TopTop
Begin typing your search above and press return to search.

ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിരജോലിയില്ല; ദുരിതം തീരില്ലെങ്കില്‍ കേരളം വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍- പരമ്പര- ഭാഗം 4

ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിരജോലിയില്ല; ദുരിതം തീരില്ലെങ്കില്‍ കേരളം വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍- പരമ്പര- ഭാഗം 4

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ അഴിമുഖം കേരളം മുഴുവന്‍ സഞ്ചരിച്ച് അതിന്റെ ഇരുണ്ട ഭാഗങ്ങളിലേക്ക്, മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന, നമുക്ക് അറിയാത്ത, എന്നാല്‍ അറിയണം എന്നാഗ്രഹിച്ച, വിവേചനങ്ങളുടെ ചെറുതുരുത്തുകളായ, നമ്മുടെ ജനാധിപത്യത്തിന്റെ നടുക്കുന്ന പരാജയങ്ങളായ ഗ്രാമങ്ങളിലേക്കും കോളനികളിലേക്കും ചെന്നെത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസുഖകരമായ കാഴ്ച്ചയാണവ. ഈ പരമ്പര മലയാളി എന്ന നിലയ്ക്ക് നിങ്ങളെ അഭിമാനം കൊള്ളിക്കില്ല. എന്നാല്‍ ഇത് പറഞ്ഞേ തീരൂ. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ കഥകള്‍ പറയാനും തയ്യാറെടുത്തിരിക്കുകയാണ്. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് രാജ്യം എത്തിച്ചേരണമെങ്കില്‍ അതിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ വ്യവസ്ഥയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നൊരന്വേഷണം കൂടിയാണ് ഈ പരമ്പര.

ഭാഗം-4- ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിരജോലിയില്ല; ദുരിതം തീരില്ലെങ്കില്‍ കേരളം വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

"അവിടെ (ശ്രീലങ്ക) പോയാൽ മതിയായിരുന്നു, എന്തിനാ ഇവിടെ വന്ന് പെട്ടതെന്നാണ് ആലോചിക്കുന്നത്", തന്റെ 19ാം വയസ്സിൽ അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്കൊപ്പം കേരളത്തിലെത്തിയതാണ് ഇപ്പോൾ 54-കാരിയായ വനജ വടിവേൽ. അവരെ തേടി ഞങ്ങളെത്തുമ്പോൾ, രാത്രി ഏറെ വെകിയിരുന്നു. ക്വാട്ടേഴ്സിലെ ഉമ്മറത്തിരുന്ന് അവർ മനസ് തുറന്നപ്പോൾ ഇടറിയ ശബ്ദത്തിലും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിവ. റിഹാബിലിറ്റേഷൻ പ്ലാറ്റേഷൻ ലിമിറ്റഡിനെ കുറിച്ചും തങ്ങളുടെ ജീവിതത്തെ കുറിച്ചും.

