TopTop
Begin typing your search above and press return to search.

ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?

ഐടി, വികസനത്തിന്റെ ലാസ്റ്റ് ബസ്സോ?

ദിവസങ്ങള്‍ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. നിരവധി വിഷയങ്ങള്‍ സംവാദമായും വിവാദമായും കടന്നു പോയി. വാഗ്വാദങ്ങള്‍ നടന്നു. പ്രകടന പത്രികകള്‍ വന്നു. വികസനവും അഴിമതിയും ക്രമസമാധാനവും ക്ഷേമ ഭരണവും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതും തെരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യേണ്ടതുമായ 7 ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അഴിമുഖം 7 ബിഗ് ക്വസ്റ്റ്യന്‍സ് @പോള്‍ 2016. തെരഞ്ഞെടുപ്പ് തലേ ദിവസം വരെ ഈ ചര്‍ച്ച തുടരും.. വായനക്കാര്‍ക്കും പ്രതികരിക്കാം. ഇ-മെയിലായും കമന്‍റായും വരുന്ന മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ ഈ സീരീസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഐ ടി വികസനത്തിന്റെ ലാസ്റ്റ് ബസ്സോ? എന്നതാണ് ആദ്യ ചോദ്യം. (തയ്യാറാക്കിയത്-വി ഉണ്ണികൃഷ്ണന്‍)


ജി.വിജയരാഘവന്‍
തിരുവനന്തപുരം ടെക്നോപാര്‍ക്ക് സ്ഥാപക സി ഇ ഒ, ഐ ടി വിദഗ്ധന്‍


ഐടി മുന്‍പത്തെപ്പോലെയല്ല. മുന്നേറ്റങ്ങള്‍ കാര്യമായ രീതിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതാണ് വികസനത്തിന്റെ അവസാനത്തെ ബസ് എന്ന് പറയാന്‍ സാധിക്കില്ല. ഏറ്റവും കൂടുതല്‍ എംപ്ലോയ്‌മെന്റ് ഉണ്ടാകുന്ന മേഖല ടൂറിസം തന്നെയാണ് ഇപ്പോഴും. പക്ഷേ സാലറി പെര്‍ എമ്പ്ലോയി എന്ന രീതിയില്‍ നോക്കുകയാണെങ്കില്‍ ഐടി തന്നെയാണ് മുന്നില്‍. ഐടി സെക്ടറില്‍ ഒരാള്‍ക്ക് ലഭിക്കുന്ന സാലറിയാണ്‌ ടൂറിസം മേഖലയില്‍ 10 പേര്‍ക്ക് ലഭിക്കുന്നത്.കൂടുതല്‍ ക്വാളിഫൈഡ് ആയ ആളുകള്‍ ഉണ്ടെന്നതാണ് കാരണം. ടൂറിസം മേഖലയില്‍ അതാത് ഏരിയകളില്‍ ആവശ്യമായ സ്കില്‍ പരിശീലനം മാത്രം മതിയാകും. അതുകൊണ്ടാണ് കൂടുതല്‍ ജോബ്‌ ഓപ്ഷനുകള്‍ ഉള്ളത്.

ആനുവല്‍ റവന്യൂവില്‍ വന്ന മാറ്റം, ഈ ഗവര്‍ണന്‍സ്‌, ഡിജിറ്റല്‍ സര്‍വ്വീസസ് ഒക്കെ വികസനത്തിന്റെ ഭാഗമാണ്. എല്ലാ മേഖലകളിലും അതിന്റെ പ്രസരവുമുണ്ടായിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ആരംഭിച്ചതോടെ താഴേക്കിടയില്‍ നിന്നുമുള്ള അഴിമതിക്ക് കുറവു വരുത്താന്‍ സാധിച്ചു. ഇ-ടെണ്ടര്‍ കറപ്ഷന്‍ കുറയ്ക്കാനുതകുന്നതാണ്. ഒരു പരിധിക്കപ്പുറമുള്ള തുകയിലുള്ള ടെണ്ടര്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ ആക്കിയതിനാല്‍ ഇടനിലക്കാര്‍ ഇല്ലാതെ തന്നെ നടപടികള്‍ പൂര്‍ത്തിയാവും. ഫിക്സിംഗ് ഇല്ല, ഇ-ഓഫീസ് കൂടുതല്‍ പ്രാബല്യത്തില്‍ വരുന്നു. എല്ലായിടങ്ങളിലും ആയോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല. ഉടന്‍ തന്നെ ബാക്കിയുള്ളവ കൂടി പൂര്‍ത്തിയാവും.

റവന്യൂ, ട്രഷറി-സിവില്‍ സപ്ലൈസ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളിലും ഐടി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 150-200 തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് ഓണ്‍ലൈന്‍ ആയി ലഭ്യമാവുന്നുണ്ട്. മുന്പ് അതിനായി ഓരോ ഓഫീസുകളിലും കയറി ഇറങ്ങി നടക്കണമായിരുന്നു. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഏറെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് ആദ്യ രണ്ടു മൂന്നു വര്‍ഷം ഐടി കമ്പനികള്‍ ആളുകളെ ചൂഷണം ചെയ്യുന്നു എന്ന വിമര്‍ശനം ഭരിക്കുന്ന മുന്നണി തന്നെ നടത്തിയിരുന്നു. അത് കാരണം ചില കമ്പനികള്‍ അന്ന് പിന്തിരിഞ്ഞു. അല്ലാതെ വലിയ തോതില്‍ കമ്പനികള്‍ തിരിച്ചു പോയിട്ടില്ല. ഐടി സെക്ടറില്‍ നഷ്ടങ്ങള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു പരിധി വരെ സത്യമാണ്.

ജോസഫ് സി മാത്യു
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ഐ ടി ഉപദേഷ്ടാവ്

ഐടി ഒരു ജനറല്‍ പര്‍പ്പസ് ടെക്നോളജി മാത്രമാണ്. അതാണ് പരാമീറ്റര്‍, അവസാനവാക്ക് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് മൂലം മറ്റു മേഖലകളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ നല്ലതാണ്. എന്നാല്‍ ഐടിയെ ബേസ് ചെയ്താണ് മറ്റു മേഖലകള്‍ മുന്നോട്ടു പോകുന്നത് എന്നതിനോട് യോജിക്കാനാകില്ല.

സ്മാര്‍ട്ട്‌സിറ്റി കേരളത്തിലെ ഒന്നാമത്തെ സ്വകാര്യ സാമ്പത്തിക മേഖലയായിരുന്നു. സ്വകാര്യ മേഖലകളില്‍ കൂടി മാത്രമേ ഐടി വികസനം സാധ്യമാകൂ എന്ന് മുഖ്യമന്ത്രി പറയുന്നു. അതിനു ശേഷം മുണ്ടു മുറുക്കി ഉടുക്കണം എന്നും വികസനത്തിന്റെ ലാസ്റ്റ് ബസ് ആണ് എന്നും നമ്മളോട് പറയുന്നു. അതൊരു ബാലിശമായ വാദമാണ്.വികസനമുണ്ടായി എന്നതിലൂടെ പ്രധാനമായും പറയുന്നത് ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് ആണ്. കൂടുതലും ഔട്ട് സോഴ്സ് ഇന്‍ഡസ്ട്രി. അതാണോ വികസനം. ഒട്ടും ചേര്‍ച്ചയില്ലാത്ത കുറച്ചു വാദങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നിരത്തുന്നത്.

കേരളത്തിന്റെ 1286 ഏക്കര്‍ ഭൂമി ഐടി ഇന്ഫ്രാസ്ട്രക്ച്ചറിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 1086 ഏക്കര്‍ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് ആണ്. ടെക്നോപാര്‍ക്ക്‌ ഫേസ് 2വിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെ ഫസ്റ്റ് ഫേസിന്റെയും 180 ഏക്കര്‍ സ്ഥലമാണ്‌ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് നടന്നത്. ബാക്കിയത്രയും നടന്നത് ഇടതു മന്ത്രിസഭയുടെ ഭരണകാലത്താണ്. അതെങ്ങനെ യുഡിഎഫ് നടപ്പിലാക്കിയതാവും.

ഉമ്മന്‍ ചാണ്ടിയുടെ കരാര്‍ പ്രകാരം സ്മാര്‍ട്ട്‌സിറ്റി 332.9 ഏക്കര്‍ ഭൂമിയുടേത് ആയിരുന്നു. 136, 100, 96.9 ഏക്കര്‍ ഉള്ള മൂന്നു കമ്പോണന്‍റ്റും കൂടി ചേര്‍ത്ത് അവര്‍ സ്മാര്‍ട്ട്‌ സിറ്റിക്ക് വേണ്ടി നല്‍കി. അഞ്ചു വര്‍ഷം കൊണ്ട് 5000 പേര്‍ക്ക് ജോലി, ഏഴ് വര്‍ഷം കൊണ്ട് 15000 ജോലി, പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 33000 പേര്‍ക്ക് ജോലി എന്നിങ്ങനെയായിരുന്നു കരാര്‍. ഇപ്പോള്‍ ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍ 28000 പേര്‍ക്ക് ജോലി നല്കാന്‍ കഴിഞ്ഞത് ഇന്‍ഫോപാര്‍ക്കില്‍ മാത്രം. സ്വാഭാവികമായ വളര്‍ച്ചയാണ് അതിലുള്ളത്. അത് ഈ ഗവണ്‍മെന്‍റ് അവരുടെ ക്രെഡിറ്റിലേക്ക് മാറ്റിയെടുത്തതാണ്.

ഈ അഞ്ചുവര്‍ഷ കാലയളവില്‍ ഒരൊറ്റ മേജര്‍ കമ്പനി ഇവിടെ എത്തിയിട്ടില്ല. ഒറാക്കിള്‍, കാപ്ജെമിനി, അക്സെഞ്ചര്‍, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മാത്രം മതി വികസനം എവിടെയെത്തി എന്നറിയാന്‍. 2015 മേയ് 15നും മേയ്29 നും നിങ്ങളുടെ നിസ്സഹകരണം മൂലം ഞങ്ങള്‍ ഈ പദ്ധതി ഉപേക്ഷിക്കുന്നു എന്ന് രേഖാമൂലം ഇന്‍ഫോസിസ് കത്ത് നല്‍കി അവര്‍ ഇതില്‍ നിന്നും പിന്മാറി. 10000 ജോലിയുടെ ഡയറക്ട് ലോസ്. ഇവരുടെ കച്ചവടങ്ങള്‍ക്ക് മറ നല്കാന്‍ അല്ലാതെ ഐടി മേഖലയെ മൈന്‍ഡ് ചെയ്തിട്ടു പോലുമില്ല. അങ്ങനെയെങ്കില്‍ ഇന്‍ഫോസിസ് കത്തു നല്‍കുമ്പോള്‍ ഐടി മന്ത്രിയോ മുഖ്യമന്ത്രിയോ അവര്‍ക്ക് രേഖാമൂലം മറുപടി നല്‍കേണ്ടതല്ലേ. അതുണ്ടായില്ല.

സ്മാര്‍ട്ട്‌സിറ്റി എന്ന വ്യക്തമായ കരാര്‍ ഉണ്ടായിട്ടു പോലും ഒരേ മതില്‍ക്കെട്ടിനു അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ 28000 വേക്കന്‍സി ഉണ്ടായപ്പോള്‍ മതിലിനപ്പുറത്തുള്ള സ്മാര്‍ട്ട് സിറ്റിയില്‍ ഒരു കമ്പനി പോലും ഇല്ലാത്തതിനു കാരണവും ഇത് തന്നെ. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ അവരുടെ പ്രവൃത്തിയില്‍ നിന്ന് തന്നെ വ്യക്തമാണ്‌.

രാജീവ്‌ കൃഷ്ണന്‍
പ്രതിധ്വനി (തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടന) സെക്രട്ടറി


ടെക്നോപാര്‍ക്കിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ കമ്പനികള്‍ ഒന്നും ഇവിടെ വന്നിട്ടില്ല. ഒറാക്കിള്‍ വലിയ ബേസ് ആയി ഇവിടെ കാണും എന്ന് പറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ റിക്രൂട്ട്മെന്റ് ഒന്നും നടന്നിട്ടുമില്ല. അക്സെഞ്ചര്‍, കേപ് ജെമിനി എന്നീ കമ്പനികളും ഇവിടെ ഡെവലപ്മെന്റ് സെന്റര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഓഫീസ് ആരംഭിച്ചുവെങ്കിലും പിന്നീട് അവരും പിന്‍വലിഞ്ഞു. വികസനമുണ്ടാകുമ്പോള്‍ സ്വാഭാവികമായും ഒഴിവുകളും ഉണ്ടാവണമല്ലോ. അതിനായുള്ള റിക്രൂട്ട്മെന്‍റ്റും.

ഐബിഎസ്, ക്വസ്റ്റ്, അലൈന്‍സ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന എംഎന്‍സികള്‍ മാത്രമേ ഇവിടെയുള്ളൂ. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ മേഖലയെ വളര്‍ത്താന്‍ മനപ്പൂര്‍വ്വമായുള്ള ശ്രമം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായില്ല എന്ന് പറയേണ്ടി വരും.

അടുത്ത സര്‍ക്കാര്‍ അത് പരിഹരിക്കണം എന്നാണ് ആഗ്രഹം, കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളം മുഴുവന്‍ ഐടി ഹബ്ബ് ആക്കാനുള്ള ശ്രമം ആണ് നടത്തിയത്. അതൊരു നല്ല നീക്കമായിരുന്നു. കുണ്ടറ, ചേര്‍ത്തല, കണ്ണൂര്‍, കൊരട്ടി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചെറിയ പാര്‍ക്കുകള്‍ വന്നു. എന്നാല്‍ അതിനെ കൂടുതല്‍ മുന്‍പോട്ടു കൊണ്ടുവരാനുള്ള ശ്രമം നിലവിലെ സര്‍ക്കാര്‍ നടത്തിയില്ല. 2009 ല്‍ നടന്നത് പോലെയുള്ള ഹ്യൂജ് റിക്രൂട്ട്മെന്റ്റ് ഇപ്പോള്‍ നടക്കുന്നില്ല.

മാന്ദ്യം നിലവിലുള്ളത് കാരണം റിസഷന്‍ പീരീഡ്‌ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാന്‍ കഴിയും. അത് ആഗോള തലത്തില്‍ ബാധിച്ചിട്ടുണ്ട് എന്നതും കണക്കിലെടുക്കണം. പക്ഷേ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ വളരെ പരിതാപകരമായ ഒരു അവസ്ഥയാണ്‌ കാണാന്‍ കഴിയുക.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു പ്രത്യേക വിംഗ് ഒക്കെ ഉണ്ടായെങ്കിലും മറ്റു പ്രധാന മേഖലകളില് ശ്രദ്ധ പുലര്‍ത്താന്‍ അവര്‍ക്കു സാധിച്ചില്ല. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി തുടക്കത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയെങ്കിലും കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതിനാല്‍ ആവാം പിന്നീട് അത്ര നല്ല സപ്പോര്‍ട്ട് അവര്‍ക്കു ലഭിക്കാത്തത്.

റെനീഷ്
ടെക്നോപാര്‍ക്ക് ജീവനക്കാരന്‍


ഇന്ഫ്രാസ്ട്രക്ചര്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അല്ലാതെ കാര്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പലതും സാധിച്ചു, ഐടി മേഖല കുതിക്കുന്നു എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും പ്രകടമായ മാറ്റങ്ങള്‍ ഒന്നുമില്ല. ഐടി എമ്പ്ലോയി എന്ന രീതിയില്‍ നോക്കുമ്പോള്‍ റിക്രൂട്ട്മെന്റ് എത്രത്തോളം വര്‍ദ്ധിക്കുന്നു എന്നതിനെയാണ് കൂടുതല്‍ കണക്കിലെടുക്കാന്‍ കഴിയുക. അങ്ങനെ നോക്കുമ്പോള്‍ കാര്യമായ ചലനമൊന്നും ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടില്ല. പിന്നെയുള്ളത് ഈ മേഖലയിലെ ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ്.

തൊഴില്‍ സെക്യൂരിട്ടി എന്നത് ഇപ്പോഴും ഐടി മേഖല നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. പ്രൈവറ്റ് സെക്ടര്‍ ആയതിനാല്‍ത്തന്നെ പ്രോജക്റ്റ് അവസാനിക്കുമ്പോള്‍ അല്ലെങ്കില്‍ റിസഷന്‍ പോലെയുള്ള സാഹചര്യം വരുമ്പോള്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ഇപ്പോഴും ആ ഭീതിയില്‍ത്തന്നെയാവും ഭൂരിഭാഗം ഐടി എംപ്ലോയികളും. ഒരു പക്ഷേ അങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാരിന് എന്തെങ്കിലും ആള്‍ട്ടര്‍നേറ്റീവ് ഓപ്ഷന്‍ കണ്ടെത്താന്‍ സാധിക്കുമോ. എല്ലാ മേഖലകള്‍ക്കും വെല്‍ഫെയര്‍ ബോര്‍ഡ് ഉണ്ട് എന്നാല്‍ ഐടി മേഖലയ്ക്ക് അങ്ങനെയൊന്നില്ല. ഷോപ്പ് ആന്‍ഡ്‌ കൊമേഴ്സ്യല്‍ ആക്റ്റ് പ്രകാരമുള്ള ഒന്നു മാത്രമാണ് ഇപ്പോഴുള്ളത്. അല്ലാതെ ഐടി മേഖലയ്ക്ക് മാത്രമായി ഒരു ഓപ്ഷന്‍ ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും.എട്ടു മണിക്കൂര്‍ ആണ് ഡ്യൂട്ടി ടൈം എങ്കിലും ഒരു ഐടി ജീവനക്കാരന്‍ അതിനുമപ്പുറം സമയം ജോലിയെടുക്കുന്നു. അതിനു കണക്കില്ലാത്ത ഒരവസ്ഥയാണ് ഇവിടെ. എന്നാല്‍ മറ്റു മേഖലകളില്‍ അങ്ങനെയല്ല.


Next Story

Related Stories