TopTop
Begin typing your search above and press return to search.

"എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്"; കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്- പരമ്പര ഭാഗം-2

"എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്"; കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്- പരമ്പര ഭാഗം-2
രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.


പരമ്പര ഭാഗം- 1 സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍ 

ഭാഗം 2 - കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്

കേരളം പത്ത് വര്‍ഷം മുന്നോട്ട് ഓടുമ്പോള്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നോട്ട് ഓടുകയാണ് പാലക്കാട്. കന്യാകുമാരി വിട്ടുനല്‍കി കേരളത്തോട് ചേര്‍ത്തു വച്ചതാണ് പാലക്കാടിനെ. സംസ്ഥാനത്തിന്റെ ഭാഗമാക്കിയതിനപ്പുറം പാലക്കാടിനെ കേരളത്തിന്റെ മുഖ്യധാരയിലേക്കെത്താന്‍ കഴിഞ്ഞിട്ടുണ്ടോ? ഉത്തരങ്ങള്‍ നല്‍കുന്നത് പാലക്കാടന്‍ ഗ്രാമങ്ങളാണ്. ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്കും വിശകലനങ്ങള്‍ക്കും മുമ്പ് വിലയിരുത്തലുകള്‍ നഗരത്തില്‍ നിന്ന് തുടങ്ങാം. കേരളത്തിലെ മറ്റേത് നഗരത്തേയും പോലെ ജനത്തിരക്കും കടകമ്പോളങ്ങളുമുള്ള തെരുവുകള്‍. അര്‍ബന്‍ ആവാന്‍ ശ്രമിക്കുന്ന/ ശ്രമത്തില്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്ത നഗരവാസികള്‍. എന്നാല്‍ ഈ പരിഷ്‌ക്കാരങ്ങള്‍ക്കെല്ലാം പിന്നില്‍ ഒളിഞ്ഞു കിടക്കുന്ന മറ്റൊരു ലോകമുണ്ട്. വിശ്വാസ/ അന്ധവിശ്വാസങ്ങളും ദേശക്കൂട്ടായ്മകളുമെല്ലാം ഭരിക്കുന്ന ലോകം. നഗരത്തിന്റെ ഉള്ളുകളില്‍ ഇന്നും ദേശക്കൂട്ടായ്മകള്‍ വാഴുന്നു. ഓരോ സമുദായത്തിനും ഓരോ ദേശക്കൂട്ടായ്മ അല്ലെങ്കില്‍ പൊതുവായ ഒരു ദേശക്കൂട്ടായ്മ. തമിഴ്‌നാട്ടിലെ നാട്ടുക്കൂട്ടങ്ങള്‍ക്ക് സമാനമായ ഒന്ന്. ഈ കൂട്ടായ്മ തീരുമാനിക്കുന്നതാവും അവിടെ/ആ സമുദായത്തില്‍ നടക്കുക.

ദേശങ്ങള്‍ക്ക് ദേശ കാരണവര്‍മാരും ഉണ്ട്. മരണത്തിലും വിവാഹത്തിലും മറ്റ് ചടങ്ങുകള്‍ക്കുമടക്കം അലിഖിതമായ കുറേ നിയമങ്ങള്‍ ഇവര്‍ പിന്തുടര്‍ന്ന് പോരുന്നു. പ്രദേശത്ത് ക്രൈം നടന്നാല്‍ പോലീസില്‍ പരാതി നല്‍കണോ എന്ന കാര്യം തീരുമാനിക്കുന്നതും ദേശങ്ങള്‍ തന്നെ. ജനാധിപത്യ നീതിന്യായ സംവിധാനത്തോട് പാതി അടുപ്പം മാത്രം കാണിക്കുന്ന പ്രദേശങ്ങളാണ് നഗരത്തിനുള്ളില്‍ പോലും. ഈഴവദേശത്തിലെ അംഗമായ ഒരാള്‍ പറയുന്നതിങ്ങനെ, "കേരളത്തിന്റെ ഭാഗമാണെങ്കിലും മറ്റ് സ്ഥലങ്ങളിലെ പരിഷ്‌ക്കാരങ്ങള്‍ അവകാശപ്പെടാന്‍ കഴിയാത്ത സ്ഥലമാണ് പാലക്കാട് നഗരം പോലും. സര്‍ക്കാര്‍, ഭരണ സംവിധാനങ്ങളേക്കാള്‍ ഇവിടെ പ്രബലമായത് ദേശക്കൂട്ടങ്ങളാണ്. മൂന്നാല് വര്‍ഷം മുമ്പ് വരെ വേറെ ജാതിയിലുള്ള ആളുകളെ വിവാഹം ചെയ്താല്‍ ഒറ്റക്കുടിയാക്കുകയും ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു എന്റെ ദേശത്തില്‍. ദേശക്കാര്‍ എന്ന് പറഞ്ഞ് പിന്നെ അവരെ ഒരു ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിളിക്കുകയില്ല. പക്ഷെ ഞങ്ങള്‍ ചിലരുടെ ശ്രമഫലമായി ഇപ്പോള്‍ അതിനെ വകവയ്ക്കാതായി. മരണം നടന്നാല്‍ അവകാശമുള്ള ബാര്‍ബര്‍ വന്നാണ് മൂത്ത മകന്റെ തലമൊട്ടയടിക്കുക. ചടങ്ങുകള്‍ ചെയ്യുന്നതിന് മുമ്പ് 'മാറ്റിയുടുക്കലി'ന് അലക്കുകാരുടെ സമുദായക്കാര്‍ നല്‍കുന്ന മുണ്ട് വേണം ഉടുക്കാന്‍. അവര്‍ക്കതിന് പകരം അരി, പണം എന്നിവ തിരികെ കൊടുക്കും. പറയ സമുദായക്കാരാണ് ബാക്കി വരുന്ന ഭക്ഷണം എടുത്തുകൊണ്ടുപോവേണ്ടത്. ഇലയെടുക്കാന്‍ ചക്ലിയ സമുദായക്കാരും. ചക്ലിയ സമുദായക്കാര്‍ക്ക് വൃത്തിയില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ അവരെ പരമാവധി ഒഴിവാക്കും. ഇതെല്ലാം ഇപ്പോഴും പാലക്കാട് നഗരത്തില്‍ പോലും തുടര്‍ന്ന് പോരുന്ന കാര്യങ്ങളാണ്. ദേശങ്ങളുടെ തീരുമാനം അനുസരിക്കാത്തവരെ അതില്‍ നിന്ന് പുറത്താക്കും. പോലീസില്‍ പരാതി പോവുന്നത് പോലും ദേശങ്ങളുടെ തീരുമാനമാണ്."


