Top

സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1

സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1
രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.


ഭാഗം - 1

വോട്ടവകാശമില്ല, ജീവിക്കുന്നതിന് തെളിവുമില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍

പാലക്കാട് കൊടും ചൂടില്‍ തിളച്ച് നില്‍ക്കുകയാണ്. ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ചൂടിനെ നേരിടാനാവാതെ ഭൂരിഭാഗം പേരും വീടുകള്‍ക്കുള്ളിലേക്ക് വലിയുന്നു. കിലോമീറ്ററുകള്‍ കടന്നാല്‍ മാത്രം നിരത്തുകളില്‍ ഒറ്റയ്ക്കും തറ്റയ്ക്കും ചിലരെ കാണാം. തണല്‍ എന്ന് പറയാന്‍ റോഡുകള്‍ക്കിരുവശവും ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും തലയുയര്‍ത്തി നില്‍ക്കുന്ന പനകളുടെ നിഴലുകളും മാത്രം. ഉച്ചച്ചൂടിലാണ് മീനാക്ഷിപുരത്തെത്തുന്നത്. പാലക്കാടന്‍ ഗ്രാമജീവിതത്തിന്റെ അകവും പുറവും അന്വേഷിച്ചിറങ്ങിയ ഞങ്ങള്‍ക്കിടയിലേക്ക് കാളീശ്വരി എത്തുന്നത് അവിടെ വച്ചായിരുന്നു.

"നാന്‍ മെമ്പര്‍. സ്രാമ്പി പഞ്ചായത്ത് മെമ്പര്‍. കാണ്‍ഗ്രസ് പാര്‍ട്ടി", തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാനായി വന്നതാണ് ഞങ്ങളെന്നായിരുന്നു കാളീശ്വരിയുടെ ധാരണ. തിരഞ്ഞെടുപ്പോ രാഷ്ട്രീയമോ അല്ല ഞങ്ങളുടെ വിഷയം എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ക്ക് മനസ്സിലായതുമില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൈകടത്തലുകളില്ലാതെ പച്ചയായ ജീവിതങ്ങളെ തിരയണമെന്നുള്ളതിനാല്‍ കാളീശ്വരിയെ അവിടെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോവാമെന്നായിരുന്നു ചിന്ത. എന്നാല്‍ ആ ചിന്തയെ അവര്‍ തന്നെ മുറിച്ചു. "
അവങ്കളെ പാത്ത് പോ അമ്മാ. എതാവത് കെടച്ചാ... അത് താന്‍ മുഖ്യം... അവ പെരിയ കഷ്ടടത്തിലേ. അവങ്കള്‍ക്ക് ഒന്നുമേ ഇല്ലൈ. ഭൂമി ഇല്ലൈ, ആധാരം ഇല്ലൈ, റേഷന്‍ കാര്‍ഡ് ഇല്ലൈ, അവങ്കള്‍ക്ക് അരിസിയും കെടക്കലയേ... ഒരു നാള്‍ വേലൈ ഇല്ലേനാ കൊഴൈന്തകളടക്കം പട്ടിണി"
. കാളീശ്വരിക്ക് ഒരേയൊരാവശ്യമേയുള്ളൂ. ഞങ്ങള്‍ കരടിപ്പാറയില്‍ ചെല്ലണം. പുറംലോകത്തിനറിയാത്ത കുറേ മനുഷ്യരെ കാണണം. കരടിപ്പാറയിലേക്ക് തിരിക്കാനിരുന്ന ഞങ്ങളുടെ കൂടെ കാളീശ്വരിയും ചേര്‍ന്നു.
"ഞാനും വരാം. പരിചയമുള്ളവരില്ലെങ്കില്‍ അവര്‍ പുറത്ത് പോലും വരില്ല. നിങ്ങളോട് അവര്‍ ഒന്നും പറയില്ല",
കരടിപ്പാറയിലെ മനുഷ്യരും ഞങ്ങളും തമ്മിലുള്ള പരിചയപ്പെടലിന് പോലും പഞ്ചായത്തംഗം കൂടിയായ രാഷ്ട്രീയ പ്രവര്‍ത്തക ഒരു തടസ്സമാണെന്ന് അറിയാമായിരുന്നിട്ടും കാളീശ്വരിയെ വഴികാട്ടിയായി ഒപ്പം കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. "പ്രാദേശികമായി ആരെങ്കിലും നമുക്കൊപ്പമുള്ളത് നല്ലതാ. പോവുന്നത് പാലക്കാടിന്റെ മറ്റൊരു മുഖത്തിലേക്കാണ്. ചിലപ്പോള്‍ നമ്മള്‍ തിരിച്ചുവരണമെന്ന് പോലുമില്ല",
ഒപ്പം സഹായിയായുണ്ടായിരുന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ സുധാകരനും ബോബനും ശബ്ദം താഴ്ത്തി എനിക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ പറഞ്ഞതും അതിനൊരു കാരണമായി.

