TopTop
Begin typing your search above and press return to search.

മരുന്നുകളില്ല, ബാങ്ക് വായ്പ കുടിശിക... ഇനിയും എന്തു വ്യക്തതയാണ് സര്‍ക്കാരിനു വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചോദിക്കുന്നു

മരുന്നുകളില്ല, ബാങ്ക് വായ്പ കുടിശിക... ഇനിയും എന്തു വ്യക്തതയാണ് സര്‍ക്കാരിനു വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചോദിക്കുന്നു
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് അടുത്ത മാസം ഒരു വയസ്സ് തികയുന്നു. വിധി വന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഉത്തരവുകളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങിപ്പോയെന്നുള്ളത് മറ്റൊരു വസ്തുത. കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ചുലക്ഷം രൂപാ ധനസഹായം നാളിതുവരെ കാസര്‍കോട്ടെ എന്റോസള്‍ഫാന്‍ ദുരിത മേഖലയിലെ വീടുകളിലൊന്നും തന്നെ എത്തിയിട്ടില്ല. 2017 ജനുവരി 10-നായിരുന്നു ദുരിതബാധിതര്‍ക്കനുകൂലമായ വിധി സുപ്രീം കോടതി പ്രഖ്യാപിച്ചത്. യുവജന രാഷ്ട്രീയ സംഘടനയായ ഡിവൈഎഫ്ഐയുടെ നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലായിരുന്നു ദുരിത ബാധിതര്‍ക്കനുകൂലമായ വിധി പ്രഖ്യാപനമുണ്ടായത്. എന്നാല്‍, ഇന്നുവരെ പണം ബന്ധപ്പെട്ടവരുടെ കൈകളിലെത്തിച്ചേര്‍ന്നിട്ടില്ല എന്നത്, ഭരിക്കുന്ന സര്‍ക്കാരിന്റെ അശ്രദ്ധയും പിടിപ്പുകേടും കൊണ്ട് തന്നെയെന്ന് കാസര്‍കോട്ടെ ഈ ജനങ്ങള്‍ പരാതിപ്പെടുന്നു. ഓരോ ആവശ്യങ്ങള്‍ക്കും ബന്ധപ്പെട്ട അധികാരികളെക്കണ്ട് പരാതി ബോധിപ്പിക്കുമ്പോള്‍, അതൊന്നും തന്നെ ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അര്‍ഹിക്കുന്ന പരിഗണനയും ജീവിക്കാന്‍ ആവശ്യമായ ആനുകൂല്യങ്ങളും പലപ്പോഴും ഇവരില്‍ നിന്നും തട്ടിമാറ്റപ്പെടുകയുമാണ്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പ്രതികരിക്കുന്നതിങ്ങനെ;

"അര്‍ഹിക്കുന്ന ധനസഹായം ആവശ്യക്കാരുടെ കൈകളിലെത്തിക്കാതെ, നിയമത്തിലെ അവ്യക്തത ഹേതുവാക്കിക്കൊണ്ട് സര്‍ക്കാര്‍ തന്നെയാണ് ഇവിടെയുള്ള ഈ സാധു ജനങ്ങളോട് ക്രൂരത കാണിക്കുന്നത്. ഈ വര്‍ഷം, 2017 തുടക്കത്തില്‍ തന്നെ, ജനുവരി 10-നായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അഞ്ചുലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി പ്രഖ്യാപനം. പ്രഖ്യാപനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പണം വിതരണം ചെയ്ത് കഴിഞ്ഞിരിക്കണമെന്നും വിധിപ്രകാരമുണ്ടായിരുന്നു. ഈ പണം സര്‍ക്കാരിന് പിന്നീട് കമ്പനി മുതലാളിമാരില്‍ നിന്നും പിരിച്ചെടുക്കാവുന്നതുമാണ്. എന്നാല്‍, തീര്‍ത്തിട്ടും തീരാത്ത സുപ്രീംകോടതി വിധിയിലെ അവ്യക്തതയാണ് കേരള സര്‍ക്കാരിന് പറയാനുള്ള ഒരേയൊരു മറുപടി. വിധിയിലെ വ്യക്തതയില്ലാത്ത കാര്യങ്ങള്‍ വ്യക്തമായ ശേഷം മാത്രമേ പണം വിതരണം ചെയ്യുകയുള്ളൂ എന്നാണ് അവരുടെ നിലപാട്. വിധി പറയുമ്പോള്‍ ഇല്ലാതിരുന്ന, ഒരുവര്‍ഷം കൊണ്ട് തീര്‍ത്തിട്ടും തീരാത്ത എന്ത് വ്യക്തതക്കുറവാണ് അതിലുള്ളതെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും മൗനമാണ് മറുപടി.


ഇപ്പോള്‍, പണം ലഭിക്കാന്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍, ദുരിത ബാധിത കുട്ടികളുടെ നാല് അമ്മമാര്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് അതൊന്നു മാത്രം. അതിനുപുറമേ, ഈ മാസം മുപ്പതാം തീയതി സെക്രട്ടറിയേറ്റിനു മുനില്‍ സമരം നടത്താന്‍ ആ അമ്മമാരും കുട്ടികളും തയ്യാറെടുക്കുകയാണ്. നിയമം വിട്ട് സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണ് ഇനി അവര്‍ക്ക് മുന്നിലുള്ള മാര്‍ഗങ്ങള്‍. നിലവിലെ എംഎല്‍എമാരും മന്ത്രിമാരുമെല്ലാം മുന്നേ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വന്ന്, ജനങ്ങള്‍ക്കൊപ്പം നിന്ന് ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരായിരുന്നു. ശ്വാസം നിലയ്ക്കുന്ന വരെ ദുരിതബാധിതര്‍ക്കൊപ്പമെന്ന് അന്നുറക്കെ പ്രഖ്യാപിച്ച അവരെല്ലാം ഇന്ന് അധികാര കസേരകളിലാണ്. സഹായ ധനം അനുവദിച്ചു നല്‍കാന്‍ അവര്‍ക്കിന്ന് എളുപ്പം സാധിക്കും. പക്ഷെ, വേണ്ടെന്നു വെച്ചിട്ട് തന്നെയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഭരണത്തിലിരിക്കുമ്പോള്‍ കൈമലര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍. എല്ലാം ഇതില്‍ നിന്നും വ്യക്തം.


നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്കാണ് ദുരിത ബാധിതരുടെ നിത്യ ജീവിതം നീങ്ങികൊണ്ടിരിക്കുന്നത്. മുന്‍പ് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ആളുകളെല്ലാം തന്നെ പുതിയ ഭേദഗതി പ്രകാരം ഇന്ന് എ പിഎല്‍ ലിസ്റ്റിലേക്ക് മാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ പാവങ്ങള്‍ക്ക് പുതിയ നിയമത്തില്‍ നിന്ന് ഇളവുകളോ ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും എടുത്തുമാറ്റപ്പെടുകയാണുണ്ടായത്. ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം ഒന്നിലധികം തവണ പരാതി നല്‍കി. എല്ലാം തിരുത്തണമെന്ന് വാക്കുപറയുകയല്ലാതെ ഒന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.


മറ്റൊന്ന്, ദുരിതബാധിത കുടുംബങ്ങളിലെ ബാങ്ക് വയ്പ്പകളുടെ നിലവിലെ സ്ഥിതിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്‍പതിനായിരം രൂപയോളം 600 കുടുംബങ്ങളുടെ വായ്പയില്‍ നിന്നും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബാങ്ക് വായ്പ്പയുടെ കാര്യത്തില്‍ നടപടിയൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. രണ്ടു തവണ കാലാവധി നീട്ടിക്കൊടുക്കുക മാത്രമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തുകൊടുത്തത്. അതുകൊണ്ട് ഈ പാവപ്പെട്ടവര്‍ക്ക് എന്തു പ്രയോജനം? കാലാവധി നീട്ടിക്കിട്ടിയാലും അടയ്ക്കാനുള്ള പണം ഇവരുടെ കയ്യില്‍ ഇല്ല. അതെല്ലാമാണ് ഭരണത്തിലിരിക്കുന്നവര്‍ തിരിച്ചറിയേണ്ടത്. ഇത്തരം വായ്പ്പക്കാര്‍ ഇന്ന് ബാങ്കുകളുടെ പലതരത്തിലുള്ള ഭീഷണികളും നേരിടുകയാണ്. സ്വകാര്യ ബാങ്കുകളുടെ കഴുത്തറപ്പന്‍ വായ്പ്പാ നടപടികളെ ഭയന്ന് ഇവര്‍ പണം തിരിച്ചടക്കാനായി നെട്ടോട്ടമോടുകയാണ്. കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ അതിനെക്കുറിച്ച് പിന്നീടൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കടം എഴുതിത്തള്ളേണ്ടത് വളരെ അത്യാവശ്യമാണ്
.

http://www.azhimukham.com/kerala-endosulfan-victims-compensation-sc-order-delaying-government-should-be-answerable/

ഇപ്പോള്‍ നേരിടുന്ന വലിയ ദുരന്തം, ഈ വര്‍ഷം നാലായിരത്തോളം പേരെ പങ്കെടുപ്പിച്ച്, ഈ പ്രദേശത്തുവച്ചു തന്നെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. അന്നുവന്ന വിദഗ്ധ ഡോക്റ്റര്‍മാരുടെ പരിശോധനകളുടെ ഫലമായി 1905 പേരെ എന്‍ഡോസള്‍ഫാന്‍ ബാധിതരോഗികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, പുതുതായി, ഈ കഴിഞ്ഞ നവംബര്‍ മാസത്തില്‍ വിളിച്ചുചേര്‍ത്ത സെല്‍ യോഗത്തില്‍ രോഗികളുടെ എണ്ണം 287 ആക്കി വെട്ടിച്ചുരിക്കിയാണ് പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒറ്റയടിക്ക് വന്ന ഈ കുറവിന്റെ കാരണം ചോദിച്ചപ്പോള്‍ ഫീല്‍ഡ് സര്‍വേകളിലേക്കും മറ്റുമാണ് അവര്‍ വിരല്‍ ചൂണ്ടിയത്. ഫീല്‍ഡ് സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് രോഗിയാണെന്ന് ബോധിച്ചെങ്കില്‍ മാത്രമേ പുതിയ ലിസ്റ്റില്‍ പേരു വരുകയുള്ളൂ എന്നാണ് മറുപടി. ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം വളരെ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെയാണ് അവര്‍ ലിസ്റ്റില്‍ നിന്നും എടുത്തുമാറ്റിയിട്ടുള്ളത് എന്നതാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച 1905 പേരടങ്ങിയ ലിസ്റ്റിലെ എല്ലാവരും തന്നെ കാഴ്ച്ചയിലും പെരുമാറ്റത്തിലും വൈകല്യമുള്ളവര്‍ തന്നെയായിരുന്നു. പിന്നെ, വെറുമൊരു ഫീല്‍ഡ് സര്‍വേയുടെ പേരില്‍ ജീവിക്കുന്ന ചുറ്റുപാട് നോക്കി ഒരാള്‍ രോഗിയല്ല എന്നു പറയുന്നതെല്ലാം എത്രത്തോളം യുക്തിക്ക് നിരക്കുന്നതാണ്? ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട വൈകല്യമുള്ള ആ കുഞ്ഞുങ്ങള്‍ക്ക് ഇനി എങ്ങനെയാണ് ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നത്? ഈ കുട്ടികളുടെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും പുതുതായി പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഒരു മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ കണ്ണു തുറക്കുകയാണ് വേണ്ടത്.


2000 ലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഇവയെല്ലാം പൂര്‍ണ്ണമായി നീക്കം ചെയ്യുകയോ നിര്‍വീര്യമാക്കുകയോ വേണമെന്ന് അന്ന് കോടതി വിധി വന്നിരുന്നു. എന്നാല്‍, 17 വര്‍ഷം പിന്നിടുമ്പോഴും കാസര്‍കോട്ടെ പല ഗോഡൗണുകളിലും ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഒന്നും നിര്‍വീര്യമാക്കിയതുമല്ല. എറണാകുളത്തും മറ്റും സ്ഥിതി ചെയ്യുന്ന കമ്പനികളിലേക്ക് അവ തിരികെ കൊണ്ടുപോകാന്‍ അവിടെയുള്ള കളക്ടറും മറ്റ് അധികാരികളും അനുവാദം നല്‍കാത്തിടത്തോളം കാലം അതെല്ലാം ദുരന്തം വിതച്ച് കാസര്‍കോട് തന്നെ കെട്ടിക്കിടക്കും. വളരെ അപകടം പിടിച്ച മറ്റൊന്ന്, കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഒരു കശുമാവിന്‍ തോട്ടത്തിലെ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട് എന്നതാണ്. ഏറ്റവും വിപത്ത് സൃഷ്ടിക്കുന്ന രീതിയില്‍, ആള്‍പ്പാര്‍പ്പുള്ള പ്രദേശത്തിന് സമീപത്തെ കിണറ്റിലാണ് ഈ ദുരന്ത വളം കണ്ടെത്താന്‍ കഴിഞ്ഞത്. കിണറ്റില്‍ നിന്നും അതെടുത്തുമാറ്റാന്‍ ജനങ്ങള്‍ സമരം നടത്തിയിരുന്നുവെങ്കിലും ഫലമൊന്നും നേടാനായില്ല. ഇന്നും ആ പ്രദേശത്തെ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ നിക്ഷേപം നിലനില്‍ക്കുന്നു.


http://www.azhimukham.com/kerala-endosulfan-victims-approach-sc-on-compensation-m-swaraj-mlas-explanation/

പറയാന്‍ ഇനിയുമൊരുപാട് പ്രശ്‌നങ്ങള്‍ ഈ ദുരന്തത്തിന്റെ ഇരകള്‍ക്കുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പുനരധിവാസ പ്രോജക്റ്റ് ഞങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതിന്റെ മുന്നോടിയായി കുടുംബങ്ങളെയെല്ലാം എങ്ങനെ ക്രമമായി പുനരധിവസിപ്പിക്കാം എന്ന് കാണിക്കുന്ന ഒരു മാതൃക ഞങ്ങള്‍ തന്നെ തയാറാക്കി നല്‍കിയതുമായിരുന്നു. എന്നാല്‍, നടപ്പിലാക്കാമെന്ന പൊള്ളയായ മറ്റൊരു വാഗ്ദാനം മാത്രമായി അതും ഒതുങ്ങിപ്പോയി. നിലവില്‍ 16 ആശുപത്രികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സ ലഭ്യമാണ്. കേരളത്തിനുപുറമേ, മംഗലാപുരത്തും മറ്റും ആശുപത്രി സേവനങ്ങളും സൗജന്യ ചികിത്സയും ലഭ്യമാണ്. എന്നാല്‍, ഒരു രോഗിക്കും ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നില്ല. നീതി മെഡിക്കല്‍ സ്റ്റോറുകളിലും മറ്റും വില കൂടിയ മരുന്നുകള്‍ കൊണ്ടുവെക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളില്‍ വേണ്ടുന്നവ പോലും ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇത്രയധികം സൗജന്യ മരുന്നുകള്‍ ദാനം ചെയ്യാന്‍ പലരും കാണിക്കുന്ന വൈമുഖ്യം തന്നെ കാരണം. പേരിനു മാത്രം ചികിത്സ നടത്തുന്നു. പക്ഷെ മരുന്നുകളില്ല. കാസര്‍കോഡ്, അടിയന്തിരമായി മെഡിക്കല്‍ കോളേജ് സ്ഥാപിക്കല്‍ പദ്ധതികളൊരുങ്ങുന്നു എന്നുപറഞ്ഞ് 2013 ല്‍ സര്‍ക്കാര്‍ ഇവിടെ തറക്കല്ലിട്ടിരുന്നു. 2015-ഓടെ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍, ഇന്ന് 2017 കഴിയാറായപ്പോഴും പണിയൊന്നും കാര്യമായി തുടങ്ങിയത് പോലുമില്ല എന്നുവേണം പറയാന്‍. ദുരിതബാധിതര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമനങ്ങളുമെല്ലാം ഒച്ചിഴയുന്ന വേഗതയിലാണ് നടക്കുന്നത്.


രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇവിടുത്തുകാര്‍ക്ക് നേരെ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ. സമരത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെല്ലാം പങ്കാളികളായിരുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുനേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും എതിര്‍പ്പുകളുമുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയാണെന്നായിരുന്നു ഇന്ന് ഭരണത്തിലിരിക്കുന്ന ജനപ്രതിനിധികള്‍ അടക്കമുള്ള നേതാക്കള്‍ അന്ന് പറഞ്ഞിരുന്നത്. പിന്നീട്, കേവലമൊരു പ്രാദേശിക സമരത്തില്‍ ഒതുങ്ങി നില്‍ക്കാതെ എന്‍ഡോസള്‍ഫാന്‍ ഒരു ജനകീയ സമരമായി മാറിയ സാഹചര്യത്തിലാണ് അന്നുവരെ മുഖം തിരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പങ്കാളിത്തവും സമരത്തില്‍ ഉണ്ടായത്. 2002ല്‍ വി.എസ് അച്യുതാനന്ദന്‍ ദുരിത മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചതിനാലാണ് സമരത്തോടുള്ള രാഷ്ട്രീയ മുഖം തന്നെ മാറിയത്. അന്നുതുടങ്ങി ഇന്നുവരെ വിവിധ രാഷ്ട്രീയ-ജനപ്രതിനിധികളുടെ പങ്കാളിത്തമുണ്ടെങ്കില്‍ കൂടി ആരും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്തിയില്ല. പരാതിയുമായി പോകുമ്പോള്‍ പ്രതീക്ഷകളും വാഗ്ദാനങ്ങളും തരും എന്നതിലേക്കപ്പുറം മറ്റൊന്നും തന്നെ അവര്‍ ചെയ്യില്ല. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ നവകേരള യാത്രയുടെ തുടക്കം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകളില്‍ നിന്നായിരുന്നു. ദുരിത ബാധിതര്‍, ബഡ്സ് സ്‌കൂള്‍, മരണപ്പെട്ടവരുടെ വീടുകള്‍ തുടങ്ങി പലയിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇന്ന് ഭരണത്തിലേറിയ ശേഷം, പരാതിയുമായി ആറോ ഏഴോ തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.


http://www.azhimukham.com/kerala-endosulfan-victims-approach-sc-on-compensation-and-dyfi-clarify-its-stand/

കേവലം എന്‍ഡോസള്‍ഫാന്‍ വിഷയമായി മാത്രം ഞാനിതിനെ കാണുന്നില്ല. കീടനാശിനി കമ്പനികളെ നിലനിര്‍ത്തണമെന്നുള്ളത് സര്‍ക്കാരിന്റെ ആവശ്യമാണ്. മുതലാളിമാരെ പിണക്കുക എന്നതിലപ്പുറം ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് കീടനാശിനി കമ്പനികളുടെ അനിവാര്യത എത്രത്തോളമെന്ന് മനസിലാക്കിയത് കൊണ്ടായിരിക്കണം. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് വരുത്തി വച്ച ഒരു വലിയ വിപത്തിന്റെ ഇരകളാണ് ഇവിടെക്കാണുന്ന വൈകല്യരായ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ യുവതീ-യുവാക്കള്‍ വരെയുള്ളവര്‍. അവരെ സംരക്ഷിക്കേണ്ടത് ആരാണ്? പരാതിയുമായി ചെല്ലുന്നവര്‍ക്ക് നേരെ മുഖം തിരിക്കുന്നതിനു മുന്‍പായി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ നാള്‍വഴികള്‍ കൂടി അധികാരികള്‍ വീണ്ടും ചിന്തിക്കേണ്ടതുണ്ട്. മാധ്യമങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ. മരുന്നുകള്‍ ലഭിക്കുന്നില്ല എന്നതില്‍ തുടങ്ങി ധനസഹായം നിഷേധിച്ചത് വരെയുള്ള ഓരോ പ്രശ്‌നങ്ങളെയും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട അധികാരികള്‍ മുഖം തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ മാധ്യമങ്ങള്‍ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നത്"
. കുഞ്ഞികൃഷ്ണന്‍ പറയുന്നു.

സമാന അഭിപ്രായങ്ങള്‍ തന്നെയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും പങ്കുവയ്ക്കുന്നത്. സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം, വോട്ടുബാങ്ക് കുറവുള്ള ഈ വിഭാഗങ്ങളില്‍ കൂടുതല്‍ ക്രിയാത്മകത കാണിക്കേണ്ടെന്ന മനോഭാവത്തിന് പുറത്തുള്ളതാണെന്ന് മുനീസ കൂട്ടിച്ചേര്‍ക്കുന്നു. "ഉത്തരവാദിത്തമില്ലായ്മ എന്നുതന്നെ പറയാം. കേവലം മാനുഷിക പരിഗണയുടെ പുറത്തെങ്കിലും സുപ്രീംകോടതി അനുവദിച്ച സഹായധനം ആവശ്യക്കാരിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. പരാതി നല്‍കാനും അപേക്ഷിക്കാനും ഇനി ഓഫീസുകളും അധികാരികളും ബാക്കിയില്ല. സഹായിക്കില്ല എന്ന മനോഭാവം കൊണ്ടുതന്നെയാണ് ഈ തരത്തിലുള്ള പെരുമാറ്റവും അവഗണനയും കാര്യമായ ഉപയോഗങ്ങളോ വോട്ടുബാങ്കോ മാനസികമായും ശാരീരികമായും വൈകല്യം സംഭവിച്ച ഈ വിഭാഗങ്ങളില്‍ നിന്നും ലഭിക്കാനില്ല. പിന്നെന്തിന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. ഇങ്ങനെയായിരിക്കാം അധികാരം കയ്യിലുള്ള ഏതൊരു ജനപ്രതിനിധിയും ചിന്തിക്കുന്നത്. ഒരു വര്‍ഷമായും സഹായധനം ലഭിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം. സുപ്രീംകോടതി വിധിയിലെ എന്ത് വ്യക്തതക്കുറവാണ് ഇനിയും തെളിയാണുള്ളതെന്ന് അവര്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കി തരണം".

(ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അനുമതിയോടു കൂടി പകര്‍ത്തിയതാണ്. അവ പുന:പ്രസിദ്ധീകരിക്കാനോ ദുരുപയോഗം ചെയ്യാനോ പാടുള്ളതല്ല)

Next Story

Related Stories