Top

പ്രിയ മുഖ്യമന്ത്രി, ഓര്‍മ്മകളുണ്ടായിരിക്കണം; കാസറഗോഡെ അമ്മമാര്‍ക്ക് വേണ്ടി ജമീലയും ചന്ദ്രാവതിയും എഴുതുന്നു

പ്രിയ മുഖ്യമന്ത്രി, ഓര്‍മ്മകളുണ്ടായിരിക്കണം; കാസറഗോഡെ അമ്മമാര്‍ക്ക് വേണ്ടി ജമീലയും ചന്ദ്രാവതിയും എഴുതുന്നു
പ്രകൃതിയുടേയും മനുഷ്യന്റെയും മേല്‍ ഒരുപോലെ പെയ്തിറങ്ങിയ വിഷമായിരുന്നു എന്‍ഡോസള്‍ഫാന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കാസറഗോഡന്‍ ഗ്രാമങ്ങളില്‍ ആ ദുരിതത്തിന്റെ ഇരകള്‍ പിറന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും ഈ മണ്ണില്‍ നിന്നും വിഷം മാഞ്ഞിട്ടുണ്ടെയെന്ന് സംശയം. എന്നോ കഴിഞ്ഞ കഥപോലെ ആ ദുഷിച്ച കാലത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നവരോട് പറയട്ടെ, ഇനിയൊരു അമ്പതുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ വിതച്ച നാശത്തിന്റെ ബീജങ്ങള്‍ ഈ മണ്ണും മനുഷ്യനും പേറേണ്ടി വരും. കെട്ടകാലത്തിന്റെ ആകുലതകളെ അടയാളപ്പെടുത്തിക്കൊണ്ട് കുത്തിനോവിച്ച മനസുമായി ഇപ്പോഴും ഒരു കൂട്ടം മനുഷ്യര്‍ ഇവിടങ്ങളില്‍ ജീവിക്കുന്നുണ്ടെന്നു കൂടി അറിയണം. അവരൊക്കെ ഇപ്പോഴും ഭരണകൂടത്തിന്റെ ദയ തേടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകള്‍ക്കനുകൂലമായി ഇടപെട്ടിട്ടില്ല എന്നല്ല, മറിച്ച് ചെയ്തതിനേക്കാള്‍ കൂടുതലായി ഇനിയും പലതും ചെയ്യാനുണ്ടെന്ന് ഒരിക്കല്‍ ഓര്‍മപ്പെടുത്തുകയാണ് ഈ അമ്മമാര്‍...വീണ്ടും വീണ്ടുമെന്നപോല്‍...


ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, വലിയ സമരങ്ങളില്‍ പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് അങ്ങ്. ഇന്നീ മുഖ്യമന്ത്രി കസേരയിലേക്ക് അങ്ങെത്തിയിരിക്കുന്നതും വലിയ പോരാട്ടങ്ങള്‍ നയിച്ചുകൊണ്ടു തന്നെയാണ്. അടിയന്തരാവസ്ഥ കാലത്ത് അങ്ങേയ്ക്ക് ഏല്‍ക്കേണ്ട വന്നിട്ടുള്ള മര്‍ദ്ദനത്തിന്റെ കഥകളൊക്കെ പലതവണ കേട്ടിട്ടുണ്ട്.

പക്ഷേ അങ്ങു പറയുന്നതുപോലെ രാഷ്ട്രീയം പറയാന്‍ അറിയാത്ത, സമരം ചെയ്യാനോ മുദ്രാവാക്യം വിളിക്കാനോ അറിയാത്ത കുറെ പാവം അമ്മമാരായിരുന്നു ഞങ്ങള്‍. പക്ഷേ ഇപ്പോള്‍ ഞങ്ങളും സമരങ്ങളുടെ വഴിയിലാണ്...ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കേണ്ടി വരികയാണ്...ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി...അടുത്തമാസം ഡിസംബര്‍ 10 ന് കാസര്‍ഗോഡ് കലക്‌റ്റേറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹത്തിന് അമ്മമാര്‍ ഒരുങ്ങുകയാണ്. പുതിയൊരാവശ്യവും ഉന്നയിച്ചല്ല, കാലങ്ങളായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന, ന്യായമായി ഞങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ക്കു വേണ്ടിയാണ് ഈ സമരം. വയ്യാത്ത കുഞ്ഞുങ്ങളെ വിട്ട് ഒരു നിമിഷം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത അമ്മമാരാണ് ഞങ്ങള്‍, എങ്ങനെ ഈ സമരത്തിന് ഞങ്ങള്‍ വരും എന്ന ധര്‍മസങ്കടത്തിലാണ്, പക്ഷേ സമരം ചെയ്യാതെയും വഴിയില്ല. അങ്ങ് വിചാരിച്ചാല്‍ ഈ സമരം ഇല്ലാതാക്കാം...കുറെ അമ്മമാരുടെ അഭ്യര്‍ത്ഥനയാണ്.


http://www.azhimukham.com/kerala-endosulfan-victims-list-official-declaration-delaying/

മാധ്യമങ്ങള്‍ എഴുതി കണ്ടിട്ടുണ്ട്, കാസറഗോഡ് അമ്മമാര്‍ ഉറങ്ങാത്ത നാടാണെന്ന്. ശരിയാണ്, പക്ഷേ ആ ഒരു വാചകത്തില്‍ നിന്ന് എത്രത്തോളം മനസിലാക്കാന്‍ കഴിയുമെന്നറിയില്ല ഞങ്ങളുടെ ജീവിതാവസ്ഥകള്‍. ഒരുപക്ഷേ അങ്ങേയ്ക്ക് കുറച്ചൊക്കെ മനസിലാകുമായിരിക്കും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അങ്ങ് നടത്തിയ നവകേരള മാര്‍ച്ചിന് ആരംഭം കുറിച്ചത് കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ നിന്നായിരുന്നു. അന്ന് അങ്ങ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മധുരത്തിന്റെ നാരങ്ങാ മിഠായി നല്‍കിയിരുന്നു. ആ യാത്രയുടെ അവസാനം അങ്ങ് ഈ നാടിന്റെ മുഖ്യമന്ത്രിയായി. ഒരു രാഷ്ട്രീയത്തിന്റെയും വക്താക്കളോ അനുയായികളോ അല്ലാതിരുന്നിട്ടും അങ്ങയെ പോലൊരാള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഞങ്ങള്‍. മറ്റൊന്നും കൊണ്ടല്ല, ഈ കുഞ്ഞുങ്ങളുടെയും വിഷം വീണ നാടിന്റെയും നല്ലതിനു വേണ്ടി അങ്ങു പലതും ചെയ്യുമെന്ന വിശ്വാസമായിരുന്നു. അങ്ങേയ്ക്ക് ഓര്‍മ കാണും, തിരുവനന്തപുരത്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെയും കൊണ്ട് സമരം ചെയ്യാന്‍ വന്നത്. അന്ന് മറ്റൊരു കൂട്ടരായിരുന്നു ഭരണത്തില്‍. രണ്ടാഴ്ചയോളം നീണ്ടു നിന്ന പട്ടിണി സമരത്തില്‍ ഞങ്ങള്‍ക്ക് എല്ലാവിധ സഹായവും പിന്തുണയുമായി അങ്ങേയുടെ പാര്‍ട്ടി കൂടെയുണ്ടായിരുന്നു. ഞങ്ങളെ വഞ്ചിച്ചവര്‍ക്കെതിരേ ഉറക്കെ ഉറക്കെ ശബ്ദിച്ചിരുന്നു അങ്ങയുടെ പാര്‍ട്ടി, ആ പാര്‍ട്ടി ഭരണത്തില്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും തന്നിരുന്നു. ഭരണത്തിലെത്തി ആദ്യത്തെ കുറെ നാള്‍ ആ പ്രതീക്ഷ നിറവേറ്റപ്പെടുമെന്നു തന്നെയായിരുന്നു വിശ്വാസം. മുന്‍പ് പലരും ചെയ്യാതിരുന്നത് അങ്ങയുടെ മന്ത്രിസഭ ചെയ്തു തുടങ്ങിയിരുന്നു. ഞങ്ങളെ അവഗണിച്ചില്ല. ധനസഹായം നല്‍കാനും ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനും എന്‍ഡോസള്‍ഫാന്‍ സെല്‍ പുനരുജ്ജീവിപ്പിക്കാനും, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുതിയ ലിസ്റ്റ് തയ്യാറാക്കാനുമൊക്കെ നടപടികള്‍ കൈകൊണ്ടു. ഒന്നും ചെയ്തില്ലെന്നു പറയില്ല. പക്ഷേ ചെയ്യാമെന്നു പറഞ്ഞ പലതും ചെയ്തില്ല, ഇപ്പോള്‍ വീണ്ടും ഞങ്ങള്‍ സമരത്തിനിറങ്ങേണ്ടി വരുന്നതും അതുകൊണ്ടാണ്.


http://www.azhimukham.com/kerala-endosulfan-victims-compensation-supreme-court-order-dyfi-allegation-against-central-government/

കാസറഗോഡെ ഒരമ്മമാരാരും സമരം ഇഷ്ടപ്പെടുന്നില്ല. ഒരു നേരം പോലും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തു നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍. ഞങ്ങളിലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്. ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ലോകത്തിലെ ഏറ്റവും നല്ല അമ്മമാരെയാണ് ദൈവം ഇങ്ങോട്ട് അയച്ചതെന്ന്, ഈ കുഞ്ഞുങ്ങളെ നോക്കാനായി. ദൈവം ഞങ്ങളെ വിശ്വസിച്ച് എല്‍പ്പിച്ച കുഞ്ഞുങ്ങളാണിത് എന്നു തന്നെയാണ് ഞങ്ങളും കരുതുന്നത്. അത്രമേല്‍ കരുതലോടെ ഞങ്ങളവരെ നോക്കുന്നു. അവര്‍ക്കു വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നു, അവര്‍ക്കു വേണ്ടി മാത്രം ജീവിക്കുന്നു, ഒന്നു കരയാന്‍ പോലും കഴിയാതെ, ഞങ്ങള്‍ തളര്‍ന്നു പോകരുതല്ലോ... പക്ഷേ ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി വീണ്ടും സമരമുഖത്തേക്ക് വരേണ്ടി വരികയാണല്ലോ! അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യാതെ വേറെ വഴിയല്ലാതെ വരുമ്പോള്‍ സമരം ചെയ്യുക തന്നെ വേണ്ടേ. പക്ഷേ എങ്ങനെ?

അങ്ങോര്‍ക്കുന്നുണ്ടല്ലോ, തിരുവനന്തപുരത്തെ പട്ടിണി സമരം. കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ ഞങ്ങളുടെ കുട്ടികളുമായി വന്നു. പലതരം രോഗപീഢകള്‍ അനുഭവിക്കുന്നവരാണ് ഞങ്ങളുടെ കുട്ടികള്‍, കരയാന്‍ പോലും ശേഷിയില്ലാത്ത കുഞ്ഞുങ്ങള്‍ പോലും ഉണ്ടായിരുന്നു, എങ്കിലും അവരുമായി ഞങ്ങള്‍ സമരം നടത്തി, ദിവസങ്ങളല്ല, ആഴ്ചകളോളം...ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ആ ദിവസങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ എത്രത്തോളമായിരുന്നു, എങ്കിലും ഞങ്ങളത് സഹിച്ചു. എന്തിനു വേണ്ടി, ആരൊക്കെയോ ചെയ്ത പാതകത്തിന്റെ ഫലമാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തിയുടെ ഇരകളല്ലേ ഈ കുട്ടികള്‍, അവര്‍ ഇങ്ങനെയായതിന് വിധിയെ പഴിക്കാന്‍ തയ്യാറല്ല, മനുഷ്യന്റെ ക്രൂരതയുടെ ഇരകളാണവര്‍, ഞങ്ങള്‍ക്ക് വേണ്ടത് നീതിയാണ്, അവകാശമാണ്. അന്നത്തെ സമരം നടക്കുമ്പോള്‍ ചിലര്‍ പറഞ്ഞു വയ്യാത്ത കുട്ടികളേയും കൊണ്ടു സമരത്തിനു വന്നത് ശരിയായില്ലെന്ന്. ചിലര്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയെന്നു കേട്ടു. ഒരു ദിവസം, അല്ലെങ്കില്‍ ഒരുനേരം ഈ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ പലരുടെയും മനസ് വേദനിച്ചെങ്കില്‍ ഞങ്ങള്‍ അമ്മമാരെ കുറിച്ച് ചിന്തിച്ചോ? മരണം വരെ ആ കുഞ്ഞുങ്ങളെ നോക്കി വളര്‍ത്തേണ്ടവരാണ് ഞങ്ങള്‍. ഒരമ്മമാരും വയ്യാത്ത കുഞ്ഞുങ്ങളെ നടുറോഡില്‍ സമരത്തിനു കൊണ്ടു വരില്ല, ഞങ്ങളും ആഗ്രഹത്തോടെയല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആ കുട്ടികളുമായി സമരത്തിനിറങ്ങിയത്, ഈ ലോകത്ത് സ്വന്തം കുഞ്ഞുങ്ങള്‍ തങ്ങള്‍ക്കു മുന്നേ മരിച്ചു പോകണമെന്ന് പ്രാര്‍ത്ഥിക്കേണ്ടി വരുന്ന നിര്‍ഭാഗ്യവതികളായ അമ്മമാരാണ് ഞങ്ങളെന്ന് അറിയുമോ? ഈ ലോകത്ത് ഞങ്ങള്‍ അമ്മമാരില്ലാതെ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല... ഉറങ്ങാതെ കിടക്കുന്ന കുഞ്ഞുങ്ങളെ എങ്ങനെ ഉറക്കണമെന്നറിയാതെ, എങ്ങനെയവരുടെ കരച്ചില്‍ മാറ്റണമെന്നറിയാതെ, എങ്ങനെയവരുടെ വേദന മാറ്റണമെന്നറിയാതെ കിടന്നുഴറുന്ന അമ്മമാരാണ് ഞങ്ങള്‍...നിങ്ങള്‍ക്കൊന്നും ഊഹിക്കാന്‍ കഴിയാത്തതിനുമപ്പുറമാണ് ആ അനുഭവങ്ങള്‍.


പക്ഷേ ഇതൊന്നും കൊണ്ട് ഒരു നിമിഷം പോലും ഞങ്ങളാരും ഞങ്ങളുടെ കുഞ്ഞുങ്ങളെയോര്‍ത്ത് നിരാശരായിട്ടില്ല, അവരെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷ കാണിച്ചിട്ടില്ല, അവരുടെ ഒരു കാര്യത്തിലും കുറവു വരുത്തിയിട്ടില്ല. പക്ഷേ കുറെ നിവൃത്തികേടുകള്‍ ഞങ്ങള്‍ക്കുണ്ട്. പ്രധാനമായും കുഞ്ഞുങ്ങളുടെ ചികിത്സ ചെലവ്. ഭൂരിഭാഗം കുടുംബങ്ങളും കടക്കെണിയിലാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത എത്രയോ കുടുംബങ്ങളാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് കടം ഇല്ലാതാകുന്നില്ലല്ലോ... ഞങ്ങള്‍ക്ക് ജാമ്യം നിന്നവര്‍ക്കു പോലും ബാങ്കില്‍ ലോണിന് അപേക്ഷ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.


http://www.azhimukham.com/kerala-kerala-government-delaying-supreme-court-order-about-compensation-to-all-endosulfan-affected-persons-rakeshsanal/

ഞങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് സാര്‍, പുതിയൊരാവശ്യവും ഈ സമരത്തില്‍ ഇല്ല. ചെയ്യാമെന്നു പറഞ്ഞതും ചെയ്യേണ്ടതുമായി കാര്യങ്ങളില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതുകൊണ്ടു മാത്രമാണ് ഈ സമരം. 2017 ല്‍ ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ 1905 പേരെ ദുരിതബാധിതരായി കണ്ടെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ഒക്ടോബര്‍ 31 ന് അകം ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് പറഞ്ഞു. നവംബര്‍ പകുതിയാകുമ്പോഴും ലിസ്റ്റ് ഇല്ല. അനര്‍ഹര്‍ കയറിക്കൂടുന്നുവെന്ന കാരണം പറഞ്ഞ് ലിസ്റ്റ് പ്രഖ്യാപനം നീട്ടുക്കൊണ്ടു പോവുകയാണ്. എല്ലാം തന്നില്ലേ എന്ന് പരിഹാസവും വിമര്‍ശനവും വേറെ. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു പോലും എല്ലാ സഹായവും കിട്ടിയോ സാര്‍ ഇതുവരെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 610 പേര്‍ക്ക് യാതൊരുവിധ സഹായങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല. വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഇത്തരം അവഗണന നേരിടുന്നത്. ഞങ്ങള്‍ സമരത്തിനിറങ്ങുന്നതിന് ഒരു കാരണം ഇതാണ്. എത്ര വര്‍ഷമായി കാസറഗോഡ് മെഡിക്കല്‍ കോളേജ് നിര്‍മാണം ആരംഭിച്ചിട്ട്, എത്ര നാളായി സാര്‍ പുനരധിവാസ ഗ്രാമം എന്ന പ്രഖ്യാപനം വന്നിട്ട്...ഇപ്പോഴും കടം കയറി വേറെ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ കളക്‌റ്റേറ്റിനു മുമ്പില്‍ സമരം ചെയ്യാന്‍ എത്തുകയാണ്...ഇതൊക്കെ ഇനിയും കാണാതിരിക്കരുത് സാര്‍...


വയ്യാത്ത ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി അവരുടെ അമ്മമാര്‍ പറയുന്ന സങ്കടങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുമെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ഉറച്ച പ്രതീക്ഷയോടെ കാസറഗോഡെ എല്ലാ അമ്മമാര്‍ക്കും വേണ്ടി അമ്പലത്തറയില്‍ നിന്നും ജമീലയും പുല്ലൂര്‍ പെരിയയില്‍ നിന്നു ചന്ദ്രാവതിയും...

(ചിത്രങ്ങള്‍ രോഗബാധിതരുടെ അമ്മമാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ പകര്‍ത്തിയതാണ്; അനുവാദമില്ലാതെ ഇവ പുന:പ്രസിദ്ധീകരിക്കരുത്)

Next Story

Related Stories