TopTop
Begin typing your search above and press return to search.

നഗരം പിടിച്ചടക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍; അനന്തുവിന്റെ കൊലപാതകം തിരുവനന്തപുരം അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആദ്യസൂചന

നഗരം പിടിച്ചടക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍; അനന്തുവിന്റെ കൊലപാതകം തിരുവനന്തപുരം അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആദ്യസൂചന

പകലെന്നോ രാത്രിയെന്നോയില്ലാതെ ഇപ്പോള്‍ തിരുവനന്തപുരം നഗരം ലഹരിയുടെ പുതപ്പ് അണിയുകയാണ്. വല്ലപ്പോഴും ഒരു റെയ്ഡില്‍ ഏതാനും കിലോ കഞ്ചാവ് പിടിച്ചുവെന്ന വാര്‍ത്തയ്ക്കപ്പുറത്തേക്ക് നഗരത്തിലെ ലഹരിമരുന്ന് മാഫിയകള്‍ ഇവിടെ ചര്‍ച്ചയാകുന്നതേയില്ല.

എന്നാല്‍ അനന്തു ഗിരീഷിന്റെ കൊലപാതകത്തിന് ശേഷം തലസ്ഥാനത്തെ ലഹരി മാഫിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്. മുമ്പ് നഗരത്തിലെ ചില ഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരിക്കുന്ന ലഹരി സംഘങ്ങള്‍ ഇന്ന് നഗരവ്യാപകമായി സജീവമാണ്. അനന്തുവിനെ കൊലപ്പെടുത്തിയവര്‍ ലഹരിക്ക് അടിപ്പെട്ടാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് പറയുന്നത്. ലഹരിയില്‍ കൂത്താടി പിറന്നാള്‍ ആഘോഷിക്കുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതാണ് പോലീസിന് ഇതില്‍ ലഭിച്ചിരിക്കുന്ന തെളിവ്. പിറന്നാള്‍ ആഘോഷം നടത്തിയ അതേ സ്ഥലത്താണ് അനന്തുവിന്റെ മൃതദേഹവും കണ്ടെത്തിയത്. കരമനയില്‍ നിന്നും കടത്തിക്കൊണ്ട് പോയ അനന്തുവിനെ ഇവിടെയെത്തിച്ച് കരിക്ക് കൊണ്ട് ഇടിക്കുകയും കൈകളിലെ ഞെരമ്പ് സഹിതം മാംസം മൃഗീയമായി അറുത്തെടുത്തുമാണ് കൊലപാതകം നടത്തിയത്. അനന്തു രക്തം വാര്‍ന്ന് പിടയുന്നത് കണ്ട അക്രമികള്‍ രസിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തെന്നതില്‍ നിന്നും എത്ര പൈശാചികമായ മനസിന് ഉടമകളാണ് ഇവരെന്ന് വ്യക്തമാകും.

ചാക്ക ബൈപ്പാസിന് സമീപം യുവാവ് ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം മൂലം മരണപ്പെട്ടപ്പോഴാണ് മുമ്പ് തലസ്ഥാനത്ത് ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. അതിന് ശേഷം പോലീസും എക്‌സൈസും പുലര്‍ത്തിയ ജാഗ്രത ഒരു പരിധി വരെയെങ്കിലും ഇത്തരം സംഘങ്ങളെ ഒതുക്കാന്‍ സഹായിച്ചു. ചാക്ക മുതല്‍ പേട്ട വരെയുള്ള സ്ഥലങ്ങളിലും ചെങ്കല്‍ച്ചൂള ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും എന്തിന് മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ സൈഡിലൂടെയുള്ള റോഡിലെ ചില ആളൊഴിഞ്ഞ പ്രദേശങ്ങളും ഇവരുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരുന്നു. പേട്ടയില്‍ കേരള കൗമുദി ഓഫീസിന് മുന്നിലെ കടകള്‍ക്ക് പിന്നിലുള്ള സ്ഥലവും സമീപത്തുള്ള പാര്‍ക്കും ഇവരുടെ കേന്ദ്രമായിരുന്നു. ഒരു അഞ്ച് വര്‍ഷം മുമ്പ് വരെ മദ്യമായിരുന്നു ഈ ലഹരി വസ്തുക്കളില്‍ മുന്നില്‍ നിന്നതെങ്കില്‍ ഇപ്പോള്‍ മദ്യത്തിന് ഇവര്‍ക്കിടയില്‍ പ്രസക്തിയൊന്നുമില്ലാതായെന്ന് കേരള കൗമുദിയിലെ മുന്‍ ക്രൈം റിപ്പോര്‍ട്ടര്‍ പി ഹരിഹരന്‍ പറയുന്നു.

