നൊക്കെയാണ് ചില മാധ്യമങ്ങൾ രേണുരാജിന് വിശേഷണം നൽകിയിരിക്കുന്നത്.

ഡോ. രേണുരാജ് ഐഎഎസ് നേടിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യൻ സിവിൽ സർവ്വീസ് 2015 ബാച്ച് ഉദ്യോഗസ്ഥയായ ഇവർ എംബിബിഎസ് ബിരുദധാരി കൂടിയാണ്. കോട്ടയം ചങ്ങനാശ്ശേരിയിൽ സാധാരണമായ ചുറ്റുപാടുകളിൽ പഠിച്ചു വളർന്ന് ഐഎഎസ് നേടിയ രേണുരാജിനെക്കുറിച്ച് അന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഐഎഎസ് പരീക്ഷയിൽ രണ്ടാംറാങ്കോടെയാണ് രേണുരാജ് പാസ്സായത്. സ്കൂൾ പഠനകാലത്ത് കോട്ടയത്ത് കലോൽസവ വേദികളിലെ താരമായിരുന്നു. 2018 സ്കൂൾ കലോൽസവം തൃശ്ശൂരിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടപ്പോൾ സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന സബ് കളക്ടർ രേണുരാജിനെ ഭരതനാട്യ വേഷത്തിൽ വേദിയിലെത്തിക്കാൻ ഒരു ആലോചനയുണ്ടായിരുന്നു. ഉദ്ഘാടനത്തിനു മുമ്പായുള്ള സാംസ്കാരിക പരിപാടിയിൽ രേണുരാജിന്റെ നൃത്തം വേണമെന്നായിരുന്നും സംഘാടകരുടെ താൽപര്യം. എന്നാൽ രേണുരാജ് തന്നെ ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. നൃത്തം, പ്രസംഗം എന്നിവയിൽ വേദികളിൽ തിളങ്ങിയ താരമായിരുന്നു രേണുരാജ് സ്കൂൾ ജീവിതകാലത്ത്. ചങ്ങനാശ്ശേരി സെന്റ് തെരേസാസ് സ്കൂളിലെ താരമായിരുന്നു ഇവർ.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിനു സമീപം ശ്രീശൈലത്തിൽ എംകെ രാജശേഖരൻ നായരുടെയും വിഎൻ ലതയുടെയും മൂത്ത മകളാണ് രേണുരാജ്. ബസ് കണ്ടക്ടറായിരുന്നു രാജശേഖരൻ നായർ. പ്രൈമറി ക്ലാസുകൾ മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു രേണുരാജ്. സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പതിനൊന്നാം റാങ്കോടെയാണ് പത്താംക്ലാസ് പാസ്സായത്. തൃശ്ശൂരിലായിരുന്നു ഹയർ സെക്കൻഡ‍റി പഠനം. പിന്നീട് പിസി തോമസ്സിന്റെ എൻട്രൻസ് ട്രെയിനിങ് സെന്ററിൽ ചേർന്നു. എൻട്രൻസിൽ സംസ്ഥാനത്ത് അറുപതാം റാങ്കോടെ രേണുരാജ് കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടി. 2014ൽ മികച്ച വിജയം സ്വന്തമാക്കി പഠനം പൂർത്തിയാക്കുകയും ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന രേണു 2008-09 കോളേജ് യൂണിയനില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു.

2014ൽ തന്നെ രേണുരാജ് ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചു. കൊല്ലത്തെ കല്ലുവാതുക്കൽ ഇഎസ്ഐ ഡിസ്പെന്‍സറിയിൽ ജോലി ചെയ്യവെ ഐഎഎസ് നേടാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ വിവാഹം കഴിഞ്ഞിരുന്നു. മെഡിക്കൽ കോളജിൽ സഹപാഠിയായിരുന്ന ഡോ. എൽഎസ് ഭഗത്തിനെയാണ് രേണുരാജ് വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് സിവില്‍ സർവ്വീസ് അക്കാദമിയിൽ പഠനത്തിന് ചേർന്നു.

ഐഎഎസ് നേടിയതിനു ശേഷം പരിശീലനം എറണാകുളത്തായിരുന്നു. പ്രൊബേഷണര്‍മാരുടെ ജില്ലാ പരിശീലനത്തില്‍ അസി. കലക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തില്‍ ഒന്നാം റാങ്കും കിട്ടിയിരുന്നു. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കലക്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. മുന്‍ കലക്ടര്‍ എംജി. രാജമാണിക്യം, മുഹമ്മദ് സഫിറുല്ല എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. ട

തൃശ്ശൂരിൽ സബ് കളക്ടറായി നിയമനം ലഭിച്ചതിനു ശേഷം നിയമലംഘകരോട് കടുത്ത സമീപനം സ്വീകരിച്ച് രേണുരാജ് ശ്രദ്ധനേടി. വടക്കാഞ്ചേരിക്ക് സമീപം വാഴക്കോട് എന്ന പ്രദേശശത്ത് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന അനധികൃത ക്വാറി പ്രവര്‍ത്തനം രേണുരാജ് ഇടപെട്ട് പൂട്ടിച്ചു. സിപിഎം നേതാവും മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡണ്ടുമായ അബ്ദുൾ സലാമിന്റെ സഹോദരനായിരുന്നു ക്വാറിയുടെ നടത്തിപ്പുകാരൻ. ആദ്യം അബ്ദുൾ സലാം തന്നെ നേരിട്ട് നടത്തിയിരുന്നതാണ്. തൃശ്ശൂർ റൂറൽ പൊലീസിനു കീഴിലാണ് ഈ സ്ഥലം. പൊലീസും അധികാരികളും സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ക്വാറി പ്രവർത്തനത്തിന് മൗനാനുവാദം നല്‍കുകയായിരുന്നു. പ്രദേശവാസികളുടെ ജീവന് ഭീഷണിയുയർത്തി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു.

സബ് കളക്ടർക്ക് ഇതു സംബന്ധിച്ച് പരാതി ലഭിച്ചു. രേണുരാജ് രഹസ്യമായി അന്വേഷണം നടത്തി. ലൈസൻസില്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നത്. വൻതോതിൽ സ്ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്. പുലർച്ചെയാണ് രേണുരാജ് പരിശോധനയ്ക്ക് എത്തിയത്. ഡ്രൈവറോട് വാഴക്കാട് വരെ പോകണമെന്നു മാത്രമാണ് പറഞ്ഞത്. മറ്റാരെയും അറിയിച്ചില്ല. ക്വാറിയിൽ പാറ പൊട്ടിക്കൽ തകൃതിയായി നടക്കുകയാണ്. വടക്കാഞ്ചേരി എസ്ഐയെ ഫോണിൽ വിളിച്ചുവരുത്തി. തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെയും രേണുരാജ് വിളിച്ചുവരുത്തി. വണ്ടികളെല്ലാം പിടിച്ചെടുത്തു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരെ വിളിച്ചുവരുത്തി. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏറെ മികവ് തെളിയിച്ചിരുന്നു രേണുരാജ്. തൃശ്ശൂരിൽ ഒരു വർഷത്തോളം ജോലി ചെയ്തു. ശേഷം ദേവികുളത്തേക്ക് സ്ഥലംമാറ്റം. മലയോര ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ എന്ന വിശേഷണവുമായാണ് രേണുരാജ് എത്തിയത്. ഇടുക്കി ജില്ലയുടെ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നീ സ്ഥാനങ്ങളിലേക്ക് സർക്കാർ ഇതുവരെ വനിതകളെ നിയമിച്ചിട്ടില്ല.

മൂന്നാറിൽ അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് രേണുരാജ് എടുത്തത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങള്‍ക്ക് ഇവർ സ്റ്റോപ്പ് മെമ്മോ നൽകി. ദേവികുളത്ത് എത്തിയ അന്നുമുതലിന്നു വരെ മുപ്പതോളം അനധികൃത കെട്ടിടങ്ങളുടെ നിർമാണം നിർത്തിവെപ്പിച്ചു. മൂന്നാർ കോളനി കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്റെ മകൻ നിർമിക്കുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതും സബ് കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.

കഴിഞ്ഞ 9 വർഷത്തിനിടെ 14 സബ് കളക്ടർമാർ ദേവികുളത്ത് വന്നുപോയി. വൻകിടക്കാർ നോട്ടമിട്ടിട്ടുള്ള മണ്ണാണ് ദേവികുളത്തിന്റേത്. അവരുടെ താൽപര്യങ്ങൾ മാനിക്കാത്തവർക്ക് ദേവികുളത്ത് നിന്നുപോകാനാവില്ല. പുറത്തുവന്ന വീഡിയോയിൽ രാജേന്ദ്രൻ എംഎൽഎ പറയുന്നത് രേണുരാജിനെപ്പോലുള്ള ഉദ്യോഗസ്ഥരാണ് വരുന്നതെങ്കിൽ 'മൂന്നാർ രക്ഷപ്പെടില്ല' എന്നാണ്. രാഷ്ട്രീയക്കാരും വൻ സമ്പന്നരും ചേർന്ന് മൂന്നാറിനെ 'രക്ഷപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്. രേണുരാജ് ഇനി തൽസ്ഥാനത്ത് എത്ര നാളുണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം.

Next Story

Related Stories