ആദിവാസി- ദളിത് സെറ്റില്‍മെന്റുകള്‍ക്ക് നടുവിലൂടെയായിരുന്നു യാത്ര. ഓലയോ പനംപട്ടയോ മേഞ്ഞ കൂരകള്‍. മെലിഞ്ഞ്, കവിള്‍ ഒട്ടിയ, തലയില്‍ തോര്‍ത്തുമുണ്ട് വലിച്ചുകെട്ടിയ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഉടലുകള്‍ കണ്ണും നട്ടിരിക്കുന്ന കാഴ്ചയായിരുന്നു എല്ലാ സെറ്റില്‍മെന്റുകളുടെയും പൊതു സ്വഭാവം.
"ഇതാണ് ഈ പ്രദേശത്താകെയുള്ള ഒരു അങ്കണവാടി. വേറെ സ്‌കൂളില്ല"
. റോഡരികില്‍ തന്നെയുള്ള അങ്കണവാടിക്ക് നേരെ കൈചൂണ്ടി കാളീശ്വരി പറഞ്ഞു. ഒരു ആദിവാസി കോളനിക്ക് സമീപമായിരുന്നു അത്. ഇടക്കിടെ അല്‍പ്പം വലിപ്പമുള്ളതോ, കോണ്‍ക്രീറ്റ് ചെയ്തതോ ആയ വീടുകള്‍ കണ്ടു. "അത് തോട്ടമുടമകളുടെയാണ്. ഗൗണ്ടര്‍മാരുടെ. പിന്നെ ചിലത് ചെട്ട്യയാര്‍മാരുടെ. അവര്‍ രണ്ട് കൂട്ടരുമാണ് ഇവിടെ ജാതിയില്‍ കൂടിയവര്‍. ബാക്കിയെല്ലാവരും എസ് സി- എസ് ടി തന്നെയാണ്. പക്ഷെ ഇവിടെ ജാതി പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങള്‍ അങ്ങോട്ടും അവര്‍ ഇങ്ങോട്ടും പോവാറില്ല",
കാളീശ്വരി തുടര്‍ന്നുകൊണ്ടേയിരുന്നു. "എനിക്ക് എട്ട് ഏക്കര്‍ തോട്ടമുണ്ട്. ഇപ്പോ തോട്ടം എല്ലാം നഷ്ടമാണ്. തോട്ടമുള്ളവര്‍ തന്നെ കാലികളെ വളര്‍ത്തലിലേക്ക് മാറി. തൊഴിലാളികള്‍ക്ക് കൂലിയെല്ലാം കമ്മിയാണ്. ഗൗണ്ടര്‍മാരെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് വലിയ ലാഭം ഒന്നുമില്ലാതെ എങ്ങനെയാണ് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുക?". പാലക്കാട്ടെ മറ്റ് പല ഗ്രാമങ്ങളില്‍ നിന്നും അറിഞ്ഞ കാര്യങ്ങളായിരുന്നു കാളീശ്വരിയുടെ സംസാരത്തിലും.