നഗരത്തിന്റെ പൊതുസ്വഭാവത്തില്‍ ഇതെല്ലാം അനുസരിച്ച് ജീവിക്കേണ്ടവര്‍ക്ക് അത് ചെയ്യാം. അല്ലാത്തവര്‍ക്ക് ഇതെല്ലാം നിഷേധിക്കാം. നഗരം നല്‍കുന്ന ജനാധിപത്യം എന്ന് ഇവിടുത്തെ പൊതുപ്രവര്‍ത്തകര്‍ അതിനെ വിശേഷിപ്പിക്കും. എന്നാല്‍ നഗരപരിധി വിടുന്നയിടത്തു നിന്ന് പാലക്കാടിന്റെ മറ്റൊരു മുഖം കാണാം. നഗരത്തില്‍ നിന്ന് മൂന്നോ നാലോ കിലോമീറ്ററുകള്‍ അകത്തേക്ക് ചെല്ലുമ്പോള്‍ തന്നെ കാണാം മാറ്റങ്ങള്‍. പ്രകൃതിയും ജീവിതങ്ങളും എല്ലാത്തിലും പ്രകടമായ മാറ്റങ്ങള്‍. തമിഴ് ചൂരും ചുവയും രൂപവുമുള്ള പാലക്കാടിന്റെ കിഴക്കന്‍ മേഖലകളിലേക്കെത്താം. കേരളത്തിലെ കണ്ടുപരിചയിച്ച് ഗ്രാമങ്ങളോട് താരതമ്യത്തിന് പോലും പ്രസക്തിയില്ലാത്ത പ്രദേശങ്ങള്‍. സംസാരിക്കുന്ന ഭാഷയിലും, ഭക്ഷണത്തിലും, ജീവിതരീതിയിലും, തൊഴിലുകളിലുമെല്ലാം തമിഴ്‌നാട് തന്നെയാണ് കിഴക്കന്‍ പാലക്കാട്. നഗരം ജനാധിപത്യ നീതിന്യായ വ്യവസ്ഥകളോട് പാതി അടുപ്പം കാട്ടുമ്പോള്‍ ഒട്ടുംതന്നെ അതിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ താത്പര്യം കാണിക്കാത്ത ഈ ഗ്രാമങ്ങളില്‍ എല്ലാം നിര്‍ബന്ധിതമാണ്. 'നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍' എന്ന ജനാധിപത്യ സങ്കല്‍പ്പം ഇവിടെയില്ല. മറിച്ച് എല്ലാം അടിച്ചേല്‍പ്പിക്കലുകളും നിര്‍ബന്ധിത പിന്തുടരലുകളുമാണ്. കാലി വളര്‍ത്തലും കൃഷിയുമാണ് പ്രധാന തൊഴിലുകള്‍. ഉടമസ്ഥര്‍ അഥവാ മേല്‍ജാതികള്‍ തീരുമാനിക്കുന്ന അധികാരഘടനയും അവയ്ക്ക് റാന്‍മൂളുന്ന ഭരണസംവിധാനവും. പുരോഗമന കേരളത്തിന് വിശ്വസിക്കാനും മനസ്സിലാക്കാനും ഏറെ പാട് പെടേണ്ടി വരും കേരളത്തിലെ തന്നെ ഈ ഗ്രാമങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും.

ഓരോ ഗ്രാമങ്ങളും ഓരോ സ്വയംഭരണ 'സ്‌റ്റേറ്റു'കളായ കിഴക്കന്‍ പാലക്കാട്ടേക്ക്...

"എന്തമാതിരി വെയില്... ഇത്തന കഷ്ടപ്പെട്ട് വന്തിടിച്ച്... ആനാ ഉങ്കള്‍ക്ക് ഒരു ഗ്ലാസ് തണ്ണിയേ കൊടുക്കിരതുക്ക് ഇങ്കൈ ഇല്ലൈ. ഒരു കിലോമീറ്റര്‍ അപ്പറം താന്‍ തണ്ണി കെടയ്ക്കും. രണ്ട് തൂക്ക് നാന്‍ ഏറ്റീട്ടേ വന്തിരിക്കേന്‍. അത് തീര്‍ന്തുപോച്ച്. എഴൈകള്‍, അതിനാലേ... മന്നിച്ചിടമ്മാ...", കൈകളില്‍ പിടിച്ചുകൊണ്ടാണ് മാരിയമ്മ പറഞ്ഞത്.മാരിയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള റോഡ് കടന്നാല്‍ പിന്നെ ഏക്കറുകണക്കിന് തോട്ടവും അതിനുള്ളില്‍ സാമാന്യം ഭേദപ്പെട്ട ഒരു വീടുമാണ്. വീടിന്റെ മുന്‍വശത്ത് പനയോലകൊണ്ട് മേഞ്ഞ ഉയര്‍ത്തിക്കെട്ടിയ ഒരു ഉമ്മറം. ചെന്നപ്പോള്‍ മാണിക്യമാണ് സംസാരിച്ചത്. മാണിക്യത്തിന്റെ ഭര്‍ത്താവ്,
"എതുക്ക് വീഡിയോ, അപ്പടിയൊന്നും വേണ്ട. ഇങ്കെ എങ്കള്‍ക്ക് ഒരു പ്രശ്‌നവുമില്ലൈ. തണ്ണിയിറിക്കത്, കാട്ടുക്കുള്ളെ കൃഷിയിറിക്കത്. അതിനാലെ പണമിറിക്കത്. എന്ത പ്രച്‌നത്തെ സെല്ലുവാന്‍. ഒന്നു ഇല്ലൈ."
ഇത്രയും പറഞ്ഞ് ഒരു ഫൈബര്‍ കസേര വലിച്ചിട്ട്, "ഇങ്കെ ഉക്കാറ്. എന്ന വെയില്, നാന്‍ എളനീര് എടുത്തിട്ട് വരേന്‍", വേണ്ട എന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ മാണിക്യവും ഭര്‍ത്താവ് സുബ്രഹ്മണിയും കോണിയുമെടുത്ത് തെങ്ങിന്‍ തോട്ടത്തിലെത്തി. പത്ത് ഇളനീരുമായി തിരിച്ചു വന്നു. "
തണ്ണി കമ്മി താനേ... അതിനാലേ..."
എന്നു പറഞ്ഞ് തൊട്ടുത്ത് ചായക്കട നടത്തുന്ന ചെട്യാര്‍ക്കും ഞങ്ങള്‍ക്കുമായി ഇളനീരുകള്‍ വെട്ടി നല്‍കി.

ഇതാണ് പാലക്കാട്ടെ കിഴക്കന്‍ ഗ്രാമങ്ങളുടെ മിനിയേച്ചര്‍ രൂപം. അഞ്ഞൂറ് മീറ്ററിനുള്ളില്‍ താമസിക്കുന്ന രണ്ട് വിഭാഗങ്ങള്‍ക്ക് രണ്ട് നീതി. ഇതില്‍ ആദ്യത്തേത് ഗ്രാമത്തില്‍ ദളിതര്‍ പോലും ഭ്രഷ്ട് കല്‍പ്പിക്കുന്ന ദളിത് വിഭാഗം തന്നെയായ ചക്ലിയസമുദായാംഗമാണെങ്കില്‍ രണ്ടാമത്തേത് ഗ്രാമത്തിലെ പ്രബല വിഭാഗമായ ഗൗണ്ടര്‍ സമുദായാംഗങ്ങളായിരുന്നു. ഒരു കൂട്ടര്‍ക്ക് വെള്ളം ഇല്ല. തൊഴിലില്ല. പണമില്ല. രണ്ട് മുറികള്‍ മാത്രമുള്ള വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്ന എട്ടോ പത്ത് പേര്‍, സ്വകാര്യത എന്ന് പറയുന്നത് അവരുടെ വലിയ സ്വപ്‌നങ്ങളില്‍ ഒന്ന് മാത്രം. മറ്റൊരു കൂട്ടര്‍ ഏക്കറുകണക്കിന് തോട്ടം സ്വന്തമായുള്ളവര്‍. അവര്‍ക്ക് വെള്ളം, പണം, വലിയ വീട് എല്ലാം സ്വന്തമായുണ്ട്. ഒരു പ്രദേശത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും അക്കൂട്ടരാണ്. പാലക്കാട്ടെ ഗോവിന്ദാപുരം ഗ്രാമമാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂഹികമായി ഏറെ കോളിളക്കം സൃഷ്ടിടിച്ച, കേരളം ചര്‍ച്ച ചെയ്ത ഗോവിന്ദാപുരം. ചായക്കടയില്‍ രണ്ട് തരം ഗ്ലാസ്- ചില്ല് ഗ്ലാസ്സും സ്റ്റീല്‍ ഗ്ലാസ്സും. സ്റ്റീല്‍ ഗ്ലാസ് ഗൗണ്ടര്‍ മുതലുള്ള സവര്‍ണ സമുദായാംഗങ്ങള്‍ക്കും ചില്ല് ഗ്ലാസ് ദളിത് സമുദായങ്ങള്‍ക്കുമായി ചായക്കടയില്‍ മാറ്റി വച്ചിരുന്നു. അത് അയിത്തമായോ ജാതിവിവേചനമായോ സാമൂഹിക വിഷയമായോ ചക്ലിയ സമുദായാംഗങ്ങള്‍ക്കോ മറ്റ് ദളിത് വിഭാഗങ്ങള്‍ക്കോ തോന്നിയിരുന്നില്ല. ഗ്രാമത്തില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളുമായി അവര്‍ അത്രത്തോളം ഇഴുകിച്ചേരുകയോ അടിമപ്പെടുകയോ ചെയ്തിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായ ഒരാള്‍ ഗോവിന്ദാപുരത്തെത്തി ഈ വ്യത്യാസം തിരിച്ചറിഞ്ഞപ്പോഴാണ് അത് വാര്‍ത്തയായത്. പിന്നീട് ഗോവിന്ദാപുരത്തെ ചക്ലിയരും ഇക്കാര്യം ചിന്തിക്കുവാനും പ്രതികരിക്കുവാനും തുടങ്ങി. അയിത്തം ഉണ്ടെന്നത് തള്ളിക്കളഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഇക്കാര്യം സത്യമാണെന്ന് അംഗീകരിക്കുകയും പന്തിഭോജനം നടത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു അഥവാ പരിഹരിച്ചു എന്ന് അവകാശപ്പെട്ടു. ഗൗണ്ടര്‍മാരും പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തൊരുമിച്ച ഭരണത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ ജീവിതം മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ പുറത്തു വന്നു. പ്രശ്‌നപരിഹാരമുണ്ടാക്കിയ ഗോവിന്ദാപുരത്ത് വീണ്ടുമെത്തുമ്പോള്‍ മാരിയമ്മയും മാണിക്യവും ഇപ്പോഴും റോഡിനിരുവശവും സാമൂഹികമായ, സാമ്പത്തികമായ വേര്‍തിരിവുകളില്‍ ജീവിക്കുന്നു എന്ന കാഴ്ചയാണ് ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്."ഇപ്പോ ജാതി പ്രശ്‌നം എതാവത് ഇല്ലൈ, അപ്പടി ഒന്നും ഇല്ലൈ... അവര്‍ എങ്കള്‍ക്കിട്ടും ഏങ്കള്‍ അവര്‍ക്കിട്ടും പേശവേയില്ലൈ", മാരിയമ്മ പറഞ്ഞു. എന്നാല്‍ അതിനിടയ്ക്കാണ് കാരാസൂരി ഇടപെട്ടത്. "അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പക്ഷെ ഞങ്ങള്‍ അവിടേക്ക് പോവില്ല. പോയാലും വീട്ടിലേക്ക് കയറ്റില്ല. വെള്ളം വാങ്ങിക്കുടിച്ചാലും കയ്യില്‍ വാങ്ങിക്കുടിക്കും. അവരുടെ കല്യാണങ്ങള്‍ക്ക് ഞങ്ങളെ വിളിക്കില്ല. ഞങ്ങളുടെ കല്യാണങ്ങള്‍ക്ക് വന്നാല്‍ അവര്‍ ഭക്ഷണം കഴിക്കില്ല. നമ്മുടെ കൈകൊണ്ടുണ്ടാക്കാത്ത പലഹാരങ്ങളും ജീരക സോഡയും ആണ് അവര്‍ക്ക് കൊടുക്കുക. അവര്‍ അത് മാത്രേ കഴിക്കൂ."
കാരാസൂരി വോട്ട്‌ ചെയ്യും, രാധാ ഗൗണ്ടര്‍ക്ക്. പഞ്ചായത്ത് മെമ്പര്‍ ആയ രാധാ ഗൗണ്ടര്‍ കാരാസൂരിക്ക് എംഎല്‍എയാണ്. "ഇലക്ഷന് കാലത്ത് വോട്ട് ചോദിക്കാന്‍ വരും. പിന്നെ കാണില്ല. ഇത്രയും നാള്‍ ഒരാള്‍ക്ക് ഞങ്ങള്‍ വോട്ട് ചെയ്തു. ഇനി അവര്‍ വന്ന് വോട്ട് ചോദിച്ചാലും ഞങ്ങള്‍ കൊടുക്കില്ല. എംഎല്‍എ രാധാഗൗണ്ടര്‍ക്കായിരുന്നു ഇത്രയും നാള്‍ വോട്ട് ചെയ്തത്" തൊഴില്‍ കിട്ടാത്തതാണ് ഇവര്‍ നേരിടുന്ന വലിയ പ്രശ്‌നം, "രണ്ട് ദിവസം ജോലി കിട്ടിയാല്‍ പത്ത് ദിവസം ജോലിയില്ലാതെ വീട്ടിലിരിക്കും. വേറെ എവിടെയെങ്കിും ജോലി കിട്ടിയാല്‍ അവിടേക്ക് പോവും. ഉള്ളി തൊലി പൊളിക്കും, പാത്രം കഴുകും, എച്ചില്‍ ഇല എടുക്കും അത്തരം ജോലികള്‍ക്കാണ് പുറത്ത് പോവുന്നത്. ഇവിടെ ഇരുന്നൂറ്റമ്പതായിരുന്നു കൂലി. ഇപ്പോ അത് ഇരുന്നൂറായി കുറച്ചു."


മാരിയമ്മ തുടര്‍ന്നു, "എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്. അല്ലാതെ സ്ഥിരമായി എവിടേയും പണി കിട്ടുന്നില്ല. ആരും പണി തരുന്നില്ല". രണ്ട് വര്‍ഷം മുമ്പ് തോട്ടങ്ങളിലെ ജോലികള്‍ക്കും തേങ്ങ പൊളിക്കാനുമായി ചക്ലിയരെ വിളിച്ചിരുന്ന ഗൗണ്ടര്‍മാര്‍ ഇപ്പോള്‍ തൊഴില്‍ നല്‍കുന്നില്ല. അതിന് കാരണം അവരുടെ അധികാരത്തിനെതിരെ ഇവര്‍ ശബ്ദിച്ചതാണെന്ന് ശിവരാജന്‍ പറയുന്നു. ഗൗണ്ടര്‍മാരും അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അവര്‍ തീരുമാനിക്കുന്ന പഞ്ചായത്ത് അംഗങ്ങളും, പോലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടപ്പാക്കുന്ന നീതിന്യായ വ്യവസ്ഥയിലേക്ക് കൂടിയാണ് ശിവരാജന്‍ വിരല്‍ ചൂണ്ടിയത്, "
ഞങ്ങള്‍ പരാതി കൊടുത്താല്‍ പോലീസ് കേസെടുക്കും. പക്ഷെ രാഷ്ട്രീയമായോ ജാതീയമായോ വലിയ ആളുകള്‍ വിളിച്ച് പറഞ്ഞാലേ അവര്‍ കേസ് ചാര്‍ജ് ചെയ്യൂ. വില്ലേജില്‍ പരാതി നല്‍കിയാലും അങ്ങനെ തന്നെ. അല്ലാതെ ഞങ്ങള്‍ വ്യക്തിപരമായി പരാതി നല്‍കാനോ ചോദിക്കാനോ നേരിട്ട് പോവാനുള്ള സംവിധാനം ഇവിടെ ഇനിയും വന്നിട്ടില്ല. ദീപാവലി സമയത്ത് മുപ്പത് നാല്‍പ്പത് ഗുണ്ടകള്‍ തല്ലാന്‍ വന്നു. അവിടെ നിന്ന് എംഎല്‍എമാരും എംപിമാരുമെല്ലാം വിളിച്ച് പറഞ്ഞപ്പോള്‍ ആ കേസ് ചാര്‍ജ് ചെയ്തില്ല. വന്നവരത്രയും മേല്‍ജാതിക്കാരായിരുന്നു. എസ് സി എസ് ടി ആക്ട് പ്രകാരം കേസെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവരെടുത്തില്ല. വന്നയാളുകളുടെ അഞ്ച് പവന്‍ സ്വര്‍ണം കളവുപോയി, അതിന് ഞങ്ങളാണ് ഉത്തരവാദിയെന്നും അത് തിരികെ തന്നാല്‍ കേസ് ചാര്‍ജ് ചെയ്യാം  എന്ന് പറഞ്ഞു. അഞ്ച് പവന്‍ സ്വര്‍ണത്തിന് ഞങ്ങള്‍ എവിടെപ്പോവും എന്ന് ആലോചിച്ചു. നാട്ടുകാര്‍ എല്ലാം പേടിച്ചുപോയി. അങ്ങനെയാണ് ആ കേസ് ഒത്തുതീര്‍പ്പായത്. പട്ടികജാതി ഓഫീസില്‍ പോലും അങ്ങനെയാണ്. വെള്ളത്തിന് എണ്‍പത്‌ലക്ഷം രൂപ വച്ചിട്ട് ഒന്നര വര്‍ഷമായി. മറ്റെല്ലാ സമുദായത്തിനും വെള്ളം കൊടുത്തു. ചക്ലിയ സമുദായത്തിന് മാത്രം വെള്ളമില്ല. എട്ട് ദിവസത്തിനുള്ളില്‍ വെള്ളം തരുമെന്ന് എംപി പറഞ്ഞ വാക്കാണ്. കുറേ പരാതിപ്പെട്ടു. ധര്‍ണ നടത്തി. എന്ത് നടത്തിയാലും അപ്പോള്‍ അവര്‍ കേസ് ചാര്‍ജ് ചെയ്യും. കേസെടുത്തെടുത്ത് ഇപ്പോള്‍ ഞങ്ങള്‍ക്ക് ജാമ്യമില്ലാത്ത ഒമ്പത് കേസുകളായി. മുന്നൂറ് മീറ്റര്‍ മാറിയാല്‍ തമിഴ്‌നാട്ടില്‍ മൊത്തം അവരുടെ ആള്‍ക്കാരാണ്. പെട്രോള്‍ പമ്പിന് പോലും ഞങ്ങള്‍ ആശ്രയിക്കുന്നത് അവിടെയാണ്. സംവരണ വാര്‍ഡുകളില്‍ മാത്രമേ എസ് സി സ്ഥാനാര്‍ഥിയുണ്ടാവൂ. മൂന്ന് പാര്‍ട്ടിയിലേയും നേതാക്കള്‍ ഒരേ ജാതിയില്‍ പെട്ടവരാണ്. ഒരേ വീട്ടിലുള്ള ആളുകളുമുണ്ട്. ആരാണ് പഞ്ചായത്ത് ഭരിക്കണമെന്നത് ആ സമുദായക്കാരാണ് തീരുമാനിക്കുന്നത്. അവരുടെ സമുദായ സംഘടനയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും.


