Top

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍, മുഴുവന്‍ ആനകളെയും നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍, മുഴുവന്‍ ആനകളെയും നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന്റെ പേരില്‍ വന്‍പ്രതിഷേധം ഉടലെടുക്കുന്നു. ആനയെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കാതെ വിലക്കേര്‍പ്പെടുത്തിയത് പിന്‍വലിക്കാത്ത സാഹചര്യത്തില്‍ മേയ് 11 മുതല്‍ ഇനി ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഒരാനകളെയും വിട്ടുനല്‍കില്ലെന്നാണ് തൃശൂരില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ആന ഉടമകളുടെ സംഘടന അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആനയുടമകളുടെ വെല്ലുവിളി നേരിടാന്‍ തയ്യാറായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും രംഗത്ത് എത്തി. തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കാത്ത സാഹചര്യം ആനയുടമകള്‍ ഉണ്ടാക്കിയാല്‍ ദേവസ്വത്തിന് കീഴിലുള്ള മുഴുവന്‍ ആനകളെയും പൂരത്തിനു നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാക്കാമെന്ന മന്ത്രിതല യോഗത്തിലെ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ആനകളെ പീഡിപ്പിച്ച് ഉടമകള്‍ കോടികള്‍ ഉണ്ടാക്കുകയാണെന്ന വനം മന്ത്രിയുടെ പ്രസ്താവന തങ്ങളെ അപമാനിക്കുന്നതാണെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു. ഉത്സവങ്ങള്‍ നാടിന്റെ ആഘോഷമാണെന്നും ഉടമകള്‍ക്ക് കാശുണ്ടാക്കാനുള്ള മാര്‍ഗം മാത്രമല്ല ആനകളെന്നും പറയുന്ന ആന ഉടമ സംഘടന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ തങ്ങളുടെ ബഹിഷ്‌കരണം തുടരുമെന്നും പറയുന്നു.

അതേസമയം തൃശൂര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്‌നം എല്ലാവരുമായി കൂടിയാലോചിച്ച് പരിഹരിക്കാമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചത്. ആനയുടമകള്‍ പൂരം ബഹിഷ്‌കരിക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. അതേസമയം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അത് എല്ലാവരും മനസിലാക്കുമെന്നു കരുതുന്നതായി കൂടി മന്ത്രി പറഞ്ഞു. ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നാണ് തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചത്. പ്രശ്‌നപരിഹാരത്തിന് ആരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സുനില്‍കുമാര്‍ അറിയിച്ചു. എന്നാല്‍ ജില്ല കളക്ടര്‍ അനുപമ വീണ്ടും വ്യക്തമായി പറയുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതിയും സ്വഭാവവും കണക്കിലെടുത്ത് ആനയെ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുവദിക്കുകയില്ലെന്നു തന്നെയാണ്. വനം മന്ത്രി കെ രാജുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നാണ്.

ഇത്തവണത്തെ തൃശൂര്‍ പൂരം വാര്‍ത്തകളാകുന്നത് തന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാര ചടങ്ങിന് നിയോഗിക്കുന്നത് ഈ ആനയെയാണ്. നിലവിലുള്ള വിലക്ക് പിന്‍വലിക്കപ്പെടുന്നില്ലെങ്കില്‍ ഈ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പങ്കെടുക്കാന്‍ കഴിയില്ല. ആനയെ പങ്കെടുപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ല കളക്ടറുടെ ഉത്തരവിനെ പിന്തുണച്ച് സര്‍ക്കാരും രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല. ഇതിന്റെ കൂടെയാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്ന നിര്‍ദേശവും. ആനയെ ഒരു ദിവസത്തേക്കെങ്കിലും തൃശൂര്‍ പൂരത്തിന് പങ്കെടുപ്പിക്കാന്‍ അനുദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കവെയാണ് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയുടെ സെക്രട്ടറിയുമായ എം എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവായി സുപ്രിം കോടതി വിധി കര്‍ശനമായി പാലിക്കാന്‍ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന തശൂര്‍, പാലക്കാട്, എറണാകുളം ജില്ല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അസുഖമുള്ളതും പരിക്കുള്ളതുമായ ആനകളെ ഇനി മുതല്‍ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുതെന്ന സുപ്രിം കോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ ഒരു കാരണവശാലും കഴിയില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും ആനയ്ക്ക് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ടെന്നും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമായ ആനയാണിതെന്നും പറയുന്നത് വനം വകുപ്പ് മന്ത്രി കെ രാജുവാണ്. ആനയുടെ വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. ആനയ്ക്ക് കാഴ്ചശക്തി കുറവ് ഉള്ളതു കാരണം എല്ലാ വശങ്ങളിലുമായി നാലു പാപ്പാന്‍മാരുടെ സഹായത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുള്ളതെന്ന പരാതിയും മന്ത്രി ഉയര്‍ത്തുന്നുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്നും വിലക്കാന്‍ കളക്ടര്‍ അനുപമ ഉന്നയിച്ച കാരണങ്ങളും ഇവയായിരുന്നു. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന തരത്തില്‍ അക്രമസ്വഭാവം കാണിക്കുന്ന ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാലും ആനയുടെ കാഴ്ച്ചശക്തിക്ക് തടസ്സമുള്ളതിനാലും വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനകളും നിര്‍ദേശനകളും അനുസരിച്ച് മാത്രമെ ആനയെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോകാവൂ എന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഇതെല്ലാം ലംഘിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തലപ്പൊക്കം പറഞ്ഞും ആന പ്രേമികളുടെ ആവേശം മുതലെടുത്തും ഉത്സവങ്ങള്‍ക്കും മറ്റും കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതിന്റെ പുറത്തുണ്ടായ ദുരന്തമായിരുന്നു ഗൃഹപ്രവേശന ചടങ്ങില്‍ എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്ന ആന ഇടയുകയും രണ്ടുപേരെ കൊല്ലുകയും ചെയ്തത്. ഈ സംഭവത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് തൃശൂര്‍ പൂര സമയത്തും നീട്ടിയത്. ആനയുടെ വിലക്ക് മാറ്റണമെന്നും തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധങ്ങളുമായി എത്തിയെങ്കിലും ജില്ല തല നാട്ടാന നിരീക്ഷണ യോഗത്തില്‍ വിലക്ക് തുടരാന്‍ തന്നെ കളക്ടര്‍ തീരുമാനം എടുത്തു.

കളക്ടറും വനം മന്ത്രിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ സാധിക്കാത്തതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുമ്പോഴും ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആനപ്രേമികള്‍ എന്നു പറയുന്നവരും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഗുഢാലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയാണെന്ന പ്രചാരണമാണ് നടത്തുന്നത്. മേയ് പത്തിനു മുമ്പായി ആനയുടെ വിലക്ക് നീക്കണമെന്ന് ആന ഉടമ സംഘം ഉള്‍പ്പെടെ വെല്ലുവിളി പോലെ പറയുമ്പോള്‍ ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനാണ് ബിജെപി നോക്കുന്നത്. ആനയെ വിലക്കിയതിനെതിരേ ബിജെപി തൃശൂരില്‍ പ്രിതഷേധ സമരം തന്നെ നടത്തിയിരുന്നു. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ അന്യായമായ നിരോധനം പിന്‍വലിക്കുക, പൂരാഘോഷങ്ങള്‍ തകര്‍ക്കുന്ന കേരള സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതികരിക്കുക എന്നീ ആഹ്വാനങ്ങളോടെയായിരുന്നു ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ നേതത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

Next Story

Related Stories