TopTop

അവര്‍ ചത്തു തീരുകയാണ്; ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ

അവര്‍ ചത്തു തീരുകയാണ്; ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ
ബെള്ളൂരിനടുത്ത് പള്ളപ്പാടിയില്‍ നിന്ന് സൗമ്യയുടേയും അരുണ്‍ കുമാറിന്റേയും വീട്ടിലേക്കുള്ള മണ്‍ പാതയിലൂടെ ഇപ്പോഴും ജീപ്പ് സര്‍വ്വീസില്ല. മറ്റ് വാഹനങ്ങളുടെ സഹായത്താല്‍ ഇതുവഴി ഇരുപത് മിനിറ്റോളം സഞ്ചരിച്ചാല്‍ ഐത്തനടുക്കയിലെത്താം. ചുറ്റും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പൂത്ത കശുമാവിന്‍ തൈകള്‍. കുത്തനെയുള്ള മണ്‍പാതയിലൂടെ താഴേക്ക്. കവുങ്ങിന്‍ തോപ്പുകളുടെ വക്കിലൂടുള്ള ഇടുങ്ങിയ പാതയിലൂടെ വീണ്ടും മുന്നോട്ട്. ചുവന്ന ചെമ്പരത്തിപ്പൂക്കള്‍ നിറഞ്ഞ വേലികടന്ന്, കവുങ്ങിന്‍ തോപ്പിലൂടെ മുകളിലേക്ക് ചെല്ലുമ്പോള്‍ ഈ കുഞ്ഞുങ്ങളുടെ വീട് കാണാം. 2017 മാര്‍ച്ച് മാസം അവസാന ആഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ ബാല്യവും കൗമാരവും കവര്‍ന്നുകൊണ്ടിരിക്കുന്ന ആ കുഞ്ഞുങ്ങളെ ആദ്യം കാണുന്നത്.

തളര്‍ന്നതും, ഈര്‍ക്കിലുപോലെ നേര്‍ത്തതുമായ കാലുകള്‍ അകത്തേക്ക് മടങ്ങി പോയിരിക്കുന്നു, ദേഹം വളച്ച് ബെഞ്ചിനിടയില്‍ കൂനിക്കൂടി കിടക്കുകയാണ് പതിനെട്ട് വയസ്സുകാരന്‍ അരുണ്‍ കുമാര്‍. ശബ്ദം കേള്‍ക്കാനോ തിരിച്ചറിയാനോ ഇല്ലാത്ത ആ അര ജീവന്‍ പതിവില്ലാത്ത മനുഷ്യരുടെ ഗന്ധം വലിച്ചെടുത്തപ്പോള്‍, അച്ചനും അമ്മയുമല്ലാത്ത ആരൊക്കെയോ ഇവിടുണ്ടെന്ന തിരിച്ചറിവില്‍ മുഖമുയര്‍ത്തി. കാഴ്ച തീരെക്കുറഞ്ഞ കണ്ണുകളില്‍ അവന് ഞങ്ങളെ കാണാനാകുമായിരുന്നില്ല. എന്തൊക്കെയോ ഞരക്കം പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അവന്‍ വീണ്ടും, വീണ്ടും ബെഞ്ചിനടിയില്‍ കൂനിക്കൂടി. അരുണിന്റെ ദിവസങ്ങള്‍ അങ്ങനെ ഞരങ്ങിയും, മൂളിയും, ഇഴഞ്ഞിഴഞ്ഞ് കോലയയിലൂടെ ഇഴഞ്ഞും തീര്‍ന്നുകൊണ്ടിരിക്കുന്നു.

അരുണിന്റെ സഹോദരി സൗമ്യ. അടുക്കളയുടെ ഒരു മൂലയില്‍ മുറിച്ചിട്ടിരിക്കുന്ന പാളയുടെ കഷ്ണങ്ങള്‍ക്കിടയില്‍ സൗമ്യയെ കണ്ടു. കാഴ്ച തീരെയില്ലെങ്കിലും, അവള്‍ മണം പിടിച്ച് ആളുകളെ തിരിച്ചറിഞ്ഞു. പിന്നെ വീണ്ടും അവള്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. മൊട്ടയടിച്ച തലയും, ഉള്ളിലേക്ക് വളഞ്ഞുപോയ കാല്‍പ്പാദങ്ങളും, കേള്‍വി ഇല്ലാത്ത കാതും, കാഴ്ചയില്ലാത്ത കണ്ണുകളും, അമ്മേ എന്ന് ഒന്നുറക്കെ വിളിക്കാനാകാത്ത നാക്കുമായി പേരിന് മാത്രം ഒരു മനുഷ്യക്കോലം.

ഗണേഷ്‌റാവു അധികമൊന്നും സംസാരിച്ചില്ല. സന്ദര്‍കരോടെല്ലാം പലപ്പോഴായും പരാതിപ്പെട്ടിട്ടും തങ്ങളുടെ ജീവിതത്തിന് മാറ്റമൊന്നുമില്ലല്ലോ, പിന്നെന്തിനെന്ന് ആ അച്ഛന്‍ കരുതിക്കാണും. പുറത്ത് ആലയിലെ പൈക്കള്‍ക്ക് പുല്ലുകൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, അയാള്‍.

അമ്മ സുമിത്രയാണ് കുട്ടികളെക്കുറിച്ചും, അവര്‍ക്ക് വേണ്ടിയെടുത്ത ബാങ്ക് ലോണുകളെക്കുറിച്ചും, ആ കുടുംബത്തിന്റെ നരക തുല്യമായ യാതനകളെക്കുറിച്ചും എല്ലാം വിവരിച്ചു തന്നത്.

ഗണേഷ്റാവുവിന് 58 വയസുണ്ട്. അമ്മ സുമിത്രയ്ക്ക് 45ഉം. വാര്‍ദ്ധക്യത്തോടടുക്കുന്ന ഈ ദമ്പതികള്‍ തങ്ങളുടെ കാലശേഷം മക്കളെ ആരെ ഏല്‍പ്പിക്കുമെന്നോര്‍ത്ത് ആകുലപ്പെട്ടു.

ഓരോ ഇടത്തും എന്‍ഡോസള്‍ഫാന്റെ കൊറേ കുഞ്ഞ്യള് മരിക്ക്ന്നുണ്ട്. അയിന്റെയെല്ലം അച്ചന്റേം, അമ്മേന്റേം ഭാഗ്യം. ജീവനുള്ളരെന്നെ എല്ലാം കാണാനായല്ലാ... ഓര്‍ക്ക് ചത്താ കണ്ണടയും.... ഒടുക്കം ഒട്ടും പതറാത്ത സ്വരത്തില്‍ സുമിത്ര പറഞ്ഞു, ഒന്നുകില്‍ ഈ കുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക് മുന്നേ മരിക്കേണം. അല്ലെങ്കില്‍ പിന്നെ എല്ലാപേരും ഒന്നിച്ച് പോകാനുള്ള പണി നോക്കണം. ഞങ്ങള്‍ നോക്കുന്നതുപോലെ ഈ കുഞ്ഞുങ്ങളെ വേറെയാര് നോക്കാനാണ്?

എന്‍ഡോസള്‍ഫാന്‍ ഇരകളായ അരുണ്‍കുമാറിന്റേയും സൗമ്യയുടേയും അമ്മ സുമിത്ര, സഹനത്തിന്റെയും, അടക്കിപ്പിടിക്കലിന്റേയും, വാല്‍സല്യത്തിന്റേയും ആ രൂപത്തെ കഴിഞ്ഞ ദിവസം വീണ്ടും കണ്ടു. ആകണ്ണുകളില്‍ പഴയ ആത്മ വിശ്വാസമില്ല. ഞങ്ങളെ ആള് പോയപ്പാ... ഞാളെന്താക്കാന്.. കണ്ണീരൊലിപ്പിച്ച് നാട്ടുകാരോടും വീട്ടുകാരോടും ഹൃദയം തുറക്കുകയാണ് ആ അമ്മ. വീടിന് താഴെ ഗണേഷ് റാവുവിന്റെ ശരീരം കത്തിയമര്‍ന്ന് മണ്ണോട് ചേര്‍ന്ന് തുടങ്ങിയിരിക്കുന്നു. സമുദായ ആചാര പ്രകാരം ചടങ്ങുകള്‍ നടക്കുകയാണ്. അച്ഛന്റെ വേര്‍പാടിനെക്കുറിച്ചൊന്നും അറിയാതെ അരുണ്‍ കുമാര്‍ കോലായയിലെ കസേരയിലിരുന്ന് ചിരിക്കുന്നു. ബന്ധുക്കളെയാരെയും അവന് അറിയില്ല. സൗമ്യ അടുക്കളയിലെ തറയില്‍ തല കുമ്പിട്ടിരുന്ന് കഞ്ഞി കുടിക്കുന്നു.

സങ്കടം പരസ്പരം പങ്കുവെച്ച് ആരോടും പറയാതെ ഒരുമിച്ച് അടക്കി പിടിച്ച ഭാര്യയും, ഭര്‍ത്താവും.. ഗണേഷ് റാവുവിന്റെ മരണത്തോടെ പാതി തളര്‍ന്നിരിക്കുന്നു അവര്‍. ഭര്‍ത്താവ് അരുമയായി നോക്കിയ പൈക്കള്‍ക്ക് ഒന്നും കൊടുക്കാതിരുന്നില്ല അവര്‍. "ദയവ് ചെയ്ത് ഇവ്‌ടെ ഒരു മൊബൈല്‍ റേഞ്ച് ആക്കി തെരണം. ഓര്‍ക്ക് ഹാര്‍ട്ട് അറ്റാക്കേനും പോലും. വൈകീട്ട് അഞ്ച് മണിക്ക് മരിച്ചത്, ഈടത്തേക്ക് ഡോക്ടര്‍ എത്തുമ്പം സമയം ഒമ്പത് മണി. ജീപ്പ് വന്നോണ്ടിണ്ടായി. പാതിക്ക്ന്ന് മണ്ണില് പൂണ്ടോയി. രണ്ട് കൊല്ലായിറ്റ് ഇവരിക്ക് വിഗലാംഗ പെന്‍ഷനില്ല. സ്ഥലം ഉള്ള കൂട്ടര്‍ക്ക് പെന്‍ഷന്‍ തെരേല പോലും..."
ആ അമ്മ പറഞ്ഞു.

ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ. പുനരധിവാസ ഗ്രാമം അത് സ്വപ്‌നം മാത്രമാകാതെ എത്രയും പെട്ടെന്ന് യാധാര്‍ത്ഥ്യമായില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടി വന്നേക്കാം. ഈ അമ്മയെ പോലെ ഉള്ളില്‍ തീക്കനലുമായി ദിവസങ്ങള്‍ തള്ളി നീക്കുന്നവരാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍. പലകുറി സര്‍ക്കാര്‍ കനിവിനായി അവര്‍ മക്കളേയും കൊണ്ട് തെരുവിലിറങ്ങിയിരിക്കുന്നു. ഇരകള്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. അവസാനത്തെ ഇരയും മരിച്ചു വീഴും മുന്‍പെങ്കിലും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ആ അമ്മമാരുടെ കാത്തിരിപ്പുകള്‍ വെറുതേയാകരുത്.

Read More: പ്രളയത്തില്‍ നിന്ന് ആരെയാണ് കൈപിടിച്ചുയര്‍ത്തിയത്? പുനര്‍നിര്‍മ്മാണ വായ്ത്താരികള്‍ എത്താത്ത കൈനകരിയിലെ വലിയ തുരുത്ത്

Next Story

Related Stories