ചായക്കടയില്‍ രണ്ട് ഗ്ലാസ്, വെള്ളം കിട്ടുന്നില്ല, വീട് കിട്ടുന്നില്ല ഇതൊക്കെയാണ് ഞങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍. ഇതെല്ലാം ജാതീയപരമായാണ് ചെയ്യുന്നത്. വീടും വെള്ളവുമെല്ലാം നല്‍കിയാല്‍ പിന്നെ ഇവര്‍ ഞങ്ങളുടെ കൊടിപിടിക്കും, ഇവര്‍ ഞങ്ങളുടെ അടുത്തേക്ക് വേറൊന്നിനും വരില്ല എന്ന ധാരണയിലാണ് ഇതെല്ലാം അവര്‍ തടഞ്ഞുവയ്ക്കുന്നത്. രണ്ട് കൊല്ലത്തിന് മുമ്പ് വരെ എല്ലാം അവര്‍ തീരുമാനിക്കുന്നതായിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താന്നു വച്ചാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും തൊഴില്‍ കിട്ടുന്നില്ല. അവര്‍ പുറത്തു നിന്ന് ആളുകളെ വച്ച് പണി ചെയ്യിപ്പിക്കുകയാണ്. തേങ്ങാ പണിയായതുകൊണ്ട് പുറമെ നിന്നുള്ള ആളുകള്‍ വിളിച്ചാല്‍ ഞങ്ങള്‍ അങ്ങോട്ടാണ് പോവുന്നത്. പാലക്കാട് ജില്ലയില്‍ തന്നെ ഏറ്റവും കമ്പനി കൂടുതലുള്ളത് ഈ വാര്‍ഡാണ്. ബിയര്‍ ഫാക്ടറിയുണ്ട്, മീനെണ്ണ കമ്പനിയുണ്ട്, ഇറച്ചി ഫാക്ടറിയുണ്ട്. എസ് സിയായ ഒരാള്‍ പോലും അവിടെയില്ല. ഗൗണ്ടര്‍ സമുദായക്കാരാണ് അവിടെയെല്ലാം മാനേജര്‍മാര്‍. അവര്‍ തീരുമാനിക്കും ആര്‍ക്ക് പണികൊടുക്കണമെന്ന്. രണ്ട് വര്‍ഷമായി ഞങ്ങള്‍ പുറത്തുള്ള ജോലികള്‍ക്കാണ് പോവുന്നത്. കല്യാണങ്ങള്‍ക്ക് പാത്രം കഴുകാനും, എച്ചില്‍ ഇല എടുക്കാനും. ആദ്യം മരണ വീടുകളില്‍ കൊട്ടാനും, മരണത്തിന് കുഴിയെടുക്കാന്‍ പോവും, ചെരുപ്പ് തുന്നല്‍ പോലുള്ള ജോലികളായിരുന്നു ഞങ്ങള്‍ക്ക്. 2002 മുതലാണ് തേങ്ങ് ചെത്താനും തേങ്ങയെടുക്കാനുമെല്ലാം പോയിത്തുടങ്ങിയത്. ഇപ്പോള്‍ കാറ്ററിങ്ങിനും വെളമ്പാനും വേറെ ആളുകളെ കൊണ്ടുപോവും. എച്ചിയില എടുക്കാന്‍ ഞങ്ങളേയും കൊണ്ടുപോവും. അവര്‍ക്ക് ആയിരം രൂപയും ഞങ്ങള്‍ക്ക് 300 രൂപയും ശമ്പളം. ബാലന്‍സ് ഭക്ഷണവും കൊടുത്തുവിടും. ഞായറാഴ്ചകളില്‍ ഇവിടെ ആരുമുണ്ടാവില്ല. ഞായറാഴ്ച കല്യാണമുണ്ടാവും. ഇവിടെ എല്ലാ വീടുകളിലും ബിരിയാണിയും. തിരിച്ച് വരുമ്പോള്‍ ഒരു കവറില്‍ ബിരിയാണി ആക്കിക്കൊണ്ട് വരും. കിട്ടുന്ന കവറില്‍ ഇട്ടുകൊണ്ട് പോരും. മുപ്പതും ഇരുപത്തിയഞ്ചും വയസ്സുള്ള പെണ്‍കുട്ടികളും എച്ചിലയെടുക്കാന്‍ പോവുന്നുണ്ട്.


മുന്നൂറ് മീറ്ററിന്റെ അപ്പുറത്ത് നടക്കുന്ന കാര്യങ്ങള്‍ നോക്കുമ്പോള്‍ ഞങ്ങള്‍ ഇത്തിരി മെച്ചപ്പെട്ട രീതിയിലാണ്. ഒരു പാലത്തിന്റെ അപ്പുറത്ത് ആയതുകൊണ്ട് രക്ഷപെട്ടതാണെന്ന് തോന്നും. ചാനലുകാരോട് സംസാരിക്കാനെങ്കിലും സ്വാതന്ത്ര്യമുണ്ട്. അപ്പുറത്തെ സ്ഥിതി ഇതിലും കഷ്ടമാണ്. തിരഞ്ഞെടുപ്പ് വന്നാല്‍ സംവരണമില്ലാത്ത സീറ്റില്‍ മത്സരിക്കാന്‍ ഞങ്ങളെ സമ്മതിക്കുമോ? ഒരു വിഷയം ഞങ്ങള്‍ ഉന്നയിച്ചപ്പോഴാണ് 40 വീട് കിട്ടിയത്. എന്നാല്‍ സ്വന്തമായി അപേക്ഷ വച്ച് വീട് വാങ്ങിക്കാനുള്ള ഒരു സംവിധാനവും ഇവിടെ ഇന്ന് വരെയില്ല. ജനാധിപത്യപരമായി ഒരു ആവശ്യം ഉന്നയിക്കാനോ അത് നേടിയെടുക്കാനോ ഞങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജാതിയില്ലെന്ന് പറയുന്ന ഏതൊരു നേതാവിന്റെ വീട്ടില്‍ ചെന്നാലും ഞങ്ങള്‍ക്കായി തണ്ണി ഗ്ലാസ് വച്ചിരിക്കും. ഇപ്പോള്‍ പ്ലാസ്റ്റിക് ഗ്ലാസ് ആയിട്ടുണ്ട്. ഇവിടെ പ്രശ്‌നം നടന്ന സമയത്ത് ഞങ്ങളുടെ ആളുകളുടെ വീട്ടിലാണ് പന്തിഭോജനം നടത്തിയത്. പാലക്കാട്, ആലത്തൂര്‍ എംപിമാര്‍, പാലക്കാടുള്ള ആറ് എംഎല്‍എമാര്‍ എല്ലാവരുമുണ്ടായിരുന്നു. പന്തിഭോജനം നടത്താന്‍ ഭക്ഷണം അവിടെത്തന്നെ വയ്ക്കണ്ടേ? ഭക്ഷണം വച്ചത് ഗൗണ്ടറുടെ വീട്ടിലാണ്. ഇവിടെ ടേബിള്‍ ഇട്ട് ഭക്ഷണം കഴിച്ചു എന്ന് മാത്രം."


എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് മറുപക്ഷത്തെ അഭിപ്രായം ചോദിക്കാന്‍ ചെന്നയിടങ്ങളിലെല്ലാം മാണിക്യം പറഞ്ഞതിന് സമാനമായ പ്രതികരണങ്ങളായിരുന്നു. ഇതൊന്നും തങ്ങളുടെ പ്രശ്‌നമേയല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സുഖാന്വേഷണങ്ങള്‍ നടത്തി ഞങ്ങളെ മടക്കിയയച്ചു. പോലീസ് സ്‌റ്റേഷനില്‍ നിന്നും പരിഹാസത്തോടെയുള്ള ഒരു ചിരി മാത്രമായിരുന്നു ലഭിച്ചത്. ചായക്കട നടത്തുന്ന ഗോവിന്ദ ചെട്യാര്‍ മാത്രം പ്രതികരിച്ചു. "അവരിങ്ങനെ പലതും പിറുപിറുക്കും. പിന്നെ ഒരു നാടാവുമ്പോള്‍ അതിന് ചില നിയമങ്ങള്‍ ഉണ്ടാവില്ലേ? അതനുസരിച്ച് ജീവിക്കണ്ടി വരും. അവര്‍ തോട്ടം തൊഴിലാളികളാണ്. തൊഴിലാളികള്‍ തോട്ടക്കാരനെ ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല. ചെട്യാര്‍മാര്‍ പോലും ഗൗണ്ടര്‍മാരെ ചോദ്യം ചെയ്യില്ല. അവര് രാത്രിയായാല്‍ കള്ളുകുടിച്ച്, നടുറോഡില്‍ നിന്ന് വരെ ചീത്തവിളിച്ച് ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് അതുപോലെ ആവാന്‍ പറ്റുമോ? പഞ്ചായത്ത് ഭരിക്കുന്നത് ഗൗണ്ടര്‍മാരാണ്. അത് സത്യമാണ്. അത് കഴിവുള്ളതുകൊണ്ടാണ്. ഇവരൊക്കെ കണക്കാണ്. നാട്ടുക്കൂട്ടത്തിന് വിലകല്‍പ്പിക്കുന്നവരുമാണ്."
എന്നാല്‍ നാട്ടുക്കൂട്ടം ആരാണ് നിയന്ത്രിക്കുന്നതെന്ന ചോദ്യത്തിന് അതൊന്നും തനിക്കറിയില്ല, നിങ്ങള്‍ അന്വേഷിച്ചോ എന്ന് മറുപടിയാണ് ചെട്യാരില്‍ നിന്ന് ലഭിച്ചത്.

ഗോവിന്ദാപുരം വിഷയം ഒന്നടങ്ങിയ സമയത്താണ് മീനാക്ഷിപുരത്ത് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ചതിനെച്ചൊല്ലി വിവാദമുയര്‍ന്നത്. ഗ്രാമത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളുടെ തല മൊട്ടയടിച്ചത് പോലീസിന്റെ നേതൃത്വത്തിലാണ്. കൂട്ട് നിന്നത് വാര്‍ഡ് മെമ്പറും ഗൗണ്ടര്‍ സമുദായ നേതാക്കളും. ഇത് വിവാദമായി ഉയര്‍ന്ന് വന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റമായി. എന്നാല്‍ പിന്നീട് ആ കുടുംബങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഭീഷണികളാണ് നേരിടേണ്ടി വന്നത്. ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നതിനടുത്ത് വരെയെത്തി കാര്യങ്ങള്‍. ഇപ്പോഴും ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്ന ഇവര്‍ ഭയന്ന് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.എന്നാല്‍ നാട്ടുക്കൂട്ടങ്ങളും ഊര് മൂപ്പന്‍മാരും തീരുമാനിക്കുന്ന തങ്ങളുടെ ജീവിതത്തിന്റെ ദുരവസ്ഥയെ കുറിച്ച് പറയാന്‍ പലരും തയ്യാറായി വന്നു. ഗോവിന്ദാപുരം സംഭവത്തിന് ശേഷം പ്രതികരിക്കാന്‍ തുടങ്ങിയ തങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ പോലും നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് മീനാക്ഷിപുരക്കാര്‍. "കല്യാണത്തിന് ഇലയെടുക്കാന്‍ പോയാണ് ജീവിക്കുന്നത്. ഇവിടെ തോട്ടത്തില്‍ പണിയൊന്നുമില്ല. പഠിച്ചിട്ടും കാര്യമില്ല. എന്റെ മകന്‍ എംകോം കഴിഞ്ഞിട്ട് തേങ്ങയെടുക്കുന്ന വണ്ടി ഓടിക്കുകയാണ്",
സരസ്വതിയും ഒപ്പം സെല്‍വിയും പറഞ്ഞുതുടങ്ങി. "റേഷന്‍ അരി നാല് കിലോ കിട്ടും. പണിയുമില്ല. പിന്നെ എങ്ങനെ ജീവിക്കും. പഠിക്കാനുള്ള ആനുകൂല്യം പോലും കിട്ടുന്നില്ല. തമിഴ്‌നാട്ടില്‍ പഠിച്ചു എന്ന കാരണത്താല്‍ പണം തന്നില്ല. എല്ലാ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ട്. ന്യായമേയില്ല ഒന്നിനും. പൈപ്പ് വെള്ളം പോലും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. മേല്‍ സമുദായക്കാര്‍ക്ക് കിട്ടുന്നുണ്ട്. ഞങ്ങളാണ് പൈപ്പ് കണക്ഷന് വേണ്ടി പോരാടിയത്. കിട്ടിയത് അവര്‍ക്കും. ഞങ്ങള്‍ക്ക് പത്തും പന്ത്രണ്ടും ദിവസം കൂടുമ്പോള്‍ വെള്ളം വരും. അതുകൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യും. മേല്‍ജാതിക്കാരോട് ഞങ്ങളും ഞങ്ങള്‍ അവരോടും സംസാരിക്കാറേയില്ല. ഞങ്ങളെന്തിനാണ് അവരെ കണക്കാക്കുന്നത്? തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്താണ് ജീവിക്കുന്നത്. തോട്ടത്തില്‍ പണിക്കായി വിളിച്ചാല്‍ ഞങ്ങള്‍ പോകും. പക്ഷെ ഗൗണ്ടര്‍മാരാരും ഞങ്ങളെ വിളിക്കാറേയില്ല. തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ ഇല്ല. ചോദിച്ചാലും ഞങ്ങളെ എടുക്കുന്നില്ല എന്ന് പറയും. ചിലരാണ് അത് ഏറ്റെടുത്ത് ചെയ്യുന്നത്. അവര്‍ ഞങ്ങളെ കൂടെക്കൂട്ടില്ല. കേരളത്തിലെ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ട് തമിഴ്‌നാട്ടില്‍ പോയി എച്ചിയിലയെടുത്ത് അത് അടയ്ക്കും. അങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. പഠിക്ക് പഠിക്ക് എന്ന് എല്ലാവരും പറയും. പഠിച്ചിട്ടെന്ത് കാര്യം? പഠിക്കാതെ കൂലി വേലയ്ക്ക് പോവുന്നതാണ് നല്ലത്. പഠിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു ജോലിയും കിട്ടുന്നില്ല. മാലിന്യം പെറുക്കുന്ന ജോലിയോ, കുടിവെള്ള വിതരണ ജോലി പോലുമോ ഞങ്ങള്‍ക്ക് തരില്ല. ഗൗണ്ടര്‍മാരാണ് അതെല്ലാം നിയന്ത്രിക്കുന്നത്. ഞങ്ങള്‍ പഠിച്ച് വലിയവരായിട്ട് എന്ത് ചെയ്യാനാണ്?".