"35 വർഷത്തെ സർവീസിനിടയില്‍ കമ്പനിയില്‍ നിന്ന് ഇതുവരെ ഒരു സസ്പെൻഷനോ, ഡിസ്മിസലോ പേപ്പറോ വാങ്ങിയിട്ടില്ല, അത്രക്കും മാന്യമായി ഞങ്ങളെല്ലാം പണിതവരാണ്. ഇതുവരെ, അത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തു, നമ്മുടെ കമ്പനിയാ, നഷ്ടപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞാണ് പണിയെടുത്തത്. ഇപ്പോൾ ഉള്ളവർ വരെ, നമുക്ക് തരുന്ന മരങ്ങൾ നമ്മൾ വെട്ടും (ടാപ്പിങ്ങ്) പാലെടുക്കും, ഒരു തുള്ളി പാലു പോയാൽ ഞങ്ങളുടെ ജീവൻ പോയ പോലെ കണക്കാക്കിയാണ് പണിയെടുത്തത്. അങ്ങനെയാണ് പ്ലാന്റേഷനെ ഞങ്ങൾ ഉണ്ടാക്കിയത്' ഇപ്പോൾ കമ്പനി നഷ്ടത്തിലാണെന്ന് പറയുന്നു. മൂന്നു വർഷമായി റിട്ടയർ ചെയ്തിട്ട്. എന്നാൽ എന്റെ ജോലി മകന് ലഭിച്ചിട്ടില്ല, അത് കൊടുക്കണ്ടേ, അത് കമ്പനി ചെയ്യുന്നില്ല, അതാണ് ഇപ്പോഴത്തെ പ്രതിസന്ധി. മകൻ ഇപ്പോൾ പുറത്ത് പണിക്ക് പോവുകയാണ്. സഹോദരി അഞ്ചു വർഷം മുൻപ് മരിച്ചു, അവരുടെ മകനും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. അതാണ് ഇപ്പോൾ ഞങ്ങളെ അലട്ടുന്ന പ്രശ്നം. എട്ടുപേരുണ്ട് ഇപ്പോൾ വീട്ടിൽ, നമ്മുടെ വീട്ടിൽ ആർക്കും ജോലിയില്ല, ജീവിക്കാൻ കഷ്ടപ്പാടാണ്", വനജ വടിവേൽ പറയുന്നു.

മലയാളികളെ കുറിച്ചും നാട്ടുകാരെ കുറിച്ചും നല്ലത് മാത്രമാണ് അവർക്ക് പറയാനുള്ളത്. സഹോദരങ്ങളെ പോലെയാണ് ജിവിച്ച് വന്നത്. ഭാഷ അറിയാത്ത തങ്ങൾക്ക് അതിന്റെ ബുദ്ധിമുട്ട് നേരിട്ടിട്ടില്ല. ഇക്കാലത്തിനിടയ്ക്ക് ഒരു വഴക്കോ അടിയോ പിടിയോ നാട്ടുകാരുമായി ഉണ്ടായിട്ടില്ല, സഹോദരങ്ങളെ പോലെയാണ് ജീവിച്ച് വന്നതെന്നും അവർ പറയുന്നു.

Read More: സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരില്ല; കരടിപ്പാറയിലെ അടിമജീവിതങ്ങള്‍; പരമ്പര ഭാഗം-1

വനജ വടിവേലിനെ അലട്ടുന്ന മറ്റ് പ്രധാന പ്രശ്നങ്ങളിൽ ഒന്നും പ്ലാന്റേഷനിലെ സ്കൂളിന്റെ വിഷയമാണ്. കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നതായി ഇവരും സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ ഒരു കാലത്ത് കിടത്തി ചികിത്സ ഉൾപ്പെടെ നടത്തിയിരുന്ന പ്ലാന്റേഷനിലെ ആശുപത്രിയെ കുറിച്ചും ഇപ്പോൾ നല്ലത് പറയാനില്ല. പനി, തലവേദന തുടങ്ങിയവയ്ക്ക് മാത്രമാണ്ചികിൽസയുള്ളത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ പുനലൂരോ തിരുവനന്തപുരത്തോ ചികിത്സ തേടി പോണം. അവർ പറയുന്നു.

സമാനമായ അനുഭവങ്ങളാണ് യുവാക്കളായ മറ്റ് പലര്‍ക്കും പറയാനുള്ളത്. എന്നാൽ ഉള്ള വരുമാനം കൂടി ഇല്ലാതാവുമോ എന്ന ഭയം പലരെയും പേരു വെളിപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. കേരളത്തിൽ ജനിച്ചതാണ് തങ്ങള്‍ ചെയ്ത ഏക തെറ്റെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് മാത്രം സ്ഥിര വരുമാനം നഷ്ടപ്പെടുന്നു. പുറത്ത് കൂലിപ്പണിക്ക് പോയാൽ കൂടുതൽ പണം ലഭിക്കും. പക്ഷേ അതോടെ പ്ലാന്റേഷനില്‍ നിന്നും ഇറങ്ങേണ്ട അവസ്ഥ വരുമെന്നും ഇവർ ഭയക്കുന്നു. കേരളത്തിൽ ജനിച്ച് കമ്പനിയിൽ താത്ക്കാലിക ജോലിയിൽ തുടരുന്ന യുവാവിന്റെ വാക്കുകൾ ഇങ്ങനെ.

"അച്ഛനും അമ്മയ്ക്കും പ്ലാന്റേഷനിൽ ജോലി ഉണ്ടായിരുന്നു. അവർ വിരമിച്ചതോടെ ജോലി എനിക്ക് ലഭിച്ചു. ദിവസക്കൂലിക്ക്. മാസം 20 ദിവസം മാത്രം പണി, മറ്റ് ദിവസങ്ങളിലില്ല, ഒരു ദിവസം 480 രൂപ ലഭിക്കും, പതിനായിരത്തിൽ താഴെയാണ് വരുമാനം. രക്ഷിതാക്കളും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് ഇത് കൊണ്ട് ജീവിക്കാൻ സാധ്യമല്ല, കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുചിലവ് ഇതൊന്നു നടന്നു പോവില്ല. പുറത്ത് പണിക്ക് പോവും, പക്ഷേ സ്ഥിരമായ ചെല്ലാൻ കഴിയാത്തതിനാൽ അവിടെയും തുടരാനാവുന്നില്ല", യുവാവ് പറയുന്നു. കഷ്ടപ്പാട് സഹിച്ച് ഏകദേശം പത്ത് വർഷമായി തോട്ടത്തിൽ ജോലി നോക്കി വരികയാണ് അയാള്‍.

ഹെക്ടറുകളിൽ വ്യാപിച്ച് കിടക്കുന്ന പ്ലാന്റേഷനിൽ ഒറ്റപ്പെട്ട ആരാധനാലങ്ങളും കാണാം. മരച്ചുവട്ടിൽ, കുന്നിൽ ചെരുവുകളിൽ പ്രാകൃതം എന്ന് തോന്നിക്കുന്ന ദേവാലയങ്ങൾ. എല്ലാത്തിനും തമിഴ് രീതികൾ. പകൽ ചാഞ്ഞു തുടങ്ങിയതോടെ വഴികളിൽ മയിലും, കുറുക്കനും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

പ്ലാന്റേഷൻ ഓഫീസിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് ഒരു സംഘം കൗമാരക്കാർ ഫുട്ബോളുമായി സജീവമാണ്. പ്ലാന്റേഷനിലെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങളുടെ ഒത്തുചേരൽ ഉടമാണ് ഇത്. പശുക്കൾ മേയുന്ന ഗ്രൗണ്ട്, വിരലിലെണ്ണാവുന്നവർ മാത്രമാണ് കളികളിൽ ഏർപ്പെട്ടിരുന്നത്. പ്ലാന്റേഷനിലുള്ളവർക്ക് വൈകുന്നേരങ്ങള്‍ കാര്യക്ഷമായി ചിലവിടാൻ ആകെയുള്ള ഇടമാണ് ഈ കാടുപിടിച്ച ചെറു ഗ്രൗണ്ട്.

Read More: “എച്ചിലെടുക്കാന്‍ പോയിട്ടാണ് ഞങ്ങളുടെ ജീവിതം കഴിയുന്നത്”; കേരളം 10 വര്‍ഷം മുന്നോട്ടോടുമ്പോള്‍ 50 വര്‍ഷം പിന്നോട്ടോടുന്ന കിഴക്കന്‍ പാലക്കാട്

എന്നാൽ, കായിക മത്സരങ്ങളിൽ കഴിവ് തെളിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ പരാധീനതകൾ മൂലം ഇത്തരം സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചവരെയും അവിടെ കണ്ടു. പ്ലാന്റേഷനിൽ ഞങ്ങൾക്ക് സഹായി ആയിരുന്ന വിവേകാനന്ദൻ ഇതിന് നല്ലൊരു ഉദാഹരണമായിരുന്നു. ജനിച്ച് 19-മത് ദിവസമാണ് വിവേകാനന്ദന്‍ ഇന്ത്യയിലെത്തുന്നത്. എന്നാൽ ജനനം ശ്രീലങ്കയിലായതിനാല്‍ രക്ഷിതാക്കളുടെ ജോലി സ്ഥിരം സ്റ്റാറ്റസോടെ ലഭിച്ചെന്ന പ്രത്യേകതയും വിവേകാന്ദനുണ്ട്. നിലവിൽ ആർപിഎല്ലിലെ വാച്ചറാണ് അദ്ദേഹം. ചുറുചുറുക്കുള്ള നാൽപ്പതുകാരൻ, അത്യാവശ്യം പൊതുപ്രവർത്തനം കൂടിയുള്ള വ്യക്തി. ഇതിനെല്ലാം അപ്പുറം മികച്ച ഒരു കായിക താരവുമാണ് വിവേകാനന്ദൻ.

ആർപിഎല്ലിലെ സ്കൂളിൽ പഠിച്ച് വളർന്ന വ്യക്തിയാണ് വിവേകാനന്ദൻ, അദ്ദേഹത്തിന്റെ അനുഭവം, "പഠനകാലത്ത് തന്നെ സ്പോർട്സ് താത്പര്യമുണ്ടായിരുന്നു. എന്നാൽ സ്കുളുകളിൽ ഇതിനുള്ള സൗകര്യം ഇല്ലായിരുന്നു. പിന്നീട് സ്വന്തം നിലയിൽ പരിശീലനം നടത്തി ഫിറ്റ്നസ് ഉൾപ്പെടെ നേടുകയായിരുന്നു. പ്ലാന്റേഷനിലുള്ളവർക്ക് ഇത്തരം കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏക വേദ്യാണ് നേപ് ഫെസ്റ്റ്. കൊല്ലത്ത് നടത്തുന്ന മൽസരങ്ങളിൽ പങ്കെടുത്തു. തുടർന്ന് സ്റ്റേറ്റ് ലെവലിലും മത്സരിക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു.

ഇതോടെ നാഷണൻ ലെവലിലും മത്സരിക്കാൻ അവസരം ലഭിച്ചു. ഹരിയാനയിലായിരുന്നു മത്സരം. എന്നാൽ പോകേണ്ടതിന് ദിവസങ്ങൾ മുൻപ് അമ്മ മരിച്ചു. ഇതോടെ യാത്ര പ്രതിസന്ധിയിലായി, പക്ഷേ അടുപ്പമുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി യാത്ര തിരിക്കുകയായിരുന്നു. ഹരിയാനയിലെ മത്സരങ്ങളിൽ രണ്ട് റണ്ണറപ്പ് സ്ഥാനങ്ങളും ഒരു ഫസ്റ്റും ലഭിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിലേക്ക് സെലക്ഷനും ലഭിക്കുകയായിരുന്നു. ശ്രീലങ്കയിലായിരുന്നു മത്സരം, അതിലൂടെ ജനിച്ച മണ്ണിൽ ഒരിക്കൽ കൂടി പോകാൻ കഴിഞ്ഞു, അവിടെയുള്ള ബന്ധുക്കളെ കാണാനും. അവിടെ ഹർഡില്‍സിൽ ഫസ്റ്റ് ലഭിച്ചു.

അക്കാലത്ത് കമ്പനിയിൽ നിന്നും എനിക്ക് ചെറിയ സഹായങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി നഷ്ടത്തിലാണ്, അതിനാല്‍ ഇത്തരം സഹായങ്ങള്‍ ഒന്നും അനുവദിക്കുന്നില്ല. ഇപ്പോൾ ജോലിയും പ്രാരാബ്ദവും കഴിഞ്ഞുള്ള പരിശീലനം മാത്രം, എന്നാൽ പ്ലാന്റേഷനകത്തെ കാടുമൂടിക്കിടക്കുന്ന ചെറിയ ഗ്രൗണ്ടിൽ സ്പോർട്സ് പരിശീലനത്തിനായി അത്യാവശ്യ ആധുനിക സൗകര്യങ്ങള്‍ ഒരുക്കാൻ പ്ലാന്റേഷനും ഭരണകൂടങ്ങളും ഇടപെടണം.പ്ലാന്റേഷനിലെ അകത്തെ കുട്ടികൾക്ക് എങ്കിലും പരിശീലനം നൽകി ഒരു കോച്ചായി മാറണമെന്ന ആഗ്രഹവും ഉള്ളിലുണ്ട്", അതിനായി അധികൃതർക്ക് അപേക്ഷകൾ നൽകി കാത്തിരിക്കുകയാണ് വിവേകാനന്ദൻ.

ഇതിനിടെ പ്ലാന്റേഷനിലെ പഴക്കം ചെന്ന, ആദ്യകാലത്ത് നിർമിച്ച ക്വാട്ടേഴ്സുകൾക്ക് സമീപമെത്തിയിരുന്നു. പ്ലാന്റേഷനിലെ തന്നെ പ്രായം ചെന്നവരെയാണ് ഇവിടെ കണ്ടത്. പ്രായത്തിന്റെ അവശതയിലും തൊഴിലുറപ്പ് പദ്ധതിക്ക് പോയി തിരികെ വന്നതായിരുന്നു ഇവർ. ഇതിൽ പ്രായത്തിന്റെ അവശതകൾ ഏറെ തോന്നിച്ച ശിവകാമിക്ക് ഏത് വർഷമാണ് കേരളത്തിലെത്തിയത് എന്ന് കൃത്യമായി ഓർമയില്ല. എന്നാൽ വന്നത് കപ്പലിലാണെന്നും, രാമേശ്വരവും മണ്ഡപം ക്യാപും വ്യക്തമായി ഓർമിക്കുന്നു. എഴുപത് പിന്നിട്ട മുത്തയ്യയും വിജയലക്ഷ്മിയും പഴയ കാലത്തെയും ശ്രീലങ്കയെയും കുറിച്ചും ആർപിഎല്ലിനായി തങ്ങൾ ചെയ്ത പ്രയത്നവും ഓർക്കുകയാണ്. അവരുടെ അവശതയോളം തോന്നിപ്പിക്കുന്നതായിരുന്ന ഇവർ താമസിച്ചിരുന്ന വീടുകളും.

ക്വാട്ടേഴ്സുകളിൽ എട്ടും ഒമ്പതും പേർ. മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഇടിഞ്ഞ് വീഴാറായ അടുക്കളിയിലേക്ക് താമസം മാറേണ്ടിവന്നവർ. അറ്റകുറ്റപ്പണി എന്നോ നടക്കേണ്ട വീടുകൾ, അതിന് മുന്നിൽ ഉണങ്ങി വീഴാറായ മഹാഗണി മരം. ബലത്തിലെന്നോളം പഴയൊരു പ്ലാസ്റ്റിക് കയറിൽ കെട്ടിവച്ചിരിക്കുന്നു. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്നിടത്ത് വർ ഭീഷണിയാണ് ഇത് ഉയർ‌ത്തന്നത്.

Read More: കുളത്തൂപ്പുഴയിലെ ‘ശ്രീലങ്കക്കാര്‍’; സ്വന്തം നാട്ടിലെ അഭയാര്‍ഥികള്‍

വീടുകൾ ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണിക്ക് പണമില്ലെന്നാണ് കമ്പനിയുടെ നിലപാട്. സ്വന്തം കയ്യില്‍ നിന്നു പണമിറക്കാൻ ശ്രമിച്ചാൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തന്നെ തകരും. കാരണം മറ്റ് പല ആവശ്യങ്ങളും മാറ്റിവച്ചാണ് ഇവർ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത്. മക്കളാണ് ഇനിയുള്ള പ്രതീക്ഷ. അവർക്ക് നല്ല ജീവിതം നൽകണം. അത് മാത്രമാണ് സ്വപ്നം. അടുത്തിടെ വരെ അഞ്ചു വർഷം കൂടുമ്പോൾ വീടുകൾ പെയിന്റടിക്കുന്ന പതിവുണ്ടാണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതും നടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി ചൂണ്ടിക്കാട്ടുന്ന വിഷയം.

വെയിൽ ചാഞ്ഞു തുടങ്ങുമ്പോൾ അലക്കാനും കുളിക്കാനും ചെറിയ ജലാശയങ്ങളിലേക്ക് പോലുന്ന സ്ത്രീകൾ. ഇതിൽ കൗമാരക്കാർ മുതൽ വയോധികർ വരെ, ഒട്ടും സുരക്ഷിതമല്ലാത്തതും വൃത്തി കുറഞ്ഞതുമായ ചെറിയ വെള്ളക്കെട്ടുകളാണ് ഇവർ ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ തങ്ങളുടെ പൂർവികർ നേരിട്ട, അല്ലെങ്കിൽ അവർ കടന്നുവന്ന അതിദുർഘടമായ ജീവിത സാഹചര്യങ്ങൾ ഇവർക്ക് പരിചിതമല്ല. അല്ലെങ്കിൽ രക്ഷിതാക്കൾ അറിയിച്ചിട്ടില്ല എന്ന് കരുതേണ്ടി വരും.

തങ്ങളെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യയും ശ്രീലങ്കയും തയ്യാറാക്കിയ കരാർ, അതിൽ മടങ്ങിയെത്തുന്നവരുടെ ക്ഷേമം ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ഉണ്ടെന്നാണ് ഇവരിൽ പലരും വിശ്വസിക്കുന്നത്. തങ്ങൾക്കായുള്ള വ്യവസ്ഥകൾ പൂർണമായി നടപ്പാക്കിയാൽ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുമെന്നും അവർ വിശ്വസിക്കുന്നു. ശാസ്ത്രി- സിരിമാവോ കരാറിനെ കുറിച്ച് പക്ഷേ ആ പേരൊഴികെ മറ്റൊന്നും ഇവർക്കറിയില്ല. എന്നാൽ തങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരാണെന്ന് ആവർത്തിച്ച് പറയുകയാണ് ഈ ജനത. പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ സ്വന്തമായി അൽപം ഭൂമി, മെച്ചപ്പെട്ട വരുമാന മാർഗം, അതുമാത്രമാണ് ഇവരുടെ ആവശ്യം.

ഇവിടെയാണ് പണ്ട് കടലും നാടും കാടും കടന്ന് വന്ന് മലഞ്ചെരുവിനെ നാടാക്കിമാറ്റിയ, സർക്കാരിനും കമ്പനിക്കും വേണ്ടി അത്മാർത്ഥമായി പണിയെടുത്ത ഒരു ജനത മടങ്ങിപ്പോവാൻ സന്നദ്ധരാവുന്നത്. ചിലർ ജനിച്ച, വളർന്ന നാട് കാണാന്‍ മടക്കയാത്ര സ്വപ്നം കാണുമ്പോൾ, ചിലർ അത്തരം ഒരു യാത്ര തങ്ങൾ നേരിടുന്ന ദുരിതത്തിന് അൽപമെങ്കിലും ശമനം ഉണ്ടാവുമെന്ന് വെറുതെയെങ്കിലും ആഗ്രഹിക്കുന്നവരാണ്.

[നാളെ: ബോണക്കാട്ടെ അമ്മമാര്‍]

(തുടരും)


Next Story

Related Stories