തോട്ടം മുതലാളിമാര്‍ ഗൗണ്ടര്‍ സമുദായക്കാരാണ്. തോട്ടങ്ങളിലെ പണിക്കാര്‍ ദളിത്-ആദിവാസി സമൂഹങ്ങളും. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൗണ്ടര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ തന്നെ. ജനപ്രതിനിധികളും ഗൗണ്ടര്‍മാരും ചേര്‍ന്ന് ഭരിക്കുന്നയിടങ്ങളാണ് പാലക്കാടന്‍ ഗ്രാമങ്ങളില്‍ പലതും എന്ന് ഗ്രാമങ്ങള്‍ ചുറ്റിയുള്ള യാത്രക്കിടെ അറിഞ്ഞതിന്റെ ആകാംക്ഷയില്‍ 'മെമ്പര്‍ ഏത് സമുദായാംഗമാണ്?' എന്ന് ചോദിച്ചു. "ഞാന്‍ ഗൗണ്ടര്‍ സമുദായം"
എന്ന് ഉടന്‍ മറുപടിയും വന്നു. കൂടെ വിശീകരണവും, "പക്ഷെ ഞാന്‍ ആരെയും അകറ്റി നിര്‍ത്താറില്ല. എല്ലാവര്‍ക്കും വേണ്ടി നല്ലത് മാത്രം ചെയ്യാനേ നോക്കാറുള്ളൂ. ഇപ്പോള്‍ നമ്മള്‍ പോവുന്ന സ്ഥലത്തിന് വേണ്ടിയും ഞാന്‍ കുറേ കഷ്ടപ്പെടുന്നുണ്ട്. അവര്‍ക്ക് ഒന്നുമില്ലായിരുന്നു. ഞാന്‍ ഇടപെട്ടാണ് ആധാര്‍ കാര്‍ഡും കുറച്ച് പേര്‍ക്ക് വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡും തരപ്പെടുത്തിയത്. നിങ്ങള്‍ നേരില്‍ വന്ന് കാണൂ. ഞാനെന്തൊക്കെയാണ് ചെയ്തതെന്ന് അവരുടെ അടുത്ത് നിന്ന് തന്നെ കേള്‍ക്കാം."
വീണ്ടും കരടിപ്പാറയിലെ മനുഷ്യരിലേക്ക് തന്നെ കാളീശ്വരി തിരിച്ചെത്തി.