വടകരപ്പതി, ഒഴലപ്പതി, മുതലമട, വേലന്‍താവളം... ഈ സ്ഥലങ്ങളൊന്നും ഗോവിന്ദാപുരത്തേക്കാളോ മീനാക്ഷിപുരത്തേക്കാളോ ഭേദമല്ല. ആളുകള്‍ മാത്രം മാറുന്നു. അധികാരകേന്ദ്രങ്ങളും ഗ്രാമനിയമങ്ങളും എല്ലാം സമാനമായി തുടരുന്നു ഈ ഗ്രാമങ്ങളിലും. ഈ പഞ്ചായത്തുകളിലൊന്നില്‍ (ഇരയുടെ പേരോ സ്ഥലമോ വെളിപ്പെടുത്താനാവാത്തതിനാല്‍ സ്ഥലപ്പേര് ഉള്‍പ്പെടുത്തുന്നില്ല) പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ലൈംഗികാതിക്രമം നേരിട്ടു. നാട്ടുകൂട്ടത്തിലാണ് ഈ കേസ് ആദ്യമെത്തിയത്. പോലീസില്‍ പരാതി നല്‍കാമെന്നായി നാട്ടുക്കൂട്ടം. എന്നാല്‍ തന്നെ ആക്രമിച്ചത് മേല്‍ജാതിക്കാരായ മൂന്ന് പേര്‍ ആണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ നാട്ടുകൂട്ടം പിന്‍വലിഞ്ഞു. ഇനി മേല്‍ അത്തരം പെരുമാറ്റം ഉണ്ടാവാതെ നോക്കാന്‍ നാട്ടുകൂട്ടം താക്കീത് ചെയ്യാമെന്ന് പറഞ്ഞ് കേസ് അവിടം കൊണ്ട് അവസാനിപ്പിച്ചു. പോലീസിലേക്ക് കേസ് എത്തിയില്ല. എത്തിയാല്‍ തൊഴില്‍ വിലക്കും ഊരുവിലക്കും പറഞ്ഞായിരുന്നു ഭീഷണി. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുള്ള കുടുംബം ഭയന്ന് കേസുമായി മുന്നോട്ട് പോയില്ല. എസ് സി പ്രമോട്ടര്‍ കേസ് കൊടുക്കാന്‍ ധൈര്യം നല്‍കിയെങ്കിലും ഒരു ഉദ്യോഗസ്ഥയുടെ വാക്കു കേട്ട് നാട്ടില്‍ ഭ്രഷ്ട് അനുഭവിക്കാന്‍ നിന്നുകൊടുക്കേണ്ട എന്നായിരുന്നു ആ കുടുംബത്തിന്റെ തീരുമാനം. പിന്നീട് മാസങ്ങള്‍ക്കുള്ളില്‍ ആ എസ് സി പ്രമോട്ടര്‍ക്ക് സ്ഥലംമാറ്റവും ലഭിച്ചു.

Also Read: നരേന്ദ്ര മോദി ഇത്തവണ വരാണസി കടക്കുമോ? രാജ്യം എങ്ങോട്ടാണ് എന്നതിന്റെ ഉത്തരം ഇവിടെയാണ്‌

ഉദ്യോഗസ്ഥര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത ഗ്രാമങ്ങളെക്കുറിച്ചാണ് ബിഎല്‍ഒയും അങ്കനവാടി അധ്യാപികയുമായ ഉഷ പറയുന്നത്, "തമിഴും മലയാളവും ചേര്‍ന്ന ഈ കിഴക്കന്‍ മേഖലയില്‍ ജാതി ഒന്നും ഒഴിഞ്ഞുമാറിയിട്ടില്ല. ഉന്നതങ്ങളിലുള്ളവര്‍ ഏതാണോ രാഷ്ട്രീയം അതില്‍ ഈ താഴ്ന്ന സമുദായക്കാരും വോട്ട് ചെയ്യണം. അതില്‍ യാതൊരു സംശയവുമില്ല. കുറച്ചൊക്കെ മാറി വരുന്നുണ്ട്. എന്നാല്‍ ഇപ്പഴും അതൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതില്‍ നിന്ന് മാറിയാണ് അവര്‍ ചെയ്യുന്നതെങ്കില്‍ അതിന്റേതായ ഭവിഷ്യത്തുകളും അനുഭവിക്കേണ്ടി വരും. താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. വോട്ട് ചെയ്യുന്നത് എന്തിനാണ്, എന്ത് അവകാശമാണ് അതിലൂടെ നമ്മള്‍ നേടിയെടുക്കുക, റേഷന്‍കാര്‍ഡോ വീടിന് വായ്പയോ അടക്കം വ്യക്തിപരമായി ആവശ്യമുള്ള കാര്യങ്ങളിലുള്ള അറിവ് പോലും അവര്‍ക്കില്ല. അത് ധരിപ്പിക്കാന്‍ മറ്റവരും ഇഷ്ടപ്പെടുന്നില്ല. കാരണം, അവര്‍ എല്ലാം അറിഞ്ഞ് കഴിഞ്ഞാല്‍ ഇവര്‍ക്ക് സ്ഥാനമില്ലാതാവും. അറിവ് കിട്ടിക്കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നതൊന്നും അവര്‍ അനുസരിക്കില്ല. അവരെന്നും നമ്മുടെ അടിമയാവണമെങ്കില്‍ അവര്‍ക്കുള്ള ബോധവല്‍ക്കരണം പാടില്ല എന്ന് ചിന്തയാണ്. വളര്‍ന്ന് വരുന്ന കുട്ടികള്‍ അങ്ങനെ ഏതെങ്കിലും തരത്തില്‍ പോവുകയാണെന്നുണ്ടെങ്കില്‍ അവരുടെ വീട്ടിലുള്ള മാതാപിതാക്കളെ ഇവര്‍ വന്ന് ബുദ്ധിമുട്ടിപ്പിക്കും. അങ്ങനെ വരുമ്പോള്‍ ഈ കുട്ടികള്‍ക്കും ആ ഒരു മനോഭാവത്തോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വരികയാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്.


ഞാന്‍ ബാര്‍ബര്‍ സമുദായത്തില്‍ പെട്ടയാളാണ്. എന്റെ ചെറുപ്പം മുതലേ ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. ഗൗണ്ടര്‍മാര്‍ മാത്രമല്ല മുതലാളിമാരും മറ്റ് മേല്‍ജാതിക്കാരുമെല്ലാം, ഈഴവര്‍ പോലും ബാര്‍ബര്‍ഷോപ്പില്‍ ജോലിചെയ്യുന്ന ഞങ്ങളെപ്പോലുള്ളവരേയും വണ്ണാന്‍മാരെയുമെല്ലാം അധ:പതിപ്പിച്ചിട്ടേയുള്ളൂ. മാനസികമായി ഒരുപാട് ബുദ്ധിമുട്ട് ചെറുപ്രായത്തില്‍ അനുഭവിച്ചതാണ്. ഇന്നും ഞങ്ങള് വിദ്യാഭ്യാസപരമായി മുന്നോട്ട് വന്ന് മുന്‍പന്തിയിലേക്ക് വരുമ്പോഴും ഈ പഞ്ചായത്തില്‍ (വടകരപ്പതി) തന്നെ പല ബുദ്ധിമുട്ടുകളും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കുടിവെള്ളം തരാത്തതടക്കമുള്ള ബുദ്ധിമുട്ടുകള്‍. ഇവര് മുന്നോട്ട് വരരുത്, എന്നും അധ:പതിച്ചിരിക്കണം എന്നാണ് അവരുടെ ചിന്ത. എങ്ങനെയിവര്‍ക്ക് അത് ചോദിക്കാനുള്ള ധൈര്യം ലബിച്ചു എന്ന് ചോദിക്കുക മാത്രമല്ല പല ബുദ്ധിമുട്ടുകള്‍ തരികയും ചെയ്യും. ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ എന്ത് ചെയ്യും, വേണ്ട ഈ പ്രശ്‌നം നമുക്ക് വേണ്ട, 'അയ്യാ സാമി' എന്ന് പറഞ്ഞ് തലയും കുനിഞ്ഞ് ഇരുന്ന് ജീവിതങ്ങള്‍ കൊണ്ടുപോകും. എനിക്ക് പോലും ഇത്ര ബുദ്ധിമുട്ടാവുമ്പോള്‍ ഒരു പഠിപ്പും അറിവുമില്ലാത്തവര്‍ എന്ത് ചെയ്യും? പ്രാക്ടിക്കലായിട്ട് അവര്‍ ഒഴിഞ്ഞ് പോകും.


പോലീസ് സംവിധാനത്തില്‍ ഇപ്പോള്‍ കുറച്ച് മാറ്റങ്ങളുണ്ട്. എന്നാല്‍ ചില സമയത്ത് അവര്‍ക്ക് പോലീസിന്റെയടുത്ത് പോയാല്‍ നീതി ലഭിക്കുന്നില്ല. താഴ്ന്ന സമുദായത്തിലെയാള്‍ എന്തെങ്കിലും ഒരു പ്രശ്നത്തിന് പരാതിയുമായി വന്നാല്‍, അയാള്‍ രാഷ്ട്രീയമായോ സാമ്പത്തികമായോ ഉയര്‍ന്നതാണെങ്കില്‍ മാത്രം വേണ്ട സപ്പോര്‍ട്ട് കിട്ടും. ചില ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ ചെയ്യുമായിരിക്കും. എന്നാലും പലപ്പോഴും അവര്‍ക്ക് നീതി കിട്ടുന്നത് അപൂര്‍വമാണ്. നീലിപ്പാറയിലെ ഒരു ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആ കുടുംബത്തിന് അപേക്ഷ എഴുതിക്കൊടുക്കാനുമെല്ലാം ഞാനുണ്ടായിരുന്നു. ആ കുടുംബത്തെ അവര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ് കുട്ടികളുമായിരുന്നു. അതിലൊരു ആണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ആ കുട്ടിക്ക് പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ജീവിതം തുടങ്ങുന്നതിന് മുന്നേ ആ കുട്ടിക്ക് ജീവിതം അവസാനിപ്പിക്കണ്ട സാഹചര്യം വന്നു. കുടുംബക്കാര്‍ പറയുന്നത് അത് ആത്മഹത്യ അല്ല എന്നാണ്. ഡിസിപിയ്ക്കും മറ്റും നമ്മള്‍ പരാതി നല്‍കി. എന്നാല്‍ അവര്‍ കുറേ ദിവസത്തേക്ക് വന്നേയില്ല. ഇവര്‍ താഴ്ന്ന സമുദായക്കാരാണെന്നുള്ളതും സാമ്പത്തികമായി പിന്നോക്കമാണെന്നുള്ളതുകൊണ്ടും അവര്‍ക്ക് നീതി ലഭിക്കാന്‍, മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന റിപ്പോര്‍ട്ട് പോലും വരാന്‍ മാസങ്ങള്‍ എടുത്തു. പോലീസ് മേലുദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കി. അവസാനം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് വന്ന് കിട്ടി. ജാതിയും മതവും ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല. പ്രത്യേകിച്ചും ഈ ഭാഗത്ത് അത് വളരെക്കൂടുതലാണ്.


ഞാന്‍ ഒരു ബിഎല്‍ഒ ആണ്. ചില സ്ഥലങ്ങളില്‍ പോവുമ്പോള്‍ അവര്‍ക്ക് ഒന്നും മനസ്സിലാവില്ല. റേഷന്‍കാര്‍ഡിന് എന്ത് ചെയ്യണം?, ഐഡന്റിറ്റികാര്‍ഡിന് എന്ത് ചെയ്യണം?, പഞ്ചായത്തില്‍ നിന്ന് ആനുകൂല്യം ലഭിക്കാന്‍ എന്ത് ചെയ്യണം? ഇതൊന്നും അവര്‍ക്കറിയില്ല. അത്തരത്തിലുല്‌ളവരുടെ കാര്യം ഞാന്‍ എസ് സി പ്രമോട്ടര്‍മാരോട് പലപ്പോഴും പറയാറുണ്ട്. ഞാന്‍ പറഞ്ഞ ഈ ആത്മഹത്യ കേസ് പോലും സംഭവം നടന്നപ്പോള്‍ ഞാന്‍ അറിയിച്ചതാണ്. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് എസ് സി പ്രമോട്ടര്‍ 'ടീച്ചറേ ആ വീട്ടില്‍ പോയാല്‍ ആ�

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories