TopTop
Begin typing your search above and press return to search.

വേനല്‍ കനത്തു; വയനാട് ദുരിതങ്ങളാല്‍ കത്തുന്നു

വേനല്‍ കനത്തു; വയനാട് ദുരിതങ്ങളാല്‍ കത്തുന്നു
വേനല്‍ കനത്തതോടെ വയനാട് ജില്ല അസഹനീയമായ ചൂടിലേക്കും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കും. ചൂട് കൂടിയതോടെ ആരോഗ്യപരമായും കാര്‍ഷികപരമായും സാമ്പത്തികമായുമൊക്കെ ജനജീവിതം ദുഷ്‌കരമായി. ഓരോ ദിവസം കഴിയുന്തോറും കിണറുകളും കുളങ്ങളും വറ്റി കൊണ്ടിരുക്കുമ്പോള്‍ ജനങ്ങളും ആശങ്കയിലാണ്. 1983 ന് ശേഷമുണ്ടായ ഈ വരള്‍ച്ച ജില്ലയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. വേനല്‍ കനത്തതോടെ കൃഷിയെ ആശ്രയിക്കുന്നവരുടെയും കന്നുകാലിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെയും ജീവിതം തീരാ ദുരിതത്തിലായി.

കുംഭം, മീനം മാസങ്ങളില്‍ ജില്ലയുടെ പല ഭാഗത്തും മഴ ലഭിച്ചെങ്കിലും അത് നിലവിലുള്ള ഉണക്കിന്റെ കാഠിന്യം കുറച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിലെ കുറവും തുലാ വര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ കിട്ടാത്തതുമാണ് ജില്ലയ്ക്ക് ഇത്രയധികം തിരിച്ചടിയായത്. മഴക്കാലത്ത് പോലും സാധാരണ ഉണ്ടാകാറുള്ള ഉറവകളും വെള്ളപ്പൊക്കമൊന്നും കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ലഭിച്ചിരുന്നില്ല. ഇനിയുള്ള രണ്ട് മാസം എങ്ങനെ മുന്‍പോട്ട് പോകും എന്നതിനെക്കുറിച്ച് ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലയിലെ ചില പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും ഇനിയും പദ്ധതി നടപ്പാക്കാത്ത പഞ്ചായത്തുകള്‍ ഉണ്ട്. എങ്കിലും പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളില്‍ പോലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇപ്പോള്‍ ഉള്ളത്.

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ക്ഷീര കര്‍ഷകര്‍ അധിവസിക്കുന്ന ജില്ലയിലെ ഈ പ്രദേശങ്ങളില്‍ കടുത്ത വേനലും കടുത്ത ചൂടും ബാധിച്ചത് വന്‍ തിരിച്ചടിയായിരുക്കുകയാണ്. ഇതോടെ പാലുത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരുക്കുന്നത്. പശുക്കള്‍ക്ക് തിന്നാനും കുടിക്കാനും കൊടുക്കാന്‍ ഒന്നുമില്ലാതോയതോടെ ക്ഷീര മേഖലയുടെ കാര്യം അവതാളത്തിലായി. പ്രാഥമിക ക്ഷീര സംഘങ്ങളില്‍ പാല്‍ വരവ് പകുതിയിലധികം കുറഞ്ഞു. പല കര്‍ഷകരും ക്ഷീര മേഖല ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
'പച്ചപ്പുല്ലും ശുദ്ധജലവുമാണ് കന്നുകാലി വളര്‍ത്താന്‍ പ്രധാനമായും ആവശ്യം. സമരത്തെ തുടര്‍ന്ന് പുറത്തുനിന്ന് വൈക്കോല്‍ എത്തുന്നുമില്ല. ഇവിടുള്ള കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന വൈക്കോല്‍ വിറ്റും തീര്‍ന്നു. തീമഴ പോലുള്ള വെയിലായതിനാല്‍ പശുക്കളെ കൂട്ടില്‍ നിന്ന് ഇറക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്. ചൂടില്‍ നിന്ന് രക്ഷിക്കാന്‍ കന്നു കാലികളെ പല തവണ കുളിപ്പിക്കേണ്ടതുണ്ട. വെള്ളം ആവശ്യാനുസരണം കുടിക്കാനും കൊടുക്കണം. എന്നാല്‍ നാട്ടിന്‍ പുറത്തെ കിണറുകളും തോടുകളുമെല്ലാം വറ്റി വരണ്ടു. അലക്കാനും കുളിക്കാനും ആവശ്യത്തിന് വെള്ളമില്ല, പിന്നെയെങ്ങനെ ഞങ്ങള്‍ കന്നു കാലികളെ വളര്‍ത്തും'
ക്ഷീര കര്‍ഷകനായ കബനിഗിരി നാരുവേലില്‍ ജോയി ചോദിക്കുന്നു.കാലാവസ്ഥയിലെ തിരിച്ചടി ജില്ലയില്‍ വലിയ ആഘാതമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. മണ്‍സൂണ്‍ മഴയടക്കം കാര്യമായി ലഭിക്കാത്തതും ജില്ലക്ക് കനത്ത തിരിച്ചടിയായി. അതാണ് ഇപ്പോള്‍ ചൂട് ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. 35.4 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ താപനില. ഫെബ്രുവരി മാസത്തില്‍ തന്നെ ഇത് 33.4 ഡിഗ്രി സെല്‍ഷ്യസ് എത്തിയിരുന്നു. വേനലിന്റെ ആരംഭമായതിനാല്‍ ജില്ലയില്‍ ജില്ലയില്‍ സാധാരണ ഇത്രയും ചൂട് ഉയരാറില്ല. കഴിഞ്ഞ വര്‍ഷം ഈ സമയങ്ങളിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു. എന്നാല്‍ ഇത് എല്ലാ ദിവസങ്ങളിലും 32 ന് മുകളിലാണ്. ജില്ലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2014 മാര്‍ച്ചിലായിരുന്നു. 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ ചൂട്. അതിന് ശേഷം അയല്‍ജില്ലയായ കോഴിക്കോടും കണ്ണൂരിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നപ്പോഴും വയനാട് ജില്ലയില്‍ 34 ല്‍ താഴെയായിരുന്നു താപനില എന്നാണ് അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് സൂചിപ്പിക്കുന്നത്.

'കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ നടന്നിരുന്ന മരം മുറി തന്നെയാണ് ഇപ്പോഴത്തെ ഈ വലിയ ഉഷ്ണത്തിന് കാരണം. ഇത് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്തതിനൊപ്പം രാസ വളങ്ങളുടെ അമിത പ്രയോഗം മണ്ണിന്റെ സ്വഭാവികമായ ഫലഭൂയിഷ്ഠതയെ നഷ്ടപ്പെടുത്തിയതും നമ്മുടെ കാലാവസ്ഥക്ക് വലിയ തിരിച്ചടിയായി. വ്യാപകമായി മുളകള്‍ മുറിച്ച് മാറ്റിയപ്പോള്‍ തന്നെ പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. വയനാടിന്റ സ്വഭാവികതയെ തിരിച്ചു കൊണ്ടു വരാനുള്ള വഴികളാണ് നാം ഇനി ആലോചിക്കേണ്ടത്. അതിനായി സമൂഹത്തില്‍ വിശാലമായ ബോധവത്കരണം നടത്തണം. അടുത്ത വര്‍ഷങ്ങളിലും ഈ ചൂട് വര്‍ദ്ധിച്ചാല്‍ അത് വയനാട്ടിലെ അപൂര്‍വങ്ങളായ ജിവജാലങ്ങളെയും സസ്യജാലങ്ങളെയും ബാധിക്കും.
' കല്‍പ്പറ്റ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ശിവന്‍ പറയുന്നു.ചൂട് വര്‍ദ്ധിച്ചതോടെ പല വിധ രോഗങ്ങളും ജില്ലയില്‍ വ്യാപിക്കാന്‍ തുടങ്ങി. മഞ്ഞപ്പിത്തം, ചൂടുപനി എന്നിവയും ജില്ലയില്‍ വ്യാപകമാകാന്‍ തുടങ്ങി. ഒപ്പം വയറിളക്ക രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016 മാര്‍ച്ച് മാസത്തില്‍ വരെ ജില്ലയില്‍ 162 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് ബാധിച്ചെതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 463 പേര്‍ ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. 2015 ല്‍ ജില്ലയില്‍ 361 പേര്‍ക്കായിരുന്നു ചിക്കന്‍പോക്‌സ് ബാധിച്ചത്.
'ചൂട് കൂടിയാല്‍ ഇത്തരം രോഗങ്ങള്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ചിക്കന്‍പോക്‌സ് പോലുള്ള ഇത്തരം രോഗങ്ങള്‍ വായുവിലൂടെയും പകരുന്നതിനാല്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് വന്നാല്‍ അടുത്ത ആളിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. രോഗം ബാധിച്ചവര്‍ ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതും രോഗം പകരാന്‍ ഇടയാക്കുന്നുണ്ട്. ജലജന്യ രോഗങ്ങളും പടരാന്‍ ഇടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനും ഭക്ഷ്യ വസ്തുക്കള്‍ ജാഗ്രതയോടെ ഉപയോഗിക്കാനും ജനങ്ങള്‍ ശ്രദ്ധിക്കേണം.' 
കേണിച്ചിറ പൊതു ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. ബൈജു പറയുന്നു.

ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ വ്യാപകമായ രീതിയില്‍ മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ 15 പേര്‍ ചികിത്സ തേടിയിരുന്നു. ചൂട് കൂടിയതോടെ ബേക്കറികള്‍, കൂള്‍ബാറുകളില്‍ നിന്നൊക്കെ ജനങ്ങള്‍ തണുത്ത ജ്യൂസുകളും മറ്റും കൂടുതലായി കഴിക്കുന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളില്‍ രോഗാണുക്കള്‍ ഉണ്ടെങ്കില്‍ രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലുണ്ട്. അതിനാല്‍ ആരോഗ്യ വകുപ്പും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്റ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയും വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും വേനല്‍ മഴ ശക്തമായി ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരം പ്രതിസന്ധിക്ക് ഒരു മാറ്റം വരൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

Next Story

Related Stories