TopTop
Begin typing your search above and press return to search.

കെ കെ രമയ്ക്ക് ചുറ്റും വടകര തിളയ്ക്കുമ്പോള്‍

കെ കെ രമയ്ക്ക് ചുറ്റും വടകര തിളയ്ക്കുമ്പോള്‍

കെ എ ആന്റണി

വടകര എന്ന പഴയ കടത്തനാട്ടില്‍ ഇക്കുറി തെരഞ്ഞെടുപ്പ് അങ്കത്തിന് പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട്. ഒറ്റ നോട്ടത്തില്‍ പ്രധാനമത്സരം ജെഡിഎസിന്റെ സിറ്റിങ് എംഎല്‍എ കൂടിയായ സികെ നാണുവും ജെഡിയുവിന്റെ മനയത്ത് ചന്ദ്രനും തമ്മിലാണെന്ന് തോന്നാമെങ്കിലും ആര്‍എംപി നേതാവ് കെ കെ രമ കൂടി രംഗത്ത് എത്തിയതോടെ അങ്കം കൊഴുത്തു. ഒരു അര്‍ത്ഥത്തില്‍ രമയുടെ സാന്നിദ്ധ്യം തന്നെയാണ് വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. സോഷ്യലിസ്റ്റ് ചേരിയില്‍ നിന്നു കൊണ്ട് തന്നെ പിരിഞ്ഞ ഇരു ദളുകാര്‍ക്കും വടകരയിലേത് മൂപ്പിളമ തര്‍ക്കം നിര്‍ണയിക്കാനുള്ള അങ്കമാണ്. അതേസമയം, രമയ്ക്കും ആര്‍എംപിക്കും ഇത് നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്.

ടിപി ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകത്തിനുശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയായതിനാല്‍ ചുരുങ്ങിയത് പതിനയ്യായിരത്തിലേറെ വോട്ടെങ്കിലും പിടിച്ചാലേ ആര്‍എംപിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിപി ചന്ദ്രശേഖരന്‍ വടകര നിയമസഭ മണ്ഡലം ഉള്‍പ്പെടുന്ന വടകര ലോക്‌സഭ മണ്ഡലത്തില്‍ നേടിയത് 21,833 വോട്ടായിരുന്നു. ഇതാകട്ടെ സിപിഐഎമ്മിനും എല്‍ഡിഎഫിനും ഏല്‍പ്പിച്ച ക്ഷീണം ചില്ലറയൊന്നുമായിരുന്നില്ല താനും. ഇടതിന്റെ ഉരുക്കു കോട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ഇതിന്റെ പ്രത്യാഘാതം എന്ന പോലെയായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകവും.

എന്നാല്‍ ചന്ദ്രശേഖരന്റെ മരണത്തിനുശേഷം 2014-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ പി കുമാരന്‍കുട്ടിക്ക് നേടാനായത് 17,229 വോട്ടുകളാണ്. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ എന്‍ വേണുവിന് ലഭിച്ച 10,098 വോട്ടാണ് വടകര നിയമസഭ മണ്ഡലത്തില്‍ ഒരു പക്ഷേ, ആര്‍എംപിയുടെ അടിസ്ഥാന വോട്ടായി കണക്കാക്കേണ്ടത്. എങ്കിലും തന്റെ ഭര്‍ത്താവിന്റെ വധത്തില്‍ നീതി തേടി രമ തന്നെ ഉണ്ണിയാര്‍ച്ചയായി അങ്കത്തിന് ഇറങ്ങുമ്പോള്‍ ആര്‍എംപിക്കാര്‍ വിജയം പ്രതീക്ഷിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാനാകില്ല.

ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും ആ മരണത്തില്‍ സിപിഐഎം നേതൃത്വത്തിനുള്ള പങ്കും തന്നെയാണ് രമയുടേയും ആര്‍എംപിയുടേയും മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. ആര്‍എംപിയുടെ പിറവി സിപിഐഎമ്മിന്റേയും എല്‍ഡിഎഫിന്റേയും ഉരുക്കു കോട്ടയായിരുന്ന വടകരയില്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം തുടക്കത്തില്‍ ഇടതു മുന്നണിക്കേല്‍പ്പിച്ച ആഘാതത്തിന്റെ തോത് അതേപടി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് വടകരയിലെ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലവും 2015-ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നത്.

2009-ലെ ടിപി മത്സരിച്ച ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഐഎമ്മിന്റെ പി സതീദേവിയില്‍ നിന്നും വടകര മണ്ഡലം തിരിച്ചു പിടിച്ചത് 56,196 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അന്ന് ചന്ദ്രശേഖരന്‍ ഇരുപത്തിയൊന്നായിരത്തിലേറെ വോട്ടുകള്‍ നേടിയത് സതീ ദേവിക്ക് വിനയും മുല്ലപ്പള്ളിക്ക് തുണയുമായി. എന്നാല്‍ ചന്ദ്രശേഖരന്റെ മരണത്തിനുശേഷം നടന്ന 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം വെറും 3306 ആയി കുറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുടെ പി കുമാരന്‍കുട്ടി 17,229 വോട്ടുകള്‍ പിടിച്ചിട്ടു കൂടിയായിരുന്നു മുല്ലപ്പള്ളിയിലെ വിജയ വഴിയിലെ ഈ അന്തരം.വടകര നിയമസഭ മണ്ഡലം സിപിഐഎം പണ്ടു കാലം മുതല്‍ സോഷ്യലിസ്റ്റുകള്‍ക്കാണ് വച്ചുനീട്ടാറ്. ചന്ദ്രശേഖരന്‍ മുതല്‍ പിന്നീട് ഇങ്ങോട്ട് സികെ നാണുവരെ ജയിച്ച കടത്തനാടന്‍ മണ്ണില്‍ അങ്കച്ചുരികയ്ക്കും വാളിനും പില്‍ക്കാലത്ത് അത്ര പ്രസക്തി പോര എന്ന് തോന്നിതുടങ്ങിയതിനാലാകണം ഇത്. സോഷ്യലിസ്റ്റുകളുടെ കൂടി ഒരു സമര ഭൂമികയായിരുന്നു പില്‍ക്കാല കടത്തനാട് എന്നതും ഈ സീറ്റ് അവര്‍ക്ക് അഹര്‍തപ്പെട്ടതാക്കുന്നുണ്ട്. തൊട്ടടുത്ത് നാദാപുരത്ത് കലാപങ്ങള്‍ തുടരുന്ന നാളുകളിലും തച്ചോളി ഒതേനന്റേയും കുഞ്ഞാലിമരയ്ക്കാരുടേയും ഒക്കെ നാടായിരുന്ന വടകര ശാന്ത സ്വരൂപം കൈവരിച്ചിരുന്നു. ഗാന്ധിജിയുടെ ഹരിജന്‍ ഫണ്ട് സമാഹരണ സമ്മേളനത്തില്‍ വച്ച് അന്ന് ബാലികയായിരുന്ന കൗമുദി ടീച്ചര്‍ തന്റെ സ്വര്‍ണ വളകളൂരി സംഭാവനയായി നല്‍കിയതും വടകരയില്‍ വച്ചായിരുന്നു. അങ്കക്കലി പുരളാത്ത ഒരു പുതിയ തലമുറ അന്ന് തന്നെ വടകരയില്‍ രൂപം കൊണ്ടിരുന്നുവെന്ന് വ്യക്തം.

പതിവുപോലെ ഇക്കുറിയും സോഷ്യലിസ്റ്റ് ചേരിയില്‍പ്പെട്ട ജനതാദള്‍ കുടുംബത്തിലെ ഇരു തന്തവഴിയാണ് വടകരയിലെ മത്സരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജെഡിഎസിലെ സികെ നാണു ജെഡിയുവിലെ എംകെ പ്രേംനാഥിനെ തോല്‍പ്പിച്ചത്. വടകര മുന്‍സിപ്പാലിറ്റിയും ഏറാന്‍മല, ഒഞ്ചിയം, ചേറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന വടകര നിയമസഭ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.

മുന്‍സിപ്പാലിറ്റിയും ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈയുള്ളത്. ഇതില്‍ വടകര മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷവും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ജെഡിയുവിലുടലെടുത്ത പിളര്‍പ്പ് മുതലെടുക്കാനാണ് നാണുവും എല്‍ഡിഎഫും ശ്രമിക്കുന്നത്. വീരേന്ദ്രകുമാറിന്റെ വിശ്വസ്തരായിരുന്ന വടകരയിലെ മുതിര്‍ന്ന സോഷ്യലിസ്റ്റുകള്‍ കളംമാറി ചവിട്ടിയിരിക്കുന്നു. നാണുവിനോട് തോറ്റ എംകെ പ്രേംനാഥും ഇപ്പോള്‍ വീരന്‍ വിരുദ്ധ ചേരിയിലാണ്.

അപരന്‍മാരുടേയും അപരകളുടേയും ഒരു വന്‍പട തന്നെയുണ്ട് വടകരയില്‍. ആര്‍എംപിയുടെ കെകെ രമയ്ക്ക് അപരയായി അതേപേരില്‍ കെകെ രമ കുനിയിലും ടിപി ചന്ദ്രശേഖരന്റെ ടിപി എന്ന ഇനീഷ്യലും രമയുടെ അതേ പേരുമായി മറ്റൊരു ടിപി രമയുമുണ്ട്. ജെഡിയുവിലെ മനയത്ത് ചന്ദ്രന് എതിരെ ഇറങ്ങിയിട്ടുള്ള രണ്ട് അപരന്മാരില്‍ ഒരാള്‍ക്ക് പേരില്‍ മാത്രമല്ല രൂപത്തിലുമുണ്ട് ഒറിജിനലുമായി വോട്ടര്‍മാരെ വഴി തെറ്റിക്കാന്‍ പോന്ന രൂപസാദൃശ്യം.

അങ്കം കൊഴുക്കുമ്പോള്‍ ഇനിയിപ്പോള്‍ അറിയേണ്ടത് രമയുടെ ഉണ്ണിയാര്‍ച്ച വേഷം ഗുണം ചെയ്യുമോയെന്നതാണ്. ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് വനിത പ്രാതിനിധ്യം പതിവു പോലെ കുറവാണെങ്കിലും ശ്രദ്ധേയമാക്കുന്ന രണ്ട് വനിത സാന്നിദ്ധ്യങ്ങള്‍ കെകെ രമയും സികെ ജാനുവും തന്നെയാണ്. രമ രക്തസാക്ഷിത്വത്തിന്റെ നീതി തേടി ഇറങ്ങുമ്പോള്‍ ജാനു ആദിവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പോരാട്ട വേദിയിലെത്തിയിട്ടുള്ളതെന്നതാണ് ഇതര വനിത സ്ഥാനാര്‍ത്ഥികളില്‍ നിന്നും അവരെ വ്യത്യസ്തരാക്കുന്നത്. വടകരയില്‍ ഇനി ഒന്നേ അറിയേണ്ടതുള്ളൂ. രമ ഉന്നയിക്കുന്ന ഏറ്റവും മൂര്‍ത്തമായ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമോ എന്നതാണ് അത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories