TopTop
Begin typing your search above and press return to search.

പാലാരിവട്ടം പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി

പാലാരിവട്ടം പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി
പാലാരിവട്ടം പാലം കാര്യമായ പുനരുദ്ധാരണത്തിന് വിധേയമാക്കണമെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി. റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിച്ചതായി ശ്രീധരൻ അറിയിച്ചു. കൂടുതൽ നടപടി മുഖ്യമന്ത്രിയടക്കമുള്ളവരാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം നിലവിലെ പണികൾ തുടരാനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലത്തിന്റെ ഇപ്പോഴത്തെ നില സംബന്ധിച്ചുള്ള സാങ്കേതിക-ശാസ്ത്രീയ വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ഇ ശ്രീധരന്റേതുമായി ഒത്തുനോക്കും. ഇതിനു ശേഷമായിരിക്കും നടപടി അന്തിമമായി തീരുമാനിക്കുക.

മുഖ്യമന്ത്രിയുമായി ജി സുധാകരൻ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ശേഷം ഇ ശ്രീധരനെയും ഐഐടി അധികൃതരെയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ചർച്ച നടത്തും. ഇതിൽ തീരുമാനം ഉരുത്തിരിഞ്ഞു വരും.

അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമുള്ള പാലത്തിന്റെ അവസ്ഥയും ഇ ശ്രീധരൻ പരിശോധിച്ചിട്ടുണ്ട്. ചെന്നൈ ഐഐടിയും ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും ശ്രീധരൻ പരിശോധിച്ചു. പാലത്തിനു താഴെ നിന്നായിരുന്നു പരിശോധന തുടങ്ങിയത്. എന്‍ജിനീയർമാരോട് ഹ്രസ്വമായ ചർച്ച നടത്തുകയും ചെയ്തു അദ്ദേഹം. പാലത്തിന്റെ ഘടന, നിർമാണ രീതി, സാങ്കേതിക വിദ്യ തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങളു പിഡബ്ല്യൂഡി എൻജിനീയർമാരോട് ചോദിച്ചു മനസ്സിലാക്കി. അറ്റകുറ്റപ്പണികൾ എത്രത്തോളം സഹായകമാകുമെന്ന കാര്യവും അദ്ദേഹം എൻജിനീയർമാരോട് ആരാഞ്ഞു.

പാലത്തിനുപയോഗിച്ച സാമഗ്രികൾ മോശം നിലവാരത്തിലുള്ളവയാണെന്ന് വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവർ കൊച്ചിയില്‍ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ആവശ്യത്തിന് സിമന്റും കമ്പിയും പോലും ഉപയോഗിക്കാതെയാണ് നിർമാണം നടന്നതെന്നാണ് ഇവർ കണ്ടെത്തിയത്. സാങ്കേതികമായ പോരായ്മകൾ വേറെയും. തൂണുകളുടെ ബെയറിങ്ങുകൾക്ക് തകരാറുണ്ട്. ഡിസൈനും അബദ്ധമാണ്. വാഹനം പോകുമ്പോള്‍ പാലം ഇളകുന്നതിനുള്ള കാരണം ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിന് ഡയഫ്രം ഉപയോഗിക്കാത്തതാണെന്ന് ഇ ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിന് മിഡില്‍ ഡയഫ്രം ഉപയോഗിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ പാലങ്ങളില്‍ സംസ്ഥാനം ഏറ്റെടുത്ത് ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ദേശീയ പാത അതോറിറ്റിക്ക് സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പ്പാലം പോലുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പാലംപണിയുടെ ഭൂരിഭാഗവും നടന്നത്. വികെ ഇബ്രാഹിംകുട്ടിയായിരുന്നു പൊതുമരാമത്ത് മന്ത്രി. പിന്നീട് പിണറായി സർക്കാർ നിലവിൽ വന്നതിനു ശേഷം പാലത്തിന്റെ ഉദ്ഘാടനം നടന്നു.

Next Story

Related Stories