ഓലമറയ്ക്കുള്ളില്‍

കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ പിന്നെ വീടുകള്‍ കാണാതായി. മണ്ണ് വെട്ടിയുണ്ടാക്കിയ റോഡിന് ഇരുവശവും തെങ്ങിന്‍ തോട്ടങ്ങള്‍ മാത്രം. തെങ്ങിന്‍ തടങ്ങളെല്ലാം വെള്ളം നിറഞ്ഞ് കിടന്നിരുന്നു. ആറ് വളവുകള്‍ പിന്നിട്ട് ഒരു കുന്നു കയറി. ആ കുന്നിന്റെ ഒരറ്റത്ത് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് കാളീശ്വരി പുറത്തിറങ്ങി. മറ്റൊരു കുന്നിലേക്കുള്ള കയറ്റത്തില്‍ മൂന്നാല് മനുഷ്യര്‍ ആടുകളുമായി നില്‍ക്കുന്നുണ്ട്. കുറച്ചുകൂടി നടന്നപ്പോള്‍ ആയിരം ലിറ്ററിന്റെ നാല് വാട്ടര്‍ ടാങ്കുകള്‍ ഒത്ത നടുക്ക് തറകെട്ടി ഒന്നിച്ച് വച്ചിട്ടുണ്ട്. അതിന് വലതു വശത്തായി കുറേ ഓലക്കൂടുകള്‍. കുടിലുകള്‍ എന്ന് അവയെ വിളിക്കുക വയ്യ. പക്ഷിക്കൂടുകള്‍ പോലെ ഓലയും മരക്കൊമ്പുകളും ചേര്‍ത്ത് താഴ്ത്തി കെട്ടിയ കൂടുകള്‍ തന്നെയായിരുന്നു അത്. ഓലയുടെ മേല്‍ക്കൂരയ്ക്ക് കീഴെ ഒറ്റ മുറി. മുറിയില്‍ കയറിയാല്‍ ഓലമറയുടെ വലിയ ദ്വാരങ്ങളിലൂടെ ആകാശം കാണാം. താഴെ വെറും മണ്ണ് മാത്രം. ഇതിനുള്ളിലാണ് പാചകവും കിടപ്പും എല്ലാം. മുതിര്‍ന്നവരും കുഞ്ഞുങ്ങളും എല്ലാമായി ചുരുങ്ങിയത് നാലോ അഞ്ചോ പേര്‍ ഒരു കൂരയ്ക്ക് അവകാശികളായുണ്ട്. "
മഴ വരുമ്പോള്‍ മാത്രം എല്ലാവരും കൂടി അകത്തേക്ക് കയറും. അല്ലെങ്കില്‍ പുറത്തും പാറയിലും ഒക്കെ കിടക്കും",
വീടിനുള്‍വശം കാണാനായി അകത്തേക്ക് കയറും വഴി വസന്ത സെല്‍വി പറഞ്ഞു. വസന്ത സെല്‍വിക്ക് ഭര്‍ത്താവും രണ്ട് മക്കളും മൂന്ന് പേരക്കുട്ടികളുമുണ്ട്. എല്ലാവര്‍ക്കുമായി ഒരു ഓലക്കൂരയാണ്. "ഓലയ്ക്ക് ജാസ്തി പണം കൊടുക്കണം. ഞങ്ങള്‍ക്ക് ഓല വാങ്ങി വേറെ കെട്ടാന്‍ നിവൃത്തിയില്ല. അതുകൊണ്ടാണ് വേറെ ഒന്ന് കെട്ടാത്തത്", സെല്‍വി തുടര്‍ന്നു. ആടുകള്‍ക്കായി പ്രത്യേകം ഓലമറകള്‍ ഉണ്ട്. ഓരോരുത്തരുടേയും വീടുകളോട് ചേര്‍ന്ന് തന്നെ അതേ വലുപ്പത്തില്‍ ആടുകള്‍ക്കുള്ള ഓലപ്പുരകളും.
"ആടുകളും നാങ്കളും കിടക്കണത് ഒരേ ഇടത്തില്‍ താന്‍"
, സെല്‍വി ചൂണ്ടിക്കാണിച്ചു. പുറത്തുനിന്ന് വന്നവരെ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുകയായിരുന്നു രണ്ട് വയസ്സുകാരി കാവ്യ. അമ്മ പവിഴത്തിന്റെ കയ്യില്‍ നിന്ന് അവള്‍ താഴെ ഇറങ്ങിയതേയില്ല. മൂന്നര വയസ്സുകാരി നന്ദിനി നിര്‍ത്താതെ കരഞ്ഞുകൊണ്ടേയിരുന്നു. "പുറത്തു നിന്ന് ആരും ഇവിടേക്ക് അധികം വരാറില്ല. അതുകൊണ്ട് കുട്ടി പരിചയമില്ലാത്തവരെ കണ്ടാല്‍ പേടിച്ച് കരയും", അമ്മൂമ്മ സരസ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു. ചില കുടിലുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പുതിയവ കെട്ടുന്ന ജോലികളിലാണ് ചിലര്‍. കല്ലുകള്‍ കെട്ടി മൂന്ന് കുടിലുകള്‍ ബലപ്പെടുത്തുന്നുണ്ട്. "
പ്രളയം വല്ലാതെ ബാധിച്ചു ഇവരെ. മുപ്പതിലധികം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ പതിനഞ്ച് കുടുംബങ്ങളാണ്. അവരില്‍ ചിലര്‍ക്ക് ചില സന്നദ്ധ സംഘടനകള്‍ വന്ന് വീടിന് കല്ലുകെട്ടി കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്",
കാളീശ്വരി അത് തന്റെ ക്രെഡിറ്റ് ആയാണ് അവതരിപ്പിച്ചത്.

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്ള കരടിപ്പാറയിലെ ജയം കോളനിയുടെ പുറം കാഴ്ചകള്‍ ഇങ്ങനെയാണ്. ഇതിനേക്കാള്‍ പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായിരുന്നു അകത്തെ വര്‍ത്തമാനങ്ങള്‍.