അത് കൂടാതെ ചില പോക്കറ്റുകളില്‍ മാത്രമൊതുങ്ങിയിരിക്കുന്ന ഈ സംഘാംഗങ്ങളെ ഇപ്പോള്‍ നഗരത്തില്‍ എവിടെയും കാണാമെന്ന സ്ഥിതിയാണുള്ളത്. നഗരത്തിലെ ഗുണ്ടകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മയക്കുമരുന്ന് സംഘങ്ങള്‍ ഇപ്പോള്‍ പലരിലേക്കായി വ്യാപിച്ചിരിക്കുന്നു. അതില്‍ വിദ്യാര്‍ത്ഥികളുണ്ട്, സാധാരണക്കാരുണ്ട്. നേരത്തെ മദ്യമായിരുന്നു ലഹരി വസ്തുക്കളില്‍ പ്രധാനമായും കച്ചവടം ചെയ്യപ്പെട്ടിരുന്നത്. ബാറുകള്‍ പൂട്ടിയപ്പോള്‍ കരിഞ്ചന്തയിലെ മദ്യ വില്‍പ്പന ഒരു പരിധി വരെ ഊര്‍ജ്ജിതമാകുകയും ചെയ്തിരുന്നു. എന്നാല്‍ യുവത്വം ലഹരിയുടെ മറ്റ് വഴികള്‍ തേടിപ്പോയപ്പോള്‍ മദ്യവില്‍പനയ്ക്ക് കാര്യമായ മാറ്റം വന്നു. കരിഞ്ചന്തയിലായാലും മദ്യശാലകളിലായാലും മദ്യത്തിന് വിലയേറിയതും ഇതിന് കാരണമായി. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ലഹരിയെന്നതാണ് ചെറുപ്പത്തിന്റെ നിലപാട്. ഇതിനായി അവര്‍ വൈവിധ്യമേറിയ മാര്‍ഗ്ഗങ്ങള്‍ തേടി. വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കാന്‍ ട്യൂബുകളില്‍ തേയ്ക്കുന്ന സൊലൂഷന്‍ എന്ന പശയാണ് പല കൗമാരക്കാരുടെയും ആദ്യകാല ആശ്രയം. പഞ്ചര്‍ ഒട്ടിക്കുന്നവര്‍ ശരീരത്ത് പറ്റാതിരിക്കാന്‍ ശ്രദ്ധിച്ച് ഉപയോഗിക്കുന്ന സൊലൂഷനും ലെതര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന ഫെവികോളിനും വില കുറവാണെന്നതും ഉപയോഗിച്ച വിവരം പുറത്തറിയില്ലെന്നതാണുമാണ് മുഖ്യ ആകര്‍ഷണം. ഇത്തരം പശ ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഒഴിച്ച് മുഖം അതിനോട് ചേര്‍ത്തു വച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. പശയില്‍ നിന്നും ഉയരുന്ന രൂക്ഷഗന്ധമാണ് ലഹരി നല്‍കുന്നത്. എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കും. ഉപയോഗിക്കുന്നവര്‍ മയങ്ങിക്കിടക്കുകയോ ആടിയാടി നടക്കുകയോ ചെയ്യും.

Also Read: കൈ ഞരമ്പുകള്‍ മുറിച്ചു, തലയോട്ടി തകര്‍ത്തു, കണ്ണുകളില്‍ സിഗററ്റ് കുത്തി; തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

നഗരത്തില്‍ ഒരു ആമ്പ്യൂള്‍ പെത്തഡിന് എഴുന്നൂറ് രൂപയും ഒരു പൊതി കഞ്ചാവിന് മുന്നൂറ് രൂപയുമായിരുന്നു രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെയുള്ള വില. എന്നാല്‍ ഒരു പൊതി കഞ്ചാവിന് നിലവില്‍ അഞ്ഞൂറ് രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ വില്‍പ്പനക്കാരും നിരവധിയുണ്ട്. ഇന്റലിജന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത് അമ്പത് ടണ്‍ കഞ്ചാവാണ്. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കേരളത്തിലെ മയക്കുമരുന്നുകളുടെ ലഭ്യത വര്‍ധിപ്പിച്ചു. ചാക്കയ്ക്കും അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപം ഒരുകാലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ചാക്കയ്ക്ക് സമീപം വിദ്യാര്‍ത്ഥി അമിത ഡോസില്‍ ലഹരി മരുന്ന് കഴിച്ച് മരിച്ചതോടെ എക്‌സൈസ് പരിശോധന കര്‍ക്കശമാക്കിയതോടെ ഈ സംഘങ്ങള്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ കൂടി ഉപയോഗിച്ചാണ് ഇപ്പോള്‍ ഇവരുടെ കച്ചവടം. അതിനാല്‍ പ്രത്യേകിച്ച് ഒരു സ്ഥലവും ഇത്തരം ഇടപാടുകള്‍ക്ക് ആവശ്യമില്ല. അതുകൊണ്ട് തന്നെ നഗരത്തില്‍ എവിടെ വച്ച് വേണമെങ്കിലും ഇത്തരം ഇടപാടുകള്‍ നടക്കുമെന്ന സാഹചര്യമാണുള്ളതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കേരളത്തില്‍ മാത്രം ഒരു ദിവസം പത്ത് കോടി രൂപയുടെ ലഹരി കച്ചവടമാണ് നടക്കുന്നതെന്നും എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ക്രെഡിറ്റ് കാര്‍ഡിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്നുകള്‍ എത്തിച്ചേരുന്നുണ്ട്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എല്‍എസ്ഡിയാണ് ഇന്ന് കലാലയങ്ങള്‍ക്ക് പ്രിയം. ഒരു മൈക്രോ സിം കാര്‍ഡിന്റെ നാലിലൊന്ന് വലിപ്പം മാത്രമുള്ള സ്റ്റാമ്പുകളാക്കി രണ്ടായിരം രൂപക്ക് ലഭിക്കുന്ന എല്‍ എസ് ഡി കേരളത്തിലെ കലാലയങ്ങളിലും ഐ ടി സ്ഥാപനങ്ങളിലും സുലഭമായി ലഭിക്കുന്നുണ്ട്. നാവിന്‍ തുമ്പിലൊട്ടിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ഉന്മാദം ലഭിക്കുന്ന ഈ സ്റ്റാമ്പ് ആയിരം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവിന്റെ നാലിരട്ടി ലഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വസ്തുക്കളുടെ പട്ടികയില്‍ കുങ്കുമപ്പൂവിനും പ്ലാറ്റിനത്തിനും സ്വര്‍ണ്ണത്തിനും അമൂല്യ രത്നങ്ങള്‍ക്കും മുകളിലാണ് മാരകമായ ലഹരി പദാര്‍ത്ഥങ്ങളായ ഹെറോയിന്‍, കൊക്കെയിന്‍, എല്‍ എസ് ഡി എന്നിവയുടെ സ്ഥാനം.

വിദ്യാര്‍ത്ഥികളാണ് ലഹരി പദാര്‍ത്ഥങ്ങളുടെ പ്രധാന വിതരണക്കാര്‍. ആര്‍ഭാട ജീവിതത്തിന് എളുപ്പത്തില്‍ പണം ലഭിക്കുമെന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ശിക്കാന്‍ കാരണം. എന്തായാലും തലസ്ഥാന നഗരം ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ലഹരിക്ക് അടിപ്പെട്ടിരിക്കുകയാണ്. അനന്തുവിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ ശ്രീവരാഹത്ത് യുവാവ് കൊല്ലപ്പെട്ടതിന് പിന്നിലും ലഹരി സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് അറിയുന്നത്. ലഹരി മാഫിയ മൂന്നാഴ്ചയ്ക്കിടെ കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളായിരുന്നു അനന്തു. തിരുവനന്തപുരത്ത് അടിക്കടി ഉണ്ടാവുന്ന മയക്കു മരുന്നു സംഘങ്ങളുടെ കൊലപാതകങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം തന്നെ ആവശ്യമാണ് എന്ന മുറവിളിയും ഉയരുന്നുണ്ട്. മയക്കു മരുന്ന് ഉപയോഗിക്കുന്ന ഒരു ഒരു ചെറു സംഘം എന്നും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, അവ ഇങ്ങനെ കൊലകളിലേക്കും മറ്റും എത്തിയിരുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണിങ്ങനെയൊരു മാറ്റമുണ്ടായതെന്നും ചിന്തിക്കേണ്ടതാണ്.

Also Read: ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ അനന്തു വിദേശത്തേക്ക് പറന്നേനെ

അതിനിടെ തലസ്ഥാന നഗത്തിലെ ഇത്തരം മാഫിയകളുടെ പ്രവർത്തനങ്ങൾക്ക് പോലീസിലെ തന്നെ ചിലരുടെ പിന്തുണയുണ്ടെന്നാണ് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ കോബ്ര’ എന്നപേരിൽ നടത്തിയ നീക്കത്തിലൂടെ നഗരത്തിലെ ഗുണ്ടാവേട്ടയിൽ വലിയ വിഭാഗം ക്രമിനലുകളെയും ലഹരി സംഘങ്ങളെയും അമർച്ച ചെയ്തെന്നായിരുന്നു പോലീസിന്റെ നേരത്തെയുള്ള അവകാശവാദം. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയത്. പൊലീസിന്റെ ഗുണ്ടാ സ്ക്വാഡിലെ ചിലരും നഗരത്തിൽ വർഷങ്ങളായി ജോലി ചെയ്തവരുന്ന ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഓപ്പറേഷൻ കോബ്രക്ക് ശേഷവും ഇത്തരം സംഘങ്ങൾ തുടരാൻ ഇടയാക്കിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ ഇത്തരം സംഘങ്ങളെ പിടികൂടാൻ ‘ഓപ്പറേഷൻ ബോൾട്ടുമായി’ രംഗത്തിറങ്ങിയിരിക്കുകയാണു സിറ്റി പൊലീസ്. ലുട്ടാപ്പി, സുനാമി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന രണ്ടു പേരാണു നഗരത്തിലെ കഞ്ചാവു സംഘങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് സ്പെഷൽ ബ്രാഞ്ച് പറയുന്നത്. ഇതിലൊരാൾ ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടാമൻ ഒളിവിലാണെന്നുമാണ് വിവരം. ഇത്തരം സംഘത്തിൽപ്പെട്ട ഒരാളെ അടുത്തിടെ ഫോർട്ട് സ്റ്റേഷനിൽ പിടികൂടിയപ്പോൾ പുറത്തിറക്കാൻ പ്രാദേശിക നേതാക്കളുടെ നീണ്ട നിരയായിരുന്നെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കൊല്ലം കോവളത്ത് വിദേശി സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നിലും ഇത്തരം സംഘങ്ങളുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. അതേസമയം തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങളാണ് ചിലര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് ആര്‍എസ്എസിനുണ്ടായ വളര്‍ച്ചയും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുമ്പൊക്കെ കോളനികളെയാണ് ഇതിന്റെ പേരില്‍ കുറ്റം പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് അതിന് സാധ്യമല്ല. ചെങ്കല്‍ച്ചൂള, കരിമഠം, ഗുണ്ടുകാട്, ബാര്‍ട്ടണ്‍ഹില്‍ തുടങ്ങിയ കോളനികളില്‍ ഇപ്പോഴും ലഹരി മാഫിയ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് പുറത്തുള്ള സംഘങ്ങളുടെ വലിപ്പം അതിഭീകരമാണ്. തലസ്ഥാന നഗരത്തിലെ സമീപ കാലത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇത്തരം സംഘങ്ങളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ലഹരി മാഫിയ സംഘങ്ങളെ നേരിടാൻ ജില്ലകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ ഐജിയാണ് ഇവരെ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസർ. എന്നാല്‍ പോലീസിലെ ഈ സംഘത്തിന്റെയും എക്സൈസ് വകുപ്പിന്റെയും പ്രവർത്തനം ഇപ്പോള്‍ കടലാസിൽ മാത്രമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: അനന്തു കൊലപാതകം: ബിജെപി കൌണ്‍സിലറുടെ ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് നാട്ടുകാര്‍


Next Story

Related Stories