അടിമ ജീവിതങ്ങള്‍

ഇങ്ങനെ കുറേപ്പേര്‍ ജീവിച്ചിരിക്കുന്നു എന്നതിന് പോലും രേഖകളില്ല. സര്‍ക്കാരിന്റെ കണക്കില്‍ പെടാത്തവരാണ് ഇവര്‍. 25-ഉും 30-ഉം വര്‍ഷങ്ങളായി കരടിപ്പാറയില്‍ താമസിക്കുന്നവരാണ് ഈ കുടുംബങ്ങള്‍. മുപ്പതിലധികം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ പലരും തോട്ടങ്ങളിലേക്ക് തന്നെ മാറി താമസിച്ചു. സ്വന്തമായി ഭൂമിയില്ല. റേഷന്‍ കാര്‍ഡില്ല. ജനാധിപത്യത്തിന്റെ കാതലായ വോട്ടവകാശം പോലും ഇവര്‍ക്കില്ല. നേരം പുലരും മുന്നെ തോട്ടങ്ങളിലേക്കെത്തും. തോട്ടമുടമ പറയുന്ന ജോലികളെല്ലാം ചെയ്യും. സന്ധ്യമയങ്ങുമ്പോള്‍ തിരിച്ച് കോളനിയിലേക്കെത്തും. ചിലപ്പോള്‍ പത്ത് ദിവസത്തിലധികം പണിയുണ്ടാവില്ല. പണിയില്ലെങ്കില്‍ കുഞ്ഞുങ്ങളടക്കമുള്ളവര്‍ പട്ടിണിയാവും. പക്ഷെ ജോലിയന്വേഷിച്ച് ഇവര്‍ എവിടേക്കും പോവില്ല. ഓരോ തോട്ടക്കാരനും തങ്ങളുടെ പണിയാളുകളെ സാമൂഹികമായും സാമ്പത്തികമായും വൈകാരികമായും അടിമപ്പെടുത്തിയിരിക്കുകയാണ്. തോട്ടക്കാരന്‍ നല്‍കുന്ന കൂലി വാങ്ങി ജോലി ചെയ്യും. കുറവായാലും നല്‍കിയില്ലെങ്കിലും ഇവരും ചോദിക്കില്ല ഇവര്‍ക്കായി മറ്റാരും ചോദിക്കാനുമില്ല. കൂലിക്കാര്യം മിണ്ടിയാല്‍ പിറ്റേന്ന് മുതല്‍ പണിയുണ്ടാവില്ല. അത് പേടിച്ച് ഇവര്‍ പട്ടിണി കിടക്കാനും തയ്യാറാവും. പാലക്കാട് വ്യാപകമായ വട്ടിപ്പലിശക്കാര്‍ ഇവര്‍ക്ക് പണം വായ്പ നല്‍കില്ല. അത്യാവശ്യം വന്നാല്‍ നൂറോ ഇരുന്നൂറോ തോട്ടക്കാരനോട് തന്നെ ചോദിച്ച് പല തവണയായി മടക്കി നല്‍കും. നല്ല വസ്ത്രങ്ങളില്ല, വെള്ളവും വൈദ്യുതിയുമില്ല. ഇതാണ് ജയം കോളനിക്കാരുടെ ജീവിതം.

കാളീശ്വരിയിടെ കണ്ണില്‍ പെടാതെ സംസാരിച്ചവര്‍ ഇങ്ങനെ ഓരോ കാര്യങ്ങളായി പറഞ്ഞു അടുത്തെത്തിയപ്പോഴേക്കും അവര്‍ ഞങ്ങള്‍ക്കിടയില്‍ എത്തി. "ഇവരുടെ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. ഞാനിടപെട്ട് ഇതില്‍ പതിനഞ്ച് പേര്‍ക്ക് താത്ക്കാലിക റേഷന്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കി. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ സഹായം കൊണ്ടാണ് അത് ലഭിച്ചത്. ഇരുപത് പേര്‍ക്ക് ആധാര്‍ കാര്‍ഡ് എടുപ്പിച്ചു. കുറച്ചു പേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡും കിട്ടി. പക്ഷെ സൗജന്യ അരി കിട്ടുന്നില്ല. അതിന് എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് വേണം. ചിലര്‍ക്ക് കിര്‍താഡ്‌സ് ജാതി സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നില്ല. ഇവര്‍ മലയര്‍ വിഭാഗത്തില്‍ പെട്ടവരാണ്. ചിലര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ട്. മറ്റുള്ളവര്‍ക്കും കൂടി കിട്ടിയിരുന്നെങ്കില്‍ റേഷന്‍കാര്‍ഡ് ശരിയാക്കാമായിരുന്നു",
ആ തരത്തില്‍ പഞ്ചായത്തംഗത്തിന്റെ ഇടപെടലിനെ കോളനിക്കാര്‍ പൂര്‍ണ മനസ്സോടെ അംഗീകരിക്കുകയും ചെയ്യുന്നു.

പളനി സ്വാമിക്ക് 70 വയസ്സായി. ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഇയാള്‍. എന്നാല്‍ വോട്ട് എന്താണെന്നോ, എന്തിനാണ് വോട്ട് ചെയ്യുന്നതെന്നോ പോലും പളനി സ്വാമിക്ക് അറിയില്ല. എംഎല്‍എയോ എംപിയോ മുഖ്യമന്ത്രിയോ ആരെന്ന് പോലും ഇയാള്‍ക്ക് അറിവില്ല. ആകെ അറിയുന്നത് പഞ്ചായത്ത് അംഗത്തെയാണ്. "മെമ്പര്‍ വന്നതുകൊണ്ട് കാര്‍ഡ് കിട്ടി. മെമ്പര്‍ വന്നതിന് ശേഷം കൂലി കിട്ടി. ഇതൊക്കെ പറഞ്ഞാല്‍ മതി"
-പളനി സ്വാമി സംസാരിക്കാന്‍ തയ്യാറായി വന്നപ്പോള്‍ കാളീശ്വരി പുറകില്‍ നിന്ന് ഉപദേശിക്കുന്നത് കേട്ടു. എല്ലാം തലയാട്ടി സമ്മതിച്ച് പഴനി സ്വാമി സംസാരിക്കാന്‍ തുടങ്ങി. "എല്ലാം എഴുതിക്കൊണ്ട് പോവും എന്നല്ലാതെ ഇതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ തോട്ടത്തിലെല്ലാം ജോലിയെടുത്താല്‍ ഞങ്ങള്‍ക്കുണ്ട്. ഇല്ലെങ്കില്‍ ഇല്ല. കുട്ടികളും തോട്ടത്തിലെല്ലാം പണിക്ക് പോവുന്നതുകൊണ്ട് പഠിക്കാനും കഴിയുന്നില്ല. ഗൗണ്ടറമ്മ മെമ്പറായി വന്നത് സഹായമായി. മുമ്പ് അറുപത്, എഴുപത് രൂപയായിരുന്നു തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍. ഒരു വര്‍ഷമായിട്ട്, മെമ്പര്‍ വന്നതിന് ശേഷം ആണുങ്ങള്‍ക്ക് 450 രൂപയും പെണ്ണുങ്ങള്‍ക്ക് 200 രൂപയും കിട്ടുന്നുണ്ട്. കൂലി കൂടുതല്‍ ചോദിച്ചാല്‍ പണിക്ക് വരേണ്ടെന്ന് പറയും",
ഇത്രയും പറയുന്നതിനിടക്ക് മെമ്പര്‍ വീണ്ടും തലപൊക്കി; "അവരും വലിയ കഷ്ടത്തില്‍. അവര്‍ ജോലി കൊടുക്കാത്തതല്ല. തെങ്ങുകളെല്ലാം പോയി. വലിയ കഷ്ടത്തിലാണ്. ഇവര്‍ക്ക് ബുദ്ധിമുട്ടിയാണ് ജോലി നല്‍കുന്നത്". മെമ്പറെ ധിക്കരിച്ച് എന്തെങ്കിലും പറയാന്‍ പളനിവേലും മുതിര്‍ന്നില്ല. തോട്ടം ഉടമകളുടെ, മേല്‍ജാതിക്കാരുടെ ചെയ്തികളിലേക്ക് കടക്കാന്‍ പളനി സ്വാമി തുനിയവെ കാളീശ്വരി കൈകള്‍ കൊണ്ട് ' വേണ്ട വേണ്ട' എന്ന് ആഗ്യം കാട്ടി. ഇതോടെ അതില്‍ നിന്നും പളനിവേല്‍ പിന്മാറി. മറ്റു കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി. "
എല്ലാ ഉദ്യോഗസ്ഥരും വരും. കുറേ എഴുതിക്കൊണ്ട് പോവും. പക്ഷെ പിന്നെ ആരും വരില്ല. എന്തെങ്കിലും എഴുതിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് എഴുത്തും വായനയും അറിയില്ല. ഒന്നും എഴുതിക്കൊടുക്കാന്‍ ഞങ്ങള്‍ക്കറിയില്ല. രാഷ്ട്രീയക്കാരും വരും. അത് ചെയ്ത് കൊടുക്കാം ഇത് ചെയ്ത് കൊടുക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ ഏതൊക്കെ കക്ഷികള്‍ എന്ന് അറിയില്ല. ആകെ ഞങ്ങള്‍ക്ക് മെമ്പറെ അറിയാം. ഇപ്പോഴാണ് വോട്ട് ചെയ്യാന്‍ വരെ അവസരമുണ്ടായത്. എങ്ങനെയാണ് വോട്ട് ചെയ്യണ്ടതെന്ന് ഇപ്പഴാണ് ഞങ്ങള്‍ അറിയാന്‍ പോവുന്നത്."


എന്നാല്‍ മെമ്പര്‍ കണ്ണുരുട്ടി പറയിപ്പിച്ചതിനെയെല്ലാം നിഷേധിച്ചുകൊണ്ടാണ് കാളീശ്വരിയുടെ കണ്ണുവെട്ടിച്ച് ചിന്നശിവം സംസാരിച്ചത്. "കൂലി അത്രയൊന്നും കിട്ടുന്നില്ല. നാനൂറ് രൂപ കിട്ടും. ദൂരെയുള്ള സ്ഥലങ്ങളില്‍ പോയാല്‍ 450 രൂപ കിട്ടും. ചില തോട്ടക്കാര്‍ ഇപ്പഴും 100 രൂപയാണ് കൊടുക്കുന്നത്. അവര്‍ പറയുന്ന പണിയെല്ലാം ഞങ്ങള്‍ ചെയ്യും. പക്ഷെ പത്ത് ദിവസം പണിയുണ്ടെങ്കില്‍ ബാക്കി പത്ത് ദിവസം പണിയുണ്ടാവില്ല. കൂലി കൂടുതല്‍ ചോദിച്ചാല്‍ പിന്നെ പണിക്കേ വിളിക്കില്ല. പൊയ്‌ക്കൊള്ളാന്‍ പറയും ഞങ്ങളെങ്ങോട്ട് പോവും?"
. സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്തവരായതിനാല്‍ തൊഴിലുറപ്പ് ജോലികളിലും ഇവരെ ഉള്‍പ്പെടുത്തില്ല.

തോട്ടമുടമകള്‍ അനുവദിക്കുന്ന രണ്ട് കുടം വെള്ളം

കോളനിക്ക് മുന്നിലായി വച്ചിരിക്കുന്ന നാല് കുടിവെള്ള ടാങ്കുകളിലും ഒരു തുള്ളിവെള്ളമില്ലാതായിട്ട് രണ്ടാഴ്ചയായി. ആഴ്ചയിലൊരിക്കല്‍ സ്വന്തം കയ്യില്‍ നിന്ന് പണം കൊടുത്ത് ടാങ്കറില്‍ വെള്ളമെത്തിച്ച് ടാങ്കുകള്‍ നിറയ്ക്കുമെന്ന് കാളീശ്വരി പറയുന്നു. എന്നാല്‍ കുടിവെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് പഞ്ചായത്തുകള്‍ക്കായി മാറ്റി വക്കുന്നത് എന്ന യാഥാര്‍ഥ്യം കോളനിയിലെ ജനങ്ങള്‍ക്കറിയില്ല. അവരുടെ കണ്ണില്‍ മെമ്പര്‍ നല്‍കുന്ന ഔദാര്യമാണ് ടാങ്കിലെത്തുന്ന വെള്ളം. ആഴ്ചയിലൊരിക്കല്‍ എന്ന് മെമ്പര്‍ അവകാശപ്പെട്ടപ്പോള്‍ പവിഴം, മെമ്പര്‍ പരിസരത്തില്ല എന്ന് ഉറപ്പുവരുത്തി പറഞ്ഞത് ഇതാണ്:
"മൂന്നാഴ്ച കൂടുമ്പോള്‍ ഒരു ടാങ്ക് നിറയാനുള്ള വെള്ളം വരും. പക്ഷെ അത് ഞങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് പോലും ഉണ്ടാവില്ല",
കാളീശ്വരി ഞങ്ങള്‍ക്കരികിലേക്കെത്തിയപ്പോള്‍ പേടിച്ചരണ്ട കണ്ണുകളോടെ പവിഴം പിന്‍വലിഞ്ഞു. "ഇവിടെ വെള്ളം ഉണ്ടാവാറില്ല. തോട്ടക്കാരനോട് ചോദിച്ചിട്ട് അവിടെ നിന്നാണ് എടുക്കുന്നത്. രണ്ട് കുടം വെള്ളം തോട്ടത്തില്‍ നിന്ന് എടുക്കാം. കുട്ടികളടക്കമുള്ളവര്‍ ആ വെള്ളമാണ് കുടിക്കുന്നത്. രണ്ട് കുടം വെള്ളം കൊണ്ട് ഞങ്ങള്‍ക്ക് എന്താവാനാ?".
അതേസമയം തോട്ടങ്ങളില്‍ തടം നിറഞ്ഞെഴുകിയ വെള്ളം കണ്ടാണ് ഞങ്ങളുടെ വരവ്. ഒരേ പ്രദേശത്തുള്ള ചിലര്‍ക്ക് വെള്ളം ആവശ്യത്തിലധികം ഉണ്ടാവുകയും മറ്റൊരു കൂട്ടര്‍ക്ക് അത് കിട്ടാക്കനിയാവുകയും ചെയ്യുന്നതെങ്ങനെയാണ്? പക്ഷെ കുടിവെള്ളമെങ്കിലും തങ്ങളുടെ അവകാശമാണെന്ന് അറിഞ്ഞ് ചോദിച്ച് വാങ്ങാനോ, ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടാനോ ആര്‍ക്കും ധൈര്യമില്ല. ഗൗണ്ടര്‍മാരും പഞ്ചായത്ത് അംഗവും പറയുന്ന ഔദാര്യ കണക്കുകള്‍ വിശ്വസിച്ച് ജീവിതം ഇത് തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ് ഇവരില്‍ അധികവും. പലരും കൊഴിഞ്ഞമ്പാറ വിട്ട് പുറംലോകം കണ്ടിട്ടുമില്ല. പുറത്തുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നും ഇവര്‍ക്കറിയില്ല. കണ്ണുരുട്ടിയും പേടിപ്പിച്ചും നിലയ്ക്ക് നിര്‍ത്തപ്പെടുന്ന ഒരു കൂട്ടമാളുകളാണ് കരടിപ്പാറയില്‍ കുടില്‍കെട്ടി താമസിക്കുന്നവര്‍ എന്ന് മനസ്സിലാക്കാന്‍ കാളീശ്വരിയുടെ വരവും സഹായിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മിച്ചഭൂമിയായി കണ്ടെത്തി ഭൂമിയില്ലാത്ത 80 കുടുംബങ്ങള്‍ക്ക് കരടിപ്പാറയിലെ ഭൂമി വിതരണം ചെയ്തു. എന്നാല്‍ എണ്‍പത് പേരും ഭൂമി വാസയോഗ്യമല്ലെന്ന് പറഞ്ഞ് ഭൂമി വേണ്ട എന്ന് എഴുതി ഒപ്പിട്ടുനല്‍കി. അപ്പോഴും കരടിപ്പാറയില്‍ താമസിക്കുന്നവര്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചു. വോട്ടവകാശം പോലുമില്ലാത്ത ഇവര്‍ക്കായി വാദിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമെത്തിയില്ല.

കോളനിയില്‍ നിന്ന് യാത്രപറഞ്ഞിറങ്ങി അല്‍പ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരാള്‍ പിങ്ക് നിറത്തിലുള്ള അക്ഷരങ്ങള്‍ ചുമരിലെഴുതുകയാണ്; 'പി.കെ ബിജുവിനെ വിജയിപ്പിക്കുക'. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായും ചുവരെഴുത്തുകള്‍ തുടങ്ങിയിട്ടുണ്ട്. 'ഇതെല്ലാം ആര്‍ക്ക് വേണ്ടി?' എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതെ ജീവിക്കുന്നവരെ കണ്ട് ഇറങ്ങിയതിനാലാവാം തിരഞ്ഞെടുപ്പോ അനുബന്ധ കോലാഹലങ്ങളോ മനസ്സിലേക്ക് പോലും കയറിവന്നില്ല. കേരളത്തിന്റെ മുഖ്യധാരയില്‍ പോലുമില്ലാത്ത ചില മനുഷ്യര്‍, ഒരുപക്ഷേ കേരളം അറിയുക പോലുമില്ലാത്ത കുറേയെറെ പേര്‍ അവരെയും കൂടി ഉള്‍ക്കൊള്ളാതെ എന്ത് ജനാധിപത്യം? എന്ത് തിരഞ്ഞെടുപ്പ്?

(തുടരും)

Also Read: ജനാധിപത്യത്തിലെ മിഥ്യകള്‍; സ്വതന്ത്ര കേരളത്തിലെ നിശബ്ദ ജീവിതങ്ങള്‍ – പരമ്പര ആരംഭിക്കുന്നു

Next Story

Related Stories